27
Mar 2023
Sat
27 Mar 2023 Sat
mazhar opinion shukkur vakkeel second marriage രണ്ടു തോണിയിൽ കാലിടുന്നത് അശ്ലീലമാണ്

മസ്ഹർ എഴുതുന്നു

ഇസ് ലാം/മത പരിസരത്തെ യുക്തിവാദ/നിരീശ്വരവാദ ജീവികൾ എത്രമേൽ അശ്ലീലമാണോ, അതിനേക്കാൾ ജുഗുപ്സാവഹമായ കാഴ്ചയാണ് പാതി മത വിശ്വാസികൾ നിർമത/യുക്തിവാദ പരിസരത്ത് മേയുന്നത് കാണുമ്പോൾ. അതിനാലാണ് ഈ ഷുക്കൂർ വക്കീൽ പുനർവിവാഹം ചെയ്തു ഇസ് ലാമിലെ കേവലം അനന്തരാവകാശ നിയമത്തെ മാത്രം മറികടന്ന് ഞാൻ ഇസ് ലാമാണേ എന്ന് നിലവിളിക്കുന്നത് വളരെ അശ്ലീലമാകുന്നത്.

അല്ല കൂട്ടരെ നിങ്ങൾ ഒന്ന് തിരഞ്ഞെടുക്കൂ. അതിൽ അഭിമാനിക്കുകയും നിങ്ങൾ അതീവ മൗലികവാദികളാകുകയും ചെയ്യൂ. മൗലികതയെ ഭീകരതയുമായി കൂട്ടിക്കെട്ടുന്ന ഒരു പതിവ് ഉണ്ടായിരുന്നു ശരീഅത്ത് വിവാദകാലത്ത്. അന്നാണ് മതമൗലികവാദികൾ എന്ന അശ്ലീല പദം ഉണ്ടായത്. സത്യത്തിൽ മൗലികവാദത്തോളം സത്യസന്ധമായ ഒരു നിലപാടില്ല.

ഇസ് ലാമിൽ നിൽക്കുന്നുണ്ടെങ്കിൽ അവിടെ നിൽക്കൂ. അതിൽ നിരുപാധിക വിശ്വസത്തിൻ്റെ അമൂർത്ത തലമുണ്ട്. സമരസപ്പെടാത്ത കൺവിക്ഷൻ്റെ ഒരു ധാരയുണ്ട്. ദൃശ്യതയുടേയും കേവലനീതിയുടേയും യുക്തിയുടേയും അപ്പുറത്തുള്ള അഭൗമമായ ഒരു പ്രതലമുണ്ട്. വൈയക്തിക യുക്തികൾക്കപ്പുറം ഒരു യൂനിവേഴ്സൽ യുക്തിയുണ്ടതിന്.

നിങ്ങളുടെ അന്വേഷണവും സന്ദേഹവും മനനവും ഒക്കെ നടത്താൻ നീണ്ട സമയമെടുക്കൂ. ആർക്കാ ധൃതി. എന്നിട്ട് ഇവിടെ നിക്കണോ അപ്പുറത്ത് പോണോ എന്ന് തീരുമാനിക്കൂ. ഇല്ലത്ത് നിന്ന് പുറപ്പെട്ട് അമ്മാത്ത് എത്തിയില്ല എന്ന ത്രിശങ്കു ജീവിതം പരമ അശ്ലീലമാണ്. സ്വത്തവകാശം പറയുമ്പോൾ പുറത്ത്, ഖബറടക്കുമ്പോൾ അകത്ത്, അതൊരു ബോറൻ നിലപാടാണ്.

മതത്തിന് അതിൻ്റെ പരിമിതികളുണ്ട്, പ്രത്യേകിച്ച് ഇസ് ലാമിന്. ഓരോരുത്തരുടേയും യുക്തിയുടെ/നീതിയുടെ അളവുകോൽ വച്ച് അതിനെ അളക്കാനാവില്ല. നിങ്ങൾക്കാകട്ടെ അറ്റമില്ലാത്ത ഒടുക്കത്തെ യുക്തിയുമാണ്. രണ്ടും കൂടി ഇവിടെയും അവിടെയും നടക്കില്ല. അതാ പറഞ്ഞത് നിങ്ങളുടെ പാതി വെന്ത മതവും തിളച്ചുമറിയുന്ന യുക്തി സാമ്പാറും ഇസ് ലാം പരിസരത്ത് വളരെ ഓക്കാനിക്കുന്നുണ്ട്. ഇത് തന്നെയാണ് യുക്തിവാദ ചുറ്റുവട്ടത്തേയും അവസ്ഥ. പാതിവെന്ത മത ധാർമികതയുമായി അവിടടെ റാത്തീബ് നടത്താറുണ്ട് ചിലർ. അതും പരമ ബോറാണ്.
ഒന്നുകിൽ എമു അല്ലെങ്കിൽ മു.