15
May 2023
Fri
15 May 2023 Fri
about may day 137 വര്‍ഷങ്ങള്‍ക്കിപ്പുറവും കാര്‍ന്നെടുക്കുന്ന തൊഴിലവകാശങ്ങള്‍

എമില്‍ ബിഎസ് എഴുതുന്നു

whatsapp 137 വര്‍ഷങ്ങള്‍ക്കിപ്പുറവും കാര്‍ന്നെടുക്കുന്ന തൊഴിലവകാശങ്ങള്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊഴില്‍ സമയം 8 മണിക്കൂറാക്കി നിയമ നിര്‍മ്മാണം നടത്തണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് 1886ല്‍ മെയ് ഒന്നിന് അമേരിക്കയിലെയും ചിക്കാഗോയിലെയും മറ്റു നഗരങ്ങളിലുമായി 13000 സ്ഥാപനങ്ങളില്‍ നിന്നുള്ള 3 ലക്ഷം തൊഴിലാളികള്‍ ലോകം കണ്ട എക്കാലത്തെയും മഹത്തരമായ പണിമുടക്ക് നടത്തി. സൂര്യന്‍ അസ്തമിക്കുമ്പോള്‍ മെയ് ഒന്ന് സമാധാനപരമായി കടന്നുപോയി. മെയ് മൂന്നിന് മെക് കോര്‍മിക്ക് റീപ്പര്‍ വര്‍ക്ക്സില്‍ പണിമുടക്കിയ തൊഴിലാളികള്‍ക്കുനേരേ പോലീസ് വെടിയുണ്ടകളുതിര്‍ത്തു. തൊഴിലാളികള്‍ മരണമടയുകയും നിരവധി പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. പോലീസിന്റെ തേര്‍വാഴ്ചയില്‍ പ്രതിഷേധിച്ചുകൊണ്ട് മെയ് നാലിന് ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ തൊഴിലാളികളുടെ ഒരു മീറ്റീങ്് സംഘടിപ്പിച്ചു. രാത്രി പത്ത് മണിയോടെ മഴക്കാറുകള്‍ പ്രത്യക്ഷ്യപ്പെട്ടുതുടങ്ങിയപ്പോള്‍ ഒത്തുകൂടിയിരുന്ന കേള്‍വിക്കാര്‍ പിരിഞ്ഞുപോകാന്‍ തുടങ്ങിയിരുന്നു. ഒരു വാഗണ്‍ പിടിച്ചുകെട്ടിയുണ്ടാക്കിയ വേദിയില്‍ സാമുവല്‍ ഫീല്‍ഡന്‍ പ്രസംഗിക്കുകയായിരുന്നു. പോലീസ് മേധാവി ബോണ്‍ ഫീല്‍ഡും ക്യാപ്റ്റന്‍ വാര്‍ഡും വമ്പന്‍ പോലീസ് സന്നാഹവുമായി അവിടെയെത്തി. ”ഈ സമയത്ത് ശ്രോതാക്കളുടെ തലയ്ക്കു മുകളിലൂടെ എന്തോ ഒന്ന് പാഞ്ഞുചെന്ന് പോലീസുകാര്‍ക്കിടയില്‍ പതിക്കുകയും പരിസരത്തെ വിറപ്പിച്ചുകൊണ്ട് ഭയാനകമായ ശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. പോലീസിന്റെ രണ്ടാം നിരയ്ക്കും മൂന്നാം നിരയ്ക്കും ഇടയിലാണ് ബോംബ് വീണത്. പോലീസ് ഓഫീസര്‍മാരില്‍ പലര്‍ക്കും പരിക്കു പറ്റി. നിമിഷനേരത്തേക്ക് അവിടം വിറങ്ങലിച്ചതുപോലെ നിശ്ചലമായി. അതിനുശേഷം പോലീസുകാര്‍ ജനക്കൂട്ടത്തിനുനേരെ തുരുതുരാ വെടി വയ്പാരംഭിച്ചു. അനേകം മിനിട്ടുകള്‍ വെടിവെപ്പ് തുടര്‍ന്നു. ജനക്കൂട്ടം പല ദിശകളിലേക്കും ചിതറിയോടി. റോഡിലൂടെയും ഇടവഴികളിലൂടെയും ഓടിയ അവരെ പിന്‍തുടര്‍ന്നുകൊണ്ട് കുപിതരായ പോലീസുകാരും …വെടിവെയ്പ് അവസാനിച്ചപ്പോള്‍ തൊഴിലാളികളുടെയും സിവിലിയന്‍മാരുടെയും പോലീസുകാരുടെയും ജഡങ്ങള്‍കൊണ്ട് നിരത്ത് നിറഞ്ഞു. അഞ്ച് നിമിഷത്തിനുള്ളില്‍ അവസാനിച്ച ഹേ മാര്‍ക്കറ്റ് കലാപത്തില്‍ ഏഴ് പോലീസുകാര്‍ക്കും എണ്ണി തിട്ടപ്പെടുത്തിയിട്ടില്ലാത്ത സാധാരണ പൗരന്‍മാര്‍ക്കും മാരകമായി പരിക്കേറ്റു.” ( ഹേ മാര്‍ക്കറ്റ് ട്രാജഡി – പോള്‍ ആവ്റിച്ച്).

