12
Dec 2023
Sat
12 Dec 2023 Sat
madithattu movie review opinion ahmed shareef p ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുടെ അതിജീവനത്തെ അടയാളപ്പെടുത്തുന്ന 'മടിത്തട്ട്'

അഹ്മദ് ശരീഫ് പി എഴുതുന്നു

whatsapp ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുടെ അതിജീവനത്തെ അടയാളപ്പെടുത്തുന്ന 'മടിത്തട്ട്'
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ഡോക്യുമെന്ററി ഫിലിം മേക്കറും സ്വതന്ത്ര പത്രപ്രവർത്തകനും പരസ്യചിത്ര സംവിധായകനുമായ ഗോപാൽ മേനോനാണ് ‘മടിത്തട്ട്’ എന്ന ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുള്ളത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ അക്രമണങ്ങളേയും വംശഹത്യ പ്രവണതകളേയും മറയില്ലാതെ തുറന്നുകാട്ടിയ നിരവധി ഡോക്യുമെന്ററികൾ ഗോപാൽ മേനോന്റേതായുണ്ട്. ‘Hey Ram: Genocide In The Land Of Gandhi, Naga Story: The Other Side of Silence, Marching Towards Freedom, The Unholy War,PAPA 2 , Let TheButterfliesFly, ഞാൻ ഹാദിയ’ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഡോക്യുമെന്ററികൾ. സാമൂഹിക വിഷയങ്ങളിൽ സർഗാത്മകമായ ഇടപെടലുകൾ നടത്തിയിട്ടുള്ള ഗോപാൽ മേനോന്റെ അത്തരത്തിലുള്ളൊരു ഇടപെടലാണ് ‘മടിത്തട്ട്’ എന്ന ഹ്രസ്വചിത്രവും. രാജ്യാന്തര ടെലിവിഷൻ ചാനലുകളിൽ സംപ്രേക്ഷണം ചെയ്യപ്പെട്ട നിരവധി ഡോക്യുമെന്ററികളിൽ ലൊക്കേഷൻ ഡയറക്ടർ, ക്യാമറമാൻ, റിസർച്ചർ, കൺട്രി പ്രൊഡ്യൂസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഗോപാൽ മേനോൻ, ജി ബാലകൃഷ്ണനുമായി സഹകരിച്ച് നൂറോണം പരസ്യങ്ങളും ചെയ്തിട്ടുണ്ട്. ഡോക്യുമെന്ററി രംഗത്തും പരസ്യരംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഗോപാൽ മേനോൻ ഹ്രസ്വ ചിത്രത്തിന്റെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് മടിത്തട്ടിൽ.

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുടെയും അവളുടെ പ്രിയപ്പെട്ടവരുടേയും നിത്യജീവിതവും അവർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളിയും ശക്തമായി അവതരിപ്പിക്കുന്ന ഹ്രസ്വചിത്രമാണ് പി.കെ.എം.സിറാജ് നിർമിച്ച് ഗോപാൽ മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘മടിത്തട്ട്’ എന്ന ഹ്രസ്വചിത്രം. ഭിന്നശേഷിക്കാരെ അവഗണനയോടെ മാറ്റിനിറുത്തുന്ന ലൈംഗിക ചൂഷണം നടത്തുന്ന സമൂഹത്തിനുള്ള ബോധവൽക്കരണം ശ്രമമായാണ്, ഭിന്നശേഷിക്കാരായ കുട്ടികളുടെ അതിജീവനത്തിനായി കോഴിക്കോട് കേന്ദ്രമായ പ്രവർത്തിക്കുന്ന ഹ്യുമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ അമരക്കാരൻ പി.കെ.എം സിറാജ് ‘മടിത്തട്ട്’ എന്ന ഹ്രസ്വചിത്രത്തിന്റെ നിർമാണത്തിനായി മുന്നിട്ടിറങ്ങുന്നത്. ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3ന് കോഴിക്കോട് ശ്രി തിയേറ്ററിൽ നിറഞ്ഞ സദസ്സിന് മുന്നിൽ ‘മടിത്തട്ട്’ പ്രഥമ പ്രദർശനം പൂർത്തിയാക്കി. ഇത്തരത്തിൽ ഡോക്യുമെന്ററി സിനിമകളിലൂടെ അന്തർദേശീയ ശ്രദ്ധനേടിയ ഗോപാൽ മേനോൻ ഒരുക്കിയ ‘മടിത്തട്ട്’ അദ്ദേഹത്തിന്റെ രാഷ്ട്രീയമാനമുള്ള ഡോക്യുമെന്ററികളെ ഓർമിപ്പിക്കും വിധം സാമൂഹ്യപ്രസക്തമാണ്. ആഖ്യാന വിഷയത്തിന്റെ സാമൂഹ്യപ്രസക്തിയ്‌ക്കൊപ്പം ശക്തമായ സാമൂഹ്യ വിമർശനം കൂടിയാണ് മടിത്തട്ട് എന്ന ഹ്രസ്വചിത്രം. ആൺലോകം എത്രമേൽ ക്രൂരമായാണ്, ഭിന്നശേഷിക്കാരിയായൊരു പെൺകുട്ടിയോടും അവളുടെ അമ്മയോടും ക്രൂരമായി പെരുമാറുന്നതെന്നാണ് ഈ ഹ്രസ്വചിത്രം വ്യക്തമാക്കുന്നത്. ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രികളേയും കുട്ടികളേയും കുറ്റപ്പെടുത്തി ആത്മഹത്യയിലേക്ക് തള്ളിയിടാൻ ശ്രമിക്കുന്ന സമൂഹത്തിന് നേരെയുള്ള കുറ്റവിചാരണ കൂടിയാണ് മടിത്തട്ട്!.

