
ഗഫൂര്‍ കൊടിഞ്ഞി എഴുതുന്നു
![]() |
|
ഗഫൂര്‍ അറക്കല്‍ എന്ന പ്രതിഭയുടെ ആഴം അളക്കാവുന്ന ‘ദ കോയ’ എന്ന നോവലിന്റെ പ്രകാശനം ഇന്നാണ്. അതില്‍ പങ്കെടുക്കാതിരിക്കുന്നതെങ്ങനെ? അദ്ദേഹം രോഗശയ്യയിലാണ്. അവസ്ഥ വളരെ മോശമാണ്.തനിക്ക് എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ്ആ പുസ്തകം പുറത്തിറങ്ങണം എന്നത് അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു. ഞാന്‍ മൂന്ന് മണിക്ക് തന്നെ വളാഞ്ചേരിയില്‍ നിന്ന് പുറപ്പെട്ടു. ബസ്സില്‍ കയറി കോഴി ക്കോട്ടേക്ക് ടിക്കറ്റെടുത്തു.അഞ്ചു മണിക്കാണ് പരിപാടി. അതിനിടക്കാണ് ഗഫൂറിന്റെ ശിഷ്യനും അതിലുപരി സുഹൃത്തുമൊക്കെയായ ഫസല്‍ വിളിച്ചത്. നമ്മുടെ ‘ഗഫൂര്‍ക്കപോയി ‘ഇത്രയേ പറഞ്ഞുള്ളു. എനിക്ക് തലകറങ്ങുന്നത് പോലെ തോന്നി. ഞാനും ഫസലും ഉണ്ണി
യുമൊക്കെ ചേര്‍ന്ന് ഒരു മാസം മുന്‍പ് കെഇഎന്‍ മാഷുടെ വീട്ടില്‍ പോയി ”കോയയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്
എന്തോ എന്റെ മനസില്‍ വന്നു.വയറ് നിറച്ച് വിഭവങ്ങള്‍ വലിച്ചു കേറ്റി തിരിച്ചു പോരുമ്പോള്‍ ഓര്‍ത്തില്ല അത് അദ്ദേഹത്തോടൊപ്പമുള്ള അവസാന യാത്രയായിരിക്കും എന്ന്.
മരണം ധൃതരാഷട്രാലിംഗനം ചെയ്യാന്‍ തയ്യാറെടുത്ത് പിന്നില്‍ നില്‍പ്പുണ്ട് എന്നറിയുമ്പോഴും അതൊന്നും ഗൗനിക്കാതെ തന്നില്‍ നിക്ഷിപ്തമായ കര്‍മംചെയ്തു തീര്‍ക്കുന്നതില്‍ വ്യാപൃതനായിരുന്നു ഗഫൂര്‍ അറക്കല്‍. തന്റെ കൈയിലുള്ള സമയത്തിന്റെ പരിമിതി അദ്ദേഹം നല്ലവണ്ണം തിരിച്ചറിഞ്ഞിരുന്നു.അതു കൊണ്ടുത ന്നെ സ്വന്തം നിയോഗം പൂര്‍ത്തീകരിക്കുന്നതില്‍ മാത്രമായിരുന്നു അദ്ദേഹത്തി ന്റെ ശ്രദ്ധ.ചുറ്റും യമകിങ്കരന്മാര്‍ ദംഷ്ട്രകള്‍ കാട്ടി തിമര്‍ത്താടുന്നണ്ട് എന്നറിഞ്ഞതിന് ശേഷം തന്നേയാണ് കേരളത്തി ലെ മുസ്ലിം സ്വത്വം അടയാളപ്പെട്ടു കിടക്കുന്ന ”ദ കോയ ” എന്ന നോവല്‍ അദ്ദേഹം പൂര്‍ത്തീകരിച്ചത്. ഒരു പക്ഷെ കേരളീയ സാംസ്‌കാരിക രംഗത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിവെക്കാവുന്ന കൃതിയാണിത്.
ഗഫൂര്‍ ഇതു വരെ എഴുതിയ നോവലു കളില്‍ നിന്നെല്ലാം ഈ കൃതിവേറിട്ട് നില്‍ക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. ഇതിന്റെ പിറവിക്ക് മുമ്പ് തന്നെ നോവലിനെ പിന്തുടരാനുള്ള ഭാഗ്യംലഭിച്ചഒരാളെന്ന നിലയ്ക്കാണ് ഇങ്ങനെ ഒരു അവകാശവാദം ഞാന്‍ ഉന്നയിക്കുന്നത്. അതു കൊണ്ടു തന്നെ ആ കൃതിയെക്കുറിച്ച് ചിലത് വായനക്കാ രെ ചിലത് ബോധ്യപ്പെടുത്തുകയാണ്.
