27
Jun 2024
Tue
27 Jun 2024 Tue
Kannur bomb explosion

കണ്ണൂര്‍: തലശ്ശേരി കുടക്കളത്ത് ബോംബ് സ്‌ഫോടനത്തില്‍ 80 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ( Old man dies in Kannur due to bomb explosion )  കുടക്കളം സ്വദേശി വേലായുധന്‍ ആണ് മരിച്ചത്. ഇന്ന്‌
ഉച്ചയോടെ വീടിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്‌ഫോടനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പറമ്പില്‍നിന്ന് കിട്ടിയ പൊതി ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേ പറമ്പിലുള്ള ആള്‍താമസമില്ലാത്ത വീടിന്റെ വരാന്തയിലാണ് കളഞ്ഞുകിട്ടിയ വസ്തു വയോധികന്‍ വേലായുധന്‍ തുറന്നു നോക്കിയത്. പരിക്കേറ്റ വേലായുധനെ ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചിരുന്നു.

സംഭവ സ്ഥലത്ത് തലശേരി എസിപിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ബോംബ് സ്വക്വാഡ് പരിശോധന നടത്തി. ആള്‍താമസമില്ലാത്ത എരഞ്ഞോളി കുടക്കളത്തെ വീട്ടുപറമ്പില്‍ ഒളിപ്പിച്ചുവെച്ച ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വേലായുധന്റെ മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മാറ്റി.

ആറ് മാസം മുന്‍പ് പാനൂരിലുണ്ടായ സമാനസംഭവത്തില്‍ ആക്രി ശേഖരിക്കുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വഴിയരികില്‍നിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.