137 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ എവിടെയാണ് തൊഴിലാളികള്‍ക്ക് സംരക്ഷണമുള്ളത്. സ്ഥിരം തൊഴിലില്ല, 8 മണിക്കൂര്‍ തൊഴില്‍ എന്ന സങ്കല്‍പ്പംപോലുമില്ല. ചിക്കാഗോ തെരുവീഥികളില്‍ തൊഴിലാളികള്‍ ജീവന്‍ നല്‍കി സ്ഥാപിച്ചെടുത്ത തൊഴിലവകാശങ്ങള്‍ ഇന്ന് നിരവധി നിയമഭേദഗതികളിലൂടെ കവര്‍ന്നെടുക്കപ്പെടുകയാണ്. തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ 44 തൊഴില്‍ നിയമങ്ങളെ കോഡ് ഓഫ് വേജസ് ആക്ട്, സോഷ്യല്‍ സെക്യൂരിറ്റി കോഡ്, ഒക്ക്യുപ്പേഷന്‍ സെഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിങ്് കണ്ടീഷന്‍സ് കോഡ്, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് തുടങ്ങി 4 ലേബര്‍ കോഡുകളാക്കി തൊഴിലവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്നു. മറ്റേത് സംസ്ഥാനങ്ങളെക്കാളും അതിവേഗത്തില്‍ കേരളത്തില്‍ ഇവയെല്ലാം നടപ്പിലാക്കുകയാണ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും സംഘടിക്കാനും സമരം ചെയ്യാനുമുള്ള ഒരു തൊഴിലാളിയുടെ അടിസ്ഥാന അവകാശങ്ങളാണ് ഇവ്വിധത്തില്‍ ചങ്ങലയ്ക്കിടുന്നത്.

8 മണിക്കൂര്‍ തൊഴില്‍, 8 മണിക്കൂര്‍ വിനോദം, 8 മണിക്കൂര്‍ വിശ്രമം എന്ന കാഴ്ചപ്പാട് ബാധകമല്ലാത്ത തൊഴിലാളികള്‍ ഇന്ന് നമ്മള്‍ക്കിടയിലുണ്ട്. എടുക്കുന്ന പണിക്ക് മാന്യമായ ശമ്പളം കിട്ടാത്ത ആശാ വര്‍ക്കര്‍മാരെപ്പോലെ നിരവധി തൊഴിലാളികളുണ്ട് കേരളത്തില്‍. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി ആക്കി കെഎസ്ആര്‍ടിസി തൊഴിലാളിയുടെ അദ്ധ്വാനത്തെ പിഴിഞ്ഞൂറ്റുന്ന തൊഴിലാളി വിരുദ്ധ സര്‍ക്കാരായി കേരളത്തിലെ ഇടത് സര്‍ക്കാര്‍ മാറിയെന്നതാണ് ഇക്കാലത്തിന്റെ ഏറ്റവും വലിയ ദുര്യോഗം. ഇന്ത്യയിലെ തൊഴിലാളികളുടെ പണിയെടുക്കുന്നവന്റെ സംഘടനയെന്ന് അവകാശപ്പെടുന്ന സിഐടിയു ഒരക്ഷരം പോലം ഇതിനപ്പറ്റി മിണ്ടിയിട്ടില്ല. മാത്രമല്ല ‘KSRTC യെ നഷ്ടത്തിലാക്കിയത് കണ്ണ്‌പൊട്ടനും മുടന്തനും നല്‍കിയ യാത്രാ സൗജന്യം ‘ എന്ന് പുലമ്പിയ CITU വിന്റെ വന്‍ മരങ്ങളെയും നാം ഇക്കാലത്ത് കണ്ടു.

