
നാസര്‍ ഊരകം
![]() |
|
സൗദിയും ഇറാനും തമ്മിലുളള നയതന്ത്ര ബന്ധവും വ്യാപാര ബന്ധവും പുനസ്ഥാപിക്കാന്‍ എടുത്ത തീരുമാനം മിഡില്‍ ഈസ്റ്റില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്നതാണ്. 2016 മുതല്‍ മുടങ്ങിക്കിടക്കുന്ന നയതന്ത്ര ബന്ധം പുനസ്ഥാപിച്ചത് ചൈനയുടെ മേല്‍നോട്ടത്തിലായത് ലോകത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതിന്റെ പ്രഖ്യാപനമാണ്. ഒമാനടക്കമുള്ള അയല്‍ രാജ്യങ്ങള്‍ ശ്രമിച്ചിരുന്നുവെങ്കിലും ചൈനയുടെ മേഖലയിലെ സ്വാധീനം വിളിച്ചോതുന്നതായി സൗദി-ഇറാന്‍ മഞ്ഞുരുക്കം.
യമനിലെ ഹൂതികളുടെ ഇടയ്ക്കിടയ്ക്കുള്ള ഡ്രോണ്‍ ആക്രമണത്തിനും ഇതോടെ അറുതി വരും എന്നത് ഈ കരാറിന്റെ പരോക്ഷ ഫലമാണ്. അതോടൊപ്പം ജിസിസി സഖ്യ രാഷ്ട്രങ്ങളായ യുഎഇ, ബഹ്‌റൈനും ഇറാനുമായുള്ള ബന്ധം ഊഷ്മളമാക്കുവാനുള്ള സാധ്യതയും വര്‍ധിച്ചു വരികയാണ്. മേഖലയില്‍ കരിനിഴലായി നില്‍ക്കുന്ന ഷിയ-സുന്നി സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുവാന്‍ ഈ കരാര്‍ പ്രേരണനല്‍കുമെന്ന പ്രതീക്ഷയാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കുള്ളത് .
പശ്ചിമേഷ്യയില്‍ സുസ്ഥിരതയും സമാധാനവും കൊണ്ടുവന്ന് നയതന്ത്ര വ്യാപാര ബന്ധങ്ങള്‍ ഊഷ്മളമാകുമ്പോള്‍ പെട്രോളിയം വ്യാപാരത്തിലും ഇസ്രായേല്‍ -ഫലസ്തീന്‍ വിഷയത്തിലുമെല്ലാം സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷ ഉള്ളവരുമുണ്ട്. എല്ലാ ജിസിസി രാഷ്ട്രങ്ങള്‍ക്കും ഒഴിച്ചു കൂടുവാന്‍ പറ്റാത്ത അയല്‍ രാജ്യമാണ് ഇറാനെങ്കിലും വേറിട്ട നിലപാട് കാരണം എന്നും പരസ്പര ബന്ധങ്ങള്‍ക്ക് വിള്ളലുകള്‍ ഉണ്ടാവാറുണ്ട്. സൗദിയുമായും ബഹ്‌റയ്‌നുമായും ഷിയാ – സുന്നി പ്രശ്‌നത്തിന്റെ പേരിലാണെങ്കില്‍ യുഎഇയുമായി അബു മൂസ ദ്വീപിന്റെ പേരിലാണ് സംഘര്‍ഷത്തിന്റെ കാരണം. സാംസ്‌കാരികമായും സാമ്പത്തികമായും ആര്‍ക്കും പരസ്പരം ഒഴിച്ചു കൂടാന്‍ കഴിയാത്തതുമാണ് ഉഭയ കക്ഷി ബന്ധങ്ങള്‍. യു എഇ സ്വദേശികള്‍ക്ക് ശക്തമായ കുടുംബബന്ധങ്ങള്‍ നിലനില്‍ക്കുന്ന രാജ്യം കൂടിയാണ് ഇറാന്‍ . ഇറാനില്‍ മഴ പെയ്താലും ഭൂമി കുലുങ്ങിയാലും അതിന്റെ പ്രകമ്പനം അനുഭവിക്കുന്ന രാജ്യമാണ് യുഎഇ .
