10
Feb 2023
Sun
10 Feb 2023 Sun
sex education is not impossible but opinion m k shahsad ലൈം​ഗിക വിദ്യാഭ്യാസം അസാധ്യമല്ല, പക്ഷേ

എം കെ ഷഹസാദ് എഴുതുന്നു

whatsapp ലൈം​ഗിക വിദ്യാഭ്യാസം അസാധ്യമല്ല, പക്ഷേ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒന്ന് രണ്ട് പതിറ്റാണ്ടായി വലിയൊരു ചർച്ചയാണല്ലോ ലൈംഗിക വിദ്യാഭ്യാസം? അനൗപചാരികമായി പലയളവിൽ ലൈംഗിക വിദ്യാഭ്യാസം രാജ്യത്ത് നടപ്പിലാക്കപ്പെട്ടിട്ടുമുണ്ട്. ഞങ്ങൾ ചെറുപ്പത്തിൽ കണ്ട് ആനന്ദിച്ച ‘മറക്കല്ലേ?’ എന്ന സർക്കാർവക പരസ്യവാചകമൊക്കെ അനൗപചാരിക ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗം തന്നേയായിരുന്നു.

ലിബറൽ പക്ഷങ്ങൾ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് വാദിക്കുന്നവരാണ്. UNESCOയും ലിബറലുകളുടെ പക്ഷത്ത് തന്നെയാണെന്നാണ് അവരുടെ വെബ്സൈറ്റ് പരിശോധിച്ചപ്പോൾ മനസിലായത്(https://www.unesco.org/en/articles/why-comprehensive-sexuality-education-important sited on 18.02.23). മൗലികവാദികൾ ലൈംഗിക വിദ്യാഭ്യാസത്തെ നഖശിഖാന്തം എതിർത്തും പോരുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ വർധിച്ച് വരുന്ന അതിക്രമങ്ങൾ തടയാൻ നല്ല മാർഗമായാണ് ലിബറലുകൾ ലൈംഗിക വിദ്യാഭ്യാസത്തെ കാണുന്നത്. ലൈംഗിക വിദ്യാഭ്യാസം കിട്ടുന്നതോടെ നമ്മുടെ നാട്ടിലെ ആണുങ്ങൾ സ്ത്രീകളെ തങ്ങൾക്ക് തുല്യരായും സമൻമാരായും കാണുമെന്നും നോട്ടംകൊണ്ട് പോലും സ്ത്രീകളെ പീഡിപ്പിക്കില്ലെന്നും അവർ അനുമാനിക്കുന്നുണ്ട്.

UNESCOയാവട്ടെ ലൈംഗിക വിദ്യാഭ്യാസത്തെ സംബന്ധിച്ച് അന്താരാഷ്ട്ര മാർഗരേഖ തന്നെ ഇറക്കിയിട്ടുണ്ട്. സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം കരിക്കുലത്തിന്റെ ഭാഗമാക്കണം എന്നാണ് UNESCO പക്ഷം. ഋതുമതിയാവുക, കൗമാരം, സുരക്ഷിതമായ ഗർഭനിരോധന മാർഗങ്ങൾ, ഗർഭഛിദ്രമാർഗങ്ങൾ തുടങ്ങിയവയൊക്കെ കരിക്കുലത്തിന്റെ ഭാഗമാക്കണം എന്നാണ് UNESCO മാർഗനിർദേശം പറയുന്നത്.

മറുവശത്ത്, തങ്ങളുടെ മത വികാരങ്ങളും വിശ്വാസവും മുറിപ്പെടും എന്ന തോന്നലാണ് മൗലികവാദികളെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ശത്രുക്കളാക്കി മാറ്റുന്നത്. ലൈംഗികതയെക്കുറിച്ച് ക്ലാസ് റൂമിൽ സംസാരിക്കേണ്ടിവരുന്നതിലും വലിയൊരു അശ്ലീലവും കുറച്ചിലുമില്ല എന്നാണ് അഭിമാനികളായ മൗലികവാദികളുടെ പക്ഷം! അത്രേയുള്ളൂ അവരുടെ പ്രശ്നം എന്ന് തോന്നുന്നു.