സംഗീത എന്ന ഭിന്നശേഷിക്കാരിക്കു നേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമത്തെ മുൻനിറുത്തിയാണ് ‘മടിത്തട്ട്’ എന്ന ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം വികസിക്കുന്നതും പരിണമിച്ച് അവസാനിക്കുന്നതും. കത്തിയെടുത്ത് വിരലുകൾ മുറിയ്ക്കുന്ന എന്തിലും കൗതുകപ്പെട്ട് നിഷ്‌കളങ്കമായി ഇടപെടുന്ന മിഠായി ഇഷ്ടമുള്ളൊരു കൗമാരക്കാരിയാണവൾ. അമ്മ ശോഭന വീട് പണിക്കു പോകുമ്പോൾ സംഗീതയെ നോക്കാറുള്ളത് അമ്മയുടെ കൂട്ടുകാരി സുബൈദയാണ്. അങ്ങനെയിരിക്കെ, ഒരുനാൾ!…സുബൈദയുടെ മകനും കൂട്ടുകാരും ചേർന്ന് സംഗീതയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നു. മകൾക്ക് നേരെയുണ്ടായ ഈ അതിക്രമത്തെ താനും മകളും എങ്ങനെയാണ് അതിജീവിച്ചതെന്ന് ശോഭനയുടെ കാഴ്ചയിൽ അവതരിപ്പിക്കുകയാണ് മടിത്തട്ട്. കൂട്ടുകാരിയുടെ ഭിന്നശേഷിക്കാരിയായ മകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തന്റെ മകന് വേണ്ടി സുബൈദ കുറ്റബോധത്തോടെയെങ്കിലും നിലനിൽക്കുകയും വാദിക്കുകയും ചെയ്യുന്നുണ്ട്. വിക്റ്റിം ഷെയിമിങ്ങ് നടത്തുന്ന സമൂഹത്തിന് നേരെയുള്ള വിമർശനമായി സുബൈദയുടെ നിലപാടുകളെ കണക്കാക്കാം. ഇരകളെ പിൻതുണയ്ക്കാതെ വേട്ടക്കാരനെ പിൻതുണയ്ക്കുന്ന സമൂഹമനസ്സിന്റെ പ്രതിഫലനമാണ് സുബൈദയിലൂടെ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ളത്.

