എം കെ ഷഹസാദ് എഴുതുന്നു
|
പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി പാർലമെന്റിൽ നിന്ന് അയോഗ്യനാക്കപ്പെട്ടു കഴിഞ്ഞു. രാജ്യം മരിച്ചുകൊണ്ടിരിക്കുകയാണെന്നും ഫാഷിസവും ഹിന്ദുത്വവാദവും ഭരണകൂടത്തെ കീഴ്പ്പെടുത്തിയിരിക്കുകയാണെന്നുമുള്ള വാദങ്ങളാൽ മുഖരിതമാണ് വെർച്വൽ ലോകം. മരിച്ചു വീണാലും ആർ.എസ്.എസിന് കീഴടങ്ങരുതെന്ന് ആരൊക്കെയോ ആഹ്വാനം ചെയ്യുന്നുമുണ്ട്.
രാഷ്ട്രീയ നേതൃത്വവും ഒട്ടും വിട്ടു കൊടുക്കുന്നില്ല. എഴുത്ത് പടവാളാക്കിയ ബുദ്ധിജീവികളെ വെല്ലും വിധം അവരും എന്തൊക്കെ പറയുകയും എഴുതുകയും ചെയ്യുന്നു. കേരള മുഖ്യനും ഒരു ലേഖനം എഴുതി വിട്ടതായി കണ്ടു.
നമ്മൾ പുലി വരുന്നേ പുലി നിലവിളി കേട്ടു തുടങ്ങിയിട്ട് കാലം കുറേയായി. പലപ്പോഴും പുലി വരിക തന്നെ ചെയ്തിട്ടുണ്ട്. ആടുകളെ പിടിച്ചിട്ടുമുണ്ട്. അപ്പോഴൊക്കെ ആളുകൾ ഓടികൂടിയിട്ടുണ്ട്. ലേഖനമെഴുത്തിനും ആഹ്വാനങ്ങൾക്കുമപ്പുറം ജനങ്ങളെ ഫാഷിസ്റ്റ് വിരുദ്ധ ചേരിയിൽ അണിചേർക്കാനും പോരാട്ടവീര്യം നിറയ്ക്കാനുമൊന്നും ആരും ശ്രമിക്കുന്നത് കണ്ടിട്ടില്ല.
ബി.ജെ.പിയെന്നാൽ ഫാഷിസമാണെന്നും ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റിയാൽ ഇന്ത്യയിൽ ഫാഷിസം അവസാനിക്കുമെന്നുമാണ് മികച്ച രാഷ്ട്രീയ ബോധ്യമുണ്ടെന്ന് നമ്മൾ തെറ്റിദ്ധരിക്കുന്ന ഇടതൻമാർ പോലും വിശ്വസിച്ച് വശായിരിക്കുന്നത്. അത്രയൊന്നും രാഷ്ട്രീയ കൂർമത അവകാശപ്പെടാനില്ലാത്ത വലതരുടെ കാര്യം പറയാനുമില്ലല്ലോ!
ഫാഷിസം വന്നാൽ ന്യൂനപക്ഷങ്ങളുടെ സ്ഥിതി പരുങ്ങലിലാകുമെന്ന് പറയാൻ എല്ലാവർക്കും നൂറ് നാവാണ്. ഞങ്ങൾക്ക് വോട്ട് ചെയ്യുന്നതിലൂടെ ന്യൂനപക്ഷങ്ങൾക്ക് ഫാഷിസത്തെ ഭയക്കാതെ ജീവിക്കാനാവുമെന്നും എല്ലാ പാർട്ടികളും ഒരുപോലെ ഉദ്ഘോഷിക്കുന്നു.
ഇന്ന് രാഹുൽ ഗാന്ധി അറസ്റ്റ് ചെയ്യപ്പെടുമ്പോഴും പഴയ പ്രസ്താവനകളും ആഹ്വാനങ്ങളും ആവർത്തിക്കപ്പെടുക മാത്രം ചെയ്യുന്നു. ജനങ്ങൾക്ക് രാഷ്ട്രീയ ബോധവും പോരാട്ടവീര്യവും പകർന്ന് നൽകുകയെന്ന ഉത്തരവാദിത്ത്വത്തിൽ നിന്ന് ഏവരും അകന്ന് നിൽക്കുക മാത്രം ചെയ്യുന്നു. പുലികൾ നിരന്തരം വന്നിട്ടും ആടുകൾ നിരന്തരം വേട്ടയാടപ്പെട്ടിട്ടും നമ്മുടെ നിലവിളികളിൽ കാപട്യം നിഴലിക്കുന്നുണ്ടോ എന്ന ശങ്ക തോന്നാൻ കാരണമതാണ്.
