
♠മസ്ഹര്‍ എഴുതുന്നു
![]() |
|
സ്വതന്ത്രാനന്തര ആധുനിക ഇന്ത്യ ചരിത്രത്തില്‍ ഡിസംബര്‍ ആറിന് ഒരു ഓര്‍മയേ ഉള്ളൂ. അത് 1992 ല്‍ ഹിംസാത്മക ഹിന്ദുത്വര്‍ മത/വംശ വെറിയാല്‍ തച്ചുതകര്‍ത്ത ബാബരി മസ്ജിദിന്റെ സങ്കട ദിനം മാത്രമാണ്. ചരിത്രത്തെ കത്രികപ്പൂട്ട് കൊണ്ട് അടക്കാന്‍ ബാബാസാഹെബ് അംബേദ്കറുടെ ചരമദിനം തിരഞ്ഞെടുത്ത സൃഗാല ബുദ്ധിയെ പോലും തകിടംമറിച്ച് ഹിന്ദുത്വ അധികാര വാഴ്ചക്കാര്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്ന ബാബര്‍ എന്ന മുഗള്‍ ചക്രവര്‍ത്തി ആര് ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും മറവിയെ മറി കടന്ന് ഓര്‍മയിലെത്തുന്നുമുണ്ട് ഈ ദിനത്തില്‍.
92 ന് മുമ്പ് ഹിന്ദുത്വയുടെ കപടമുഖങ്ങള്‍ ഒരേ ഒരു രാമക്ഷേത്രം എന്ന് വായ് താരി ഇട്ടപ്പോള്‍ നിഷ്പക്ഷരും നിഷ്‌കളങ്കരും അതിന് ഓശാന പാടി പാലൂട്ടി വളര്‍ത്തിയതിന്റെ കൂടി ദുരന്തമാണ് 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നേ ദിവസം അയോധ്യയില്‍ നടന്ന ഇന്ത്യന്‍ മതേതരത്വത്തിന്റെ ആണിക്കല്ല് പിഴുതെടുത്ത ക്രൂരത. അന്ന് മൗനം പാലിച്ചവര്‍,അതിന്റെ ഒത്താശക്കാര്‍ എല്ലാം അന്ന് ആനന്ദനൃത്തമാടിയവരേക്കാള്‍ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഉത്തരവാദികളാണ്.
ഹിന്ദുത്വഫാഷിസത്തെ അതിന്റെ ഏട്ടിലും തൊഴുത്തിലും കണ്ടുപഠിച്ചവര്‍ ഈ നിക്ഷ്പക്ഷത അപകടകരമാണ് എന്ന് പേര്‍ത്തും പേര്‍ത്തും പറഞ്ഞിരുന്നു. മുന്നൂറിലധികം പൊളിച്ചു മാറ്റേണ്ട പള്ളികളുടെ ലിസ്റ്റ് വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘ്പരിവാര്‍ സംഘടനകളുടെ കൈവശമുണ്ടായിരുന്ന കാലത്താണ് നിഷ്‌കളങ്കര്‍ വിട്ടുവീഴ്ച സിദ്ധാന്തവും ചരിത്രസ്മാരക തിയറിയും സര്‍വപ്രാര്‍ത്ഥനാ സിദ്ധാന്തവുമൊക്കെ അവതരിപ്പിച്ചത്.
ഇതെല്ലാം കൂടി പരുവപ്പെടുത്തിയ ഹിന്ദുത്വ പൊതു ബോധ നിര്‍മിതിയുടെ പുറത്താണ് പരമോന്നതകോടതി ദൈവത്തിന്റെ / ശ്രീരാമന്റെ ഹിത വിധി പുറപ്പെടുവിക്കുന്നത്. നീതിപീഠത്തിന്റ അടിസ്ഥാന അളവുകോലുകളായ തെളിവുകളും വസ്തുതകളും പ്രമാണങ്ങളും അപ്പാടെ മാറ്റി വെച്ച് പുറപ്പെടുവിച്ച വിചിത്ര വിധി ദൈവിക വെളിപാടിനെ അടിസ്ഥാനമാക്കിയായിന്നു എന്ന് ടി.വൈ ചന്ദ്രചൂഡ് എന്ന ഈയിടെ വിരമിച്ച സി. ജെ. ഐ തന്നെ പറഞ്ഞതില്‍പരം കോടതി വ്യവഹാര നെറികേട്ട് വേറെന്തുണ്ട്.
