15
Apr 2024
Thu
15 Apr 2024 Thu
Two places where secular vigilance becomes imperative

മസ്ഹര്‍ എഴുതുന്നു

whatsapp മതേതര ജാഗ്രത അനിവാര്യമാകുന്ന രണ്ടിടങ്ങള്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാളെ കേരളത്തില്‍ ലോകസഭാ വോട്ടെടുപ്പ് നടക്കുമ്പോള്‍ തിരുവനന്തപുരത്തും തൃശൂരും മതേതര ബ്ലോക് അതി ജാഗ്രത പുലര്‍ത്തിയേ മതിയാകൂ. കേരളം അതിന്റെ സെക്യുലര്‍ ക്രഡന്‍ഷ്യല്‍ നാളിതുവരെ സംഘ്പരിവാറിന് പണയം വെച്ചിട്ടില്ല എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്. നേമത്ത്, നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്ന ഒരു കൈയബദ്ധത്തിന് പെട്ടെന്ന് തന്നെ നാം പ്രായശ്ചിത്തം ചെയ്തിട്ടുണ്ട്.(Two places where secular vigilance becomes imperative)

ഇന്ത്യയെന്ന വിശാല കാന്‍വാസില്‍ സമകാലിക രാഷ്ട്രീയത്തെ സമീപിക്കുന്നവര്‍ക്ക് കേരളം അത്രവലിയ വേവലാതിപ്പെടുത്തുന്ന ഭൂമികയല്ല. എന്നാല്‍ ഹിന്ദുത്വ ഫാഷിസത്തിന്റെ യഥാര്‍ത്ഥ പടപ്പുറപ്പാടിന്റെ കാഹള ധ്വനി മുഴക്കുന്ന 2024 അങ്ങനെയല്ല. അതിനാല്‍ മതേതരമലയാളിയുടെ ഒരു ജാഗ്രതക്കുറവും പൊറുക്കപ്പെടുന്നതല്ല.
തിരുവനന്തപുരത്ത് അതി മാധ്യമ പരിലാളനായിലും അധികാരത്തിന്റെ മേല്‍വിലാസത്തിലും പണത്തിന്റെ കൊഴുപ്പിലും രാജീവ്ചന്ദ്രശേഖര്‍ എന്ന അപകടകാരിയായ കോര്‍പറേറ്റ് സംഘ്പരിവാറുകാരന്‍ ഒരു കാരണവശാലും ഒരു വോട്ടിനു പോലും മുന്നോട്ട് പോകരുത് എന്നത് മതേതര കേരളത്തിന്റെ പ്രാര്‍ത്ഥനയാണ്.

ഹിംസാത്മക ഫാഷിസത്തെ തോല്‍പ്പിക്കാന്‍ കക്ഷി രാഷ്ട്രീയ സങ്കുചിതത്വത്തിനപ്പുറം തിരുവനന്തപുരത്തെ ഓരോ വോട്ടും ഉയര്‍ന്നു നില്‍ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. 2014 ലെ 15000 ന്റെ നേരിയ വ്യത്യാസം തിരുവനന്തപുരത്തെ സെക്കുലര്‍ വോട്ടര്‍മാരെ അതീവ ജാഗ്രതയിലാഴ്‌ത്തേണ്ട ഘടകമാണ്. 2014 ല്‍ ഒ രാജഗോപാല്‍ സ്ഥാനാര്‍ത്ഥിയായി നിന്ന പോലുള്ള അവസ്ഥയാണ് രാജീവ് ചന്ദ്രശേഖര്‍ സൃഷ്ടിച്ചിരിക്കുന്നത്. അവസാനഘട്ടത്തില്‍ ഏറ്റവും കോംപീറ്റിവെന്ന് തോന്നുന്ന സ്ഥാനാര്‍ഥി ആരാണോ, അതു ശശിതരൂരാണെങ്കില്‍ അങ്ങനെ തന്നെ വോട്ടു ചെയ്യുക എന്നതാണ് മതേതര ജാഗ്രതയുടെ ആകത്തുക. അന്നേരം തരൂരിന് ചാര്‍ത്താന്‍ നെഗറ്റീവ് നരേറ്റുകളെ തെരഞ്ഞു പോകാനല്ല ശ്രമിക്കേണ്ടത്. പന്ന്യന്‍ രവീന്ദ്രന്‍ എന്ന കേരളം കണ്ട ഏറ്റവും സത്യസന്ധനായ കറകളഞ്ഞ കമ്യൂണിസ്റ്റിനോടുള്ള സകല ബഹുമാനങ്ങളും നിലനിര്‍ത്തി ഒരു പിടച്ചിലോടെ പൂര്‍ണമനസ്സോടെ അല്ലെങ്കിലും തരൂരിന് വോട്ട് ചെയ്യുക എന്നതാണ് രാഷ്ട്രീയത്തിലെ ഡു ഓര്‍ ഡൈ സിറ്റ്വേഷന്‍.