ലൈംഗിക വിദ്യാഭ്യാസം സാധ്യമോ?

2007-08 കാലയളവിൽ ഡേവിഡ്.സി.ഗിയറി വിജ്ഞാനത്തെ സംബന്ധിച്ച് നടത്തിയ കണ്ടെത്തലുകൾ നൈപുണികളുടെ ആർജിക്കലും, പഠനവും പഠിപ്പിക്കലും സംബന്ധിച്ച കാഴ്ചപ്പാടുകളെ മാറ്റിമറിച്ചിട്ടുണ്ട്. ജീവശാസ്ത്രപരമായി പ്രാഥമികവും ദ്വിതീയവുമായി വിജ്ഞാനത്തെ തരം തിരിച്ചിട്ടുണ്ട്.

പരിണാമപരമായി ആർജിക്കുന്ന ജ്ഞാനത്തെയാണ് ജീവശാസ്ത്രപരമായി പ്രാഥമികമായ വിജ്ഞാനമായി കണക്കാക്കുന്നത്. ചോദനകളെ മുഖ്യമായും ഇത്തരം ജ്ഞാനത്തിൽ ഉൾപ്പെടുത്താം. പ്രാഥമിക ജ്ഞാനം പഠിച്ചെടുക്കാൻ സാധിക്കുമെങ്കിലും പഠിപ്പിച്ചെടുക്കുക സാധ്യമല്ല. മുഖം തിരിച്ചറിയാനുള്ള ശേഷി, മാതൃഭാഷ സംസാരിക്കാൻ ആവശ്യമായ മോട്ടോർ ആക്ഷനുകളുടേയും സബോധതയുടേയും നിയന്ത്രണം ഇവയെല്ലാം പ്രാഥമിക ജ്ഞാനത്തിന്റെ ഗണത്തിലാണ് പെടുന്നത്. ലൈംഗികതയും ഇതേ ഗണത്തിൽപ്പെടുത്താവുന്ന നൈപുണിയും ജ്ഞാനവുമാണ്.

ലൈംഗിക വിദ്യാഭ്യാസംകൊണ്ട് UNESCOയും ജീവശാസ്ത്ര പരമായി പ്രാഥമികമായ ലൈംഗിക നൈപുണികളും ജ്ഞാനവുമല്ല കൈമാറാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. ജീവശാസ്ത്രപരമായി ദ്വിതീയമായ വിജ്ഞാനമാണ് പഠിപ്പിച്ച് കൊടുക്കാൻ പറ്റുന്ന വിജ്ഞാനം. സാമൂഹ്യ പരിണാമത്തിന്റെ ഭാഗമായി മനുഷ്യർ ആർജിച്ചെടുത്ത വിജ്ഞാനമാണ് പഠിപ്പിച്ച് കൊടുക്കാൻ പറ്റുന്ന വിജ്ഞാനം അഥവാ ജീവശാസ്ത്രപരമായി ദ്വിതീയമായ ജ്ഞാനം. എഴുത്തും വായനയും ജീവശാസ്ത്രപരമായി ദ്വിതീയമായ ജ്ഞാനത്തിന് ഉദാഹരണങ്ങളാണ്. സംസ്കാര രൂപീകരണം സാമൂഹ്യ പരിണാമത്തിന്റെ ഉൽപന്നമായതിനാൽ സംസ്കാരവും പഠിപ്പിച്ചുകൊടുക്കാൻ പറ്റുന്ന വിജ്ഞാനത്തിന്റെ പരിധിയിൽ തന്നേയാണ് പെടുന്നത്.

