
എം കെ ഷഹസാദ്
![]() |
|
സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പാതകളില്‍ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ മിഴി തുറന്നതാണ് റോഡ് യാത്രികര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. കാമറകളുടെ നീണ്ട ലിസ്റ്റ് വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലെ പ്രധാന ഫോര്‍വേര്‍ഡായും മാറിയിട്ടുണ്ട്. പരോപകാരത്വര പ്രദര്‍ശിപ്പിക്കാനുള്ള അവസരം പാഴാക്കാന്‍ ആരും തയ്യാറല്ലെന്ന് ചുരുക്കം. എന്നാല്‍ പരോപകാര പ്രകടനത്തിനിടയില്‍ നമ്മള്‍ എ.ഐ കാമറയുടെ പിറകിലെ സാമ്പത്തിക താല്‍പര്യങ്ങള്‍ വിസ്മരിക്കുന്നു.
ലോകബാങ്ക് പദ്ധതിയായ കെ.എസ്.റ്റി.പി (കേരള സംസ്ഥാന ഗതാഗത പദ്ധതി)യുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. 216 മില്യണ്‍ ഡോളറാണ് കെ.എസ്.റ്റി.പി രണ്ട് നടപ്പാക്കാനായി ലോകബാങ്ക് അനുവദിച്ചിട്ടുള്ള വായ്പ. അതില്‍ 232 കോടി രൂപ മുടക്കിയാണ് ഇപ്പോള്‍ കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ബൈക്കില്‍ രണ്ട് മുതിര്‍ന്നവര്‍ക്കൊപ്പം ഒരു കുട്ടികൂടി സഞ്ചരിച്ചാല്‍ പോലും കാമറ പിടിക്കുമെന്നത് കേരളത്തിലെ സാധാരണക്കാരന്റെ പോക്കറ്റ് ചോര്‍ത്തുന്ന നടപടിയാണ്. മാനുഷികതയുടെ പേരില്‍ പൊലീസുകാരന്‍ കാണിക്കുന്ന കണ്‍വാട്ടമൊന്നും ഒരു കാമറയില്‍നിന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ.കാമറയില്‍ കുരുങ്ങിയാല്‍ പിന്നെ പിഴയടച്ചേതീരൂ.
രാജ്യത്ത് നിലനില്‍ക്കുന്ന കുറഞ്ഞ പിഴയാണ് റോഡ് നിയമങ്ങള്‍ ലംഘിക്കപ്പെടാനുള്ള ഒരു കാരണമായി ലോക ബാങ്കിന്റെ സീനിയര്‍ ഗതാഗത എഞ്ചിനിയറായ അര്‍ണബ് ബന്ദോപാധ്യായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ അഭിമുഖം ലോക ബാങ്ക് വെബ്‌സൈറ്റില്‍ ലഭ്യവുമാണ്. എന്തുകൊണ്ട് ഒരു കുടുംബം ഒന്നടങ്കം ഒരു ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കേണ്ടിവരുന്നു എന്ന് ചിന്തിക്കാന്‍ ലോക ബാങ്ക് ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ വര്‍ഗബോധം അനുവദിക്കുന്നില്ല. മറിച്ച് എങ്ങനെ കൂടുതല്‍ പിഴ ചാര്‍ത്താം എന്നത് സംബന്ധിച്ചാണ് അദ്ദേഹത്തിന്റെ ചിന്തകള്‍!
ലോകബാങ്ക് പോലുള്ള വികസിത മുതലാളിത്ത ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സ്ഥാപനം ഇന്ത്യപോലൊരു മൂന്നാം ലോകരാജ്യത്തെ ഒരു സംസ്ഥാനത്തിന് വായ്പകള്‍ നല്‍കുന്നതിന് പിന്നില്‍ ഗൂഢ ഉദ്ദേശങ്ങളുണ്ട്. റോഡ് വികസനത്തിന് പണം നല്‍കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ലോകബാങ്ക് റോഡുകളുടെ സ്വകാര്യവല്‍ക്കരണം ലക്ഷ്യമാക്കുന്നെന്നാണ്. വായ്പ വാങ്ങുന്ന പണം ഉപയോഗിച്ച് ക്ഷേമ പ്രവര്‍ത്തനങ്ങളോ സേവനങ്ങളോ നല്‍കുക സാധ്യമേയല്ല. ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടേയും സേവനങ്ങളിലൂടേയും വരുമാനമുണ്ടാവില്ലല്ലോ? അതുകൊണ്ടുതന്നെ വായ്പയുടെ മുതലോ പലിശയോ തിരിച്ചടക്കുക അസാധ്യമാവും.
വായ്പാ തുകയുപയോഗിച്ച് നിര്‍മിക്കുന്ന റോഡുകളില്‍ നിന്ന് വരുമാനമുണ്ടായാലേ വായ്പാ തുക തിരിച്ചടയ്ക്കാനും പലിശയടയ്ക്കാനും പറ്റൂ. റോഡുകളില്‍ ടോള്‍ പിരിക്കാനും യാത്രികരില്‍ നിന്ന് പരമാവധി പിഴയിടാക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമാവുന്നത് വായ്പകള്‍ സ്വീകരിക്കുമ്പോഴാണ്. കേരളത്തിന്റെ പൊതു കടം നാല് ലക്ഷം കോടി രൂപ കടന്നതിന്റെ ആഘാതം ചാര്‍ജ്-നികുതി വര്‍ധനവുകളായി സഹിക്കുന്ന ജനങ്ങളുടെ മേലേക്കാണ് വായ്പയുടെ കാമറ കണ്ണുകള്‍ മിഴിതുറക്കുന്നത്. ആ നോട്ടം കേരള ജനത എങ്ങനെ ഉള്‍കൊള്ളുമെന്ന് കണ്ടറിയണം.