പി.ടി. കുഞ്ഞാലി
|
ബാല്യകാലകൗതുകങ്ങളിൽ ഏറ്റവും പൊലിവാർന്നു നിൽക്കുന്നത് കവല മുക്കുകളിൽ ചെന്ന് മധുരം മേടിക്കുന്നതാണ്. അന്നന്നത്തെ കൊറ്റിന് അനാതികൾ സമാഹരിക്കാൻ പോകുന്ന സഹോദരിയുടെ കൂടെ ശാഠ്യപ്പെട്ട് കവലമുക്കുകളിലേക്ക് പോകും. മഹാനഗരികളിലെ നെടുങ്കൻ മാളുകളിൽ എത്തുന്നതിനേക്കാൾ അനുഭൂതി സാന്ദ്രിമയുണ്ടായിരുന്നു അന്നാ അങ്ങാടി ലോകങ്ങൾക്ക്. അങ്ങിനെയുള്ള അപൂർവ്വ സഞ്ചാരത്തിൽ എപ്പോഴോ ആകാം അന്നത്തെ വിസ്താരമാർന്ന അനാതി ക്കടയും അവിടുത്തെ വിസ്മയങ്ങളും കണ്ടത്. അതിൽ ഏറ്റവും ഹൃദ്യം അവിടെ അരുമയിൽ തിരിയുന്ന ഒരു കുഞ്ഞു പങ്കയാണ്. അതിൽ നിന്നും നൃത്തം ചെയ്തിറങ്ങുന്ന രജനീഗന്ധിയുടെ നേർത്ത പരിമളം. വടിവാർന്ന ശിഖരസമുച്ചയത്തിൽ നിന്നൊഴുകുന്ന മാരുത നടനം. ഉയരെ നിഗൂഢതയിലെവിടെയോ നിന്ന് സ്വനഗ്രാഹിയിൽ നിന്നും ഉറന്നെത്തുന്ന സംഗീത വീചികളുടെ സ്വരരാഗമാലിക. അത്യന്തം അഭിജാതമായെരു വൈബിൽ കടമുറിക്കകത്ത് ഝടുതിയിൽ മണ്ടി നടക്കുന്ന ഒരു ആരബ്ധയൗവനവും. ചടച്ചൊരു കൊലുന്നുരൂപം. ഇസ്തിരിവെച്ച് ഒതുക്കിയ ചന്ദന നിറത്തിലെ അംബിക കുപ്പായം .ശുഭ്രത വിളങ്ങുന്ന ഇരട്ട മുണ്ട്. അതിനകത്ത് നിന്നും അടിയുടുപ്പുകളുടെ നേർത്ത നിഴൽരാജി. ഇങ്ങനെയൊരു വസ്ത്ര സമ്പൂർത്തി അക്കാലത്ത് ഒരു അപൂർവതയാണ്. എല്ലിച്ച് മുന്നോട്ട് കൂർത്ത ആ മുഖസൗഷ്ടവത്തിൽ ഒരേ വളർച്ചയിൽ സ്തംഭിച്ചു നിൽക്കുന്ന മുഖശ്മശ്രുക്കൾ. ചുണ്ടുകളിൽ വെളുത്ത സിഗാർ ബീഡിയുടെ പുകച്ചുരുളുകൾ. അതയാളിലെ എഞ്ചുവടി വൈഭവങ്ങൾക്ക് എപ്പോഴുമൊരു ത്രിപുടതാളമിട്ടു.
തേക്കിലകളിലും ദിനപത്ര ചീളുകളിലുമായി ഇയാൾ ആവശ്യക്കാരുടെ വട്ടികളിലേക്കും കുട്ടകളിലേക്കും പൊതികൾ വായുവിൽ നിന്ന് വിഭൂതി പോലെ എറിഞ്ഞു കൊണ്ടിരുന്നു. ഒരു ഇന്ദ്രജാലക്കാരൻ്റെ കയ്യടക്കത്തോടെ പൊതി വൈവിധ്യങ്ങളുടെ ചാരു സമ്പൂർത്തി. ഇയാൾക്ക് വിശ്രമമില്ല .കടമുറിയുടെ നീളമാത്രകളിൽ ഇയാൾ നിരന്തരം ഓടിക്കൊണ്ടിരുന്നു. ഈ ഓട്ടത്തിന്റെ ആവേഗമാകാം ദേഹ രൂപത്തിൽ നേർത്തൊരു ധനുസു കെട്ടിയത്. അഭിജാതമായിരുന്നു ആ കരവേഗവും, ചടുലതാളവും, സങ്കലന വ്യവകലനങ്ങളുടെ മയൂഖ നൃത്തങ്ങളും. ഇയാൾ ആര്. നാലോ അഞ്ചോ വയസ്സിന്റെ ഓർമ്മ രാശികൾ ഇങ്ങനെയൊക്കെ ആകാം.
