29
Feb 2023
Sat
29 Feb 2023 Sat

ഡോ. പുത്തൂർ റഹ്മാൻ എഴുതുന്നു

പ്രവാസി ഇന്ത്യക്കാരുടെ കാര്യം പരാമർശിക്കുക പോലും ചെയ്യാത്ത കേന്ദ്ര ബജറ്റിനു തൊട്ടുപിന്നാലെ വന്ന കേരള സംസ്ഥാനത്തിന്റെ ബജറ്റിൽ പ്രവാസി മലയാളികളെ പരിഗണിച്ചിരിക്കുന്നു എന്നത് സ്വാഗതാർഹമാണ്. പ്രധാനമായും ധനമന്ത്രി വാഗ്ദാനം ചെയ്തിരിക്കുന്നത് മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി 50 കോടി രൂപ വകയിരുത്തിയ കാര്യമാണ്.

അതുപോലെ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് തൊഴിൽ ലഭ്യമാക്കുന്ന നോർക്ക അസിസ്റ്റന്റ് ആൻഡ് മൊബിലൈസ് എംപ്ലോയ്‌മെന്റ് എന്ന പദ്ധതിയും ബജറ്റിൽ വായിച്ചുകേട്ടു. ഒരു പ്രവാസി തൊഴിലാളിക്ക് പരമാവധി 100 തൊഴിൽ ദിനങ്ങൾ എന്ന നിരക്കിൽ ഒരു വർഷം ഒരു ലക്ഷം തൊഴിലവവസരങ്ങൾ സൃഷ്ട്ടിക്കുമെന്നാണ് പറയുന്നത്. ഇതിനായി നീക്കിവെച്ചത് അഞ്ചു കോടി രൂപയാണ്.

മടങ്ങിയെത്തിയവരും എത്തുന്നവരുമായ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അമ്പത് കൊടിയും ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരിക്കുന്നതിനു അഞ്ച് കോടിയും എന്നു കേൾക്കുമ്പോൾ തന്നെ അറിയാം ഇതു കടലിൽ കായം കലക്കുന്നതുപോലെ ഒരു പ്രഖ്യാപനം മാത്രമാണെന്ന്. പ്രായോഗിക പരിഹാരങ്ങൾ ഒന്നും നിർദ്ദേശിക്കപ്പെട്ടിട്ടില്ല ബജറ്റിൽ എന്നതാണ് വാസ്തവം. പ്രവാസികൾക്ക് അനുവദിക്കുന്ന വായ്പകളും ലോണുകളുമാണ് മറ്റൊരു‌ പരാമർശം. ഇതെല്ലാം മുൻ ബജറ്റുകളിലും വാഗ്ദാനം ചെയ്യപ്പെട്ടവയും പ്രവാസികൾക്ക് അനുഭവിക്കാൻ ഇനിയും യോഗമുണ്ടായിട്ടില്ലാത്ത വിളംബരങ്ങളും മാത്രമാണ്.

പ്രവാസികൾ അനുഭവിക്കുന്ന വലിയ ദുരിതമാണ് നാട്ടിലേക്കുള്ള കൂടിയ യാത്രാനിരക്ക്. സീസണുകളിൽ താങ്ങാനാവാത്ത് യാത്രച്ചിലവ് എന്നത് ഇപ്പോൾ ഏറെക്കുറെ എല്ലാസമയവും അങ്ങനെ ആയിട്ടുണ്ട്. ബജറ്റ് മുന്നോട്ടു വെക്കുന്ന പരിഹാരം ചാർട്ടേർഡ് വിമാനങ്ങളുടെ സർവീസ് ലഭ്യമാക്കാൻ ശ്രമിക്കുമെന്നതാണ്. കോവിഡ് സമയം കെ.എം.സി.സി മാത്രം ആയിരത്തി അഞ്ഞൂറിലേറെ ചാർട്ടേഡ് വിമാന സർവീസുകൾ ജി.സി.സി രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഏർപ്പാടാക്കിയിരുന്നു. ഈ മാതൃക സർക്കാർ മേൽനോട്ടത്തിൽ നടപ്പാക്കുന്നു എന്നതിൽ സന്തോഷമുണ്ട്‌.

എയർപോർട്ടുകളിൽ നോർക്കയുടെ എമർജൻസി ആംബുലൻസുകൾക്ക് തുക വകയിരുത്തി എന്നതുപോലുള്ള തമാശകൾക്കും വാഗ്ദാനങ്ങൾക്കും പകരം പ്രവാസി മലയാളികളുടെ നോട്ടം പദ്ധതികൾ എങ്ങനെ പ്രാവർത്തികമാക്കാൻ പോകുന്നു എന്നതിലാണ്. ഓരോ ബജറ്റിലും സർക്കാർ പ്രവാസികളെ ചേർത്തുപിടിക്കുന്നു എന്നാണ് മേനിനടിക്കുക. ഈ ചേർത്തുപിടിക്കൽ നിരർഥകമായ വാക്കാണെന്ന് ഇപ്പോൾ പ്രവാസികൾക്കെല്ലാം നന്നായി അറിയാം.