15
Jun 2024
Sat
15 Jun 2024 Sat
trap by Niteesh and Naidu in third Modi Government

മസ്ഹര്‍ എഴുതുന്നു

എന്‍ഡിഎ മുന്നണിയുടെ മൂന്നാം മോദി സര്‍ക്കാര്‍ പല്ലുകൊഴിഞ്ഞ സിംഹമായിരിക്കുമെന്ന് ജനതാദള്‍, തെലുഗുദേശം പാര്‍ട്ടികളുടെ രാസഘടന അറിയുന്നവര്‍ക്കറിയാം. അത്രമേല്‍ മതനിരപേക്ഷത ഡിഎന്‍എയിലുള്ള നിതീഷും നായിഡുവും എന്തു കൊണ്ട് ഇന്ത്യ മുന്നണിയുടെ ക്ഷണം സ്വീകരിച്ചില്ല എന്നത് ഫാഷിസ്റ്റ് വിരുദ്ധരെയൊക്കെ കുണ്ഠിതപ്പെടുത്തിയിരുന്നു.

രാഷ്ട്രീയ നൈതികതയെ കുറിച്ചും മാന്‍ഡേറ്റിനെ കുറിച്ചും പേര്‍ത്തും പേര്‍ത്തും പറയുന്നവര്‍ അവരുടെ പോസ്റ്റ് പോള്‍ അലയന്‍സ് അങ്ങനെ ബലികൊടുക്കുന്നത് ശരിയല്ല എന്ന പക്ഷക്കാരായിരുന്നു. എന്നാല്‍ നിതീഷിന്റെ മോദിയുടെ കാല്‍ വണങ്ങല്‍ അടക്കം ഇരുവരുടേയും എന്‍ഡിഎ മീറ്റിങ്ങിലെ മോദി സ്തുതിയും മോദിയുടെ ഏത് ഭരണ നിലപാടുകള്‍ക്കും നിരുപാധിക പിന്തുണ പ്രഖ്യാപനവും കേട്ടപ്പോള്‍ കാളരാത്രികള്‍ വരവായി എന്ന് വീക്ഷിച്ചവരുണ്ടായിരുന്നു. ഈ നിതീഷും നായിഡുവും എന്തൊരു ദുരന്തങ്ങളാണ് എന്നും തോന്നി.

ഒരു കാലത്ത് നിതീഷിന്റെ പാര്‍ട്ടിയുമായി സഹകരിച്ച ഓര്‍മയില്‍ അവസരവാദക്കാരനായ രാഷ്ട്രീയക്കാരനാണെന്ന് അനുഭവമുണ്ടെങ്കിലും സെക്യുലര്‍ ക്രെഡന്‍ഷ്യല്‍ പണയം വയ്ക്കാത്ത സോഷ്യലിസ്റ്റ്കാരന്‍ എന്ന മതിപ്പ് ഉണ്ടായിരുന്നു. അതിന് ഊനം തട്ടിയിട്ടില്ലെന്നും നിതീഷ് ജെ.പിയുടെയും ലോഹ്യയുടേയും കാര്‍പ്പൂരി ഠാക്കൂറിന്റെയും അരുമ ശിഷ്യനാണെന്നും പതിയെ പതിയെ വെളിവാക്കപ്പെടുകയാണ്. നായിഡുവും തെലുഗുദേശവും അവരുടെ പൊളിറ്റിക്കന്‍ ഐഡിയോളജി തുറന്നു പറയുന്നത് കാണുമ്പോള്‍ ഇന്ത്യന്‍ ഫാഷിസത്തെ നിര്‍വീര്യമാക്കാന്‍ ഇരുവരും എന്‍ഡിഎയിലുള്ളതാണ് ശരിയായ രാഷ്ട്രീയമെന്ന് വിലയിരുത്തപ്പെടുകയാണ്.

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതായപ്പോള്‍ തന്നെ ജനാധിപത്യം വിജയിച്ചതാണ്. ഹിന്ദുത്വയുടെ ഒളി അജണ്ടകള്‍ ഏക സിവില്‍കോഡാ(യുസിസി)യും എന്‍ആര്‍സി ആയും മധുര/കാശി ക്ഷേത്രങ്ങളായും വരും. എന്നാല്‍ അതിനെ അത്ര പെട്ടെന്ന് നടപ്പാക്കി കൊടുക്കാന്‍ നിതീഷും നായിഡുവും അനുവദിക്കില്ല. യുസിസിക്ക് പിന്തുണ ജെഡിയു നല്‍കുമ്പോഴും ഉപാധികള്‍ വയ്ക്കുന്നുണ്ട് എന്നാല്‍ മുസ് ലിം വെറുപ്പും വര്‍ഗീയ ചേരിതിരിവും ഒരിക്കലും അനുവദിക്കില്ലെന്ന ഈ ഊന്നിപ്പറയല്‍ ഇന്ത്യന്‍ ഷാഷിസത്തെ ദുര്‍ബലമാക്കാന്‍ കാലം കാത്തുവച്ച രണ്ട് മനുഷ്യരായി നിതീഷിനെയും നായിഡുവിനേയും ചരിത്രം അടയാളപ്പെടുത്തുമായിരിക്കും.

പന്ത്രണ്ടും പതിനാറും അത്ര ചെറിയ അക്കങ്ങളല്ല പതിനെട്ടാം ലോകസഭയില്‍. വല്ലാതെ സഹികെട്ടാല്‍ വലിച്ചെറിഞ്ഞ് ഇറങ്ങി വരാന്‍ ഒരു മടിയും ഇല്ലാത്തവരാണെന്നും വല്ലാതെ കളിച്ചാല്‍ കളി പഠിപ്പിക്കാന്‍ പാലം വലിക്കാനും ഉള്ള ശേഷി ജനിതകഘടനയിലുള്ളവരാണിരുവരും.