12
Mar 2023
Fri
12 Mar 2023 Fri
qualification of savarkar to became father of the nation രാഷ്ട്ര പിതാവാകാന്‍ സവര്‍ക്കര്‍ക്കുള്ള 'യോഗ്യതകള്‍'

എന്‍ കെ ബിജു എഴുതുന്നു

whatsapp രാഷ്ട്ര പിതാവാകാന്‍ സവര്‍ക്കര്‍ക്കുള്ള 'യോഗ്യതകള്‍'
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഘ പുത്രന്മാരെല്ലാം പൂര്‍വാധികം ശക്തിയോടെ ‘വീര’സവര്‍ക്കറുടെ വീരസ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്. ഇതാകുമ്പോള്‍ തടിക്കു കേടില്ല. എത്ര ചര്‍ച്ച ചെയ്താലും നഷ്ടപ്പെടാന്‍ ഒന്നുമില്ല!. ചര്‍ച്ചകളില്‍ തോറ്റു പോയാലും സവര്‍ക്കര്‍ മാപ്പെഴുതി എന്ന ദുഷ്‌പ്പേര് തുടരും എന്നേയുള്ളു. നഷ്ടമൊന്നുമില്ല. എങ്ങാനും എതിരാളിയുടെ ദൗര്‍ബല്യം മൂലം ജയിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടം തന്നെയാണ്.

എന്നാല്‍, അദാനിയും മോദിയും തമ്മിലെന്താണ് ഇത്ര ബന്ധം? അദാനിയുടെ ഷെല്‍ കമ്പനിയിലെ 20,000 കോടി നിക്ഷേപം എവിടെ നിന്ന് ? അദാനിയുടെ ഷെല്‍ കമ്പനിയില്‍ ഷെയറുള്ള ചൈനീസ് പൗരന്‍ ആര്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വന്നാല്‍ ? …….ന്റമ്മോ ! തോറ്റു നാണം കെട്ടു പുറത്തിറങ്ങാന്‍ പറ്റാതാകും. രാഷ്ട്രീയമായി വലിയ തിരിച്ചടിയുമാകും.

വിഷയം സവര്‍ക്കറാകുമ്പോള്‍ കുഴപ്പമില്ല. നാട്ടുകാര്‍ക്ക് അധികം ചരിത്രമറിയില്ല എന്ന ഒരു സൗകര്യമുണ്ട്. എന്ത് വേണമെങ്കിലും തട്ടി വിടാം. നെഹ്‌റുവിനെ ചീത്തവിളിക്കാം. അതുവഴി രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കാം. സംഘപരിവാര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു എന്ന് കുറച്ചുപേരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാം. അങ്ങനെ നേട്ടങ്ങള്‍ പലതാണ്.

സവര്‍ക്കര്‍ ഒരു വിപ്ലവകാരി ആയിരുന്നു. സംശയമില്ല. മിത്രമേള, അഭിനവ് ഭാരത് സഭ എന്നീ സംഘടനകളുടെ സ്ഥാപകനായിരുന്നു. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ സംബന്ധിച്ച് അദ്ദേഹം രചിച്ച പുസ്തകം വിപ്ലവകാരികള്‍ക്ക് വളരെയേറെ സ്വീകാര്യമായിരുന്നു. അതില്‍ ഹിന്ദു മുസ് ലിം ഐക്യത്തിന്റെ പ്രാധാന്യം വളരെ വ്യക്തമായി ചൂണ്ടിക്കാണിച്ചിരുന്നു. അന്നദ്ദേഹം മുസ് ലിം വിരുദ്ധനായിരുന്നില്ല. ധാരാളം അനുയായികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.

കഴ്‌സണ്‍ വില്ലി എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ മദന്‍ലാല്‍ ധിംഗ്ര അദ്ദേഹത്തിന്റെ അനുയായി ആയിരുന്നു. ബ്രിട്ടീഷ് ജഡ്ജിയും നാസിക് കലക്ടറുമായിരുന്ന ജാക്‌സണ്‍ എന്നയാളെ ആനന്ദ് ലക്ഷ്മണ്‍ കാന്‍ഹരേ എന്ന ഇന്ത്യന്‍ യുവാവ് വെടിവച്ച് കൊലപ്പെടുത്തിയത് സവര്‍ക്കര്‍ ഇംഗ്ലണ്ടില്‍ നിന്നും ഇന്ത്യയിലേക്ക് അയച്ച 20 തോക്കുകളിലൊന്ന് ഉപയോഗിച്ചായിരുന്നു എന്ന് ബ്രിട്ടീഷ് പൊലീസ് മനസ്സിലാക്കി. സവര്‍ക്കരെ പൊലീസ് അറസ്റ്റ് ചെയ്ത്, വിചാരണ ചെയ്ത് 50 വര്‍ഷം ആന്തമാനിലേക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

