
സുബു പാറമ്മൽ എഴുതുന്നു
![]() |
|
മെഡിക്കൽ വിദ്യാർഥിനികളോടുളള യോജിപ്പും വിയോജിപ്പുമല്ല ഈ കുറിപ്പിന്റെ പ്രതിപാദ്യം. ശസ്ത്രകിയാ വേളകളിൽ ഇസ് ലാമിക ശാസനകളനുസരിച്ചുള്ള വസ്ത്രധാരണരീതി പിന്തുടരാൻ അനുവദിക്കണമെന്നവശ്യപ്പെട്ട് ഏഴു മുസ് ലിം വിദ്യാർഥിനികൾ തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു നൽകിയ അപേക്ഷ മറ്റേതൊരു മുസ് ലിം വിഷയവുമെന്ന പോലെ ചർച്ചാ മുറികളിലെയും എക്കോ കാബിനുകളിലെയും അതിന്റെ വൃത്തം വരച്ചു തീർക്കട്ടെ.
സംസ്കാരത്തിനും നാഗരികതയ്ക്കും ക്രൈസ്തവ യൂറോപ്പിനെ മാതൃകയാക്കുന്നവർ മുസ് ലിം വനിതകളുടെ ഇസ് ലാമികമായ വസ്ത്രധാരണത്തെ അവലോകനം ചെയ്യുന്നതിലെ മുൻവിധിയും ഇന്ത്യൻ സ്ത്രീകളുടെ വസ്ത്രധാരണത്തിലെ മുസ് ലിം സ്വാധീനത്തെ കുറിച്ച അവരുടെ അജ്ഞതയും ശ്രദ്ധയിൽ കൊണ്ടുവരിക എന്നതാണു ഈ പോസ്റ്റിന്റെ ലക്ഷ്യം.നിലവിൽ പൊതു സമൂഹത്തിൽ നിലനിന്നു പോരുന്ന സ്ത്രീകളുടെ വസ്ത്രധാരണ രീതി മതേതരത്വവും ആധുനികതയും വികസിപ്പിച്ചെടുത്തതാണെന്നാണു വാദം.
ഇപ്പോൾ മതേതരം ആധുനികം എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന വസ്ത്രധാരണം മതേതരവുമല്ല, ആധുനികവുമല്ല. ക്രൈസ്തവ യൂറോപ്പ് അവരുടെ കോളനികളിൽ നടപ്പിലാക്കിയ വസ്ത്രധാരണ രീതിയാണ്. അതാണു പരിഷ്കൃതമെന്നു മെക്കാളെ പ്രഭു കറുത്ത സായിപ്പൻമാരെ പരിശീലിപ്പിക്കുകയും ചെയ്തു.
ഇവിടെ നിന്നു മാത്രമെന്താണു വെള്ളക്കാർ കടൽ കടന്നുപോകാത്തത്. സായിപ്പൻമാരുടെ കോളനി ഭരണത്തിൻ കീഴിലായിരുന്ന മറ്റു രാജ്യങ്ങളിലൊന്നും ഇത്തരം ആഭാസങ്ങൾ ഇതുപോലെ കാണപ്പെടുന്നില്ലല്ലോ. സ്വാതന്ത്ര്യലബ്ധിയുടെ അമൃത് മഹോൽസവം ആഘോഷിച്ചു കൊണ്ടിരിക്കുന്ന നാം ക്രൈസ്തവ യൂറോപ്പിനോടുള്ള സാംസ്ക്കാരിക വിധേയത്വത്തിൽ നിന്നു ഇനിയും മോചിതമായിട്ടില്ലെന്നതാണു സത്യം.
ഇതാണു കേരളത്തിലെ പഴയ നക്സലൈറ്റു വിപ്ലവകാരിയും നാടകകാരനുമായ ഒരു പ്രസിദ്ധ കവി വളരെ മുമ്പെ ഇങ്ങിനെ പറഞ്ഞത്, “നമ്മൾ മലയാളികളെല്ലാം ക്രിസ്ത്യാനികളാണ്, ഹിന്ദു ക്രിസ്ത്യാനി മുസ് ലിം ക്രിസ്ത്യാനി” ഇതിനെ കമ്യൂണിസ്റ്റ് ക്രിസ്ത്യാനി യുക്തിവാദി ക്രിസ്ത്യാനി ലിബറൽ ക്രിസ്ത്യാനി എന്നു സ്വാഭാവികമായി വിപുലപ്പെടുത്താവുന്നതാണ്.