ഫാഷിസമെന്നാൽ ബി.ജെ.പിയാണ് എന്ന വാദം ഭാഗികമായി മാത്രമാണ് ശരി. ജനങ്ങളെ അന്ധതയുടേയും വെറുപ്പിന്റേയും ചരടിൽ കോർത്തിണക്കാൻ ശേഷിയുള്ള ഏതൊരാശയത്തിനും ഫാഷിസ്റ്റ് പൊട്ടൻഷ്യലുണ്ടെന്നതാണ് യാഥാർഥ്യം. ആ ശേഷി സി.പി.എമ്മിന് പോലുമുണ്ട്. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളേയും തങ്ങളുടെ രാഷ്ട്രീയ നയങ്ങൾക്ക് അനുകൂലമാക്കാൻ സാധിക്കുന്ന രാഷ്ട്രീയ സിദ്ധാന്തം ബി.ജെ.പിക്കുണ്ടെന്നതാണ് ബി.ജെ.പിയെ മറ്റ് പാർട്ടികളിൽ നിന്ന് വ്യതിരിക്തമാക്കുന്ന ഘടകം.
എന്തിനാണ് ഭരണകൂടം അന്ധമായ തത്വശാസ്ത്രത്തിന്റെ സഹായത്തോടെ ജനങ്ങളെ തങ്ങളുടെ പക്ഷത്ത് നിർത്തുന്നത്, തിരിച്ച് പറഞ്ഞാൽ ജനങ്ങളെ ഭരണകൂട നയത്തിന്റേയും ആശയങ്ങളുടേയും വക്താക്കളായി മാറ്റുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരത്തിനകത്ത് എന്താണ് ഫാഷിസം എന്ന ചോദ്യത്തിനുള്ള ശരിയായ ഉത്തരമുണ്ട്. ഫാസിസത്തെ എങ്ങനെ നേരിടണമെന്ന ചോദ്യത്തിനുള്ള ഉത്തരവുമുണ്ട്.
ജനാധിപത്യ ഭരണകൂടങ്ങളുടെ ആദർശം ജനാധിപത്യമായിരിക്കണമല്ലോ. ജനങ്ങൾ, അവർ ഏത് മതക്കാരോ ജാതിയിൽപ്പെട്ടവരോ ഭാഷ സംസാരിക്കുന്നവരോ നിറക്കാരോ വംശമോ ആവട്ടെ, നമ്മൾ സമന്മാരാണെന്നും സഹോദരങ്ങളാണെന്നും സ്വതന്ത്രരാണെന്നുമുള്ള ബോധ്യം ഭരിക്കുന്നവർക്കും ഭരിക്കപ്പെടുന്നവർക്കും ഉള്ളപ്പോഴാണ് ഒരു രാജ്യത്ത് ജനാധിപത്യം പൂത്തുലഞ്ഞ് നിൽക്കുന്നതായി അവകാശപ്പെടാനാവുക. അങ്ങനെ നോക്കുമ്പോൾ നമ്മുടെ രാജ്യത്തിന് അങ്ങനെ അവകാശപ്പെടാനുള്ള ഒരു വകുപ്പുമില്ല.
സാമ്പത്തികമായും സാമൂഹ്യമായും ഭൂമിശാസ്ത്ര പരമായും സാംസ്കാരികമായുമെല്ലാം അസമത്വം നിലനിൽക്കുന്ന രാജ്യമാണിത്. തെരുവിലേക്കിറങ്ങി വെറുതെ കണ്ണു തുറന്നൊന്ന് നോക്കിയാൽ മാത്രം മതി ഈ അസമത്വം അനുഭവിച്ചറിയാൻ. എന്നേക്കാൾ പ്രിവിലേജ്ഡ് ആയ മനുഷ്യരേയും എന്നെക്കാൾ താഴെയുള്ള സാമൂഹ്യവും സാമ്പത്തികവുമായ ഇടങ്ങളിൽ ജീവിക്കുന്നവരേയും എളുപ്പം കണ്ടെത്താൻ സാധിക്കുന്ന ചുറ്റുപാടുകളിലാണ് നമ്മളെല്ലാം ജീവിക്കുന്നത്. അവർക്കിടയിലെ വെറുപ്പിലൂന്നിയ മേധാവിത്വവും വിധേയത്വവും ഒറ്റപ്പെട്ട പൊട്ടിത്തെറികളും തെരുവിൽ അധികം അകലം സഞ്ചരിക്കാതെ തന്നെ നമ്മുക്ക് കാണാനും കേൾക്കാനും പറ്റും. അത്ര സ്പഷ്ടമാണ് നമുക്കിടയിലെ അസമത്വം.