1961ലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ടില്‍ പറയുന്ന ചട്ടങ്ങളെ ലംഘിച്ചാണ് സമയമാറ്റം നടപ്പിലാക്കുന്നത്. ‘ ശമ്പള രഹിത സേവനം 44-ാം ദിവസം’ എന്നൊരു ബാഡ്ജ് ധരിച്ച വനിതാകണ്ടക്ടറെ സ്ഥലം മാറ്റിയാണ് തൊഴിലാളികളുടെ സര്‍ക്കാര്‍ മാതൃക കാണിച്ചത്. കുട്ടികള്‍ക്ക് നല്ല ഉടുപ്പ് വാങ്ങാനാകാതെ, പുസ്തകങ്ങള്‍ വാങ്ങാനാകാതെ, മാതാപിതാക്കള്‍ക്ക് മരുന്ന് മേടിക്കാന്‍ കഴിയാതെ ശമ്പളമില്ലാതെ പണിയെടുക്കാനായി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ പരക്കം പായുകയാണ്.

കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരല്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഡ്യൂട്ടി സമ്പ്രദായമാണ് കെഎസ്ആര്‍ടിസി ഇപ്പോഴും പിന്തുടരുന്നത്, കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പുകള്‍ കാലഹരണപ്പെട്ടു, പുതിയ പരിഷ്‌കാരങ്ങള്‍ സ്വീകരിക്കുന്നതിനെതിരെ തൊഴിലാളികള്‍ നിലപാടെടുക്കുന്നു തുടങ്ങി നിരവധി കാര്യങ്ങളാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. വിദ്യാര്‍ഥികളുടെ പൊരുതിനേടിയ കണ്‍സഷന്‍ എന്ന അവകാശത്തെപ്പോലും കെഎസ്ആര്‍ടിസിയുടെ നഷ്ടക്കണക്കിന്റെ പേരില്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. പ്രായത്തിന്റെയും സാമ്പത്തിക സ്ഥിതിയുടെയും അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ തരംതിരിച്ച് കണ്‍സഷന്‍ ഇല്ലാതാക്കാന്‍ നീക്കം ആരംഭിച്ചും കഴിഞ്ഞു.
കുറ്റമെല്ലാം കെഎസ്ആര്‍ടിസിയുടേതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ എസ്എഫ്ഐയും ഡിവൈഎഫ്ഐയുമൊക്കെ ഡിപ്പോ മാര്‍ച്ചുകള്‍ സംഘടിപ്പിച്ച് സര്‍ക്കാരിനെ കുറ്റവിമുക്തമാക്കാനുള്ള ശ്രമത്തിലാണ്.

ആര്‍ടിസി ആക്ട് 1950 അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസിയുടെ എല്ലാ നിയന്ത്രണവും സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഡയറക്ടര്‍ ബോര്‍ഡിനെയും സിഎംഡിയെയും നിയമിക്കുന്നതും ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതും സര്‍ക്കാരാണ്. ട്രാന്‍സ്പോര്‍ട്ട് വകുപ്പും അതിന്റെ മന്ത്രിയും സ്ഥാപനത്തിന്റെ ദൈനംദിന കാര്യങ്ങളില്‍വരെ ഇടപെടുന്നുമുണ്ട്. തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാനുള്ള ബാദ്ധ്യതയില്‍ നിന്നുമാത്രം എങ്ങനെ കൈമലര്‍ത്താനാകും.