അതിന് മുമ്പ് ആ സര്‍ഗ്ഗധനനെ സാധാരണക്കാരനായ എന്നോടിണക്കിച്ചേര്‍ത്തതിനെക്കുറിച്ച്കൂടി രണ്ട് വാക്ക്പറയുന്നത് ഉചിതമായിരിക്കും. വായനയിലൂടെ പണ്ടേ അദ്ദേഹത്തിന്റെ സര്‍ഗ്ഗ സപര്യകള്‍ തിരിച്ചറിഞ്ഞിരുന്നു. അതിനിടയ്ക്കാണ് എന്റെ ഒരു നോവലറ്റിന്റെ ഭാഗം എഫ് ബിയില്‍ വായിച്ച് അദ്ദേഹം മെസഞ്ചറില്‍ കയറി വന്നത്. ”എന്താണ് താന്‍ എഴുത്ത് ഒരു ഗൗരവത്തിലെടുക്കാത്തത് ‘ എന്നായിരുന്നു ആദ്യ ചോദ്യം. ഇത്തരം രചനയൊക്കെ ഫേസ് ബുക്കില്‍ ഇടാമോ? എന്നുകൂടി അദ്ദേഹം ചോദിച്ചു. ഗുല്‍ഷന്‍ പൂരില്‍ ഒരു വസന്തകാലത്ത് എന്ന ലഘു നോവലിന്റെ ഭാഗം വായിച്ചാണ് അദ്ദേഹം അങ്ങിനെയൊരു അഭിപ്രായം പറഞ്ഞത്.
ഞാന്‍ ത്രില്ലടിച്ചു. കാരണം, ദേശാഭിമാനിയിലും മാധ്യമത്തിലും മാതൃഭൂമിയിലുമൊക്കെ വരുന്ന അദ്ദേഹത്തിന്റെ തീഷ്ണമായ കവിതകള്‍ വായിച്ച് ഞാന്‍ ഗഫൂ ര്‍ അറക്കലിന്റെ ഒരു ആരാധകനായി മാറിയിരുന്നു. അത്തരം ലബ്ധ പ്രതിഷ്ഠനും പ്രതിഭാധനനുമായ ഒരു എഴുത്തുകാരനാണ് എന്റെ ഒരു സൃഷ്ടിയെക്കുറിച്ച് നല്ലത് പറയുന്നത്. അന്നദ്ദേഹം ഏറെ നേരം എന്നെ ഗുണദോഷിച്ചു.എഴുത്തില്‍ സജീവമായി ഇടപെടാന്‍ നിര്‍ദ്ദേശിച്ചു.പിന്നീട് ഫോണില്‍ നിരന്തരം ബന്ധപ്പെടുക പതിവായി. ഒരിക്കല്‍ അദ്ദേഹം വിളിച്ചപ്പോള്‍ ഇന്ത്യ മുഴുവന്‍ ഒരു ചരക്കു ലോറിയില്‍ ചുറ്റിക്കറങ്ങണം എന്നആഗ്രഹം എന്നോട്പങ്കുവെച്ചു. നിനക്ക് ഉത്തരേന്ത്യന്‍ ഭാഗങ്ങളൊക്കെ നല്ല പരിചയമാണെന്ന് നിന്റെ എഴുത്തിലൂടെ എനിക്ക് മനസിലായി. പല പദ്ധതികളും എന്റെ മനസിലുണ്ട്.നിനക്ക് കല്ല് ബിസിനസല്ലേ, ധാരാളം ലോറിക്കാരുമായൊക്കെ പരിചയമുണ്ടാകുമല്ലോ.താന്‍ തയ്യാറാണോ?”
ഈ അഭിപ്രായം കേട്ടപ്പോള്‍ എനിക്ക് കൂടുതല്‍ ആഹ്ലാദമായി. പദ്ധതി തരക്കേടില്ല എന്ന് എനിക്കും തോന്നി.എന്നെ സംബ ന്ധിച്ചിടത്തോളം ഞാന്‍ എഴുത്ത് രംഗത്ത് ഒരു വെളിച്ചം തിരയുകയായിരുന്നു ധാരാളം വായിക്കുന്നതിനിടയില്‍ ചിലതെല്ലാം കുത്തിക്കുറിക്കാറുണ്ടെങ്കിലും എനിക്ക് എഴുത്തുകാരുമായി പരിചയം കുറവാണ്. ഞാന്‍ പ്രസിദ്ധീകരണാലയങ്ങളുടെ മുന്നില്‍ കൂനിക്കൂടി ക്യൂ നില്‍ക്കാനും പോകാറില്ല. എന്റെ അപകര്‍ഷത അതിനൊന്നും അനുവദിക്കാറില്ല എന്ന് പറയുന്നതാവും ശരി.
