10
Sep 2023
Thu
10 Sep 2023 Thu
sanathanam udayanidhi stalin opinion mazhar സനാതനം: നിര്‍മാര്‍ജനം ചെയ്യേണ്ടത്, ധര്‍മങ്ങളല്ല; ജാതിയാണ്

മസ്ഹര്‍ എഴുതുന്നു

whatsapp സനാതനം: നിര്‍മാര്‍ജനം ചെയ്യേണ്ടത്, ധര്‍മങ്ങളല്ല; ജാതിയാണ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തമിഴ് യുവജന വകുപ്പ് മന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം നേതാവുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞതിന്റെ അകപ്പൊരുള്‍ ഇപ്പോള്‍ സകലര്‍ക്കും മനസ്സിലായിട്ടുണ്ട്. മലേറിയ, ഡെങ്കി പോലെ
ഉന്‍മൂലനം ചെയ്യണ്ട ഒന്നാണ് സനാതന ധര്‍മം എന്ന് യുവസ്റ്റാലിന്‍ പറഞ്ഞതിനെ ഹിന്ദുമതവിശ്വാസത്തിനു എതിരെയുള്ള മത നിന്ദയായി വ്യാഖ്യാനിച്ച് വര്‍ഗീയത പരത്താന്‍ സംഘ്പരിവാര്‍ കൊണ്ടു പിടിച്ച് ശ്രമം നടത്തുന്നതിനിടയില്‍ ഉദയനിധി വീണ്ടുംവ്യക്തമാക്കിയതാണ് താനെന്താണ് പറഞ്ഞതെന്ന്. നിര്‍മാര്‍ജനം ചെയ്യേണ്ടത്, സനാതന ധര്‍മങ്ങളല്ല; ജാതിയാണ് എന്ന്. പെരിയാര്‍ ഇ.വി. രാമസ്വാമി നായ്കരുടെ പിന്‍മുറക്കാര്‍ക്ക് ഹിന്ദുത്വ ബ്രാഹ്‌മണിക്കല്‍ മനുവാദ ജാതീയതക്കെതിരായ പോരാട്ടം ഒരു ഐഡിയോളജിക്കല്‍ പോര്‍മുഖമാണ്.

സനാതന ധര്‍മ്മം ഹിന്ദുമതത്തില്‍ സമ്പൂര്‍ണ്ണമായ കര്‍ത്തവ്യങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ്.
മഹാത്മാഗാന്ധിയും സ്വാമിവിവേകാനന്ദനും ഒട്ടനവധി സാത്വികരായ മഹര്‍ഷിമാരും ഉദ്‌ഘോഷിച്ച സനാതനധര്‍മത്തെ കുറിച്ച് ഹിന്ദുമത വിശ്വാസികള്‍ക്കോ അല്ലാത്തവര്‍ക്കോ തര്‍ക്കമില്ല. സനാതന ധര്‍മ്മത്തില്‍ സത്യസന്ധത, ജീവജാലങ്ങളെ മുറിവേല്‍പ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കല്‍, വിശുദ്ധി, സുമനസ്സുകള്‍, കരുണ, ക്ഷമ, സഹിഷ്ണുത, ആത്മസംയമനം, ഔദാര്യം, സന്യാസം തുടങ്ങിയ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു.
എന്നാല്‍ ഇതിന്റെ ഭാഗമായി ബ്രാഹ്‌മണിക്കല്‍ മേധാവിത്വം അടിച്ചേല്‍പ്പിച്ച ശ്രേണീബന്ധിതമായ ജാതിയതയെ എല്ലാ ഹിന്ദു മതപരിഷ്‌കര്‍ത്താക്കളും ഇല്ലായ്മ ചെയ്യേണ്ടതാണെന്ന് പറഞ്ഞിട്ടുള്ളതാണ്.