അസമത്വമുള്ളിടത്ത് സാഹോദര്യമോ സ്വാതന്ത്ര്യമോ ഉണ്ടാവില്ല. അവിടെയുണ്ടാകുക പരസ്പരം കീഴടക്കാനുള്ള നീചമായ പരിശ്രമങ്ങൾ മാത്രമാണ്. ഒരു വശത്ത് ഭരണകൂടത്തിന്റെ പരിപൂർണ പിന്തുണയോടെ അദാനി ഉൾപ്പടെയുള്ള വലിയ കോർപറേറ്റുകൾ സമ്പത്ത് കുമിഞ്ഞ് കൂട്ടുന്നതും മറുവശത്ത് മീൻപിടുത്ത തൊഴിലാളിക്ക് നൽകിയിരുന്ന മണ്ണെണ്ണ സബ്സിഡി പോലും ഇല്ലാതാക്കുന്നതും ഒരുവൻ മറ്റൊരുവനെ കീഴടക്കാൻ ശ്രമിക്കുന്നതിനുള്ള ഉദാഹരണമായിവേണം കാണാൻ.
സ്വാധീനമുള്ളവർ ഭരണകർത്താക്കളെ നിയന്ത്രിക്കാൻ പോന്നത്ര സമത്വ- സാഹോദര്യ- സ്വാതന്ത്ര ചിന്തകൾ നമ്മളിൽ നിന്ന് അകന്ന് പോയിരിക്കുന്നു. ജനാധിപത്യ ഭരണകൂടം അസമത്വത്തിന്റെ വിശ്വസ്ത കാവലാളായി മാറിയിരിക്കുന്നു. ബി.ജെ.പി ഭരിക്കുമ്പോൾ മാത്രമല്ല ഇങ്ങനെ സംഭവിച്ചത്. കോൺഗ്രസ് ഭരിക്കുമ്പോഴും അസമത്വമുണ്ടായിരുന്നു, കൊള്ളയുമുണ്ടായിരുന്നു. ഇങ്ങ് കേരളത്തിലുമുണ്ട് അസമത്വവും ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള ചൂഷണവും. അദാനിക്ക് വേണ്ടി വിഴിഞ്ഞം പദ്ധതി നടപ്പാക്കികൊണ്ടിരിക്കുന്ന കേരളത്തിലെ ഇടത് സർക്കാർ ജനങ്ങളേയും പ്രകൃതിയേയും കൊള്ളയടിക്കാൻ അദാനിയെ കൂട്ട് നിൽക്കുക തന്നെയാണല്ലോ?
ഭരണകൂടം എല്ലാതരം അസമത്വത്തിനും ഒപ്പം നിൽക്കുന്നിടത്താണ് ഫാഷിസം ആരംഭിക്കുന്നത്. അതിനായി അവർ ഭൂരിപക്ഷം ജനങ്ങളെ കൂടെ നിർത്താൻ ശ്രമിക്കുന്നു. ഭൂരിപക്ഷ മതത്തേയോ വംശീയതയെയോ ഭാഷയേയോ ഭരണകൂടത്തിന്റെ കൂടെ നിർത്തിയാണ് ഭരണകൂടം ഇത് സാധിച്ചെടുക്കുന്നത്. പതിയെ, താഴെ നിന്ന് മേലോട്ട് സഞ്ചരിക്കുന്ന ജനാധിപത്യത്തിന്റെ അധികാര സങ്കൽപ്പങ്ങൾ റദ്ദ് ചെയ്യപ്പെടുകയും അധികാരം ഒരാളിലോ അല്ലെങ്കിൽ ഒരു ചെറു സംഘത്തിലോ കേന്ദ്രീകരിക്കപ്പെടുകയോ ചെയ്യും.
