
മസ്ഹര്‍ എഴുതുന്നു
![]() |
|
അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന അസദ് കുടുംബത്തിന്റെ ഏകാധിപത്യ ഭരണകൂടം സിറിയയില്‍ താഴെ വീഴുന്ന കാഴ്ച ലോകത്തെ ജനാധിപത്യ വിശ്വാസികളെ ആഹ്ലാദത്തിലാക്കുന്നുണ്ട്. അച്ഛന്‍ ഹാഫിസ് അസദിന്റെ നീണ്ട മൂന്നര പതിറ്റാണ്ടിന് ശേഷം മകന്‍ ബഷാറിന്റെ കാലം സിറിയ ദുരന്ത സമാനമായിരുന്നു.
ബാത്പാര്‍ട്ടി സോഷ്യലിസവും അലവി ഷീയിസവും സമം ചേര്‍ത്ത് ഭൂരിപക്ഷ സുന്നി ജനതയെ അടിച്ചമര്‍ത്തി ഭരിച്ച ഭരണകൂട ഭീകരതയുടെ പേരാണ് സിറിയ. ഫോസ്ഫറസ് ബോംബിട്ട് സ്വന്തം ജനതയെ കൊന്ന ക്രൂരനായിരുന്നു ബഷാറുല്‍ അസദ്. സുന്നിയായ സദ്ദാമിനോടൊപ്പം ബാത് സോഷ്യലിസം പങ്കിട്ട സിറിയയിലെ അലവി ഭരണകൂടം അദ്ദേഹത്തിന്റെ പതനത്തിന് ശേഷം ഉരുത്തിരിഞ്ഞ മധ്യപൗരസ്ത്യ ദേശത്തെ രാഷ്ടീയ പ്രഹേളികയാണ്. ഒരു കാലത്ത് അമേരിക്കന്‍ പാവഗവണ്‍മെന്റായിരുന്ന സിറിയന്‍ ഭരണകൂടം മുല്ലപ്പൂവിപ്ലവത്തിന് ശേഷം മേല്‍കീഴ് മറിയുകയായിരുന്നു.
അതോടൊപ്പം നിരവധി രാഷ്ടീയ/മത ഘടകങ്ങള്‍ ഉള്‍ചേര്‍ന്ന വല്ലാത്ത രാഷ്ട്രീയ ഭൂപടമാണ് സിറിയയുടേത്. തുര്‍ക്കി നേരിടുന്ന കുര്‍ദുകളും ഇസ്രയേല്‍ പിന്തുണക്കുന്ന സുന്നി വിമോചന സേനയും അതോടൊപ്പം സയണിസത്തിന്റെ തന്നെ ചോറ്റു പട്ടാളമായ ഐ.എസ്സിനെ നേരിടുന്ന അമേരിക്കയും, ഇറാനിയന്‍ പ്രോക്‌സി ഗവണ്‍മെന്റ് എന്ന് തോന്നിക്കുന്ന ബഷാര്‍ ഭരണകൂടത്തിന് പിന്തുണ നല്‍കുന്ന റഷ്യയും ഇസ്രയേലിനോട് ഒരു നിലക്കും സന്ധിയില്ലത്ത സിറിയന്‍ വിമോചന സേനയിലെ ഉപഗ്രൂപ്പുകളും എല്ലാം ചേര്‍ന്ന ഒരു രാഷ്ട്രീയ പ്രഹേളികയാണ് നിലവിലെ സിറിയ.
ബഷാറും കൂടുരും രാജ്യം വിട്ടു പോയെങ്കിലും ഉള്‍ഗ്രാമങ്ങളിലേക്ക് ഉള്‍വലിഞ്ഞ സിറിയന്‍ പട്ടാളവും അവരെ പിന്തുണക്കുന്ന ഇറാഖിലെ ഷിയ മിലീഷ്യകളും ഇറാനും അടങ്ങിയിരിക്കില്ല എന്ന് മധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രീയ ബാലപാഠം അറിയുന്നവര്‍ക്ക് നന്നായറിയാം. ബഷാറിനെതിരെ ആയുധവും പണവും നല്‍കി കൈയയച്ച് സഹായിച്ച അമേരിക്കയും ഇസ്രയേലും എന്നാണോ പുതിയ വിമോചന ഭരണകൂടം പലസ്തീന്‍ വിമോചനത്തെ പിന്തുണക്കുകയും ഗോലാന്‍ കുന്നിനുമേല്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്നത് അന്നു മുതല്‍ സിയോണിസവും അമേരിക്കന്‍ ഭരണകൂടവും പുതിയ സിറിയക്കു മേല്‍ ബോംബിട്ട് തുടങ്ങും.
അഞ്ചു ലക്ഷത്തിലധികം സ്വന്തം മനുഷരെ നിഷ്ഠൂരമായി കൊന്നൊടുക്കിയ ബഷര്‍ ഭരണകൂടം ഈ കാലത്തിനിടയില്‍ ഇരുപത് ലക്ഷത്തിലധികം അഭയാര്‍ത്ഥികളെയാണ് സൃഷ്ടിച്ചത്. ആ കാലത്ത് മെഡിറ്ററേനിയന്‍ കടല്‍ കരക്കടിപ്പിച്ച അലന്‍ കുര്‍ദി എന്ന സിറിയന്‍ ബാലന്റെ മൃതദേഹം മനസ്സാക്ഷിയുള്ളവരുടെയൊക്കെ കണ്ണ് നയിച്ചതാണ്.
സിറിയന്‍ ജനത ആഗ്രഹിച്ച ജനാധിപത്യവും മതസ്വാതന്ത്ര്യവും അവരുടെ അറബ് സ്വത്വവും പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയ ഭൂപടം ബാഹ്യ ഇടപെടലുകളില്ലാതെ നെയ്‌തെടുക്കാന്‍ വിമോചന മുന്നണിക്ക് കഴിയേണ്ടതുണ്ട്. അതിന് പുതിയ ഭരണകുടത്തിന് യഥാര്‍ത്ഥ പിന്തുണക്കാരെ തിരിച്ചറിയണം, മേഖലയുടെ ശത്രുക്കളെ അകറ്റി നിര്‍ത്താനവണം. സിറിയയില്‍ എല്ലായിടത്തും കാണുന്ന ചുമരെഴുത്തുകള്‍ പോലെ ദമസ്‌കസില്‍ നിന്ന് ഖുദ്‌സിലേക്ക് ഒരു സ്വതന്ത്ര ഇടനാഴി സൃഷ്ടിക്കാനാവണം. ഏകാധിപത്യത്തെ തൂത്തെറിഞ്ഞ സിറിയന്‍ ജനതയ്ക്ക് അഭിവാദ്യങ്ങള്‍.