ഇന്നു ഇന്ത്യയെന്ന ആശയത്തെ നാമാവശേഷമാക്കി കൊണ്ടിരിക്കുന്ന ഭൂരിപക്ഷ ന്യൂനപക്ഷ വർഗ്ഗീയത എന്ന വിഭജനവും ക്രൈസ്തവ യൂറോപ്പ് നമുക്കു തന്നിട്ടു പോയതാണ്. ലോകോത്തര ശക്തിയാകാനുള്ള എല്ലാ പ്രകൃതി സമ്പത്തും വിഭവശേഷിയുമുളള ഇന്ത്യ ഒരു കാലത്തും ഉയർന്നു വരാതിരിക്കുന്നതിനു വേണ്ടി അവർ കുഴിച്ചിട്ട അഗാധ ഗർത്തത്തിൽ ആപതിച്ചു കിടക്കുകയാണു ഇന്നും നമ്മുടെ മഹത്തായ രാജ്യം. ക്രൈസ്തവ യൂറോപ്പിന്റെ ഈ കെണിയെ ഒരു അനുഗ്രഹമായി കണ്ടു ആസ്വദിച്ചു ആഘോഷിക്കുകയാണു ജാതി വർഗീയ ഭീകര പ്രസ്ഥാനം. ഈ ഗർത്തത്തിലെ വാസം അഭിമാനമായി കരുതി അഹങ്കരിക്കുന്നവരാണു ചില ലിബറലുകൾ. ആ ദാസ്യത്തിന്റെ മധുരം നാവിൽ എന്നും തുള്ളി തുളുമ്പി നിൽക്കുന്നതുക്കൊണ്ടാണു വീക്ഷണത്തിലും ഭാഷയിലും ശൈലിയിലും ഇവർ ക്രൈസ്തവ യൂറോപ്പിനെ പുരോഗതിയുടെ മാതൃകയാക്കുന്നത്.
അതല്ലെങ്കിൽ ചരിത്രത്തിലേക്കു കണ്ണു തുറന്നു നോക്കിയാൽ കാണാവുന്ന ഒരു സത്യമുണ്ട്. സാരിയും മുണ്ടും ചട്ടയും ബ്ലൗസുമൊഴികെയുള്ള ഇന്ത്യൻ സ്ത്രീകൾ പൊതുസ്ഥലങ്ങളിലും ഓഫിസുകളിലും വിവാഹം പോലെയുള്ള ആഘോഷ ചടങ്ങുകളിലും ഉപയോഗിക്കുന്ന എല്ലാ വസ്ത്രങ്ങളും ഇന്ത്യയിൽ പരിചയപ്പെടുത്തിയതു മുസ് ലിംകളാണ്. അതിൽ രണ്ടിനങ്ങൾ മാത്രമാണു പർദ്ദയും മുസ് ലിംകളിലെ സൂക്ഷ്മ ന്യൂനപക്ഷം മാത്രം ധരിക്കുന്ന മുഖം മറച്ചുള്ള നിഖാബും. വീട്ടിലും കിടപ്പറയിലും ഏതു സാധാരണക്കാരും ഉപയോഗിക്കുന്ന നൈറ്റിയെന്നും മാക്സിയെന്നും പറയപ്പെടുന്ന വസ്ത്രം വരെ മുസ് ലിം സംഭാവനയാണ്. സത്യത്തിൽ തലമുടി, ചിലർക്കു കൈമുട്ടും, മറയ്ക്കാതെയുള്ള പർദ്ദ തന്നെയാണല്ലോ ഈ മാക്സി. വീടുകളിൽ കോട്ടൺ സാരി അല്ലെങ്കിൽ ബ്ലൗസും ഒറ്റമുണ്ടും ധരി ച്ചു ശീലിച്ചവർ എന്തുകൊണ്ടു ഈ മുസ് ലിം വേഷം തിരഞ്ഞെടുത്തു. യൂറോപ്യൻ ക്രിസ്ത്യാനികൾ പരിചയപ്പെടുത്തിയ നൈറ്റ് ഗൗൺ വേറെയാണ്. അതു ഉപരിവർഗത്തിന്റെ പൊങ്ങച്ച ആവരണമാണ്. പഴയ കാലത്തു പുറത്തുനിന്നു വന്ന മുഗളൻമാരും പുതിയ കാലത്തു ഉപജീവനത്തിനായി മിഡിൽ ഈസ്റ്റിലേക്കു പോയവരും പരിചയപ്പെടുത്തിയതാണിതെല്ലാം. ഈജിപ്തിലെയും ലെബനോണിലെയും തുർക്കിയിലെയും ഇറാനിലെയും കിഴക്കനേഷ്യൻ രാജ്യമായ മലേഷ്യയിലെയും വടക്കു പടിഞ്ഞാറൻ ആഫ്രിക്കയിലെ മൊറോക്കയിലെയും വസ്ത്ര വിപണന രംഗത്തു പ്രവർത്തിക്കുന്ന കലാകാരൻമാരുടെ ഭാവനാ സൃഷ്ടിയാണു ഇവയെല്ലാം. ഗുരുവായൂർ ക്ഷേത്രത്തിൽ ചുരിദാർ ധരിച്ചു കൊണ്ടു ദർശനം നടത്താൻ അനുവദിച്ചു കൊണ്ടുള്ള കോടതി വിധിയെ കുറിച്ചു ചർച്ച ചെയ്യുന്ന മാധ്യമങ്ങളും എഴുത്തുകാരും ആ വസ്ത്രത്തെ ഇന്ത്യൻ വനിതയ്ക്കു പരിചയപ്പെടുത്തിയ മുസ് ലിംകളെ കുറിച്ചു മൗനം പാലിക്കും.