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന സംഗീതയെന്ന കൗമാരക്കാരിയായി പ്രേക്ഷകന്റെ ഉള്ളുലയ്ക്കും വിധം പകർന്നാടാൻ ശ്രിലക്ഷ്മിക്ക് കഴിഞ്ഞിട്ടുണ്ട്. ശോഭനയായി ദേവി അജിത്തും സുബൈദയായി ജോളി ചിറയത്തുമാണ് അഭിനയിച്ചിട്ടുള്ളത്. സരിത കുക്കു, ഷിയാസ് ടിസോ, നവീൻ രാജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. അഭിനേതാക്കളെല്ലാം അവരുടെ വേഷങ്ങൾ മികച്ചതാക്കിയിട്ടുണ്ട്.
ജീവിതം മുന്നോട്ട് വെക്കുന്ന അനിശ്ചിതത്വത്തിന് മുന്നിൽ പകച്ചു പോയി അതിജീവിക്കാനാകാതെ, ഭിന്നശേഷിക്കാരായ മക്കളെ കൊന്ന് ആത്മഹത്യയിൽ അഭയം കണ്ടെത്തുന്ന രക്ഷിതാക്കൾ ഈ സമൂഹത്തിന്റെ സ്രഷ്ടിയാണെന്ന ആഴമേറിയ വിമർശനം മടിത്തട്ട് മുന്നോട്ട് വെക്കുന്നു. ഏത് പ്രതികൂലമായ അവസ്ഥയിലും ജീവിതത്തിലെ പ്രതീക്ഷ കൈവിടരുതെന്നും ആത്മഹത്യയൊരു പരിഹാരമല്ലെന്നും ഈ ഹ്രസ്വചിത്രം ആഹ്വാനം ചെയ്യുന്നു. ആത്മഹത്യയിൽ മോചനം കണ്ടെത്താതെ അതിജീവനമാണ്, ഏറ്റവും വലിയ പ്രതിരോധവും പ്രതീക്ഷയുമെന്ന് മടിത്തട്ട് വ്യക്തമാക്കുന്നു. ഭിന്നശേഷിക്കാരിയായ സംഗീതയേയും അവളുടെ അമ്മ ശോഭനയേയും ആത്മഹത്യയ്ക്ക് വിട്ടുകൊടുക്കാതെ ചേർത്തു നിർത്തി കൊണ്ട് ആത്മഹത്യയ്ക്ക് എതിരെ സംസാരിക്കുന്നൊരു ബോധവൽക്കരണം കൂടി മടിത്തട്ട് സാധ്യമാക്കുന്നു. ഈ രാഷ്ട്രീയ പ്രഖ്യാപനം ‘മടിത്തട്ട്’ എന്ന ഗോപാൽ മേനോൻ ഹ്രസ്വചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.

madithattu location still ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുടെ അതിജീവനത്തെ അടയാളപ്പെടുത്തുന്ന 'മടിത്തട്ട്'
സിനിമാട്ടോഗ്രാഫര് പ്രതാപന് പി നായരും ഗോപാല് മേനോനും(ലോക്കേഷന് സ്റ്റില്)

ദേശീയ, സംസ്ഥാന പുരസ്‌ക്കാരങ്ങൾ നേടി ശ്രദ്ധേയനായ പ്രതാപ് പി നായരുടെ ഛായാഗ്രഹണം ‘മടിത്തട്ട്’ എന്ന ഹ്രസ്വചിത്രത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു. ദൃശ്യങ്ങളെ സംവേദനക്ഷമമാക്കും വിധം സംഗിതമൊരുക്കിയിട്ടുള്ളത് വിഥ്‌രാഗാണ്. ജീവിതത്തിന്റെ പ്രയാസങ്ങളും ലൈംഗിക അതിക്രമവും അതിജീവിച്ച് മരണത്തിൽ നിന്നും വീണ്ടും ജീവിതത്തിലേക്ക് പറക്കാൻ തുനിയുന്ന സംഗീതയിലും അവളെപ്പോലുള്ള അനേകം ഭിന്നശേഷിക്കാരായ മനുഷ്യരുടേയും ആനന്ദങ്ങളിലേക്ക് ആഹ്ലാദത്തിലേക്ക് ക്യാമറ തിരിച്ചു കൊണ്ടാണ് ഗോപാൽ മേനോൻ മടിത്തട്ട് എന്ന ഹ്രസ്വചിത്രം അവസാനിപ്പിക്കുന്നത്. അന്നേരം, ഹൃദയത്തെ തൊട്ടുകൊണ്ട് റഫീക്ക് അഹമ്മദിന്റെ വരികൾ പ്രേക്ഷകരെ തേടിയെത്തും. കൊടുംവേനലിന് ശേഷമുള്ള മഴ പോലെ, ദുരിതക്കടൽ താണ്ടിയ ശോഭനയ്ക്കും മകൾക്കുമൊപ്പം പ്രേക്ഷകനും ചിരിയ്ക്കും. ഈ ആകാശം ഭിന്നശേഷിക്കാരായ ചിത്രശലഭങ്ങളുടേത് കൂടിയാണ്, അവർ പറന്ന് ആകാശം കീഴടക്കട്ടെ എന്ന് റഫീക്ക് അഹമ്മദിന്റെ വരികളിലൂടെ പറഞ്ഞു വച്ചാണ് ഈ മനോഹരമായ ഹ്രസ്വചിത്രത്തെ ഗോപാൽ മേനോൻ അവസാനിപ്പിക്കുന്നത്.
ലൈംഗിക ചൂഷണത്തിനും അതിക്രമത്തിനുമായി വേട്ടക്കാർ, ദുർബലരും തങ്ങൾക്ക് പരിചിതമായ ഇടങ്ങളും തെരഞെടുക്കുമെന്ന് ‘മടിത്തട്ട്’ എന്ന ഹ്രസ്വചിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു.

