
നാസർ ഊരകം എഴുതുന്നു
![]() |
|
അബ്ദുന്നാസർ മഅ്ദനിയെ ആദ്യം തമിഴ്നാട് പൊലീസിന് പിടിച്ചു കൊടുത്തു. കോയമ്പത്തൂർ ജയിലിൽ നീണ്ട ഒമ്പത് വർഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം നിരപരാധിത്വം തെളിയിച്ച് പുറത്ത് വന്നപ്പോൾ അദ്ദേഹത്തെ സ്വീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തി അത് ഫലിക്കാതെ വന്നപ്പോൾ വീണ്ടും കർണാടക പൊലീസിന് പിടിച്ചു കൊടുത്ത് ബാംഗ്ലൂർ ജയിലിലാക്കുകയും ഇത് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നേട്ടമായി അവതരിപ്പിക്കുകയും ചെയ്തവരാണ് കേരളത്തിലെ സിപിഐഎം. മഅ്ദനിയോടൊപ്പം അദ്ദേഹത്തിന്റെ പിഡിപിയേയും കൂടെക്കൂട്ടി ബെടക്കാക്കി.
മുസ്ലിം ലീഗിനെ പിളർത്തി ഐഎൻഎല്ലിനെ പത്ത് വർഷം മുന്നണിക്ക് പുറത്ത് നിറുത്തി മെരുക്കി അവരുടെ ശക്തി ക്ഷയിപ്പിച്ചതിന് ശേഷമാണ് അകത്ത് കയറ്റിയതും അര മന്ത്രി സ്ഥാനം നൽകിയതും. പിളരുമ്പോൾ പത്തോളം മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് ജയിക്കാൻ ശക്തിയുണ്ടായിരുന്ന ഐ എൻ എല്ലിന് ഇന്ന് സിപിഐഎമ്മിന്റെ സഹായമില്ലാതെ ഒരു മണ്ഡലത്തിലും ജയിക്കാൻ സാധ്യമല്ല. സുലൈമാൻ സേട്ട് സാഹിബും യുഎ ബീരാനും പി എം അബൂബക്കറും ബാവ ഹാജിയും നേതൃത്വം നൽകിയിരുന്ന ഐഎൻഎൽ ഇന്ന് ഖാസിം ഇരിക്കൂറിന്റെയും അഹമദ് ദേവർ കോവിലിന്റെയും കൈയിലൊതുക്കി അര മന്ത്രി സ്ഥാനവും പോക്കറ്റിലിട്ട് സായൂജ്യമടഞ്ഞിരിക്കുകയാണ്.
വഖ്ഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടപ്പോൾ അത് ഞങ്ങളുടെ ശ്രമമാണെന്ന് അവകാശപ്പെടുകയും മുസ്ലിം സംഘടനകളുടെ സമ്മർദത്തിനൊതുങ്ങി ബിൽ പിൻവലിക്കുകയും ചെയ്തപ്പോൾ അതിന്റെയും പിതൃത്വം ഏറ്റെടുത്ത് നപുംസക സ്വഭാവം കാണിച്ചവരാണ് ഐഎൻ എൽ. മുസ്ലിം ലീഗിന്റെ സാമുദായിക താൽപര്യത്തിന്റെ ജിബി കുറവാണെന്ന് പറഞ്ഞു മുസ്ലിം പേര് മുറിച്ചു പിരിഞ്ഞു പോയവർ ഇന്നു വരെ സമുദായത്തിന് വേണ്ടി വല്ലതും ചെയ്തതായി അവർ പോലും അവകാശപ്പെടുന്നില്ല.
മുസ്ലിം സംഘടിത ശക്തികളെ നക്കിക്കൊല്ലുന്ന കമ്മ്യൂണിസ്റ്റ് തന്ത്രത്തിൽ കുരുക്കുവാൻ സാധിക്കാത്ത പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. കെടി ജലീലിനെ ഉപയോഗിച്ചു മുസ്ലിം സംഘടനകളെ വരുതിയിലാക്കാൻ ശ്രമിച്ചപ്പോഴും ജലീലിന് ഏറ്റവും അടുപ്പമുണ്ടായിരുന്ന ജമാ അത്തെ ഇസ്ലാമിയെ മാത്രം കൈയിൽ കിട്ടിയില്ല. നിരവധി തിരഞ്ഞെടുപ്പുകളിൽ കൂടെ നിന്നവർ പ്രത്യേക സാഹചര്യത്തിൽ രണ്ടായിരത്തി പത്തൊമ്പതിൽ കേന്ദ്രത്തിൽ കോൺഗ്രസിന് ശക്തി പകരാൻ തീരുമാനം മാറ്റി എൽഡിഎഫിനെ ഒറ്റ സീറ്റിൽ ഒതുക്കിയതിന്റെ പകയാണ് സിപിഐഎം ജമാഅത്തെ ഇസ്ലാമിയെ ഒറ്റതിരിഞ്ഞു അക്രമിക്കുന്നത്. ടിപി ചന്ദ്രശേഖറടക്കം നിരവധി കുലംകുത്തികളെ അരും കൊലകൾ നടത്തി ചരിത്രമുള്ള സിപിഐഎം വ്യക്തികളുടെ മേൽ മാത്രമല്ല സംഘടനകളുടെ മേലിലും മാഷാ അല്ലാഹ് സ്‌റ്റിക്കർ ഒട്ടിക്കാൻ മടിക്കില്ല. പൊതിച്ചോർ കൊടുക്കാൻ ടീമുള്ളത് പോലെ തന്നെ വെട്ടിക്കൊല്ലുവാനും വിംഗുണ്ടെന്നാണ് തില്ലങ്കേരിയിലൂടെ വ്യക്തമായത്.