ഒന്നാന്തരത്തിൽ പഠിപ്പിന് ചേർന്നപ്പോൾ ക്ലാസധ്യാപകൻ മാമ്പേക്കാട് കോയസ്സൻ മാഷ്. ഇടയ്ക്കിടയ്ക്ക് കച്ചവട പീടികയിൽ നിന്ന് ഇയാൾ സ്കൂളിൽ വന്ന് കോയസ്സൻ മാഷോട് കുശലം പറയും. ക്ലാസിലെ ഒരു കുട്ടിയെ അരുമയോടെ താലോലിക്കും. ഇത് അയാളുടെ മകൻ. എന്നോടൊപ്പം ഒന്നാം ക്ലാസിൽ അവനുണ്ട്. അപ്പോഴും മനസ്സിൽ തോന്നി ആരാണിയാൾ. പതിയെ ഞാൻ പേരും കുലവും കൃത്യപ്പെടുത്തി. പൂളക്കണ്ടി ഉണ്ണി മോയി. ഇതെന്തൊരു പേര് .എൻ്റെ പേര് പോലെ ചേല് കുറഞ്ഞൊരു പേരും ഉൽപ്പവും. ഇതൊരു അറബി പേരല്ല. ശുദ്ധ മലയാളവുമല്ല. ഉണ്ണിയും പിന്നെ മോയിയും. ഉണ്ണിയും, കുട്ടിയും, കുഞ്ഞിയുമൊക്കെ തനി കേരളിയമാണ്. അത് മത, ജാതി, ലിംഗ വേർതിരിവില്ലാതെ സർവ്വനാമം പോലെ ഒപ്പം ചേർത്തും ചേർക്കാതെയും ആളുകൾ ഉപയോഗിക്കുന്നു. മോയി സ്വാഭാവികമായും മുഴീൻ്റെ മലയാളമാകാം . പേരിലെ ഈ കൗതുകം ഒരു അന്വേഷണാനന്തര ബോധ്യമായി കാലങ്ങളോളം ഒപ്പം നിന്നു. ഈ ഗ്രാമത്തിൽ നാലഞ്ചു ഉണ്ണി മോയിയും മൂന്നു വെറും മോയിയും ഒരു മോയിണ്ണിയുമുണ്ട്. ഇന്നിത്തരം പേരുകൾ സർവത്ര അന്യം നിന്നുപോയി. എനിക്ക് ശേഷം ഈ പേരും അദൃശ്യമാകും.
വെടിപ്പിൽ വസ്ത്രാലങ്കാരം ചെയ്തു വിടർന്ന ചിരിയും വിനമ്ര ഗൗരവവും മാറിമാറി പൂക്കുന്ന ഇയാൾ സ്ഫുടമധുരമായി വർത്തമാനം പറയുന്നു. അതും കടുകു വറുക്കുന്ന വേഗതയിൽ. എത്ര വർഷങ്ങൾ എത്രയെത്ര ഋതു സംക്രമണങ്ങൾ. ഉണ്ണിമോയി എന്നും കച്ചവടക്കാരൻ.അനാതിയും ജൗളിയും മാറിമാറി തട്ടകമാക്കിയ ഒരാൾ.
ബാല്യവും കൗമാരവും പിന്നിട്ട് പഠിപ്പും പാസും തിരഞ്ഞ് നാടാകെ സഞ്ചരിക്കുമ്പോഴും ഉണ്ണിമോയി അങ്ങാടിയിലെ മികച്ച വർത്തകൻ. അപ്പോഴും അയാൾ എൻ്റെ നോട്ടത്തിലുണ്ട്. അപ്പോഴേക്ക് സഹപാഠിയായ മകനിലൂടെ ഞാനാ വീട്ടിലേക്ക് തന്നെ പ്രവേശിച്ചു കഴിഞ്ഞിരുന്നു. അര നൂറ്റാണ്ടിലേക്ക് വളർന്നു നിന്ന ആത്മസൗഹൃദം. മുഖത്തെ പുത്തൻ ചുളിവുകളിലൂടെ ഇയാളിലെ യൗവനത്തിന്റെ വെയിൽ പുള്ളികൾ മാഞ്ഞു തീരുന്നത് ഞാൻ പതിയെ കണ്ടുനിന്നു. ത്തുറിഞ്ഞു തുടങ്ങിയ കാലം തൊട്ടേ ചേന്നമംഗല്ലൂർ ദേശക്കവലയിലെ ഈ വാർത്തകൻ എൻ്റെ നോട്ടപ്പാടിലുണ്ട്. പതിയേ തിരിച്ചറിഞ്ഞുതുടങ്ങി ഇയാൾ വെറുമൊരു അനാതിക്കച്ചവടക്കാരൻ മാത്രമല്ലെന്ന് .അത് അയാളുടെ അന്നപൂർത്തി ക്കുള്ള ഒരു പിടയൽ മാത്രം. അതിനപ്പുറത്തേക്ക് നീൾച്ചയാകുന്ന നിരവധി നിയോഗങ്ങളിലേക്ക് ആ കുശല ജീവിതം നിർഭരമാണെന്ന്.