കാശിയിലെ ഗ്യാന്‍വാപി പള്ളിയും മഥുര ഈദ്ഗാഹും കഴിഞ്ഞ് ഹിന്ദുത്വ ശക്തികള്‍ നടത്തുന്ന അവകാശ വാദങ്ങള്‍ക്ക് ഇന്ത്യന്‍ കോടതികളാണ് ഒത്താശ നല്‍കുന്നത്. ബാബരി വിധിയുടെ കീഴ്വഴക്കവും ജുഡീഷ്യറിയെ ഗ്രസിച്ച ഹിന്ദുത്വ പൊതുബോധവും നിമിത്തം കാണുന്ന പള്ളികളില്‍ അവകാശവാദം ഉന്നയിച്ച് എഴുന്നെള്ളിക്കുന്ന സകല ആവലാതികളും സ്വീകരിച്ച് കീഴ് കോടതികള്‍ സര്‍വെക്ക് ഉത്തരവിടുകയാണ്. അതിപ്പോള്‍ സംഭാല്‍ പള്ളിയിലും അജ്മീര്‍ ദര്‍ഗയിലും എത്തിനില്‍ക്കുന്ന ദുരന്തമുഖത്താണ് രാജ്യം.
സംഘ്പരിവാറിന് പള്ളി എന്നത് ഒരു പൊളിറ്റിക്കല്‍ ടൂള്‍ മാത്രമാണ്. അത് പ്രഖ്യാപിത ശത്രുവെ പ്രകോപിതരാക്കി നേരിട്ടുള്ള ‘യുദ്ധത്തിന് തെരുവിലേക്ക് കൊണ്ട് വരിക എന്നതാണത്. സിറിയ / ഇറാഖ് പോലെ ഒരു നിരന്തര ആഭ്യന്തര സംഘര്‍ഷഭൂമിയാക്കി ഭാരതത്തെ മാറ്റിയെടുക്കുന്നതില്‍ യാതൊരു ഉത്കണ്ഠയുമില്ലാത്ത നികൃഷ്ട ജന്‍മമാണ് സംഘ്പരിവാറിന്റേത്. രാജ്യസ്‌നേഹത്തിന്റെ ആട്ടിന്‍ തോലണിഞ്ഞ അവരുടെ ഉന്‍മാദാത്മക ദേശീയത തന്നെ കാപട്യമാണ്.
ഇതെല്ലാം തന്നെ ബ്രാഹ്‌മണിക്കല്‍ ഹെഗ്മണി / ഹിന്ദുത്വ അധികാരത്തെ സുസ്ഥിരപ്പെടുത്താനുള്ള കുറുക്കന്‍ വഴികളാണ്. മുസ്ലിം അപരത്വത്തിലും ഹിംസയിലും മാത്രമായി കെട്ടിപ്പൊക്കുന്ന ദേശരാഷ്ട്രമാണ് അവര്‍ സ്വപ്നം കാണുന്നത്. ശാന്തിയും ജനാധിപത്യവും ബഹുസ്വരതയും സ്വാതന്ത്ര്യവുമില്ലാത്ത ഒരു മേല്‍ജാതി മനുവാദ കേന്ദ്രീകൃത അധികാര രൂപമാണത്.
ആകയാല്‍ ബാബരിയെ മറക്കാതിരിക്കുക എന്നത് പുതിയ കാലത്തെ മുദ്രാവാക്യമാകുന്നത് , അതിന്റെ കാരണ ഭൂതരായ ഹിന്ദുത്വ ഫാഷിസത്തെ ചെറുത്തു തോല്‍പ്പിക്കുക എന്നത് ലക്ഷ്യം വെക്കുന്നതു കൊണ്ടുകൂടിയാണ്