19
Jun 2024
Sat
19 Jun 2024 Sat
Lok kerala sabha during Kuwait tragedy opinion

മസ്ഹര്‍ എഴുതുന്നു

പ്രവാസികള്‍ക്ക് വേണ്ടിയാണ് ലോക കേരള സഭ(എല്‍കെഎസ്)യെന്ന ഒരു സ്റ്റാറ്റിയൂട്ടറി അധികാരവുമില്ലാത്ത ഈ കെട്ടുകാഴ്ച മാമാങ്കമെങ്കില്‍ കുവൈത്തില്‍ മരിച്ച ആ ഇരുപത്തിനാല് പേരെ ഓര്‍ത്ത്, അവരുടെ വീടുകളില്‍ നിന്നുയര്‍ന്ന വിലാപങ്ങള്‍ കേട്ടെങ്കിലും ഇപ്രാവശ്യം നിര്‍ത്തിവയ്ക്കുകയോ നന്നേ ചുരുങ്ങിയത് നീട്ടിവയ്ക്കുകയോ വേണമായിരുന്നു. അവര്‍ക്കും കൂടി വേണ്ടിയാണെന്ന് പറഞ്ഞാണല്ലോ കേരള നിയമസഭയെ കൂടി നോക്കുകുത്തിയാക്കി ഈ നേരം കൊല്ലല്‍ ഒത്തുകൂടല്‍. അകം കേരളത്തിന്റെ ആഗോള വളര്‍ച്ചയെന്നും പുറം കേരളത്തിനെ ഉള്‍കൊള്ളലെന്നുമൊക്കെയുള്ള ക്ലീഷേ വാചാടോപങ്ങള്‍ക്കപ്പുറം എന്തു തേങ്ങയാണ് ഇതുവരെയുള്ള എല്‍കെഎസ് മാമാങ്കങ്ങള്‍ കൊണ്ടുണ്ടായതെന്ന് പറയാന്‍ കേരള സര്‍ക്കാറിന് ഭരണഘടനപരമായ ബാധ്യതയുണ്ട്.

ദുബയില്‍ നടത്തിയ ഒന്ന് നേരില്‍ കണ്ട ആളെന്ന നിലയില്‍ അവിടെ മുതലാളിമാരോടെപ്പം ചേര്‍ന്ന് സര്‍ക്കാര്‍ നടത്തിയ തള്ളലുകള്‍ നടപ്പാക്കിയോ/പ്രഖ്യാപനങ്ങളുടെ കാലാവധി തീര്‍ന്നോ എന്ന് കേരളത്തെ/പ്രവാസത്തെ ഔദ്യോഗികമായി ഏതെങ്കിലും വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ അറിയിച്ചതായി വിവരമില്ല. അതിന് ശേഷം അമേരിക്കയിലും ഒന്ന് നടത്തിയല്ലോ? ഈ രണ്ട് വിദേശ എഡിഷനുകള്‍ കൊണ്ട് എന്താണ് എല്‍.കെ എസ് പ്രത്യേകമായി ലക്ഷ്യം വച്ചത് എന്ന് ഇന്നേവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. നിയമസഭയേയും മന്ത്രിസഭയേയും പ്രവാസികളുടെ അരികിലെത്തിച്ചു എന്ന കാല്‍പനിക വ്യായാമത്തിനപ്പുറം എന്താണ് ഈ രണ്ട് എഡിഷനുകളുടെ ആകത്തുക എന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാറിനും എല്‍.കെ എസ് സെക്രട്ടറിയേറ്റിനും ബാധ്യതയുണ്ട്.

കേരളത്തിലിപ്പോള്‍ നടക്കുന്നതടക്കമുള്ള എല്‍.കെ എസ് എഡിഷനുകള്‍ കൊണ്ട് സംസ്ഥാനവും പ്രവാസികളും എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടാക്കി, ഏതെല്ലാം പദ്ധതികള്‍ നടപ്പാക്കി, എത്ര പ്രവാസികള്‍ക്ക് / എത്ര കേരളീയര്‍ക്ക് തൊഴില്‍, വരുമാന മാര്‍ഗങ്ങള്‍ നടപ്പാക്കാനായി, എത്ര കോടി നിക്ഷേപം എത്തി, എത്ര വരുമാനം സര്‍ക്കാര്‍ ഖജനാവിലെത്തി എന്നൊക്കെ വിശദീകരിച്ച് ഒരു എല്‍.കെ എസ് ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയാറാകുകയാണ് വേണ്ടത്. പ്രതിപക്ഷ നിസ്സഹകരണം കൊണ്ട് എല്‍.കെ എസ് കോമാളിത്തരമായി മാറിയിട്ടുണ്ടെങ്കിലും ധവളപത്രം എന്ന ആവശ്യം സര്‍ക്കാരിന് ഉത്തരം പറഞ്ഞേ മതിയാകൂ എന്നുറപ്പുള്ള നിയമസഭയില്‍ ഉന്നയിച്ച് നടപ്പാക്കിക്കാന്‍ പ്രതിപക്ഷം മുന്നോട്ട് വരണം.