കെഎസ്ആര്‍ടിസിയില്‍ 2016ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ കയറുമ്പോള്‍ 36000ത്തിലധികം സ്ഥിര ജീവനക്കാരാണുണ്ടായിരുന്നത്. നിലവില്‍ 26000ത്തിനടുത്ത് സ്ഥിരം ജീവനക്കാരായി കുറഞ്ഞു. എന്നാല്‍ 2016ന് ശേഷം പിഎസ്സി വഴി ഡ്രൈവര്‍ കണ്ടക്ടര്‍ തസ്തികകളില്‍ ഒരു നിയമനം പോലും ഇതുവരെ നടത്തിയിട്ടില്ല. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ മറവില്‍ സ്ഥിരനിയമനവും ഇടതുപക്ഷ സര്‍ക്കാര്‍ ഇപ്പോള്‍ ഇല്ലാതാക്കി. കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ ശക്തമായി എതിര്‍ക്കേണ്ട ഇടതുപക്ഷ സര്‍ക്കാര്‍ മറ്റേത് സംസ്ഥാനക്കാളും വേഗതയില്‍ കേരളത്തില്‍ നടപ്പിലാക്കുകയാണ്. കെഎസ്ആര്‍ടിസി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പുതിയൊരു സംരംഭവും തുടങ്ങിയിട്ടുണ്ട് – കെ-സ്വിഫ്റ്റ്. ഫിക്സഡ്് ടേം എംപ്ലോയിമെന്റും ദിവസക്കൂലി 715 രൂപയും അതാണ് കെ-സ്വിഫ്റ്റിന്റെ പ്രത്യേകത. ഒരു കമ്പനിയോ എന്റര്‍പ്രൈസോ ഒരു നിശ്ചിത സമയത്തേക്ക് ഒരു ജീവനക്കാരനെ നിയമിക്കുന്ന ഒരു കരാറാണ് ഫിക്സഡ് ടേം തൊഴില്‍. കെ-സ്വിഫ്റ്റില്‍ ഇപ്പോള്‍ 1000ത്തിലധികം കരാര്‍ തൊഴിലാളികളാണുള്ളത്. പൊതുജനങ്ങളുടെ പണത്തിന്റെമേല്‍ കെട്ടിപ്പൊക്കിയ കെഎസ്ആര്‍ടിസിയെ നശിപ്പിക്കുന്നതുകാണുമ്പോള്‍ ബിപിസിഎലും ഇന്ത്യന്‍ റെയില്‍വെയും തുടങ്ങി നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്ന മോദി ഗവണ്‍മെന്റിനെത്തന്നെയാണ് ഇവിടെയും കാണാന്‍ സാധിക്കുന്നത്. കമ്മ്യൂണിസം എന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ ആശയത്തെ മറയാക്കി ചെന്നായ്ക്കളപ്പോലെ തൊഴിലാളികളെ വേട്ടയാടുന്നതാണ് കാണുന്നത്.

മെയ് ദിന റാലികളും കവല പ്രസംഗങ്ങും യോഗങ്ങളും ബാന്റ് മേളങ്ങളുംകൊണ്ട് മറ്റൊരു മെയ്ദിനം കൂടി കടന്നുപോകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ തൊഴിലാളിക്ക് അവന്റെ ജീവിതത്തില്‍ ദുരിതമല്ലാതെ മറ്റൊരു ആഘോഷവുമില്ലാതായി. മഹത്തായ മെയ് ദിനത്തിന്റെ സന്ദേശം നാടിനെത്തട്ടിയുണര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. തൊഴിലാളി വിരുദ്ധതയും ചൂഷണങ്ങളും ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. തൊഴിലവകാശങ്ങള്‍ നേടിയെടുത്ത് മേയ് ദിനം ചരിത്രം സൃഷ്ടിച്ചു.
നേടിയെടുത്ത അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന അധികാരികള്‍ക്കെതിരെ പുതിയ ചരിത്രം നാം സൃഷ്ടിക്കുമെന്ന പ്രതിജ്ഞയുടെ ദിനം കൂടിയാണ് മെയ് ഒന്ന്. ആഘോഷം എന്നതിലുപരി അധ്വാനം മാത്രം കൈമുതലായുള്ള തൊഴിലാളിക്ക് ഒരു ഓര്‍മപ്പെടുത്തലാണ് മെയ് ഒന്ന്. ലംഘിക്കപ്പെടുന്ന നിരവധി അവകാശങ്ങളെ പറ്റിയുളള, അവകാശ സമരങ്ങളുടെ ചരിത്രത്തെ കുറിച്ചുള്ള ഓര്‍മപെടുത്തല്‍.

\