നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണി നേരിട്ട കനത്ത തോല്‍വിക്കു പിന്നാലെ കണ്ണൂരില്‍ പി ജയരാജനായി ഫ്‌ളക്‌സുകള്‍ ഉയര്‍ന്നു. പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂവെന്നാണ് ഫ്ളെക്സിലെ വാചകങ്ങള്‍. അഴീക്കോട് മണ്ഡലത്തിലാണ് പി ജയരാജനായി ഫ്ളക്സുകള്‍ ഉയര്‍ന്നത്.
|
തിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റത്തിനു പിന്നാലെ സിപിഐഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരില്‍ നേരത്തെയും പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പി ജയരാജനെ പിന്തുണച്ച് വ്യാപകമായി വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍ ഉയരുന്നത്.
തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ടെന്നും അത് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് ഫലം സംബന്ധിച്ച് പി ജയരാജന്‍ പ്രതികരിച്ചത്. കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി വ്യവസ്ഥയില്‍ ഏര്‍പ്പെടുമ്പോള്‍ പലതരം ജീര്‍ണതകളും കടന്നുവരും. അത്തരം ജീര്‍ണതകള്‍ ചര്‍ച്ച ചെയ്ത് തിരുത്താതിരുന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കുമെന്നും പി ജയരാജന്‍ പറയുകയുണ്ടായി.
പോരാളി ഷാജി പോലുള്ള ഇടതുസൈബര്‍ പോരാളികളുടെ പേജുകളില്‍ എം വി ഗോവിന്ദനയെും ഭാര്യ പി കെ ശ്യാമളയെയും പരിഹസിച്ച് പോസ്റ്റുകള്‍ വരികയുണ്ടായിരുന്നു. തോല്‍വിയുടെ കാരണക്കാര്‍ എന്ന ചൂണ്ടിക്കാട്ടിയായിരുന്നു ഈ പോസ്റ്റ്. ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത ഉയരുകയും വിമതനായ മാറിയ ടി കെ ഗോവിന്ദന്‍ തളിപ്പറപ്പില്‍ യുഡിഎഫ് പിന്തുണയോടെ മല്‍സരിച്ച് ശ്യാമളയെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു.
പയ്യന്നൂരില്‍ വിമതനായി മാറിയ വി കുഞ്ഞികൃഷ്ണനും ജയിച്ചുകയറി. രക്തസാക്ഷി ഫണ്ട് അടക്കം വകമാറ്റിയെന്ന ആരോപണമുയര്‍ത്തിയാണ് വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി വിട്ടത്. ഇതടക്കമുള്ള വിഷയങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.