1910 വരെയാണ് അദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തികഞ്ഞ ബ്രാഹ്‌മണനായ അദ്ദേഹം ഒരാളെ പോലും സ്വന്തം കൈ കൊണ്ട് കൊന്നിട്ടില്ല. ജയിലിലായ ശേഷം അദ്ദേഹം പലപ്പോഴായി 6 മാപ്പ് അപേക്ഷകള്‍ ബ്രിട്ടീഷ് സര്‍ക്കാരിന് അയച്ചു. അവയില്‍ ചിലത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്. 9 വര്‍ഷം 8 മാസം അന്തമാനിലും തുടര്‍ന്ന് 1924 വരെ ഇന്ത്യന്‍ ജയിലിലും പിന്നീട് വീട്ടുതടങ്കലിലും ശേഷം ജില്ല വിട്ടു പോകരുത് എന്ന വ്യവസ്ഥയിലും ജീവിച്ചു. 1936 – ല്‍ പൂര്‍ണ മോചനം. അദ്ദേഹം എഴുതിയത് മാപ്പപേക്ഷകളല്ല, ദയാഹരജികളാണ് എന്ന് സംഘ പരിവാര്‍ പറയുന്നു.

‘ബ്രിട്ടീഷ് രാജാവായ പിതാവിന്റെ വാതായനങ്ങളില്ലല്ലാതെ മറ്റെവിടെയാണ് മുടിയനായ ഈ പുത്രന് അഭയം പ്രാപിക്കാന്‍ കഴിയുക !’ എന്നു പറഞ്ഞു കൊണ്ടാണ് ഒരു ഹരജി അവസാനിക്കുന്നത്. ബൈബിള്‍ വാക്യം ഓര്‍മിപ്പിച്ച്, ക്രിസ്ത്യാനിയായ സായിപ്പിനെ സ്വാധീനിക്കാനുള്ള ‘തന്ത്രം’ എന്ന നിലയിലാണെങ്കിലും സ്വയം മുടിയനായ പുത്രനെന്നും സായിപ്പിനെ പിതാവെന്നും അദ്ദേഹം അഭിസംബോധനം ചെയ്തു. രാജ്യ സ്‌നേഹികളായ പോരാളികളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിക്കൊണ്ടിരുന്ന ബ്രിട്ടീഷ് ഭരണാധികാരിയെ അങ്ങനെ അഭിസംബോധനം ചെയ്ത മറ്റൊരു വിപ്ലവകാരിയുമുണ്ടാവില്ല.

അതൊക്കെ അദ്ദേഹത്തിന്റെ താല്പര്യം. ആരും എതിര്‍ക്കേണ്ട കാര്യമില്ല. ദേശീയ പ്രസ്ഥാനത്തില്‍ വിപ്ലവ പാത ഉപേക്ഷിച്ചവര്‍, മാപ്പപേക്ഷിച്ച് മോചിതരായവര്‍ പലരുമുണ്ട്. അവരെ ആരെയും ആളുകള്‍ ആക്ഷേപിക്കാറില്ല. അതിന്റെ ആവശ്യവുമില്ല. പക്ഷേ സവര്‍ക്കറെ വിമര്‍ശിക്കുന്നു! എന്തുകൊണ്ട്? അദ്ദേഹത്തെ സംഘപരിവാര്‍ ബദല്‍ രാഷ്ട്ര പിതാവായി അവരോധിക്കുന്നു.! അതുകൊണ്ടു മാത്രമാണ് അദ്ദേഹം വിമര്‍ശിക്കപ്പെടുന്നത്.

മാപ്പ് അപേക്ഷകളില്‍ , സ്വന്തം തെറ്റുകള്‍ ബോധ്യപ്പെട്ടതായി അദ്ദേഹം പറയുന്നു. അദ്ദേഹത്തെ മോചിപ്പിച്ചാല്‍ അദ്ദേഹത്തെ മാതൃകയാക്കി സ്വാതന്ത്ര്യ സമരത്തില്‍ ഏര്‍പ്പെടുന്നവരെ പിന്തിരിപ്പിച്ച് ബ്രിട്ടീഷ് അനുകൂലികളാക്കാം എന്നുമദ്ദേഹം പറയുന്നു.! ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ വിധേയനായി കഴിഞ്ഞു കൊള്ളാം എന്നും ഉറപ്പു നല്‍കുന്നു. അത് അദ്ദേഹം അക്ഷരം പ്രതി പാലിക്കുകയും ചെയ്തു.
(സചീന്ദ്രനാഥ് സന്യാല്‍ എന്ന വിപ്ലവകാരി ആന്തമാനിലേക്ക് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ദയാഹരജി നല്‍കി മോചനം നേടിയ ശേഷം വീണ്ടും സ്വാതന്ത്ര്യ സമരം തുടര്‍ന്നു. രണ്ടാമതും അദ്ദേഹം ആന്റമാനിലേയ്ക്ക് അയയ്ക്കപ്പെട്ടു. ഒടുവില്‍ ക്ഷയരോഗ ബാധയെ തുടര്‍ന്ന് ഇന്ത്യന്‍ ജയിലിലേക്ക് മാറ്റി. ജയിലില്‍ വച്ച് മരിച്ചു. ഇങ്ങനെയുള്ള വിപ്ലവകാരികള്‍ ഇവിടെ ഉണ്ടായിരുന്നു.)

