ശ്രീജ നെയ്യാറ്റിൻകര എഴുതുന്നു
|
ബലാൽസംഗം രാഷ്ട്രീയ അജണ്ടയാക്കിയ ആർ എസ് എസ് ഭീകരന്മാരിൽ 11 ഭീകരന്മാർ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വീണ്ടും ജയിലിലേക്ക് പോകുന്ന സാഹചര്യത്തിൽ ചിലത് പറയാതിരിക്കാനാകില്ല. ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളെ ആർ എസ് എസ് സ്വാധീനം കൊണ്ട് മാത്രം ജയിലിൽ നിന്ന് മോചിപ്പിച്ച അനീതിയെ ചോദ്യം ചെയ്യാൻ മുന്നോട്ട് വന്ന ബിൽക്കീസ് ബാനുവിനും, അവർക്കൊപ്പം നിലകൊണ്ട ഇന്ത്യയിലെ സ്ത്രീ ആക്ടിവിസ്റ്റുകൾക്കും, ഇന്ത്യയിലെ മതേതര വിശ്വാസികളായ നീതി വാദികൾക്കും സമാധാനം നൽകുന്ന കോടതി വിധി ഉണ്ടായിരിക്കുകയാണല്ലോ.
ആർ എസ് എസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഗുജറാത്ത് കലാപം മതേതര ഇന്ത്യക്ക് മറക്കാവുന്നതല്ല .. കലാപത്തിൽ ഹിന്ദുത്വ ഭീകരത ബിൽക്കീസ് ബാനുവിനോട് ചെയ്ത ക്രൂരത മതേതര ജനത മറക്കില്ല. 5 മാസം ഗർഭിണിയായ ബിൽക്കീസ് ബാനുവിനെ ബലാൽസംഗം ചെയ്ത ഹിന്ദുത്വ ഭീകരത. ബിൽക്കീസ് ബാനുവിന്റെ 3 വയസുള്ള പെൺ കുഞ്ഞിനെ അവരുടെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി ഭിത്തിയിലെറിഞ്ഞ് കൊന്ന ഹിന്ദുത്വ ഭീകരത. ബിൽക്കീസ് ബാനുവിന്റെ കുടുംബാംഗങ്ങളായ 7 സ്ത്രീകളെ ബലാൽസംഗം ചെയ്ത് കൊന്ന ഹിന്ദുത്വ ഭീകരത.
ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ 14 മനുഷ്യരുടെ ജീവനുകളാണ് ഹിന്ദുത്വ ഭീകരത അപഹരിച്ചത്.
ബോംബൈ ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ച ബലാൽസംഗ വീരന്മാരും കൊലപാതകികളുമായ ഈ കൊടും കുറ്റവാളികളെയാണ് , അഥവാ ഹിന്ദുത്വ ഭീകരരെയാണ് 2022 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിന് നല്ല നടപ്പ് പരിഗണിച്ച് ഗുജറാത്ത് സർക്കാർ ജയിലിൽ നിന്ന് മോചിപ്പിച്ചത്.
ഈ കൊടും ക്രിമിനലുകളെ വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ ജയിലിന് പുറത്ത് മാലയിട്ട് , മധുരം നൽകി, കാലിൽ വീണ് സ്വീകരിച്ചതും, ബ്രാഹ്മണർ ആയത് കൊണ്ട് ഇവർക്ക് നല്ല സംസ്കാരമുണ്ടെന്ന് ഗുജറാത്തിലെ ഗോദ്ര ബി ജെ പി എം എൽ എ റൗൾജി പ്രസംഗിച്ചതും ഒട്ടും പഴക്കമല്ലാത്ത ചരിത്രമാണ്. ഈ കൊടും കുറ്റവാളികൾ ജയിലിൽ നിന്നിറങ്ങിയപ്പോൾ ബിൽക്കീസ് ബാനു എന്ന മുസ് ലിം പൗരി നടത്തിയൊരു പ്രസ്താവനയുണ്ട്. അതിങ്ങനെയായിരുന്നു:- “ആരേയും ഭയപ്പെടാതെ സമാധാനത്തോടെ ജീവിക്കാനുള്ള എന്റെ അവകാശത്തെ എനിക്ക് തിരിച്ചു തരണം ദയവായി ഞാനും എന്റെ കുടുംബവും സുരക്ഷിതരാണ് എന്ന് ഉറപ്പ് വരുത്തണം” .. ഈ വാക്കുകൾ പറഞ്ഞു കൊണ്ടാണ് ബിൽക്കീസ് ബാനു വീണ്ടും നിയമ പോരാട്ടത്തിനിറങ്ങിയത്.