ഏതായാലും കുറേക്കാലം പിന്നെ അദ്ദേഹത്തിന്റെ വിവരമൊന്നുമില്ല. ഞാന്‍ വിളിച്ചു.ആ ശബ്ദത്തിലെ ഇടര്‍ച്ച എന്നില്‍ നേരിയ സംശയമുണര്‍ത്തി. എന്താ സുഖമില്ലേ എന്ന എന്റെ ചോദ്യത്തിന് അല്‍പ്പം സുഖമില്ലായ്മയുണ്ട് എന്ന് അദ്ദേഹം മറു പടി പറഞ്ഞു. വല്ല ജലദോഷവുമായിരിക്കും എന്ന് ഞാന്‍ സാന്ത്വനപ്പെടുത്തി.
” ജലദോഷമൊന്നുമല്ലെടോ, അല്‍പ്പം കനം കൂടിയ അസുഖമാണ് എന്ന് പറഞ്ഞു കൊണ്ട് വിശദീകരിച്ചു: ”എനിക്ക് കാന്‍സറാണ്.അത് സാരമില്ല. രോഗം അതിന്റെ വഴിക്ക് വരും പോകും അതൊന്നും കാര്യമാക്കണ്ട, നീ വൈകാതെ ഒരിക്കല്‍ വീട്ടില്‍ വാ ‘ അത് കേട്ടപ്പോള്‍ എന്റെ മനസിലുണ്ടായ വികാരം എഴുതി ഫലിപ്പിക്കാന്‍ പ്രയാസമാണ്. ഫോണില്‍ ബന്ധം പുലര്‍ത്തിയതൊഴിച്ചാല്‍ ഞങ്ങള്‍ നേരിട്ട് കണ്ടിട്ടില്ല. ഞാന്‍ ഉടനെ തേടിപ്പിടിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കേറിചെന്നു. അല്‍ഭുതം. ഒരു രോഗത്തിന്റെയും അസ്‌കിതകള്‍ ബാധിക്കാത്ത മട്ടില്‍ ചിരിച്ചു കൊണ്ട് ഗഫൂര്‍ എന്നെ ചേര്‍ത്ത് പിടിച്ചു ആശ്ലേഷിച്ചു..
‘കുറേ കാലമായി നിന്നെ കാണണമെന്ന് ആഗ്രഹിക്കുന്നു. കുറേ കാര്യങ്ങള്‍ പറയാനുണ്ട്.”രോഗമെങ്ങനെയുണ്ട്?’ഞാന്‍ ചോദിച്ചു. എനിക്ക് അതായിരുന്നു ആകാംക്ഷ. പക്ഷെ ഗഫൂര്‍ എന്റെ വാക്കുകള്‍ അവഗണിച്ചു കൊണ്ട്പറഞ്ഞു. ‘ ഞാന്‍ ഒരു പുതിയ നോവല്‍ എഴുതാനുള്ള തയ്യാറെടുപ്പിലാണ്.ഞാനത് പറയാം. എങ്ങിനെയുണ്ടാവും എന്ന് പറയണം.” എഴുത്തില്‍ ഇന്നും പിച്ച നടക്കുന്ന എന്നില്‍ നിന്ന് എന്ത് അഭിപ്രായം തേടാനാണ്? ഞാനെന്ത് പറയാനാണ്? ചിന്തിക്കുന്നതിനിടയില്‍ ഗഫൂര്‍ തന്റെ മനസില്‍ രൂപം കൊണ്ട കഥ പറഞ്ഞു തുടങ്ങിയിരുന്നു. കോഴി ക്കോട്ടങ്ങാടിയിലെ അല്‍ഭുത പ്രതിഭാസമായ കോയാക്കയെക്കുറിച്ചുള്ള ചരിത്ര വിവരണങ്ങള്‍ ഗഫൂര്‍ എനിക്കു മുന്നില്‍ നിവര്‍ത്തിയിട്ടു. സാമൂതിരിയുടെ കോഴിക്കോട്ട് നിന്ന് കല്ലായിപ്പുഴയുടെ ഓരത്തും വലിയങ്ങാടിയിലും മറ്റും അലഞ്ഞ് നടന്ന് ലോക ചരിത്രങ്ങള്‍ മുഴുവന്‍ കലക്കിക്കുടിച്ച കോയാക്കയുടെ പരിണാമം കേട്ട് ഞാന്‍ മിഴിച്ചു പോയി.