സാമൂഹ്യ പരിണാമങ്ങൾക്കനുസരിച്ച് ലൈംഗിതയെ സംബന്ധിച്ച കാഴ്ചപ്പാടുകൾക്ക് മാറ്റമുണ്ടായിട്ടുണ്ട്. പക്ഷിമൃഗാദികളിൽ, തങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് തന്റെ ജനയിതാവുമായിട്ടാണോ അല്ലെങ്കിൽ തന്റെ രക്തബന്ധത്തിൽപ്പെട്ടവരുമായിട്ടാണോ എന്നൊന്നും നോട്ടമില്ല, അല്ലെങ്കിൽ അവർക്ക് അതറിഞ്ഞുകൂടാ. ആദ്യകാലത്തെ മനുഷ്യനും ഇങ്ങനെ തന്നെയായിരിക്കാം ജീവിച്ചിരുന്നത്. പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്ന് സ്വന്തം ജനയിതാവിനേയും രക്തബന്ധത്തിൽപ്പെട്ടവരേയും ഒഴിവാക്കുന്ന സാമൂഹ്യമായ നിബന്ധനകൾ നിലവിൽ വന്നിരിക്കാം. ഒരു സംഘത്തിന് ഒരു സംഘം ഇണകൾ എന്ന സങ്കൽപ്പം മുതൽ ഇന്ന് കാണുന്ന ഏകദാമ്പത്യം വരെ എത്തിനിൽക്കുന്ന ലൈംഗികതയെ സംബന്ധിച്ച വ്യവസ്ഥകൾ സാമൂഹ്യവും സാംസ്കാരികവുമായ പരിണാമത്തിന്റേയും രാഷ്ട്രീയ വ്യവസ്ഥിതിയുടേയും ഉൽപന്നങ്ങളാണ്.

മഹാഭാരതത്തിൽ അംബയുടെയും അംബാലികയുടേയും കഥ നമ്മൾക്കറിയാം. ഭീഷ്മർ തട്ടിക്കൊണ്ടു വരികയും വിചിത്രവീര്യന്റെ ഭാര്യമാരാക്കപ്പെടുകയും ചെയ്തവർ. അവരിൽ കുട്ടികൾ അഥവാ പുത്രൻമാരില്ലാതെ വിചിത്രവീര്യൻ മരിച്ച് പോയി. രാജ്യഭാരമേൽക്കാൻ പുതുതലമുറയില്ലാത്ത അവസ്ഥയായി. വിചിത്രവീര്യന്റെ അമ്മ സത്യവതി വ്യാസനെ വിളിച്ച് വരുത്തി വിചിത്രവീര്യന്റെ ഭാര്യമാർക്കൊപ്പം രാപ്പാർപ്പിക്കുകയും പുത്രൻമാരെ ജനിപ്പിക്കുകയും ചെയ്തു എന്നതാണ് കഥ. അവിടെ സ്ത്രീ ,സന്താനങ്ങളെ ഉൽപാദിപ്പിക്കാനുള്ള ഒരു ഉപകരണം മാത്രമാണ്. ഇതേ മഹാഭാരതത്തിൽ പഞ്ചാലിയ്ക്ക് അഞ്ച് ഭർത്താക്കൻമാരുണ്ട്. ഈ ഭർത്താക്കൻമാർക്കെല്ലാം വേറെയും ഭാര്യമാരുണ്ടായിരുന്നു. കൃഷ്ണന് 8 ഭാര്യമാരും ധാരാളം കാമുകിമാരുമുണ്ടായിരുന്നു. ഈ കഥകളെല്ലാം ഒരു കാലഘട്ടത്തിൽ നില നിന്നിരുന്നെ ലൈംഗിക ബന്ധരൂപങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കാലികളെ മേച്ച് നടന്നിരുന്ന നാടോടികൾക്ക് ഒപ്പമാണ് വൈദിക മതം ഇന്ത്യയിലെത്തിച്ചേരുന്നത്. വന്നവർ പുരുഷൻമാരായിരുന്നു. അവർ തദ്ദേശീയരായ സ്ത്രീകളു (മ്ലേച്ഛ സ്ത്രീകൾ) മായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അവരിൽ ഉണ്ടാകുന്ന ആൺകുട്ടികളെ തങ്ങളുടെ കൂട്ടത്തിൽ കൂട്ടുകയും പെൺകുട്ടികളെ മ്ലേച്ഛരായി നിലനിർത്തുകയുമാണ് ചെയ്ത് പോന്നിരുന്നത്. സ്ത്രീകൾ സന്താനോൽപാദനത്തിനുള്ള ഉപാധിയായി മാത്രം കരുതപ്പെട്ടിരുന്നു എന്ന സൂചനയാണിതും.