എന്നാല്‍ ഇതിന്റെ ഇരകളായ, ജാതിവ്യവസ്ഥയില്‍ താഴെക്കിടയിലുള്ള ശൂദ്രരും ജാതിക്കു തന്നെ പുറത്തുള്ള മനുഷ്യരായി പോലും കണക്കാക്കാത്ത അസ്പൃശ്യരും തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരുമായ ഹീനജാതിക്കാര്‍ എന്ന് വിളക്കപ്പെടുന്ന പട്ടികവര്‍ഗ്ഗ/പട്ടികജാതി/ ആദിവാസി/വനവാസി വിഭാഗത്തില്‍പ്പെട്ട മഹാഭൂരിപക്ഷം ഈ വൃത്തികെട്ട സമ്പ്രദായത്തെ എതിര്‍ക്കുകയും പുറത്തു കടക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. മഹാനായ ഭരണഘടനാ ശില്‍പി ഭീം റാവു അംബേദ്കര്‍ എഴുതിയ പുസ്തകമായ ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റ്’ ഇതിന്റെ മാഗ്‌നാകാര്‍ട്ടയാണ്. ലാഹോറില്‍ നടത്തിയ പ്രസംഗത്തിന്റെ രത്‌നച്ചുരുക്കമാണിത്. Anihilation ഉന്‍മൂലനം എന്ന വാക്കാണ് അംബേദ്കര്‍ ഉപയോഗിച്ചത്. Eradication എന്ന് ഉദയനിധി ഉപയോഗിച്ചതാണ് സംഘ്പരിവാറിന്റെ ഹാലിളക്കത്തിന് ഇപ്പോള്‍ കാരണം.

സംഘ്പരിവാര്‍ വക്താക്കള്‍ കാസ്റ്റിസത്തിനെതിരെ നിരന്തരം പ്രസംഗിക്കാറുണ്ടെങ്കിലും ആ കാപട്യത്തെ സ്വയം തുറന്നുകാട്ടപ്പെടുന്നതാണ് ഉദയനിധിയുടെ വിഷയത്തിലടക്കം അവരുടെ പൊതുനിലപാട്. കാരണം അടിസ്ഥാനപരമായി സംഘ്പരിവാര്‍ ഒരു ബ്രാഹ്‌മണിക്കല്‍ സംവിധാനമാണെന്ന് അതിനെ ഒരാവര്‍ത്തി വായിച്ചവര്‍ക്ക് മനസ്സിലാകും. രാഷ്ട്രീയമായി മുസ്ലിം അപരനിര്‍മിതിയില്‍ വര്‍ഗീയമായി ഹിന്ദുമതവിശ്വാസികളെ സംഘടിപ്പിക്കാനുള്ള ആര്‍ എസ് എസ്സിന്റെ ഒളിയജണ്ടയാണ് വിശാല ഹിന്ദു/ ഹിന്ദു ഐക്യ ഗീര്‍വാണങ്ങള്‍. ബ്രാഹ്‌മണിക്കല്‍ മേധാവിത്വം അന്തര്‍ലീനമായതിനാലാണ് ഉദയനിധിയുടെ പ്രസ്താവനക്കെതിരെ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത് അവര്‍.

മനുഷ്യനെ വിവിധ തട്ടുകളാക്കുന്ന അവരുടെ സ്വാതന്ത്ര്യത്തെ കളംതിരിച്ച് മാറ്റി നിര്‍ത്തുന്ന ബ്രാഹ്‌മണര്‍ക്കും ക്ഷത്രിയര്‍ക്കും വൈശ്യനും മാത്രം മികച്ച തൊഴിലും വിഭവവും അന്തസ്സും സ്വാതന്ത്ര്യവും വകവെച്ചു നല്‍കുന്ന ജാതിയത നിര്‍മാര്‍ജനം ചെയ്യേണ്ടത് തന്നെയാണെന്ന് മാനവികതയുടെ പക്ഷത്തുള്ള സകല ഇന്ത്യക്കാരും എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും. അതിനായി വാദിച്ചു കൊണ്ടിക്കും. ശ്രീ നാരായാണ ഗുരുവിനെ പോലെ നവോത്ഥാന നായകര്‍ കിട്ടുന്ന ഒന്നാമത്തെ അവസരത്തില്‍ തന്നെ അതിനെതിര സക്രിയമായി നടപടികള്‍ എടുത്തിട്ടുമുണ്ട്.

കര്‍ണാടക മന്ത്രി പ്രിയങ്ക കാര്‍ഗെയും പറഞ്ഞത് അതു തന്നെയാണ്, മനുഷ്യരെ വിഭജിക്കുന്ന സമത്വവാദത്തെ എതിര്‍ക്കുന്ന ഏതു ആശയവും ജനാധിപത്യ വാദികള്‍ എതിര്‍ക്കും. മാനവവാദികളുടെ അടിസ്ഥാന കടമയാണത്. അതിനെ ബ്രാഹ്‌മണിക്കല്‍ ഹെഗിമണിയില്‍ അഭിരമിക്കുന്ന മേല്‍ജാതിക്കാരും സംഘ്പരിവാറും എത്രമാത്രം എതിര്‍ത്താലും. കാരണം മനഷ്യന്‍ എന്നത് വേര്‍തിരിവില്ലാത്ത ഒരു ആകാശമാണ്.