പോര്‍ച്ചുഗല്ലിലെ ലിബ്‌സണില്‍ നിന്ന് വഴി തെറ്റി വന്ന ഒരു ഇമെയിലിലൂടെ കോയാക്ക പ്രൊഫസര്‍ കോയയായി മാറുന്നു. ഇന്ത്യന്‍ ചരിത്രത്തെ പ്രതിനിധീകരിച്ച് കോയാക്ക കോട്ടും സൂട്ടും മണിഞ്ഞ് ആംഗലേയ യൂണിവേഴ്‌സിറ്റികളിലേക്ക് പറക്കുന്നു. അവിടെ ചരിത്ര സെമിനാറു കളെ അഭിമുഖീകരിക്കുന്നു. കഥ കേട്ടപ്പോള്‍ ഞാന്‍ പൊട്ടപ്പോഴത്തമാകുമോ എന്ന് ശങ്കിച്ചു കൊണ്ട് ഒരു സംശയം എടുത്തിട്ടു. ഈ കഥാപാത്രത്തിന് മരക്കാര്‍ എന്ന പേരല്ലേ ചേരുക. ഉദാഹരണം കുഞ്ഞാലി മരക്കാര്‍ ഉണ്ടല്ലോ. ഞാ ന്‍ പോര്‍ച്ചുകീസ് ചരിത്രത്തിലൂടെ ഊളിയിട്ടു കൊണ്ടാണത് ചോദിച്ചത്.
‘ കോയ എന്ന പദം ഇന്ന് മലയാളത്തില്‍ എവ്വിധമാണ് ഉപയോഗിക്കുന്നത് എന്ന് നിനക്കറിയാമോ? ആ പേര് സംഘ് പരിവാര്‍ ഇന്ന് ഉപയോഗപ്പെടുത്തുന്നത് മുസ്ലിം അപരവല്‍ക്കരണത്തിന്റെ ഒരു സാധ്യത എന്ന നിലക്കാണ്. അതേ പേര് കൊണ്ട് കോയ തള്ളപ്പെടേണ്ട ഒരു പേരല്ല എന്ന സന്ദേശം കൂടിയാണ് ഇതിലൂടെ ഞാന്‍ മലയാളി സമൂഹത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. അതിനായി എനിക്ക് സാമൂതിരിയുടെ കൂട്ടുമുണ്ട് എന്ന് കരുതിക്കോളൂ. അദ്ദേഹം പറഞ്ഞു നിര്‍ത്തി.
തിരിച്ചു പോരുമ്പോള്‍ ഗഫൂറിനെ നേരിട്ട് കാണാനായതിലുള്ള സന്തോഷത്തിലു പരി അദ്ദേഹത്തിന്റെ രോഗമായിരുന്നു എന്നെവല്ലാതെ അലട്ടിയത്. ഈ ആശയം അദ്ദേഹത്തിന് എഴുതിത്തീര്‍ക്കാന്‍ സാധിക്കണേ എന്നായിരുന്നു എന്റെ പ്രാര്‍ഥന. പിന്നീടും രോഗത്തെ പുല്ലുവിലയാക്കി അദ്ദേഹം നിരന്തരം വീണ്ടുമെന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു..രോഗാവസ്ഥ യിലും എന്റെ പുതിയ നോവലിന് ഗഹനമായ ഒരു പഠനം എഴുതിതന്നു. ഫാസഷിസത്തെ മുന്‍നിര്‍ത്തി പട്ടി പുരാണം എന്ന എന്റെ ഒരു കഥ അദ്ദേഹം പല കുറി മാറ്റി എഴുതിച്ചു. മലബാര്‍ കലാപത്തെക്കുറിച്ച് ഞാന്‍ ചിലത് പഠിച്ചുവച്ചിട്ടുണ്ട് എന്ന് മനസിലാക്കിയ അദ്ദേഹം മലബാര്‍ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു നോവല്‍ എഴുതണം എന്ന് നിരന്തരം എന്നെ പ്രേരിപ്പിച്ചിരുന്നു. അതിന്റെ ഒരധ്യായം അദ്ദേഹത്തിന് അയച്ചു കൊടുത്തുവെങ്കിലും ഗഫൂര്‍ തൃപ്ത നായില്ല. ചരിത്രമെഴുതാന്‍ അനവധി ആളുകളുണ്ട്. താന്‍ ചരിത്രമല്ല എഴുതേണ്ടത് നോവലാണ്. അങ്ങനെ ഞാനത് മാറ്റി എഴുതുന്ന വേളയിലാണ് അദ്ദേഹത്തിന് രോഗം മൂര്‍ച്ചിച്ച വിവരമറിയുന്നത്.
