15
Jul 2025
Tue
15 Jul 2025 Tue
FORDOW

തെഹ്‌റാന്‍: യു.എസ് ബി-2 ബോംബറുകള്‍ പൂര്‍ണമായും തകര്‍ത്തുവെന്ന് അവകാശപ്പെട്ട ഇറാന്റെ ഫോര്‍ദോ ആണവ സമ്പുഷ്ടീകരണ പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു. (Only minor damage found at Fordow nuclear plant)  ഫോര്‍ദോയ്ക്ക് കാര്യമായ തകരാറൊന്നും സംഭവിച്ചിട്ടില്ലെന്ന തെളിയിക്കുന്ന പുതിയ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് സമീപത്താണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാക്സര്‍ ടെക്നോളജീസ് ശേഖരിച്ച ചിത്രങ്ങളാണ് അമേരിക്കന്‍ അവകാശവാദങ്ങള്‍ പൊളിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഫോര്‍ദോ സമുച്ചയത്തില്‍ നടന്ന വ്യോമാക്രമണങ്ങള്‍ മൂലമുണ്ടായ വെന്റിലേഷന്‍ ഷാഫ്റ്റുകളിലും സമീപത്തും നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇത് തെളിയിക്കുന്നു.

ഭൂഗര്‍ഭ സമുച്ചയത്തിന് മുകളിലുള്ള വടക്കന്‍ ഷാഫ്റ്റിന് തൊട്ടടുത്തായി മണ്ണുമാന്തി യന്ത്രവും നിരവധി ജീവനക്കാരും ഉണ്ട്. ഷാഫ്റ്റിന്റെ പ്രവേശന കവാടത്തില്‍ ക്രെയിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൈറ്റിലേക്ക് പ്രവേശിക്കാന്‍ നിര്‍മ്മിച്ച റോഡില്‍ നിരവധി വാഹനങ്ങളും ഉണ്ട് -എന്ന് ചിത്രങ്ങള്‍ പുറത്തുവിട്ട് മാക്സര്‍ ടെക്നോളജീസ് അറിയിച്ചു.

FORDOW2

ഇറാനിലെ ആണവനിലയങ്ങളില്‍ ഒരു ഡസനിലധികം ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ചതായാണ് അമേരിക്ക അവകാശപ്പെട്ടിരുന്നത്. നിലയങ്ങള്‍ പൂര്‍ണമായി തകര്‍ത്തെന്നും അവിടെ പാറക്കൂമ്പാരം മാത്രമേ ബാക്കിയുള്ളൂവെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു.

എന്നാല്‍, കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇറാനിലെ മൂന്ന് കേന്ദ്രങ്ങളില്‍ യു.എസ് നടത്തിയ ആക്രമണം ഗുരുതരമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായെങ്കിലും സമ്പൂര്‍ണമായ നാശം വന്നിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസിയും പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ആണവ നിര്‍വ്യാപന കരാര്‍ പാലിച്ച് സമാധാനപരമായ ആവശ്യങ്ങള്‍ക്ക് നടത്തുന്ന ആണവ സമ്പുഷ്ടീകരണം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് യു.എന്നിലെ ഇറാന്‍ അംബാസഡര്‍ ആമിര്‍ സഈദ് ഇറാവാനി ഇന്നലെയാണ് വ്യക്തമാക്കിയത്.