അമ്പതുകളോടെ ചേന്നമംഗല്ലൂർ അംശം ഏറ്റെടുത്ത നവോത്ഥാന ത്യാഗങ്ങളിൽ ഉണ്ണിമോയിയുടെ ഭ്രാതാക്കളായ അഹമ്മദ് കുട്ടിയും കുഞ്ഞാലൻകുട്ടിയും സജീവമായി. ആ നവോത്ഥാന പുളകങ്ങളോട് സല്ലപിക്കാൻ ഉത്സാഹിച്ച കൗമാര കൂട്ടങ്ങളിൽ ഉണ്ണിമോയിയും ഉണ്ടായിരുന്നു. വളരെ ശീഘ്രത്തിൽ തന്നെ തന്റെ സഹോദരങ്ങളേ ഒന്നും കാത്തിരിക്കാതെ നവോത്ഥാന പ്രസ്ഥാനത്തിൻ്റെ ആന്തര ഘടനയിൽ സ്വയം പ്രവേശിച്ചു. പിന്നീട് ദീർഘതയാർന്ന നിരവധി വൽസരങ്ങൾ നിസ്തന്ദ്രമായ പ്രസ്ഥാന ജീവിതം. ഏതു സ്ഥിതിയിലും ഗതിയിലും ഉള്ളും ഉടലും പകർന്ന് പ്രസ്ഥാനത്തോടൊപ്പം ഒപ്പം നിന്നു. കാലം കാത്തു വെച്ച സർവ്വ ക്ഷോഭ സ്തോഭങ്ങളും ധീരമായി ഏറ്റെടുത്തു.
ജീവിത മാസകലം അനിഭൃതമായി അനുസഞ്ചാരം ചെയ്തു. പ്രസ്ഥാനത്തോട് അയാൾക്കുള്ളത് ജന്മ ദീർഘമായ ആത്മബന്ധമായിരുന്നു. തന്നെ ചൂഴ്ന്നു നിന്ന കാലുഷ്യങ്ങളുടെ സമുദ്ര സീൽക്കാരങ്ങൾക്ക് നടുവിലും അയാൾ തന്റെ പ്രസ്ഥാനത്തെ പ്രസന്നതയോടെ പുണർന്നുനിന്നു . പൊന്നു തൂക്കുന്ന കൃത്യതയോടെ. അസാമാന്യമായ ക്ഷമയോടെയും സ്ഥിതപ്രജ്ഞയോടെയും. ഇസ്ലാമിക പ്രസ്ഥാനത്തിൻ്റെ നാനാതരം ചുമതലകൾ, ഇസ്ലാഹിയ സ്ഥാപനങ്ങളുടെ നടത്തിപ്പ് സംരംഭങ്ങൾ ,മഹല്ലും പള്ളി സന്നാഹങ്ങളും. പ്രഭാതത്തിലേ ആരംഭിക്കുന്ന ചുമതലാഭാരങ്ങൾ പാതിരാത്രിയിലും അതേ സ്ഥായിത്വത്തോടെ അവിരാമമായി. എപ്പോഴും അയാൾ തൃപ്തനായിരുന്നു. ജീവിതം ഇത്രയേറെ തുഷ്ടിയോടെ തോളിൽ കയ്യിട്ട് മറ്റൊരാളോടൊപ്പവും നടന്നിട്ടുണ്ടാവില്ല. പ്രതിസന്ധികളുടെ കൂവാരം നീന്തിക്കയറുമ്പോഴും നിതാന്തമായൊരു ശമം അവസാനം വരെ അയാളിൽ വിശ്രാന്തിയായി. വാർഷിക തീർത്ഥാടനം കഴിഞ്ഞെത്തുന്നവരൊക്കെയും ഹാജിയാവുന്ന കാലം പോയി. തീർത്ഥയാത്രകൾ അത്രക്ക് സാധാരണമായത് കൊണ്ടാവാമത്. ഉണ്ണിമോയിയാവും ഗ്രാമത്തിലെ അവസാനത്തെ ഹാജി. ശേഷം ഇവിടെ ഒരു ഹാജിയും ഹാജിയായിട്ടില്ല. ആദരവോടെയാണ് ആ ജീവിതം നോക്കിനിന്നത്. രോഗാതുരത മാത്രമാണ് സാമൂഹ്യ ജീവിതത്തിൽ നിന്നും അദ്ദേഹത്തെ തുരത്തി മണ്ടിച്ചത്. ജീവിച്ചിരിക്കുമ്പോൾ തന്നെ കാലഹരണപ്പെടുന്നത് ഏത് സാമാന്യ ജീവിതത്തിനും വന്ന ചേരാവുന്ന തോൽവിയാണ്. ഒടുവിൽ വിസ്മൃതിയുടെ കൊടും വിപിനത്തിലേക്ക് നിർഭയമായ ഒരു മടക്കവും. ജീവിതമേ സ്വസ്തി.