വംശഹത്യ രാഷ്ട്രീയ അജണ്ടയാക്കിയ, ബലാൽസംഗം പൊളിറ്റിക്കൽ ടൂളാക്കിയ, സവർണ സാംസ്കാരിക ദേശീയത ലക്ഷ്യം വയ്ക്കുന്ന, മുസ് ലിം സ്ത്രീകളെ ബലാൽസംഗം ചെയ്തും കൊന്നും അഭിരമിക്കുന്ന ഭീകരന്മാരെ നോക്കി അവർ ബ്രാഹ്മണർ ആയത് കൊണ്ട് സംസ്കാരമുള്ളവർ ആണെന്ന് യാതൊരുളുപ്പുമില്ലാതെ പ്രസംഗിക്കുന്ന, മുസ് ലിം പിഞ്ചു കുഞ്ഞിനെ നിലത്തടിച്ചു കൊല്ലുന്ന ബ്രാഹ്മണൻമാർ ആദരിക്കപ്പെടേണ്ടവരായിരിക്കുമെന്ന് കരുതുന്ന, ശുദ്ധ വെജിറ്റേറിയന്മാരായ ബ്രാഹ്മണൻമാർ മുസ് ലിംകളെ കൊന്ന് ചോര കുടിക്കുമ്പോൾ അതവരുടെ ‘നല്ല’ സംസ്കാരമാണ് എന്ന് സർട്ടിഫിക്കറ്റ് നൽകുന്ന ഹിന്ദുത്വ പൊതുബോധത്തോടാണ് ബിൽക്കീസ് ബാനു പൊരുതിയത് .. ഭീകരത വാഴുന്ന ഒരു രാജ്യത്ത് നിന്നു കൊണ്ടാണ് ബിൽക്കീസ് ബാനു ഭയമില്ലാതെ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം നൽകണമെന്ന് അന്ന് ആവശ്യപ്പെട്ടത്. ക്രൂര ബ്രഹ്മണ്യത്തിന്റെ പൂണൂൽ രാഷ്ട്രീയത്തിന്റെ ഇരയാണ് ബിൽക്കീസ് ബാനു എന്ന മുസ് ലിം സ്ത്രീ.
കോടതി പോലും അവരോട് ക്രൂരത ചെയ്തതല്ലേ? ഇന്നത്തെ കോടതി വിധിയിൽ നമ്മൾ സമാധാനിക്കുമ്പോൾ ഇന്ത്യയിലെ പരമോന്നത നീതിപീഠം അവരോട് കാണിച്ച ക്രൂരത പ്രത്യേകിച്ചും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അവരോട് പറഞ്ഞ വാക്കുകൾ കൂടെ മറക്കാതെ ഓർക്കപ്പെടേണ്ടതല്ലേ? ബിൽക്കീസ് ബാനുവിന്റെ മൂന്ന് വയസുള്ള മകളേയും ഏഴ് സ്ത്രീകളേയും ഉൾപ്പെടെ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തിയ കേസിലെ 11 പ്രതികളെ ശിക്ഷാ കാലാവധി അവസാനിക്കും മുൻപ് ഗുജറാത്തിലെ ഫാഷിസ്റ്റ് ഭരണകൂടം കേന്ദ്ര ഫാസിസ്റ്റ് സർക്കാരിന്റെ ഒത്താശയോടെ ജയിൽ മോചിതരാക്കിയ കൊടും അനീതിയെ ചോദ്യം ചെയ്തു കൊണ്ട് ബിൽക്കീസ് ബാനു സുപ്രീം കോടതിയിൽ സമർപ്പിച്ച പുനഃപരിശോധന ഹരജിയിന്മേൽ കോടതി രൂക്ഷവിമർശനം നടത്തുകയും തുടർന്നവരുടെ ഹരജി തള്ളുകയും ചെയ്തത് എങ്ങനെ മറക്കും?
നോക്കൂ ഇത് ഇന്ത്യയല്ലേ. ഭരണഘടന നിലനിൽക്കുന്ന ജനാധിപത്യ രാജ്യമല്ലേ. അവിടെ ഹിന്ദുത്വ ഭീകരവാദികളാൽ ബലാൽസംഗം ചെയ്യപ്പെട്ടൊരു സ്ത്രി തന്നെ ദ്രോഹിച്ച കൊടും ക്രിമിനലുകളെ വെറുതേ വിട്ട നടപടിക്കെതിരെ നീതി തേടി കോടതിയെ സമീപിച്ചപ്പോൾ ഹരജി പരിഗണിക്കുന്ന ബഞ്ചിൽ നിന്ന് ജഡ്ജി പിന്മാറിയത് അനീതിയല്ലേ? പുതിയ ബഞ്ച് രൂപീകരിച്ച് തന്റെ ഹരജി പരിഗണിക്കണം എന്നാവശ്യപ്പെടുന്ന, കൂട്ട ബലാൽസംഗത്തിനിരയായ ഒരു പാവം സ്ത്രീയോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അതി ക്രൂരമായി പെരുമാറിയത് അനീതിയല്ലേ?
