എം കെ ഷഹസാദ്
|
കേരളത്തില്‍ മില്‍മപോലെയാണ് കര്‍ണാടകത്തില്‍ നന്ദിനി. നന്ദിനിയും അമൂലും ‘ സഹകരിച്ചാല്‍ ‘ മൂന്ന് വര്‍ഷത്തിനുള്ളില്‍ കര്‍ണാടകയിലെ എല്ലാ ഗ്രാമങ്ങളിലും പ്രാഥമിക ഡയറികള്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന അമിത്ഷായുടെ പ്രഖ്യാപനവും ബാംഗ്ലൂരില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി പാലും തൈരും വില്‍ക്കാനുള്ള അമൂലിന്റെ തീരുമാനവും കര്‍ണാടകയില്‍ വലിയ രാഷ്ട്രീയ കോലാഹലം സൃഷ്ടിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ദേശീയ സഹകരണ നയം വേണവുമെന്ന കേന്ദ്ര സഹകരണ വകുപ്പ് മന്ത്രികൂടിയായ അമിത്ഷായുടെ മുന്‍കാല പ്രസ്താവനയോട് ചേര്‍ത്തുവച്ചാണ് അമൂല്‍-നന്ദിനി ‘ സഹകരണ ‘ വിവാദം വായിക്കപ്പെടുന്നത്.
തൊഴിലാളികളുടേയോ ചെറുകിട കാര്‍ഷിക ഉല്‍പ്പാദകരുടേയോ കൂട്ടായ്മകളായ സഹകരണ സംഘങ്ങളുടെ ഘടനയ്‌ക്കോ സ്വഭാവത്തിനോ ലക്ഷ്യത്തിനോ നിരക്കുന്നതല്ല അമിത്ഷായുടെ പ്രസ്താവനകളും മറ്റു വിപണികളിലേക്കുള്ള സഹകരണ സ്ഥാപനങ്ങളുടെ കടന്നുകയറ്റവും. ചെറുകിട ഉല്‍പ്പാദനത്തിന്റെ അഥവാ ചെറുടെ കാര്‍ഷിക മൂലധനത്തിന്റെ നിലനില്‍പ്പിനായുള്ള കൂട്ടായ്മകളാണ് സഹകരണ സംഘങ്ങള്‍. സമ്പത്ത് വ്യവസ്ഥയിലെ വിവിധ താല്‍പര്യങ്ങളെ തന്‍മയത്തത്തോടെ സമന്വയിപ്പിക്കുകയെന്ന ആദ്യകാല ജനാധിപത്യത്തിന്റെ താല്‍പര്യവും സഹകരണ സ്ഥാപനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാനുള്ള കാരണമായിട്ടുണ്ട്.
ഒരു സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘം മറ്റൊരു സംസ്ഥാനത്ത് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ തീരുമാനിക്കുന്നതിലൂടെ ആ കമ്പോളത്തെ നിര്‍ബന്ധപൂര്‍വം ഭാഗിക്കുന്ന, ആതിഥേയ സംസ്ഥാനത്തെ ഉല്‍പ്പാദകരുടെ താല്‍പര്യങ്ങളെ ഹനിക്കുന്ന നടപടിയാണ്. ബാംഗ്ലൂരില്‍ പാലും തൈരും വില്‍ക്കാനുള്ള അമൂലിന്റെ തീരുമാനവും കേരളത്തില്‍ പാല്‍ വില്‍ക്കാനുള്ള നന്ദിനിയുടെ തീരുമാനവും ലക്ഷദ്വീപില്‍ പാല്‍ വില്‍ക്കാനുള്ള അമൂലിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും തീരുമാനവും അതത് ഇടങ്ങളിലെ ഉല്‍പ്പാദനത്തേയും തൊഴിലിനേയും സാരമായി ബാധിക്കുന്ന നടപടിയാണ്. ലക്ഷദ്വീപില്‍ അമൂല്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കാനെടുത്ത തീരുമാനത്തെ തദ്ദേശീയര്‍ കോളനിവാഴ്ചയോട് താരതമ്യപ്പെടുത്തിയതും അമൂലിന്റെ രാഷ്ട്രീയമായ കടന്നുവരവ് തദ്ദേശീയരുടെ സാമ്പത്തിക സ്വാതന്ത്രത്തെ ബാധിക്കുന്നതിനാലാണ്.
കേന്ദ്ര സഹകരണ മന്ത്രാലയം രൂപീകരിച്ച് സഹകരണ മന്ത്രി സ്ഥാനം ഏറ്റെടുത്ത അമിത്ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ സഹകരണ സംഘങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെ തകിടം മറിക്കുന്നതാണ്. കാര്‍ഷികേതര മേഖലകളിലും നിക്ഷേപമുള്ള കോര്‍പ്പറേറ്റ് സ്വഭാവമുള്ള സ്ഥാപനമായാണ് സഹകരണ മേഖലയെ അമിത്ഷാ വിഭാവനം ചെയ്യുന്നത്. വിവിധ കമ്പോളങ്ങളില്‍ മൂലധന നിക്ഷേപം നടത്താന്‍ ശേഷിയുള്ള കോര്‍പ്പറേറ്റ് സ്ഥാപനമായി സഹകരണ സ്ഥാപനങ്ങള്‍ പ്രത്യേകിച്ച് അമൂല്‍ വളര്‍ന്നതിന്റെ ഫലമാണ് ഈ നയം മാറ്റം. മറ്റ് സഹകരണ സംഘങ്ങളെ വിഴുങ്ങി അമൂല്‍, പാലുല്‍പ്പാദന മേഖലയിലെ മൊണോപ്പൊളിയാവുന്ന കാലം അത്ര വിദൂരമല്ല. ചെറുത്ത് നില്‍പ്പില്ലെങ്കില്‍ ചെറുകിട, ഇടത്തരം ക്ഷീര ഉല്‍പ്പാദനത്തിന്റെ തകര്‍ച്ചയും അത്ര വിദൂരത്തല്ല.