15
Apr 2025
Tue
15 Apr 2025 Tue
Vedan intoxication and politics

മസ്ഹര്‍ എഴുതുന്നു

whatsapp വേടന്‍: ലഹരിയും രാഷ്ട്രീയവും
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹിരണ്‍ദാസ് മുരളി എന്ന വേടന്‍ സംഗീതം കൊണ്ട് പുതുതലമുറയെ ഇളക്കി മറിക്കുകയും വാക്കുകളുടെ ശക്തികൊണ്ട് കീഴാള പൊതുബോധത്തെ ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട് കുറഞ്ഞ കാലയളവില്‍. എന്നാല്‍ കഞ്ചാവ് കേസില്‍ പോലിസ് പിടിക്കപ്പെട്ടതോടെ വലിയ വിഭാഗം അള്‍ട്രാലിബറല്‍ എഴുത്തുകാരും ആക്ടിവിസ്റ്റുകളും വേടപക്ഷം ചേര്‍ന്ന് സ്റ്റേറ്റിന്റെ ഇരട്ടനീതിയെ /അനീതിയെ ചോദ്യം ചെയ്യാനാണ് മുതിര്‍ന്നത്. തുടര്‍ന്ന് വേടന്‍ അറസ്റ്റ് എപ്പിസോഡിനെ സവര്‍ണാധീശത്വ മാധ്യമ വേട്ടയെന്ന് വിധി എഴുതി അരികുവത്കൃത കീഴാള രാഷ്ടീയത്തെ / വേടന്റെ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിച്ചത് ലഹരിയെ കൂട്ടുപിടിച്ചായിരുന്നു എന്നത് പൊളിറ്റിക്കലി ഇന്‍ കറക്റ്റാണ് എന്നതില്‍ സംശയമില്ല.

കഞ്ചാവിനെ മഹത്വവതികരിക്കുന്ന മൈത്രേയന്‍ തിയറിയും മൈരന്‍ ഭാഷാതിയറിയും അറഞ്ചും പുറഞ്ചും വീശി. ഇസ്ലാമിക സ്വത്വവാദികള്‍ വരെ ഇത് ലഹരി വേട്ടക്കപ്പുറം പിണറായി സര്‍ക്കാറിന്റെ കീഴാള വേട്ടയാണെന്ന് സമര്‍ഥിച്ചു. അതിനവര്‍ ലാറ്റിനമേരിക്കന്‍ പോരാട്ടത്തെയും നക്്‌സല്‍ പോരാട്ടത്തെയും എങ്ങനെയാണ് അതാത് സാമ്രാജ്യത്വ / ദേശരാഷ്ട്ര സ്റ്റേറ്റുകള്‍ ലഹരി ചാപ്പചാര്‍ത്തി അടിച്ചമയര്‍ത്തിയതെന്ന് ഉപന്യസിച്ചു. ഇവരെല്ലാവരും ഇസ്ലാമോഫോബിക് അല്ലാത്ത ശുദ്ധരായതിനാല്‍ അഫ്ഗാനിലെ കഞ്ചാവു കൃഷിയെ താലിബാന്‍ വിമോചനവുമായി ബന്ധിപ്പിക്കാര്‍ മാത്രം ഉദ്യുക്തരായില്ല. ലഹരി കടത്ത് വ്യാപാരവും ടെററിസവും തമ്മിലുള്ള പുളിച്ചു നാറിയ നെക്‌സസ് സ്റ്റോറി ഇവരാരും പറയാതിരുന്നത് പെഹല്‍ഗാം കാലത്ത് വേടന്‍ തിയറിസ്റ്റുകളിലേക്ക് ടെററിസത്തിന്റെ ചാപ്പ വരാതിരിക്കാനുള്ള ഒരു കരുതല്‍ മാത്രമാകും.

ഇത്രമേല്‍ പൊളിറ്റിക്കലി ഇന്‍ കറക്ട് ആയവരാണോ നമുക്കിടയിലെ എഴുത്തുകാരും ആക്ടിവിസ്റ്റുകളും എന്നോര്‍ത്ത് വല്ലാത്ത ജാള്യതയും വേദനയും തോന്നിയ ദിവസമാണ് കടന്നു പോയത്. നമ്മുടെ സംസ്ഥാനം അതീവ ജാഗ്രതയോടെ ലഹരിക്കെതിരെ ഒരു തുറന്ന യുദ്ധത്തിലാണ്. രാഷ്ട്രീയ പ്രബുദ്ധരായ കേരളീയ പൊതു സമൂഹത്തെ, പ്രത്യേകിച്ച് കേരളത്തിലെ മുസ്ലിം /ദളിത് കീഴാള ഗോത്രങ്ങളെ മസ്തിഷ്‌ക മരണത്തിലേക്കും അവരുടെ സകല രാഷ്ടീയ ഉയിര്‍പ്പുകളേയും ലഹരികൊണ്ട് ന്യൂട്രലൈസ് ചെയ്യാമെന്ന സവര്‍ണ ഹിന്ദുത്വ ഫാക്ടറിയുടെ ഗവേഷണ തിയറി നടപ്പാക്കുന്ന ലഹരിക്കാലത്ത്, എത്ര കീഴാളപക്ഷ റാപ്പ് മൂസിക് പറഞ്ഞാലും ലഹരി ഒരു സവര്‍ണ മേലാള അധീശത്വ ടൂള്‍ തന്നെയാണെന്ന് പ്രതി സിദ്ധാന്ത വാദികള്‍ മറക്കരുത്. അതിന്റെ ഒന്നാം നമ്പര്‍ ഇരകള്‍ ഇക്കാലത്തും കീഴാളര്‍ തന്നെയാണ് എന്ന് വേടന്‍ ഉത്സാഹകമ്മിറ്റിക്കാര്‍ മനസ്സിലാക്കിയില്ലെങ്കിലും കീഴാളര്‍ മനസ്സിലാക്കണം.

