അഹ് മദ് ശരീഫ് പി എഴുതുന്നു
|
മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വരുന്നു. മോദിയെ കൊല്ലുമെന്ന് കെ സുരേന്ദ്രന് കത്ത് കിട്ടുന്നു . ഇന്റലിജന്‍സ് റിപോര്‍ട്ട് ചോര്‍ന്നതിന് സുരേന്ദ്രന്‍ പൊലീസിനെ കുറ്റപ്പെടുത്തുന്നു. കത്ത് അയച്ച ആളെ കണ്ടത്തി. അത് എറണാകുളത്തെ ജോസഫ് ജോണ്‍ ആണെന്ന് വന്നതോടെ കേസിന്റെ ഘനം കുറഞ്ഞു. അപ്പൊ ഇയാളുടെ പേരില്‍ മറ്റാരോ എഴുതി എന്ന്.
പേരും ഫോണ്‍ നമ്പറും വച്ച കത്ത് എങ്ങനെ ഊമക്കത്താകും. ആ വീട്ടുകാരുടെ വിഷമം പറയാന്‍ മാധ്യമങ്ങളുണ്ട്. മോദിക്ക് ഭീഷണി എന്ന രഹസ്യ പൊലീസ് റിപോര്‍ട്ടില്‍ പറയുന്നത് മുഴുവന്‍ പണ്ടേ പറയുന്ന സിറിയയില്‍ പോയ കാര്യങ്ങള്‍. അതില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും പിഡിപിയുമുണ്ട്. ഭരണകക്ഷിയിലെ രണ്ട് പാര്‍ട്ടികളുമുണ്ട്. എല്ലാം കേട്ടാല്‍ മോദിയുടെ വരവ് കുറേക്കൂടി ജോറാക്കാന്‍, കേരളം കൂടി ഒന്ന് കുട്ടിച്ചോറാക്കാന്‍ ഇജ്ജാതി നാടകങ്ങള്‍ ഉപകരിക്കും . ട്രെയിന്‍ തീവയ്പ് കേസ് എവിടെയും എത്തിയില്ല. പ്രതി കൈയിലുണ്ട് , പക്ഷെ ഒന്നും തെളിയിക്കാന്‍ ഇത് വരെ കഴിഞ്ഞില്ല.
എന്നാല്‍ സെന്‍കുമാറിന്റെ അതേ ഭാഷയില്‍ ഭീകരരുടെ കോട്ടയായ ഷഹീന്‍ ബാഗില്‍ നിന്നല്ലേ പിന്നെ ഒന്നും പറയേണ്ടതില്ലല്ലോ എന്ന് മുക്രയിട്ട ഒരു ഇന്റലിജിന്‍സ് എഡിജിപി വീണ്ടും സംഘി റോളില്‍ ഈ സംഭവങ്ങളിലും സജീവം. മൊത്തത്തില്‍ സിപിഎമ്മിന്റെ പൊലീസിനെക്കൊണ്ട് സംഘികള്‍ പണിയെടുപ്പിക്കുന്നു എന്ന് വ്യക്തം. പൊലിസില്‍ ഒരു മുസ്ലിം ഉണ്ടെങ്കില്‍ തീവ്രവാദി പട്ടം ചാര്‍ത്താന്‍ വെമ്പല്‍ കാട്ടുന്ന പൊതുബോധവും പൊലീസിലെ പ്രത്യക്ഷ സംഘികളെ താലോലിക്കുന്നു.
കത്ത് എഴുതിയ ആള്‍ നിരപരാധി എന്ന് മീഡിയ റിപോര്‍ട്ടര്‍മാര്‍ ചോദ്യം ചെയ്യും മുമ്പേ പറയുന്നത് നല്ല കാര്യം. ഒരു വെടിക്ക് രണ്ടു നേട്ടം. ഒന്ന് മോദിക്ക് വധഭീഷണി എന്ന പ്രചരണം ഉണ്ടാക്കുന്ന മൈലേജ് . മറ്റൊന്ന് മഅ്ദനി കേരളത്തില്‍ വരുന്നത് എങ്ങനെയെങ്കിലും തടയുക. ഇങ്ങനെയൊക്കെ ഏജന്‍സികളെ വച്ചു കളിച്ചാണ് മറ്റ് സ്റ്റേറ്റുകളില്‍ ബിജെപി വളര്‍ന്ന് അധികാരം പിടിച്ചത്. ഇവിടെയും അതിന് വേണ്ടിയുള്ള കളികള്‍ക്ക് പിണറായിയുടെ പൊലീസിനെ സമര്‍ഥമായി ഉപയോഗിക്കുന്നു എന്നര്‍ഥം .
കണ്ടിട്ടും മിണ്ടാതിരിക്കുന്നു കേരള സര്‍ക്കാര്‍. പൊലിസിനെ ക്ലീന്‍ ചെയ്യേണ്ട സമയം അതിക്രമിച്ചിട്ടും മൗനം തന്നെ . കേരളം പിടിക്കുമെന്ന് മോദി പറയുന്നു. ഒരു പള്ളി തര്‍ക്കത്തില്‍ മറ്റൊരാളുടെ പേരില്‍ കത്തെഴുതി കുടുക്കാന്‍ ശ്രമിച്ചതാണെന്ന് പൊലീസിന് ബോധ്യമായെങ്കില്‍ അതങ്ങ് നേര്‍ക്ക് പറഞ്ഞാല്‍ പോരെ. ഈ നാടകങ്ങള്‍ എന്തിന് ?