ജന്മിത്വ കാലത്തെ ഇംഗ്ലണ്ടിൽ തന്റെ അടിയാന്റെ ഭാര്യയുമായി ആദ്യരാത്രി പങ്കിടാനുള്ള അവകാശം ജന്മിക്കായിരുന്നു. കേരളത്തിൽ അപ്ഫൻ നമ്പൂതിരിമാർക്ക് വിവാഹമുണ്ടായിരുന്നില്ല. നായർ വീടുകളിൽ സംബന്ധമാണുണ്ടായിരുന്നത്.

ജനാധിപത്യത്തോടെയാണ് ഏകഭർത്താവ് – ഏകഭാര്യ സങ്കൽപ്പം ഉടലെടുക്കുന്നത്. ആദ്യകാല സമൂഹങ്ങളിൽ നിന്ന് വ്യത്യസ്തമായി പരമാവധി അകലെ നിന്ന് ഇണയെ തെരഞ്ഞെടുക്കാൻ ജനാധിപത്യത്തിലെ മനുഷ്യന് സാധിച്ചു. വ്യത്യസ്ത ജീൻപൂളുകളുടെ കൂടിച്ചേരലിന് സാധ്യതയൊരുങ്ങുകയും ചെയ്തു. വ്യത്യസ്ത ആശയങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും ജീൻ പൂളുകളിലേക്കും ഭയലേശമന്യേ സഞ്ചരിക്കാനായത് എല്ലാ അർത്ഥത്തിലും ഔന്നത്യമുള്ള മനുഷ്യരാശിക്ക് ജന്മമേകി.

എന്നിരുന്നാലും ചരിത്രത്തിന്റെ ഏതോ ദശയിൽ ഉദയം ചെയ്ത പുരുഷാധിപത്യമെന്ന സാംസ്കാരിക രൂപത്തെ ഇല്ലാതാക്കാൻ ജനാധിപത്യത്തിനും സാധിച്ചിട്ടില്ല. ഇന്നും നിലനിൽക്കുന്ന വേശ്യാവൃത്തിയും ജാരബന്ധങ്ങളും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ്് ബലാത്സംഗങ്ങളും നീലചിത്രങ്ങളുമെല്ലാം സമൂഹത്തിലും അതിലെ അംഗങ്ങളായ നമ്മൾ ഓരോരുത്തരിലും പുരുഷാധിപത്യ പ്രവണതകൾ അവശേഷിക്കുന്നതിന്റെ തെളിവാണ്.

ഇന്നും യുദ്ധവേളകളിൽ ഒരു സമൂഹത്തിന്റെ തന്നെ ആത്മബലം നഷ്ടപ്പെടുത്തുന്നതിന് സ്ത്രീകളെ ലൈംഗികമായി അതിക്രമിക്കാറുണ്ട്. ജനാധിപത്യ ഭരണകൂടങ്ങൾ പോലും പുരുഷാധിപത്യ സംസ്കാരം പേറുന്നു എന്നാണല്ലോ ഇതിനർത്ഥം.

സാമൂഹ്യവും സാമ്പത്തികവുമായ അസ്ഥിരതകളും ലൈംഗികമായ അസ്ഥിരതകൾക്ക് രൂപം നൽകാറുണ്ട്. രണ്ടാം ലോകമഹായുദ്ധം യൂറോപ്പിനെ ലൈംഗിക അസ്ഥിരതയിലേക്ക് തള്ളിവിട്ടത് അങ്ങനെയാണ്. നിരന്തരമായി ആവർത്തിക്കുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിയും അനുബന്ധ പ്രതിഭാസങ്ങളായ
വിലക്കയറ്റവും തൊഴിലില്ലായ്മയും ലൈംഗികതയിലും പ്രതിഫലിക്കുന്നുണ്ട്. കുട്ടികളെ വേശ്യാവൃത്തിയിലേക്ക് നിർബന്ധപൂർവം തള്ളിവിടാൻ ഈ സാമ്പത്തിക പ്രതിസന്ധികൾ കാരണമാവുന്നുണ്ട്(https://www.reuters.com/article/us-trafficking-economy-idUSBRE8B410620121205).