ഒരു നിലക്കും രോഗപീഢകള്‍ അദ്ദേഹത്തെ തളര്‍ത്തിയിരുന്നില്ല എന്നത് എനിക്കൊരു അല്‍ഭുതം തന്നേയായിരുന്നു. അദ്ദേഹത്തിന്റെ രാത്രിഞ്ചനായ ബ്രാഞ്ച് സെക്രട്ടറി എന്ന നോവലിന്റെ ചര്‍ച്ചകള്‍ ചേളാരിയില്‍ നടന്നത് ഓര്‍ക്കുന്നു. രോഗത്തെ വകവയ്ക്കാതെ ഒരുഷാള്‍ പുതച്ച് കൊണ്ട് വേദിയില്‍ ഓടി നടന്ന ഗഫൂര്‍ ഇന്നും ഒരല്‍ഭുതമായി എന്റെ മനസിലുണ്ട്. പ്രസ്തുത വേദിയില്‍ അദ്ദേഹം തന്നെയാണ് എന്നെ സദസിന് പരിചജയപ്പെടുത്തിയത്. എന്റെ സംസാരത്തില്‍ ഗഫൂറിനെ ഞാന്‍ ഗുരുവെന്ന് വിശേഷിപ്പിച്ചിരുന്നു. ഞാന്‍ തന്നെപ്പോലെ ഒരു എഴുത്തുകാരന്‍ മാത്രമാണ്. ആരുടേയും ഗുരുവല്ല. ദയവ് ചെയ്ത് അത്തരം പ്രയോഗങ്ങള്‍ നടത്തരുത്. അന്ന് രാത്രി വാട്‌സപ്പ് തുറന്നപ്പോള്‍ ഗഫൂറിന്റെ മെസേജിലാണ് ഇത് പറഞ്ഞത്.
രാത്രിഞ്ജരനായ ബ്രാഞ്ച് സെക്രട്ടറിയുടെ പശ്ചാത്തലം കോഴിക്കോട് മുതല്‍ മൂന്നിയൂര്‍ കളി യാട്ടക്കാവ് വരെയുള്ള നീണ്ട് കിടക്കുന്ന സ്ഥലങ്ങളാണ്. കഥാപരിസരങ്ങള്‍ എനിക്ക് പകല്‍ പോലെ പരിചിതമായ സ്ഥലങ്ങളാണ്.അത്‌കൊണ്ട് ഒരു പ്രത്യേക ആകര്‍ഷണം അതിനോട് തോന്നിയിരുന്നു.ആ നോവല്‍ കാരണം ഇടതു പക്ഷം പോലും ഗഫൂറിനോട് ഇടഞ്ഞു. ദേശാഭിമാനി അദ്ദേഹത്തിന്റെ സൃഷ്ടികള്‍ നിരസിച്ചു.ആ സങ്കടം പലകുറി അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്.
സത്യത്തില്‍ ആ നോവല്‍ ഇടതുപക്ഷത്തിന്റെ പ്രസക്തിയാണ് വെളിവാക്കുന്നത്. എന്തുകൊണ്ടോ ഇടതുപക്ഷം അദ്ദേഹത്തെ ഒരു എതിരാളിയായാണ് കണ്ടത്. എങ്കിലും ചേളാരി യൂണിവേഴ്‌സിറ്റി പ്രദേശങ്ങളില്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം സജീവമായിരുന്നു.
ഗഫൂറില്‍ നിന്ന് മലയാളം വളരെയധികം പ്രതീക്ഷിച്ചിരുന്നു.പക്ഷെ ക്രൂരനായ കാലം അതിനനുവധിച്ചില്ല എന്ന് സങ്കടത്തോടെ ഓര്‍ത്തു പോകുന്നു. എങ്കിലും അമീബ ഇരപിടിക്കുന്നതെങ്ങനെ, ഒരു ഭൂതത്തിന്റെ ഭാവി ജീവിതം, രാത്രഞ്ജരനായ ബ്രാഞ്ച് സെക്രട്ടറി, ഹോര്‍ത്തൂസുകളുടെ ചോമി, ദ കോയ, തുടങ്ങിയ സര്‍ഗാത്മക സൃഷ്ടികള്‍ സമര്‍പ്പിച്ച അദ്ദേഹത്തെ സാഹിത്യരംഗം എന്നും ഓര്‍മ്മയില്‍
സൂക്ഷിക്കും.