ജി.എസ്.ടി സാമ്പത്തിക അധികാര കേന്ദ്രീകരണത്തിന്റെ നല്ലൊരു ഉദാഹരണമായിരുന്നു. എന്നിട്ടും ജി.എസ്.ടിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് അന്ന് ഇടതൻമാർ പോലും സ്വീകരിച്ചത്. ഇന്ന് അവർ ജി.എസ്.ടിയെ പുലഭ്യം പറയുന്നുണ്ടെങ്കിലും ആ നികുതി ഘടനയുടെ ഫാഷിസ്റ്റ് സ്വഭാവം വിശദീകരിക്കാനും ജനങ്ങളെ രാഷ്ട്രീയമായി പ്രബുദ്ധരാക്കാനും ആരും ശ്രമിക്കുന്നതായി കണ്ടിട്ടില്ല. തങ്ങൾക്ക് വോട്ടുറപ്പാക്കുന്നതിനപ്പുറം ഒരു രാഷ്ട്രീയ വിദ്യാഭ്യാസം നൽകാൻ ആരും തയ്യാറല്ല എന്നതാണ് വസ്തുത. അവരാരും അസമത്വമില്ലാരാക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണിതിനർഥം. മറിച്ച് അസമത്വത്തിലൂന്നിയ ഒരു ഭരണ സംവിധാനത്തെ നയിക്കാൻ തങ്ങൾക്ക് അവസരം കിട്ടാൻ മാത്രമാണ് ഓരോ കക്ഷിയും ആഗ്രഹിക്കുന്നുള്ളൂ. അതുകൊണ്ടാണ് ബി.ജെ.പി ഭരിക്കുമ്പോൾ ഫാഷിസമായെന്നും ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കിയാൽ ഫാഷിസം ഇല്ലാതാവുമെന്നും അവർ ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. ഈ കാപട്യമാണ് അവരുടെ നിലവിളികളിൽ നമ്മൾ കാണുന്നത്.
ശരിയാണ്, രാഹുൽ ഗാന്ധിയുടെ അറസ്റ്റ് നമ്മുടെ പേരിനെങ്കിലും അവശേഷിക്കുന്ന ജനാധിപത്യത്തിന് ഭീഷണി തന്നേയാണ്. പക്ഷേ, പാർട്ടികൾക്ക് വേണ്ടത് വോട്ട് മാത്രമാണ്. അധികാരം മാത്രമാണ്. ജനങ്ങളെ അധികാരത്തിന്റെ അധിപരായി കാണാൻ അവരാരും ആഗ്രഹിക്കുന്നില്ല. തിരഞ്ഞെടുപ്പ് ഇല്ലാതാവുന്ന കാലം അതിവിദൂരമൊന്നുമല്ലെന്ന് ഈ പാർട്ടികൾ എന്തുകൊണ്ടോ മനസ്സിലാക്കുന്നില്ല. അത്തരം സന്ദർഭങ്ങളിൽ രാഷ്ട്രീയ ബോധവും പോരാട്ടവീര്യവും ഐക്യവുമുള്ള ജനങ്ങൾക്കേ ഭരണകൂടത്തെ ചെറുക്കാനും സംരക്ഷിക്കാനും പറ്റൂ എന്നും അവർ മനസ്സിലാക്കുന്നില്ല. തങ്ങളിലേക്ക് ആവാഹിക്കപ്പെട്ട അനിയന്ത്രിതമായ അധികാരം ഭരണകൂടം നിങ്ങൾ ഓരോരുത്തർക്കും നേരെ പ്രയോഗിക്കുമെന്ന് രാഷ്ട്രീയക്കാരെ ബോധ്യപ്പെടുത്താനുള്ള വലിയ ഉത്തരവാദിത്ത്വം ഇന്ന് നമ്മളിൽ അർപ്പിതമാണ്. അങ്ങനെ ചെയ്താലേ നിരന്തരം നിലവിളിക്കുന്ന രാഷ്ട്രീയക്കാരുടേയും ബുദ്ധിജീവികളുടേയും നിലവിളികളിൽ നിന്ന് കാപട്യം ഒഴിഞ്ഞ് പോവൂ.