ജനാധിപത്യം എന്ന ആശയം നിലവിലുണ്ടെങ്കിലും ലൈംഗികതയിൽ അതിനിയും പ്രാബല്യത്തിലായിട്ടില്ല എന്നതിന്റെ സൂചനയാണ് ഭരണകൂടങ്ങൾ പോലും പുരുഷാധിപത്യ പ്രവണണതകൾ പുലർത്തുന്നതിൽ നിന്ന് മനസ്സിലാക്കാവുന്നത്. സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ അടിച്ചമർത്തൽ നാൾക്കുനാൾ വർധിക്കുകയാണ് താനും.

മറുവശത്താകട്ടെ സാമൂഹ്യവികാസ ചരിത്രത്തിലും ജീവശസ്ത്രപരവും ചിന്താപരവുമായ പരിണാമത്തിന്റെ ചരിത്രത്തെത്തിലും സമ്പൂർണ്ണമായും അജ്ഞരായ പുതുതലമുറയാണ് നമ്മുടെ വിദ്യാഭ്യാസത്തിലൂടെ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ചുറ്റും കമ്പോളത്താൽ സൃഷ്ടിക്കപ്പെടുന്ന മായാലോകത്താണ് നമ്മൾ ജീവിക്കുന്നത്. കൺസ്യൂമറിസത്തിന്റേതായ ഒരു ലോകത്ത്. സന്തോഷം പോലും വിലകൊടുത്താൽ കിട്ടും എന്ന് പറഞ്ഞ് പറ്റിക്കപ്പെട്ടവരാണ് നമ്മൾ ഓരോരുത്തരും.

മാത്രമല്ല, സ്വകാര്യ താൽപര്യങ്ങളാണ് നമ്മളെ വലിയൊരളവിൽ നയിച്ചുകൊണ്ടിരിക്കുന്നത്. എന്റെ ജീവിതത്തിൽ എനിക്കുണ്ടാക്കാൻ കഴിയുന്ന സുഖവും സന്തോഷവുമാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഭൂരിപക്ഷം പേരും ഇതേ ചിന്തയോടേയാണ് ജീവിച്ച് പോരുന്നത്. ലൈംഗികതയും തന്നെ ആനന്ദിപ്പിക്കാനുള്ള ഉപാധിയായി ഏകദേശം എല്ലാവരും കരുതിപ്പോരുന്നു.

ഭരണകൂടം വെച്ച് പുലർത്തുന്ന പുരുഷാധിപത്യം, സാമൂഹ്യവും സാമ്പത്തികവുമായ അസമത്വങ്ങൾ, സ്വകാര്യതാൽപര്യങ്ങളാൽ നയിക്കപ്പെടുന്ന മനുഷ്യർ എന്നീ സവിശേഷതകൾ നിലനിൽക്കുന്ന സമൂഹത്തിലേക്കാണ് UNESCO ലൈംഗിക വിദ്യാഭ്യാസമെന്ന പേരിൽ ഗർഭനിരോധന മാർഗങ്ങൾ, ലൈംഗിക രോഗങ്ങൾ, ഗർഭഛിദ്രം എന്നിവ പഠിപ്പിക്കാൻ ഒരുങ്ങുന്നത്. കമ്പോളത്തിന് ആവശ്യമായ ലൈംഗിക നൈപുണികൾ പുതുതലമുറയ്ക്ക് പഠിപ്പിച്ച് നൽകൽ മാത്രമാണ് ലൈംഗിക വിദ്യാഭ്യാസം. ‘മറക്കല്ലേ’ പരസ്യം നൽകുന്ന സൂചനയും അതുതന്നെയാണ്.

ഇനി നിങ്ങൾ തന്നെ പറയൂ, ലൈംഗിക വിദ്യാഭ്യാസം പ്രായോഗികമാണോ അല്ലയോ എന്ന്.

അനുബന്ധം: കിടപ്പറകൾ ക്ലാസ് മുറികളിൽ പുന സൃഷ്ടിക്കാൻ പറ്റില്ല. കിടപ്പറയിലെ വ്യക്തികളുടെ സാമൂഹ്യ ബോധവും ജനാധിപത്യ ബോധവുമാണ് അവരുടെ ലൈംഗികതയെ സുന്ദരമാക്കുന്നത്.