
മസ്ഹര്‍ എഴുതുന്നു
![]() |
|
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലം സുരേഷ് ഗോപിയിലൂടെ കന്നി എക്കൗണ്ട് തുറന്ന ബി ജെ പി / സംഘപരിവാര്‍ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായി എണ്ണുന്നതാണ് പാലക്കാട്. അതിനാല്‍ തന്നെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലൂടെ കേരള നിയമസഭയില്‍ നേമം ആവര്‍ത്തിക്കുക എന്ന അജണ്ടയില്‍ അടയിരിക്കാന്‍ അവര്‍ തുടങ്ങിയിട്ട് മാസങ്ങളായി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരന്‍ നേടിയ അമ്പതിനായിരത്തില്‍പരം വോട്ടിന്റെ മിന്നുന്ന കണക്കും കഴിഞ്ഞ ലോകസഭയിലേക്ക് ലഭിച്ച വോട്ടുകളും ഒക്കെ ഗണിച്ചും ഹരിച്ചും വലിയ ശുഭപ്രതീക്ഷയിലായിരുന്നു സംഘ് കേന്ദ്രങ്ങള്‍. എല്‍ഡിഎഫും യുഡിഎഫും കോലാഹലങ്ങളില്‍ അഭിരമിച്ചപ്പോള്‍ ആയിരത്തില്‍പരം ആര്‍എസ്എസ് കേഡര്‍മാരെ അണിനിരത്തി നിശ്ശബ്ദം പ്രവര്‍ത്തിക്കുകയായിരുന്നു കൃഷ്ണകുമാര്‍ ക്യാമ്പ്.
ഇക്കാര്യം ശരിക്കും നിരീക്ഷച്ചവര്‍ അരയും തലയും മുറുക്കി പ്രവര്‍ത്തിച്ചതിന്റെ ബാക്കി പത്രമാണ് 18000 ന്റെ രാഹുല്‍ മാങ്കൂട്ടത്തിന്റെ വിജയം.
ആ കൂട്ടത്തിലെ സംഘ്പരിറിന്റെ ഒന്നാം നമ്പര്‍ ഇരകളുടേയും സംഘടനകളുടേയും സ്വാഭാവിക ജനാധിപത്യ ഇടപെടലിനെ ഇത്രമേല്‍ പൈശാചിക വല്‍ക്കരിക്കുന്നതിന്റെ ഗുണഭോക്താവ് മേലില്‍ സംഘ്പരിവാര്‍ മാത്രമായിരിക്കും. മുസ്ലിം ന്യൂനപക്ഷ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മാത്രമാണല്ലോ മാധ്യമ / പരസ്യ ഇടപെടലുകളുണ്ടായത്. എന്നാല്‍ സമാനമായ രാഷ്ട്രീയ തന്ത്രം സംഘ്പരിവാറിന്റെ ഭൂരിപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ഒരു ശ്രമവും ഇടതു സ്ട്രാറ്റജിസ്റ്റുകള്‍ നടത്തിയില്ല. കേവലമായ ജമാഅത്തെ ഇസ്ലാമി -എസ്ഡിപിഐ വിമര്‍ശനം മാത്രം മതിയാകില്ല സംഘ്പരിവാര്‍ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാന്‍.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ മുന്നറിയിപ്പുണ്ടായിട്ടും സുരേഷ് ഗോപിയെ പിടിച്ചുകെട്ടാന്‍ ആരാണ് കെല്‍പ്പുള്ളയാള്‍ എന്നതിലെ രാഷ്ട്രീയ ജാഗ്രത കുറവാണ് തൃശൂര്‍ ദുരന്തം. ഫാഷിസത്തിന്റെ ഇരകള്‍ക്ക് അത്തരം ഘട്ടങ്ങളില്‍ എല്‍ഡിഎഫ് /യുഡിഎഫ് എന്ന രാഷ്ട്രീയ സന്ദേഹത്തിന് നില്‍ക്കാന്‍ ആവില്ല. എത്ര കഠിന വര്‍ഗീയ /ത്രീവ്രവാദ ചാപ്പകുത്തിയാലും ഇനിമേല്‍ തൃശൂരില്‍ കാണിച്ച ജനാധിപത്യ ജാഗ്രതക്കുറവ് കേരളത്തിലെങ്കിലും അവര്‍ കാണിക്കില്ല എന്ന രാഷ്ട്രീയപാഠം കൂടിയാണ് പാലക്കാട്.
കെ. ഇ എന്‍ നിരീക്ഷിക്കുന്നത് കേരളത്തിലെ ഫാഷിസ്റ്റുകളെ പോലെ തന്നെ അപകടകാരികളാണ് ഫാഷിസ്റ്റുകളല്ലാത്ത ഫാഷിസ്റ്റുകളും. ഫാഷിസത്തെ ശരിക്കും പഠിക്കാതെ സമീകരണ സിദ്ധാന്തത്തില്‍ ഇപ്പോഴും അടയിരിക്കുകയാണവര്‍.
സംഘ്പരിവാറിന്റെ അതേ വ്യഖ്യാനയുക്തിയും ടെര്‍മിനോളജികളും തലങ്ങും വിലങ്ങും ഉരുവിടുകയാണവര്‍. അവരെത്രമേല്‍ ഇടതുപക്ഷമാണെങ്കിലും ഫാഷിസ്റ്റ് യുക്തികള്‍ കടമെടുക്കുന്നതു മുതല്‍ അവര്‍ സ്വയം റദ്ദ് ചെയ്യുകയാണ്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കേരളം പോലെ ഫാഷിസത്തിനെതിരെ ഒന്നിലേറെ ചോയ്‌സുകളില്ലെങ്കിലും അവരെ സംഘ്പരിവാര്‍ പ്രലോഭിച്ച് വരുതിയിലാക്കുകയും ഭീക്ഷണപ്പെടുത്തി ജനാധിപത്യ പ്രക്രിയയില്‍ തടയുകയുമാണ്. ഇതിന്റെ ഫലമായി അവിടെ അവരുടെ ജനാധിപത്യശക്തി ചിതറി തെറിക്കുകയാണ്.
അവര്‍ക്കിടയിലെ ഭിന്നിപ്പിനെ മറികടക്കുന്ന രാഷ്ട്രീയ വിദ്യാഭ്യാസവും നേതൃത്വവും അവര്‍ക്കില്ല.
എന്നാല്‍ കേരളം അങ്ങനെയല്ല, അതീവ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ രക്ഷ്ട്രീയ വോട്ടും ഇവിടെ പോള്‍ ചെയ്യപ്പെടുന്നത്. അങ്ങനെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്ത് ഫാഷിസത്തെ തോല്‍പ്പിച്ചവര്‍ക്ക് തെരുവില്‍ ആഹ്ലാദ പ്രകടനം നടത്താനുള്ള ജനാധിപത്യ അവകാശം വകവെച്ചു കൊടുക്കുകയാണ് നാളെ അവരുടെ വോട്ടുകള്‍ വെച്ച് കണക്കുകൂട്ടുന്നവര്‍ചെയ്യേണ്ടത്.