വാചാടോപങ്ങള്‍ക്കും ഗീര്‍വാണങ്ങള്‍ക്കും തള്ളുകള്‍ക്കുമപ്പുറം ഭരണഘടനാപരമായി എല്‍.കെ എസിന് ആരോടും ഒരു ബാധ്യതയുമില്ല. ചുരുങ്ങിയത് കേരള നിയമസഭയോടെങ്കിലും ഉത്തരം പറയേണ്ടതല്ലേ. നാട്ടുകാരും പ്രവാസികളും അറിയട്ടെ ഈ മാമാങ്കത്തിന്റെ ആകത്തുക എന്തൊക്കെയാണെന്ന്. കേരള സംസ്‌കാരത്തെ പുറം ലോകത്തെത്തിച്ചു, മലയാള ഭാഷയെ ആഗോള ഭാഷാ ഗണത്തിലെത്തിച്ചു, മലയാള സാഹിത്യത്തെ കടല്‍ കടത്തി എന്നൊക്കെ തള്ളാനാണ് ആമുഖത്തില്‍ പറയുന്ന പോലെ പരിപാടിയെങ്കില്‍ പ്രവാസി ഒറ്റയ്ക്കും കൂട്ടമായും ഇതൊക്കെ ചെയ്യാന്‍ തുടങ്ങിയിട്ട് ആറേഴ് പതിറ്റാണ്ടുകളായി.

നിയമസഭയില്‍ ചോദിക്കുന്ന ചോദ്യം പോലെ ഉത്തരം കിട്ടുന്ന ഒന്നല്ലെങ്കില്‍, എംഎല്‍എമാരും ലോകസഭാ എം.പിമാരും രാജ്യസഭാംഗങ്ങളും കേന്ദ്രമന്ത്രിമാരും ഒക്കെ ഇരിക്കുന്ന ഒരു ബോഡി കൊണ്ട് ജനാധിപത്യപരമായും നിയമപരമായും ഒരു സ്റ്റാറ്റിയൂട്ടറി പദവിയും അധികാരവുമില്ലെങ്കില്‍ സമയം കൊല്ലലല്ലാതെ ആര്‍ക്കാണ് പ്രയോജനം, എന്തായാലും അടിസ്ഥാന പ്രവാസിക്ക് അരക്കാശിന്റെ പ്രയോജനമില്ല എന്ന് നൂറുതരം. അതു കൊണ്ടാണല്ലോ അവന്‍ മരിച്ചു കിടക്കുമ്പോള്‍ ഒരു മന:ക്ലേശവുമില്ലാതെ ഇങ്ങനെ കൂടിയിരിക്കാന്‍ കഴിയുന്നത് തന്നെ. ഭരണമുന്നണിയുടെ അടുപ്പക്കാര്‍ക്ക് നല്ല ഭക്ഷണവും കഴിച്ച്, പിക്‌നിക്കും നടത്തി കുറച്ച് സല്ലപിച്ച്, കലാമേള ആസ്വദിച്ച് പരസ്പരം കണ്ടും മിണ്ടിയും പി.ആര്‍ ബന്ധവും സ്ഥാപിച്ച് പിരിയുന്ന ഒരു യമണ്ടന്‍ ഇവന്റ് മാനേജ്‌മെന്റ് പരിപാടിയല്ലാതെ മറ്റെന്താണ് എല്‍.കെഎസ്?

സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന 170 ഓളം പ്രവാസികള്‍ക്ക് നിയമസഭയില്‍ കുത്തിയിരിക്കാനും ഞങ്ങളും ഭരണത്തിന്റെ കുശിനിക്കാരായി എന്ന് വീമ്പു പറയാനുമല്ലാതെന്ത് തേങ്ങയാണ് ഇതുവരെ ഉണ്ടായതെന്ന് പ്രവാസി പ്രതിനിധികള്‍ തുറന്നു പറയാന്‍ ഇനിയെങ്കിലും ആര്‍ജവം കാണിക്കണം. ഒരാളെങ്കിലും ഒരു വിഷയം അവതരിപ്പിച്ച് അതിന് നിയമത്തിന്റെ ബൈന്‍ഡിങ്ങോടെ ഭരണകൂടത്തിന്റെ നിശ്ചയമായ/നിയമപരമായ നടപ്പാക്കല്‍ എല്‍.കെ എസില്‍ വച്ചുണ്ടായി എന്നു തെളിയിച്ചാല്‍ എല്‍.കെ എസ് പ്രവാസികള്‍ക്കു കൂടി നിയമനിര്‍മാണ പ്രക്രിയയില്‍ പങ്കാളിത്തം നല്‍കി /പരിഗണിച്ചു എന്നും എല്‍ കെ എസ് സാര്‍ത്ഥകമായി എന്നും നമുക്ക് പറയാം.

അങ്ങിനെ ഒന്ന് ഇല്ലാത്തിടത്തോളം നിയമനിര്‍മാണത്തിലോ ഭരണനടത്തിപ്പിലോ ഒരു സേയും ഇല്ലാത്ത, തിരഞ്ഞെടുപ്പിലോ മറ്റു ജനാധിപത്യ പ്രക്രിയകളിലോ ഒന്നും ചെയ്യാനില്ലാത്ത പ്രവാസി അവന്റെ ആത്മരതിയുടെ ത്രിദിന പൊറുതി സ്ഥലമായി മാത്രം എല്‍ .കെ എസിനെ കണ്ട് ശേഷം വാലും ചുരുട്ടി ബാക്കി 727 ദിവസവും മാളത്തിലൊളിച്ചിരിന്നേക്കണം.

അപ്പോഴാണ് അവരുടെ ഇടയില്‍ നിന്ന് ഇരുപത്തിനാലു പേര്‍ വെന്തു മരിച്ചിട്ടും അവരുടെ ഭാര്യമാരും അമ്മമാരും മക്കളും നിലവവിളിച്ചു കരയുന്ന നേരത്ത് ദുഃഖസൂചകമായി നിര്‍ത്തി വെക്കടോ മരണ വീട്ടിലെ ഈ ആഭാസം എന്നൊന്ന് ഒച്ച വയ്ക്കാന്‍ പോലുമാവാത്ത ഗതികേടേ നിന്റെ പേരോ പ്രവാസം എന്ന് വിലപിച്ചു പോകുന്നത്.