തൃശൂരിലെത്തുമ്പോഴും സമാനമായ ഒരു രാഷ്ട്രീയ അവസ്ഥയാണ് നിലനില്‍ക്കുന്നത്. 2019 ലെ രാജാജി മാത്യു തോമസിന്റെ വോട്ട് വിഹിതത്തിന്റെ നിലയിലാണ് വിഎസ് സുനില്‍ കുമാറും ഉള്ളതെന്നാണ് പൊതു വിലയിരുത്തല്‍. എന്നാല്‍ സുരേഷ് ഗോപിയെ രാഷ്ട്രീയ പ്രബുദ്ധതയുടെ ഏതേതു അളവുകോല്‍ വെച്ച് നാം കോമാളിയാക്കി മുദ്രകുത്തുമ്പോഴും അയാള്‍ 2019 നേക്കാള്‍ മുന്നോട്ട് പോയിട്ടുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. കഴിഞ്ഞ തവണ പിടിച്ച 2,93,822 വോട്ടുകളിലേക്ക് അധികമായി കിട്ടാനുള്ള കുറെ രാഷ്ട്രീയ സാമുദായിക ചേരുവകള്‍ തൃശൂരില്‍ ഉരുണ്ടു കൂടിയിട്ടുമുണ്ട്. ഇതിനെ മറികടക്കുന്ന മതേതര ജാഗ്രതയാണ് തൃശൂരില്‍ അനിവാര്യമായിരിക്കുന്നത്.

അങ്ങനെ വരുമ്പോള്‍ കെ മുരളീധരന്‍ എന്ന കെ കരുണാകര പുത്രനായ കോണ്‍ഗ്രസ് നേതാവിന്റെ ന്യൂനതകള്‍ ചികഞ്ഞ് പോകാവുന്ന രാഷ്ട്രീയ സന്ദര്‍ഭമല്ല നിലവിലുള്ളത്. സുനില്‍ കുമാര്‍ എന്ന കളങ്കമേശാത്ത കമ്യൂണിസ്റ്റുകാരനായ മാനവവാദിയോടുള്ള സകലമാന രാഷ്ട്രീയ യോജിപ്പുകളും നിലനിര്‍ത്തി കൊണ്ട് തന്നെ മതേതര മനുഷ്യരുടെ ഒരു ചെറിയ ജാഗ്രതക്കുറവ് കൊണ്ട് സുരേഷ് ഗോപിയെന്ന അറുവഷളന്‍ സംഘ്പരിവാറുകാരന്‍ നാളെ ലോകസഭയിരിക്കുന്നത് കണ്ട് ഖേദിക്കാന്‍ ഇടവരരുത്. സകല രാഷ്ട്രീയ വിയോജിപ്പുകളോടും കൂടി തന്നെ മുരളീധരന് വോട്ട് ചെയ്യുക എന്നതാണ് കേരളത്തിനപ്പുറത്ത് ഇന്ത്യയെ സ്വപ്നം കാണുന്ന വിശാല മതേതരസമൂഹം തൃശ്ശൂരിലെ സെക്യുലര്‍ വോട്ടര്‍മാരോട് ആവശ്യപ്പെടുന്നത്.

മേല്‍പറഞ്ഞ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും മുന്നണി സീറ്റ് വിഭജനത്തിന്റെ ഭാഗമായി സി.പി ഐ സ്ഥാനാര്‍ത്ഥികള്‍ ആണല്ലോ എന്നതാണ് മതേതര വോട്ടര്‍മാരെ ആകെ വിഷമത്തിലാക്കുന്ന അവസ്ഥ. കേരളത്തിലെ ബാക്കി പതിനെട്ട് മണ്ഡലങ്ങളിലും നിങ്ങളുടെ രാഷ്ട്രീയപക്ഷപാതിത്വങ്ങളും ശാഠ്യങ്ങളും തീവ്രതയോടെ കണക്കിലെടുത്ത് പാര്‍ട്ടി നിലപാടനുസരിച്ചു തന്നെ വോട്ടുകള്‍ ചെയ്യണം. ഹിന്ദുത്വ ഫാഷിസം തല്‍ക്കാലത്തേക്കെങ്കിലും അവിടങ്ങളില്‍ ഒരു ഇലക്ടറല്‍ ഭീഷണി ആയിട്ടില്ല എന്ന വിശ്വാസത്തോടെ നാളത്തെ ജനാധിപത്യ ഉത്സവത്തില്‍ വോട്ട് ചെയ്തു ആര്‍മാദിക്കുവിന്‍ പ്രിയരെ.

\