ഇറാനിലേക്ക് കയറ്റുമതി ചെയ്യുവാന്‍ കൂട്ടി ഇട്ടിരിക്കുന്ന ചരക്കുകള്‍ ദുബയിലെ തെരുവ് കാഴ്ചയാണ്. ഇറാന്‍ കറന്‍സി യുഎഇ മണി എക്‌സ്‌ചേഞ്ചുകളില്‍ മാറാന്‍ കഴിയാത്തതും ഇറാന്‍ ബാങ്കുകളെ കരിമ്പട്ടികയില്‍ പെടുത്തിയതുമെല്ലാം യുഎഇയിലെ സാമ്പത്തിക രംഗത്തുണ്ടാക്കിയ തളര്‍ച്ച ചില്ലറ അല്ല. ഇതിലൊരു ഉണര്‍ച്ച അടുത്ത കാലത്തുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഎഇയിലെ വ്യാപാര സമൂഹം .
അമേരിക്കയുടെ അച്ചുതണ്ടില്‍ കറങ്ങുന്ന വര്‍ത്തമാന കാലത്ത് മുസ്ലിം ലോകം പലവിധ പ്രതിസന്ധികളിലും അകപ്പെട്ട് ഉഴലുമ്പോള്‍ ചൈനയുടെ ലോക നേതൃത്വവും ഇറാന്റെ മുസ് ലിം നേതൃത്വവും അങ്കിള്‍ സാമിനെ വല്ലാതെ അസ്വസ്ഥമാക്കും തീര്‍ച്ച. അതേസമയം കിഴക്കോട്ടോ പടിഞ്ഞാറോട്ടോ നോക്കാതെ മുന്നോട്ട് പോവാന്‍ മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് നല്ല സാധ്യതകളുണ്ട്. ലോകത്തെ നയിക്കുവാന്‍ കെല്‍പുള്ള ഇസ് ലാമിക പ്രത്യയ ശാസ്ത്രത്തിന്റെ പിന്‍ബലം, ഭാഷയുടെയും സംസ്‌കരത്തിന്റെയും ഏകത്വം, മെസൊപ്പോട്ടോമിയ – നൈല്‍ നദീ തട സംസ്‌കാരങ്ങളുടെ പാരമ്പര്യം, മക്ക, മദീന, ബഗ്ദാദ്, കെയ്‌റൊ, കൊറൊദോവ എന്നീ പുരാതനനഗരങ്ങളുടെ സാംസ്‌കാരിക പൈതൃകം തുടങ്ങിയ ഘടകങ്ങളെല്ലാം ഒരുമയുടെ കാഹളം മുഴക്കുവാന്‍ മുസ്ലിം രാജ്യങ്ങളില്‍ ആവേശം പകരേണ്ടതാണ്. കൂടാതെ പാശ്ചാത്യ ശക്തികള്‍ ചതിയിലൂടെ ഇറാഖിനെ തകര്‍ത്തതും സദ്ദാം ഹുസൈനെ തൂക്കിലേറ്റി കൊന്നതും അഫ്ഗാനിസ്ഥാന്റെ മുമ്പില്‍ അമേരിക്ക മുട്ടു കുത്തിയതും മുസ് ലിം രാഷ്ട്രനേതാക്കള്‍ക്ക് പാഠമാകേണ്ടതുണ്ട്.
ശക്തമായ ഒരു നേതൃത്വത്തിന്റെ അഭാവമാണ് മുസ് ലിം ലോകത്തെ ഒരേ ഒരു പ്രശ്‌നം. ഇസ് ലാമിക രാഷ്ട്രങ്ങളുടെ നേതൃത്വം ഇറാന്‍ കൈയടക്കുന്നത് ഈ ശൂന്യതക്ക് പരിഹാരമാകുമോ എന്നത് കണ്ടറിയേണ്ടതുണ്ട്. മുസ് ലിം ലോകത്തെ സൂര്യോദയം അമേരിക്കയെ അസ്വസ്ഥമാക്കും, ഇനിയുള്ള കാലം മിഡില്‍ ഈസ്റ്റും അമേരിക്കയും തമ്മിലുളള ബന്ധങ്ങളില്‍ ശ്രദ്ധേയമായ ചലനങ്ങളുണ്ടാക്കുന്നതാണ്. ചൈന – റഷ്യ ചേരിയുടെ മേധാവിത്വത്തിന്റേത് കൂടിയാണ് വരാന്‍ പോകുന്നതെന്ന സൂചനയാണ് ഇറാന്‍ സൗദി മഞ്ഞുരുക്കം നമുക്ക് നല്‍കുന്ന സന്ദേശം.