കേരളത്തിൽ ആർ എസ് എസ് എസ് നടത്തിയ കൊലപാതകങ്ങളിലെ പ്രതികളെ ശിക്ഷിക്കാത്തവരാണ് മുസ്ലിംകളുടെ സംരക്ഷകരായി വരുന്നത്. പാലാ ബിഷപ്പ് വർഗീയ പരാമർശം നടത്തിയപ്പോൾ കേസെടുക്കാൻ മടിച്ചവർ, കുഞ്ഞുമാണി ലവ് ജിഹാദ് ആരോപണം തിരുത്തിക്കാനും മടിച്ചവർ, ഹാദിയ ഇസ്ലാം സ്വീകരിച്ചപ്പോൾ ഹിന്ദു പുരോഹിതരെ കൊണ്ട് വന്ന് കൗൺസിലിങ്ങ് നടത്തി ഘർ വാപസിക്ക് കൂട്ടു നിന്നവർ ആട്ടിൻ തോൽ ധരിച്ചു വരുന്നത് മുസ്ലിം നേതൃത്വം തിരിച്ചറിയണം.
സിപിഐഎമ്മിന്റെ അത്രയൊന്നും ക്രിമിനൽ കേസുകളില്ലാത്ത പിഎഫ്ഐ നേതാക്കളെ പിടികൂടി തടവിലാക്കി അവരുടെ വസ്തുക്കൾ കണ്ട് കെട്ടാൻ കോടതി ആവശ്യപ്പെട്ടതിനപ്പുറം സ്വത്തുക്കൾ കണ്ടെത്തി കാണിക്ക വച്ചവർ വിഴിഞ്ഞത്ത് കൃസ്ത്യൻ തീവ്രവാദികൾ പോലീസ് സ്റ്റേഷൻ തകർത്ത് പോലീസ്കാരെ ആക്രമിച്ചപ്പോൾ ഒരാളെ പോലും അറസ്റ്റ് ചെയ്യാതെ മന്ത്രിമാരെ വിട്ട് അവരുമായി ചർച്ച ചെയ്ത് സമരക്കാരുടെ ആവശ്യങ്ങൾ അനുവദിച്ചു കൊടുക്കുയാണുണ്ടായത്.
മുസ്ലിം ശാക്തീകരണം ഊന്നി രൂപീകരിച്ച ന്യൂനപക്ഷ ബോർഡ് ക്രിസ്ത്യാനികൾക്ക് കൈമാറി സ്കോളർഷിപ്പുകളും മറ്റു ക്ഷേമ പ്രവർത്തനങ്ങളും തുല്യമായി ഓഹരി വച്ചവരാണ് മുസ്ലിം സംരക്ഷകരായി വരുന്നത്. സ്വന്തം പാർട്ടിക്കാരെ യൂണിവേഴ്സിറ്റികളിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനത്തിലൂടെ തിരുകി കയറ്റി ശീലമുള്ള സി പി ഐഎം വഖ്ഫ് ബോർഡിലും ഇഷ്ടക്കാരെ നിയമിക്കാനുളള തന്ത്രം, കോടികളുടെ കൊടകര കുഴൽ പണ കേസിലും തിരഞ്ഞെടുപ്പ് കേസിലും ബി ജെ പി പ്രസിഡന്റ് സുരേന്ദ്രൻ പ്രതിയായിട്ടും ഒരു ദിവസം പോലും അകത്തിടാതെ സെയിഫാക്കിയപ്പോൾ നാൽപത്തഞ്ച് ലക്ഷത്തിന്റെ കള്ളപ്പണ കേസിൽ കെ എം ഷാജിയെ കുടുക്കി. പട്ടിക ഇങ്ങനെ നീളുകയാണ്.