14
Apr 2023
Sat
14 Apr 2023 Sat
aano rakshikkane opinion ആനോ രക്ഷിക്കണേ

അഹ്‌മദ് ശരീഫ് പി

whatsapp ആനോ രക്ഷിക്കണേ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇനി എല്ലാവര്‍ക്കും ഒന്ന് മിണ്ടാതിരിക്കാലോ. ചാനലുകള്‍ക്ക് ലൈവ് ചെയ്യാന്‍ വേറെ വിഷയം നോക്കി പോകാം . സര്‍വോപരി ഗതാഗത മന്ത്രി ശശീന്ദ്രന് ഒന്ന് പോയി സമാധാനത്തോടെ കിടന്നുറങ്ങാം . ഹോ എന്തൊക്കെയായിരുന്നു . മനുഷ്യര്‍ പലരും ഒന്ന് വാര്‍ത്താ പ്രാധാന്യം കിട്ടാന്‍ പല ഉഡായിപ്പും കാട്ടാറുണ്ട് . ആ സ്ഥാനത്താണ് ഒരു ആന വെറുമൊരു കാട്ടാന സര്‍വ്വ ചാനലുകളിലും ദിവസങ്ങളോളം ലൈവ് ആയി നിറഞ്ഞു നിന്നത് . ഒരു ആനയെ കേരളം ഇത്രയും പേടിച്ചു എന്ന് പറഞ്ഞാല്‍ പോര . അവന്റെ ഓരോ നീക്കങ്ങളും ഒപ്പിയെടുക്കാന്‍ ക്യാമറകള്‍ മത്സരിച്ചു .

അരിക്കൊമ്പനെ പിടിക്കുന്നതിന്റ ലൈവ് ഷോ രാവിലെ തൊട്ട് ഞഞ്ഞപിഞ്ഞ പറഞ്ഞു പറഞ്ഞു ആംഗര്‍മാരുടെ തൊണ്ടയിലെ വെള്ളം വറ്റി . കണ്ണും കാതും കൂര്‍പ്പിച്ചു ടിവിക്ക് മുമ്പില്‍ ഇരിക്കുന്ന നാം വിഡ്ഢികള്‍ക്ക് പക്ഷെ ഈ ആവര്‍ത്തനം വിരസമായില്ല . വാക്കുകള്‍ തീരുന്നത് റിപോര്‍ട്ടര്‍മാര്‍ക്കും മടുത്തില്ല . പഴയ വാക്കും വാചകങ്ങളും പൂരം വെടിക്കെട്ട് പോലെ ലൈവ് കമന്ററികള്‍ ചിലച്ചുകൊണ്ടിരുന്നു . അതിനിടയ്ക്കാണ് സ്റ്റുഡിയോയില്‍ ഇരിക്കുന്ന ന്യുസ് വായനക്കാരുടെ ചോദ്യങ്ങള്‍ . പൊട്ട ചോദ്യങ്ങള്‍ അവര്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു .

എന്തെങ്കിലും മറുപടി പറയാതിരുന്നാല്‍ പറ്റില്ല . പണി പാളും . ആനയെ കണ്ടു , വെടി വെച്ചു , കയറിട്ടു , വടം കെട്ടി . പിന്നിലെ കാലില്‍ കെട്ടി . മുന്നില്‍ കെട്ടി . കറുത്ത തുണി കെട്ടി . അങ്ങനെ ആണെന്ന് തോന്നുന്നു . കാരണം ഞങ്ങള്‍ ഇവിടെ വളരെ ദൂരെയാണ് . പേടിച്ചിട്ട് അടുത്തേക്ക് പോയിട്ടില്ല . ലൈവ് അങ്ങനെ നീളുന്നു . അങ്ങനെ മലയാളിയുടെ ആനപ്പേടി ഇനി എന്താകുമോ ആവോ . ഇത് ഒരു ആനക്കാലമാണ് നമുക്ക് . ഈ വേനല്‍ കാലയളവില്‍ കാട്ടാനകളുടെ നിരവധി ആക്രമണങ്ങളാണ് നാം കണ്ടത് . പോരാത്തതിന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആനോ എന്നൊരു നോവലും വന്നുകൊണ്ടിരിക്കുന്നു .

വലിയ ശല്യക്കാരന്‍ ആയതിനാലാണ് അരിക്കൊമ്പനെ പിടി കൂടിയത് . എന്നാല്‍ പിന്നെ ഇത്രയും പരാക്രമിയെ കാട്ടിലേക്ക് വീണ്ടും വിടണോ . ഏതെങ്കിലും ആന ക്യാമ്പില്‍ ആക്കി ഇണക്കിയാല്‍ പോരെ . ചോദ്യം ചോദിക്കരുത് . ഇന്ന് വെടിക്കാരന്‍ ആണ് ഹീറോ .

കുരുടന്‍ ആനയെ കണ്ട പോലെ എന്നൊക്കെ ചൊല്ലുണ്ടല്ലോ . ഞമ്മള്‍ ശരിക്കും കുരുടന്മാര്‍ ആയോ . ചെവി പോലെ , കാല് പോലെ വാല് പോലെ എങ്ങനെയാണു ആന . ചെറിയ ചെറിയ പ്രാദേശിക വിഷയങ്ങളെ ചാനലുകാര്‍ വിചാരിച്ചാല്‍ എങ്ങനെ ആഗോള ചര്‍ച്ചയാക്കാന്‍ പറ്റും എന്നതിന് ഈ ആന മാമാങ്കം ദര്‍ശിച്ചാല്‍ മതി . ഇത്രയും വലിയ ഭീകരന്‍ ആയ സ്ഥിതിക്ക് എന്‍ ഐ എ യെ വിളിച്ചു യുഎ പി എ ചുമത്തി അകത്തിടുക ആയിരുന്നു ബെസ്റ്റ് .
മുമ്പും ആന കഥകള്‍ നാം അയവിറക്കിയിട്ടുണ്ട് . മണ്ണാര്‍ക്കാട് ഒരു ആനയുടെ വായില്‍ ആരോ പടക്കം പൊട്ടിച്ചത് . പിന്നെയുമുണ്ടല്ലോ ആനക്കാരുടെ അസോസിയേഷന്‍ കലഹം കൂട്ടിയ ആനക്കേസുകള്‍ . ഏതായാലും അടുത്ത ആനക്കഥ വരും വരെ കാക്കാം.

\