“ഇത് ഭയങ്കര ശല്യമാണ് ” എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ബിൽക്കീസ് ബാനുവിന്റെ വക്കീലിനോട് പറഞ്ഞത് മറന്നു കൊണ്ട് ഇന്നത്തെ സുപ്രീം കോടതി വിധിയെ നീതിബോധമുള്ള മനുഷ്യർ എങ്ങനെ സമീപിക്കും?
തന്റെ 3 വയസുള്ള പെൺകുഞ്ഞിനെ ഭിത്തിയിലെറിഞ്ഞു കൊന്ന, തന്റെ കുടുംബത്തിലെ 7 സ്ത്രീകളെ കൂട്ടബലാൽസംഗം ചെയ്ത് കൊന്ന, ഗർഭിണിയായ തന്നെ ബലാൽസംഗം ചെയ്ത, സ്ത്രീകളെയടക്കം തന്റെ കുടുംബത്തിലെ 14 പേരെ കൊന്ന കൊടും കുറ്റവാളികളെ, ഹിന്ദുത്വ ഭീകരരെ വെറുതേ വിടാൻ പാടില്ലായെന്ന് ഇരയായ സ്ത്രി അപേക്ഷിക്കുന്നത് ഹിന്ദുത്വ ഇന്ത്യയിലെ നീതിപീഠത്തിന് ശല്യമായിരുന്നു എന്നത് ചരിത്രമാണ്.
ബിൽക്കീസ് ബാനുവിന്റെ നീതിക്ക് വേണ്ടി അഥവാ ശിക്ഷിക്കപ്പെട്ട കൊടും കുറ്റവാളികളുടെ മോചനത്തിനെതിരെ സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും, തൃണമൂൽ കോൺഗ്രസ് മുൻ എം പി മഹുവ മൊയ്ത്രയും നൽകിയ ഹരജികളിന്മേൽ ഗുജറാത്ത് സർക്കാർ നൽകിയ സത്യവാങ്മൂലമാണ് രസം ജയിലിൽ കിടന്ന കാലയളവിൽ പ്രതികൾ നല്ല പെരുമാറ്റമായിരുന്നത്രെ.. ഗർഭിണിയെ പോലും ബലാൽസംഗം ചെയ്ത കേസിലെ പ്രതികൾ, 14 മനുഷ്യരെ കൊന്നു കളഞ്ഞ പ്രതികൾ, പിഞ്ചു കുഞ്ഞിനെ ഭിത്തിയിലടിച്ച് കൊന്ന പ്രതികൾ .. ഇവർ ജയിലിൽ വച്ച് നന്നായി പെരുമാറിയത് കൊണ്ട് അവരെ വെറുതേ വിടുന്ന അനീതിയെ നമ്മൾ വിളിക്കുന്ന പേരാണ് പേര് നീതിന്യായ വ്യവസ്ഥ.
പ്രതികൾ ബ്രാഹ്മണർ ആയതു കൊണ്ട് അവർ കുറ്റം ചെയ്യില്ലെന്ന സംഘ പരിവാർ നേതാവിന്റെ അതേ സ്വരമാണ് അന്ന് പരമോന്നത നീതി പീഠത്തിനുമുണ്ടായിരുന്നത്. എന്നാൽ ഇന്നത്തെ വിധി ആ നിലപാടിൽ മാറ്റം വരുത്തിയിരിക്കുന്നു എന്ന് വേണം കരുതാൻ. ബിൽക്കീസ് ബാനുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ആർ എസ് എസ് ഭീകരതയ്‌ക്കെതിരെ ചില പെണ്ണുങ്ങൾ പൊരുതി നേടിയ വിധിയാണിത്.
ആ പെണ്ണുങ്ങൾ ഇവരാണ്
സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, മുൻ തൃണമൂൽ കോൺഗ്രസ് എം പി മഹുവാ മൊയ്ത്ര, മാധ്യമ പ്രവർത്തക രേവതി ലോൾ, ആക്ടിവിസ്റ്റ് രൂപ് രേഖ് വർമ. രൂപ് രേഖ് വർമയെ ഓർമയുണ്ടാകുമല്ലോ അല്ലേ? ഫാഷിസം വേട്ടയാടിയ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് വേണ്ടി ജാമ്യം നിന്ന കരുത്തുറ്റ സ്ത്രി.
ഈ പെണ്ണുങ്ങളുടെ പോരാട്ട വീര്യത്തിനു മുന്നിൽ, ആർജവത്തിന് മുന്നിൽ ചൂളി നിൽക്കുന്ന ഒരുവനും അവന്റെ പ്രത്യയ ശാസ്ത്രവുമുണ്ടീ രാജ്യത്ത്, നരേന്ദ്രമോദിയും മനുസ്മൃതിയും .