ലൈംഗിക അതിക്രമത്തിന് ഇരയായവരെ വാക്കുകൊണ്ടും പ്രവർത്തികൾ കൊണ്ടും മുറിപ്പെടുത്തി ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സമൂഹത്തെ രൂക്ഷമായി വിമർശിക്കുകയാണ് ഈ ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകൻ. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ അതിജീവനത്തിനായി കഴിഞ്ഞ 27 വർഷമായി കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹ്യുമാനിറ്റി ചാരിറ്റബിൾ സൊസൈറ്റിയുടെ സാരഥി പി.കെ.എം.സിറാജ് ആണ് മടിത്തട്ട് എന്ന ഹ്രസ്വ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങളും അവരുടെ അതിജീവന ശ്രമങ്ങളും ജനങ്ങളിലേക്കെത്തിക്കുക എന്ന ബോധവൽക്കരണത്തിന്റെ ഭാഗമായാണ് മടിത്തട്ട് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ബോധവൽക്കരണം ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട ഹ്രസ്വചിത്രമായത് കൊണ്ടാകും ‘മടിത്തട്ട്’ കണ്ട് തീർക്കുമ്പോൾ, സാമൂഹ്യ ജീവിയെന്ന നിലയിൽ കുറ്റബോധവും സങ്കടവും പ്രേക്ഷകനെ ചൂഴ്ന്ന് നിൽക്കും.

with central character gopal menon ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുടെ അതിജീവനത്തെ അടയാളപ്പെടുത്തുന്ന 'മടിത്തട്ട്'
കേന്ദ്രകഥാപാത്രം ചെയ്ത ശ്രീലക്ഷ്മി പൂക്കാട് ഗോപാല് മേനോനൊപ്പം

ഭിന്നശേഷിക്കാരായ മൂന്ന് മക്കളെ വളർത്തേണ്ടി വരുന്ന ശോഭനയുടെ അവസ്ഥയോർത്ത് പരിതപിക്കും വ്യസനിക്കും. കണ്ണാടിയിലെന്നോണം, പ്രേക്ഷകന് മുന്നിൽ സംഗീതയേയും ശോഭനയേയും ജീവിതം പ്രതിഫലിക്കപ്പെടും. തന്റെ മകൾക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമങ്ങളേയും തുടർന്നുണ്ടായ കുറ്റപ്പെടുത്തലുകളും അരക്ഷിതത്വവും മകളെ കൊല്ലാനും ആത്മഹത്യയ്ക്കും ശോഭനയെ പ്രേരിപ്പിക്കുന്നു. ദുരിതക്കടൽ നീന്തി ആത്മഹത്യ ശ്രമങ്ങളെ അതിജീവിച്ച ശേഷം ശോഭന മകൾക്കൊപ്പം ചിരിച്ചു തുടങ്ങുമ്പോൾ, തന്റെ മക്കളെപ്പോലുള്ള അനേകം മക്കളുടെ ആഹ്ലാദത്തിൽ ആശ്വാസച്ചിരി ചിരിക്കുമ്പോൾ പ്രേക്ഷകന്റെ മുഖത്തുമൊരു ആശ്വാസച്ചിരി പടരും. ആപ്പോളും അവർ അതിജീവിച്ച അതിക്രമങ്ങളോർത്തൊരു നൊമ്പരം പ്രേക്ഷകരുടെ ഹൃദയത്തിൽ ബാക്കിയാകും. പ്രേക്ഷകരെ ചിന്തിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നൊരു മനോഹരമായ കലാസൃഷ്ടിയാണ്, ഗോപാൽ മേനോൻ ഒരുക്കിയ മടിത്തട്ട് എന്ന ഹ്രസ്വചിത്രം.