മലപ്പുറത്ത് ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ ദമ്പതികൾ അറസ്റ്റിൽ. പൊന്മള സ്വദേശി മുഹമ്മദ് റാഷിദ്, ഭാര്യ റംലത്ത് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് ഏർവാടിയിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. മങ്കട വടക്കാങ്ങര സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം.
|
ഗോവയിലെ കാസനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾകൊണ്ട് രണ്ടിരട്ടി ലാഭം ലഭിക്കുമെന്നു വിശ്വസിപ്പിച്ച് ‘വിഐപി ഇൻവെസ്റ്റ്മെന്റ്’ എന്ന വാട്സാപ് കൂട്ടായ്മ വഴി പലപ്പോഴായി 5 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
കേസിൽ റംലയുടെ സഹോദരൻ റാഷിദിനെ കഴിഞ്ഞദിവസം മങ്കട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് റാഷിദും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും യൂട്യൂബ് ട്രേഡിങ് വിഡിയോകൾ വഴി തങ്ങളുടെ വാട്സാപ് ഗ്രൂപ്പ് ലിങ്കുകൾ പ്രചരിപ്പിച്ച് ഒട്ടേറെ ആളുകളെ കൂട്ടായ്മയിൽ ചേർത്ത് പണം തട്ടിയെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.



