ബിനോയി അഗസ്റ്റിന്‍ എഴുതുന്നു
|
മറുപടി എന്നുവച്ചാല്‍ കരണത്തിനിട്ട് കൊടുത്ത പോലായിരിക്കണം. പറ്റുമോ ഇടതിനും വലതിനും? വഴി ഞാന്‍ പറഞ്ഞു തരാം.രാഹുല്‍ ഗാന്ധിക്ക് തിരികെ വരാന്‍ ഒക്കാത്ത സാഹചര്യം ഉണ്ടായാല്‍ ചതിയിലൂടെ ഉളള ഈ ജനാധിപത്യ ധ്വംസനത്തിന് മറുപടി കൊടുക്കാന്‍ വയനാട്ടില്‍ നിങ്ങള്‍ ഇടതും വലതും ഒരുമിച്ച് നിന്നു വേണം ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍.
അതിന് പറ്റിയ ഏറ്റവും മികച്ച സ്ഥാനാര്‍ഥി ശ്വേതാ ഭട്ട് ആയിരിക്കും. അറിയില്ലേ സഞ്ജീവ് ഭട്ടിനെ? ഗുജറാത്ത് കലാപത്തില്‍ മോദിക്കെതിരേ കുറ്റപത്രം നല്‍കിയതിന് പകപോക്കാന്‍ 20 കൊല്ലം മുന്‍പ് നടന്ന ഒരു ലോക്കപ്പ് മരണത്തിന്റെ ഫയല്‍ കുത്തി പൊക്കി എടുത്ത് ഉത്തരവാദിത്വം തലയില്‍വച്ച് കൊടുത്ത് ജയിലില്‍ അടച്ച സഞ്ജീവ് ഭട്ട് ഐപിഎസ് എന്ന സത്യസന്ധനായ നിലപാടുളള ഓഫിസറെ?
ഭര്‍ത്താവ് ജയിലിലായപ്പോള്‍ ആദ്യം തകര്‍ന്നു പോയ ഭാര്യ ശ്വേത ഭട്ട് ഇപ്പോഴും കരുത്തോടെ നിയമ പോരാട്ടം നടത്തുകയാണ്. അവരാണ് ഏറ്റവും മികച്ച സ്ഥാനാര്‍ഥി. അവര്‍ക്ക് രാഷ്ടിയ താല്‍പ്പര്യങ്ങള്‍ ഉണ്ടാവണം എന്നില്ല. അഭിമുഖങ്ങളില്‍ കഴിവും കരുത്തുമുള്ള സ്ത്രീയാണ് എന്നു മനസിലാവുന്നു.
അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി കേരളത്തിലേക്ക് കൊണ്ടുവന്ന് ഇടതും വലതും ഒരുമിച്ച് ഇലക്ഷനു നിര്‍ത്തി ജയിപ്പിച്ച് പാര്‍ലമെന്റിലേക്ക് അയയ്ക്കണം.പാര്‍ലമെന്റില്‍ ഇവര്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ ചതിയൊരുക്കിയവര്‍ കളസം കീറി തല താഴ്ത്തി നില്‍ക്കുന്നത് കാണണോ? പറ…നിങ്ങള്‍ക്ക് കാണണോ? ഭരണകൂട ഇരയായി ഭര്‍ത്താവ് ജയിലില്‍ കിടക്കുമ്പോള്‍ ഭാര്യ പാര്‍ലമെന്റില്‍ വിരല്‍ ചൂണ്ടി സംസാരിക്കുന്ന ചിത്രം നിങ്ങള്‍ സങ്കല്‍പ്പിച്ച് നോക്കൂ … ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച രാഷ്ട്രിയ മറുപടിയാകും അത്. ഏറ്റവും വലിയ കാലത്തിന്റെ കാവ്യനീതിയാകും അത്.
ഒന്ന് ഇമാജിന്‍ ചെയ്ത് നോക്കിക്കേ? ഇതിലും വലിയ ആറ്റന്‍ പണി കൊടുക്കാനില്ലേ? അല്ലാതെ നിങ്ങളില്‍ ഒരാള്‍ എം പി കുപ്പായം തയ്പിച്ചിട്ട് ഒരു കാര്യവുമില്ല. ജനാധിപത്യവും ഫ്രീഡം ഓഫ് എക്‌സ്പ്രഷനും മുച്ചൂടും മുടിഞ്ഞ് തീരാറായ സമയത്തെങ്കിലും. ഒരു അവസരത്തിലെങ്കിലും അധികാര മോഹം ഉപേക്ഷിക്കൂ. മധുരമായി പകരം വീട്ടു. ഇതാണ് നല്‍കേണ്ട മറുപടി. ഇതാവണം മറുപടി. പറ്റുമോ ഇടതിനും വലതിനും.