നൂറു സിംഹാസനത്തിലെ നായാടിയെ എന്ത് തെറ്റു ചെയ്താലും ന്യായീകരിക്കുന്ന സാമൂഹിക തിയറി ഒരു വ്യക്തിക്ക് അല്ല ബാധമാകുന്നത്, ഒരു സമൂഹത്തിനാണ്. അവര്‍ കഴിഞ്ഞകാലത്ത് നേരിട്ട സമാനതകളില്ലാത്ത നെറികേടുകളെ മുന്‍നിര്‍ത്തിയാണ് ആ സാധൂകരണം . പലസ്തീനികളുടെ ഒക്ടോബര്‍ 7 തിരിച്ചടി ന്യായീകരിക്കപ്പെടുന്നത് എഴുപത്തഞ്ച് വര്‍ഷത്തെ ഇസ്രയേല്‍ അധിനിവേശ ദുരിത പര്‍വത്തെ മൊത്തത്തില്‍ മുന്‍നിര്‍ത്തിയാണ്. അതും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ അല്ല, മറിച്ച് പലസ്തീന്‍ മര്‍ദ്ദിത സമൂഹത്തിനാണ് ഈ ആനുകൂല്യം. ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും സവര്‍ണ വിരുദ്ധ, അവര്‍ണ / അടിസ്ഥാന മനുഷ്യരുടെ സിനിമക്കാരായിട്ടും മുസ്ലിം / ഇസ്ലാമാ ഫോബിക് ഇരവാദത്തിന്റെ പ്രിവിലേജ് ആരും കൊടുത്തില്ലല്ലോ.

ലഹരി അത് ഗഞ്ചനായാലും അര ഗ്രാമായാലും അത്തരം കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്നത് വേടനായാലും ഷൈന്‍ ടോമായാലും സ്റ്റേറ്റ് മുഖം നോക്കാതെ കടുത്ത നിയമം തന്നെ നടപ്പാക്കണം. കാരണം മാനസികാരോഗ്യമുള്ള ചിന്താശേഷിയുള്ള പൊളിറ്റിക്കലി വൈബ്രന്റ് ആയ ഒരു പുതു തലമുറ കേരളത്തില്‍ ഉണ്ടാകണം. അവര്‍ക്കിടയില്‍ മാത്രമേ ”കാടു കട്ടവന്റെ നാട്ടില്‍, ചോറു കട്ടവന്‍ മരിയ്ക്കും ‘ എന്ന വരികള്‍ സംവേദനം ചെയ്യപ്പെടുകയുള്ളൂ. മരിച്ചുപോയ, അല്ല മേലാള നഗരവാസികള്‍ കെട്ടിയിട്ട് തല്ലി കൊന്ന ആ മനുഷ്യന്‍ അട്ടപ്പാടിയിലെ മധുവാണെന്ന് വിവര്‍ത്തനം ചെയ്യപ്പെടുകയുള്ളൂ.

‘ഞാന്‍ പാണനല്ല, പുലയനല്ല
നീ തമ്പുരാനുമല്ല……
ആണേല്‍ ഒരു മൈരുമല്ല ‘
എന്ന ജാതിയെ റദ്ദ് ചെയ്യുന്നതും മനുഷ്യ സമത്വം ഉദ്‌ഘോഷിക്കുന്നതുമായ തീപൊള്ളുന്ന ഈ വരികള്‍ യുവതയില്‍ അഗ്‌നിയായി പടരണമെങ്കില്‍ പാടുന്നവനും കേള്‍ക്കുന്നവരും ലഹരി തീണ്ടാത്ത വിപ്ലവ വീര്യമുള്ള ശരീരവും മനസ്സുമുള്ളവരാകുകയും വേണം.
വേടന്റെ തീപിടിച്ച വാക്കുകള്‍ സംഗീതമായി കേരളത്തിലെ നീലാകാശത്ത് ഇടിമിന്നലായി പടരട്ടെ. ജാതി തീണ്ടാത്ത, സവര്‍ണത പഴങ്കഥയാകുന്ന, മനുഷ്യ സമത്വം ഒരമ്മ പെറ്റ മക്കളെ പോലെ പൂത്തുല്ലസിക്കുന്ന ലഹരിയില്‍ ബോധം പോകാത്ത നവയുവ കേരളം പിറക്കട്ടെ.