പുരുഷൻമാരുടെ വസ്ത്ര വൈവിധ്യത്തിലും മുസ് ലിംകളുടെ വലിയ പങ്കാളിത്തമുണ്ട്. നമ്മുടെ ഭരണത്തലവൻമാരും സ്ഥാനപതികളും തന്നെയാണു ഒന്നാമത്തെ മാതൃക. മതചടങ്ങുകളിൽ, ചില സമുദായങ്ങളിൽ കതിർമണ്ഡപത്തിൽ വരെ പുരുഷൻമാർക്കും പുരോഹിതർക്കും മേൽവസ്ത്രം ധരിക്കാൻ മതശാസന അനുവദിക്കാത്ത രാജ്യമാണു നമ്മുടേത്. ഋഷി സുനക്കിന്റെയും കമലാ ഹാരിസിന്റെയും സുന്ദർപിച്ചെയുടെയും മാതൃരാജ്യമായ ഭാരതം. അപ്പോൾ വേഷഭൂഷകളുടെ ആധുനികവൽക്കരണവും വസ്ത്രത്തെ നാഗരികവൽക്കരിക്കുന്നതിനുള്ള വിപ്ലവവും എവിടെ നിന്നു തുടങ്ങണം. ദിഗംബരൻമാർ ആരാധ്യപൂർവം ആനയിക്കപ്പെടുകയും അഭിസംബോധന ചെയ്യപ്പെടുകയും ചെയ്യുന്ന നമ്മുടെ നിയമ നിർമാണ സഭകളിൽ നിന്നോ. രാജ്യത്തെ അത്യുന്നത പുരോഹിതൻമാർ പാതി വിവസ്ത്രരായി പ്രത്യക്ഷപ്പെടുന്ന ജനാധിപത്യത്തിന്റെ അശ്വ സമുച്ചയത്തിൽ നിന്നോ ?
വർണ ശബളിമയാണു മുസ് ലിം സ്ത്രീകളുടെ വേഷവിധാനത്തിന്റെ ആകർഷണീയത. അവരുടെ തലമുടി മറയ്ക്കുന്ന ഹിജാബ് മാത്രം ശ്രദ്ധിച്ചാൽ മതി, ഇങ്ങിനെ നിത്യേന നവീകരിക്കപ്പെടുന്ന മറ്റൊരു വസ്ത്രം കണ്ടെത്താനാവില്ല. അവർ ഓരോ പുലരിയിലും അവരെ തന്നെ പല നിറങ്ങളിൽ പുനരാവിഷ്കരിക്കുകയാണ്. “The romantic poets look into themselves seeking in their own lives for strange sensations” ഐഫർ ഇവാൻസിന്റെ ഈ പ്രസ്താവം വസ്ത്രങ്ങളിൽ കാല്പനിക കവിതകൾ എഴുതുന്ന ഈ പെൺകിടാങ്ങളെ കുറിച്ചു കൂടിയാണ്. എന്നാൽ ഒരു കാലത്തും ഒരു പരിഷ്കരണത്തിനും വിധേയമാകാത്ത ഒരു വസ്ത്രധാരണം മാത്രമെ നമ്മുടെ നാട്ടിലുള്ളു. അതു കന്യാസ്ത്രീകളുടെ ‘ബുർഖയും മക്കന’യുമാണ്. ഇവരെ, വാസ്ഗോഡ ഗാമയുടെ ഈ പിൻമുറക്കാരെ ആരു പരിഷ്ക്കരിക്കും, ആരു മോചിപ്പിക്കും ?
“The past and Prejudice” എന്നതു റൊമിലാ ഥാപ്പറിന്റെ ഒരു ചെറു ഗ്രന്ഥത്തിന്റെ പേരു മാത്രമല്ല, ഒരു ചിന്താരീതിയുടെയും കാഴ്ചപ്പാടിന്റെയും പരിമിതി കൂടിയാണ്. ക്രൈസ്തവ യൂറോപ്പിനോടുള്ള നിത്യ ദാസ്യത്തിന്റെ പരിമിതി. അറിയുക, മുസ് ലിം വനിതകൾ ക്രൈസ്തവ യൂറോപ്പിന്റെയോ അവരുടെ പഴയ കോളനിയായ അമേരിക്കയുടെയോ ദാസികളല്ല. ചക്രവാളത്തോളം വിശാലമായ ഭാവനയുടെ വർണരാജിയിൽ രചിക്കപ്പെട്ട കവിതകളാണ്.