തന്റെ അനുയായികളെ ബ്രിട്ടീഷ് അനുകൂലികളാക്കാന്‍ സവര്‍ക്കര്‍ക്ക് കഴിഞ്ഞത് ‘ഹിന്ദുത്വ ‘ എന്ന ആശയത്തിലൂടെയാണ്. ദേശീയത മതാടിസ്ഥാനത്തിലാണെന്നും രാഷ്ട്ര സ്വാതന്ത്ര്യം ബ്രിട്ടീഷ് വിരുദ്ധ സമരത്തിലൂടെയല്ല നേടേണ്ടതെന്നും ഇതര മതങ്ങളെ തുരത്തുന്നതിലൂടെയേ യഥാര്‍ത്ഥ സ്വാതന്ത്ര്യം നേടാന്‍ കഴിയൂ എന്നുമദ്ദേഹം അവരെ പഠിപ്പിച്ചു. പിന്നീട് ഒരിക്കല്‍ പോലും സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ നിരന്തരം ഹിന്ദുത്വ എന്ന വര്‍ഗീയ ആശയം പ്രചരിപ്പിച്ച് ഹിന്ദു മുസ് ലിം വൈരം വളര്‍ത്തി ബ്രിട്ടീഷുകാരെ സഹായിച്ചു കൊണ്ടിരുന്നു.

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഹിന്ദു യുവാക്കളോട് ബ്രിട്ടീഷ് സൈന്യത്തില്‍ ചേരാന്‍ ആഹ്വാനം ചെയ്തു. ബ്രിട്ടീഷ് സര്‍ക്കാരിനോട് പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പ്രവിശ്യാ ഭരണത്തില്‍ നിന്ന് രാജിവച്ച് സമരം ചെയ്തപ്പോള്‍ സവര്‍ക്കറുടെ നേതൃത്വത്തില്‍ ഹിന്ദു മഹാസഭ മുസ് ലിം ലീഗുമായി ചേര്‍ന്ന് പ്രവിശ്യാ ഭരണം പങ്കുവച്ച് ആസ്വദിച്ചു. (1939 ല്‍ ലീഗ് പാകിസ്താന്‍ വാദം ഉന്നയിച്ചതിനു ശേഷമാണ് ഇത് എന്നോര്‍ക്കണം. സിന്ധ് പ്രവിശ്യയില്‍ ലീഗ് പാകിസ്താന്‍ വാദം ഉന്നയിച്ച് പ്രമേയം പാസാക്കിയിട്ടും ആ ബന്ധം ഉലഞ്ഞില്ല.)

ബംഗാള്‍ പ്രവിശ്യയില്‍ ലീഗ് നേതാവ് ഫസല്‍ ഉള്‍ ഹഖ് മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ ശ്യാമപ്രസാദ് മുഖര്‍ജി ഉപമുഖ്യമന്ത്രിയായി ഭരണം നടത്തി. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് കൂട്ടുനിന്നു. സിപി രാമസ്വാമി അയ്യര്‍ ഇന്ത്യന്‍ യൂനിയനില്‍ ചേരാതെ സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപിച്ചപ്പോള്‍ സവര്‍ക്കര്‍ അതിനെ പിന്തുണച്ച് ടെലഗ്രാം ചെയ്തു. കശ്മീര്‍ രാജാവ് ഹരിസിംഗിനെ സവര്‍ക്കറും ഗോള്‍വാള്‍ക്കറും ഒരുമിച്ച് നേരില്‍ ചെന്ന് കണ്ട് ഇന്ത്യന്‍ യൂനിയനില്‍ ചേരരുത് എന്ന് ഉപദേശിച്ചു. ഒരു ജനാധിപത്യ റിപബ്ലിക്കായി ഇന്ത്യ രൂപപ്പെടുന്നതിനെ തടയാന്‍ കഴിയുന്നതൊക്കെ ചെയ്തു. രാഷ്ട്ര പിതാവാകാന്‍ ‘യോഗ്യത’ ഇതൊക്കെ പോരെ?.