27
Feb 2024
Mon
27 Feb 2024 Mon

പിടിതരാതെ കൊലയാളി കാട്ടാന, മയക്ക് വെടിവെക്കാനുള്ള ദൗത്യം ഇന്ന് പുനരാരംഭിക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാനന്തവാടി: വയനാടിനെ ഭീതിയിലാഴ്ത്തിയ കൊലയാളി മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള, ഓപ്പറേഷന്‍ ബേലൂര്‍ മഖ്‌ന ദൗത്യം ഇന്ന് പുനരാരംഭിക്കും. കാട്ടാനയുടെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ ലഭിക്കുന്നത് അനുസരിച്ച് ദൗത്യം ആരംഭിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. ആന ഏതു സ്ഥലത്ത് തമ്പടിക്കുന്നു എന്നു നോക്കി ട്രാക്കിങ് വിദഗ്ധര്‍ ആദ്യമിറങ്ങും.

ചേലൂര്‍ മണ്ണുണ്ടി കോളനിക്ക് സമീപം വനത്തില്‍ കാട്ടാന നിലയുറപ്പിച്ചതായി സൂചനയുണ്ട്. വനം വകുപ്പിന്റെ പ്രത്യേക സംഘം ഇന്നലെ രാത്രി കാട്ടില്‍ നിരീക്ഷണം തുടര്‍ന്നിരുന്നു. ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്ന മുറയ്ക്കാകും ദൗത്യസംഘത്തിന്റെ നീക്കം. ആന ഏത് ഭാഗത്ത് തമ്പടിക്കുന്ന എന്ന് നോക്കി ആദ്യം ട്രാക്കിങ് വിദഗ്ദര്‍ ഇറങ്ങും. കൃത്യം സ്ഥലം കിട്ടിയാല്‍ വെറ്റിനറി സംഘം മയക്ക് വെടി വെയ്ക്കാന്‍ നീങ്ങും. അതിവേഗത്തിലാണ് ആനയുടെ നീക്കം. ഇത് ദൗത്യത്തിന് വെല്ലുവിളിയാണ്.

മണ്ണാര്‍ക്കാട്, നിലമ്പൂര്‍ ആര്‍.ആര്‍.ടികള്‍ കൂടി ദൗത്യത്തില്‍ പങ്കാളികളാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആനയുടെ സാന്നിധ്യമുള്ളതിനാല്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇന്നലെ ആനയെ മയക്കുവെടി വെച്ച് പിടികൂടാന്‍ ദൗത്യസംഘം ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. വൈകീട്ടോടെ ആന കര്‍ണാടക കാട്ടിനുള്ളിലേക്ക് കയറിയതോടെ സിഗ്‌നല്‍ ലഭിക്കാതായി. ഇതോടെ ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ച് ദൗത്യസംഘം മടങ്ങുകയായിരുന്നു.