മലപ്പുറം: ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് സിം കാര്‍ഡ് എത്തിച്ച് കൊടുക്കുന്ന മുഖ്യ കണ്ണി പിടിയില്‍. ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പുകാര്‍ക്ക് സിം കാര്‍ഡ് എത്തിച്ചു കൊടുക്കുന്നയാളെയാണ് മലപ്പുറം സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്. ( online-fraud-arrested-malappuram-police )
|
ഓണ്‍ലൈന്‍ വ്യാജ ഷെയര്‍മാര്‍ക്കറ്റ് സൈറ്റില്‍ വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിന് സിംകാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കിയ കര്‍ണാടക ഹൂബ്ലി സ്വദേശി അബ്ദുള്‍ റോഷനെയാണ് അറസ്റ്റ് ചെയ്തത്. മടിക്കേരിയിലെ വാടക ക്വര്‍ട്ടേഴ്‌സില്‍ നിന്ന് സൈബര്‍ ഇന്‍സ്‌പെക്ടര്‍ ഐസി ചിത്തരഞ്ജന്റെ നേതൃത്തിലുള്ള പ്രത്യേക സൈബര്‍ ക്രൈം സ്‌ക്വാഡാണ് പ്രതിയെ വലയിലാക്കിയത്.
ഇയാളുടെ പക്കല്‍ നിന്നും 40000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോമെട്രിക് സ്‌കാനറുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് വഴി പരസ്യം നല്‍കിയാണ് തട്ടിപ്പ് സംഘം ഇരകളെ വലയിലാക്കിയിരുന്നത്. വേങ്ങര സ്വദേശി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഫേസ്ബുക്ക് പേജില്‍ വന്ന ഷെയര്‍മാര്‍ക്കറ്റ് പരസ്യത്തില്‍ യുവാവ് വാട്‌സാപ്പ് വഴി ബന്ധപ്പെടുകയായിരുന്നു. സൈറ്റിന്റെ കസ്റ്റമര്‍ കെയര്‍ എന്ന വ്യാജേനയുള്ള വാട്‌സാപ്പ് നമ്പറില്‍ ഒരു സ്ത്രീയുടെ പ്രൊഫൈല്‍ ചിത്രമാണ് ഉണ്ടായിരുന്നത്. വാട്‌സാപ്പ് ചാറ്റില്‍ വമ്പന്‍ ഓഫറുകള്‍ നല്‍കി പരാതിക്കാരനെ കൊണ്ട് ് ഒരു കോടി എട്ട് ലക്ഷം രൂപ വിവിധ ബാങ്ക് അക്കൌണ്ടുകളില്‍ ഡെപ്പോസിറ്റ് ചെയ്യിപ്പിക്കുകയായിരുന്നു. എന്നാല്‍, വാഗ്ദാനം ചെയ്ത ലാഭ വിഹിതം നല്‍കാതെ വഞ്ചിച്ചതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് സൈബര്‍ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് സിംകാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കുന്ന പ്രതിയെ പറ്റി സംഘത്തിന് സൂചന ലഭിച്ചത്. സൂചനയുടെ അടിസ്ഥാനത്തില്‍ കര്‍ണ്ണാടക പോലീസിന്റെ സഹായത്തോടെ പ്രതിയെ കസ്‌ററഡിയിലെടുക്കുകയായിരുന്നു. പരിശോധനയില്‍ വിവിധ മൊബൈല്‍ കമ്പനികളുടെ നാപ്പതിനായിരത്തോളം സിംകാര്‍ഡുകളും 180 തില്‍പരം മൊബൈല്‍ ഫോണുകളും പ്രതിയില്‍ നിന്നും കണ്ടെടുത്തു.
വ്യത്യസ്ഥ ആളുകളുടെ പേരില്‍ വ്യാജ ഡോക്യുമെന്റുകള്‍ ഉപയോഗിച്ച് അവര്‍ അറിയാതെയാണ് പ്രതി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചത്. ഏതെങ്കിലും കസ്റ്റമര്‍ സിം കാര്‍ഡ് എടുക്കുന്നതിന് വേണ്ടി റീട്ടെയില്‍ ഷോപ്പില്‍ എത്തിയാല്‍ ബയോമെട്രിക് മെഷീനില്‍ രണ്ടോ മൂന്നോ തവണ വിരലടയാളം പതിപ്പിച്ച് ഒന്നിലധികം സിം കാര്‍ഡുകള്‍ ആക്ടീവാക്കുകയാണ് ചെയ്തിരുന്നത്. പ്രതിയുടെ സുഹൃത്തുക്കളായ ഷോപ്പുകളിലെ ജീവനക്കാര്‍ വഴിയാണ് ഇത് ചെയ്തിരുന്നത്. ഒരു സിംകാര്‍ഡിന് 50 രുപയാണ് നല്‍കിയിരുന്നത്. ഇതിനായി പ്രതി കള്ളപ്പേരില്‍ വിവിധ മൊബൈല്‍ കമ്പനികളുടെ പിഒഎസ് ആപ്‌ളിക്കേഷനുകള്‍ വിവിധ ആളുകളുടെ പേരില്‍ സംഘടിപ്പിച്ചിരുന്നു.
സിം കാര്‍ഡുകള്‍ ആക്ടീവായതിന് ശേഷം പ്രതി തട്ടിപ്പുകാര്‍ക് ആവശ്യാനുസരണം വിതരണം ചെയ്യും. കൂടാതെ Whatsapp, Facebook, Instagram, Telegram, തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും Flipkart, IRCTC, Amzon എന്നീ വാണ്യജ്യ പ്ലാറ്റ് ഫോമുകളിലും വ്യാജ അക്കൌണ്ടുകള്‍ തുറക്കുന്നതിന് ഒടിപി നമ്പറുകള്‍ തട്ടിപ്പുകാര്‍ക്ക് ഷെയര്‍ ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു.
പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു, പ്രതി മറ്റേതെങ്കിലും കുറ്റകൃത്യങ്ങള്‍ക്ക് ഇത്തരം സിംകാര്‍ഡുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും മറ്റും അറിയുന്നതിനായി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിക്കുമെന്ന് സൈബര്‍ ഇന്‍സ്‌പെക്ടര്‍അറിയിച്ചു.
സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍, സ്റ്റേഷന്‍ ഹൌസ് ഓഫീസറായ പോലീസ് ഇന്‍സ്പെക്ടര്‍ ഐ. സി ചിത്തരഞ്ജന്‍, പ്രത്യേക ജില്ലാ സൈബര്‍ സ്‌ക്വാഡ് അംഗങ്ങളായ സബ്ബ് ഇന്‍സ്പെക്ടര്‍ നജിമുദീന്‍ മണ്ണിശ്ശേരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷൈജല്‍ പടിപ്പുര, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ. ജി പ്രദീപ്, ഷാഫി പന്ത്രാല, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജരത്‌നം എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.


