ബംഗളുരു: അയല്‍വാസികളായ ദമ്പതികള്‍ വളര്‍ത്തുന്ന നായയെ തന്റെ വീടിനു മുന്നില്‍ കൊണ്ടുവന്ന് വിസര്‍ജിപ്പിക്കുന്നത് ചോദ്യംചെയ്ത വൃദ്ധനെ ക്രിക്കറ്റ് ബാറ്റിന് തല്ലിക്കൊന്നു. ബംഗളുരുവിലെ സോളദേവനഹള്ളിയിലാണ് സംഭവം. ദമ്പതികളും ഇവരുടെ നായയുടെ പരിശീലകനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. 68കാരനായ മണിരാജുവാണ് കൊല്ലപ്പെട്ടത്.
|
മണിരാജുവിന്റെ അയല്‍വാസികളായ എം രവി കുമാര്‍(38), ഭാര്യ പല്ലവി(28), ഇവരുടെ സുഹൃത്തും നായ പരിശീലകനുമായ പ്രമോദ്(27)എന്നിവരാണ് കൊലപാതകം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികളുടെ നായയെ സ്ഥിരമായി മണിരാജുവിന്റെ വീടിനു മുന്നില്‍ കൊണ്ടുവന്നായിരുന്നു വിസര്‍ജ്യം ചെയ്യിപ്പിച്ചിരുന്നത്. ഇത് മണിരാജു ചോദ്യം ചെയ്യുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
പൊലീസ് മൂവരെയും വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച മണിരാജു വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് മൂവരും അദ്ദേഹത്തിന്റെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കി. വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് മണിരാജു സ്ഥലത്തെത്തി ഇവരെ ചോദ്യം ചെയ്തു.
ഈ സമയം പ്രമോദ് സമീപത്തെ കടയില്‍ നിന്ന് ക്രിക്കറ്റ് ബാറ്റ് എടുത്തുകൊണ്ടുവന്ന് മണിരാജുവിനെ അടിക്കുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച മണിരാജുവിന്റെ മകന്‍ മുരളിക്കും അടിയേറ്റു. ഇരുവരെയും ആക്രമിക്കുന്നത് രവി കുമാറും പല്ലവിയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു.
പരിക്കേറ്റ മണിരാജുവിനെയും മുരളിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൃദ്ധന്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. മുരളി ചികില്‍സയില്‍ തുടരുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





