15
Jul 2023
Tue
15 Jul 2023 Tue
what brahmanyam done with keralam gafoor kodinhi writeup ബ്രാഹ്മണ്യം കേരളത്തോട് ചെയ്തത്

ഗഫൂർ കൊടിഞ്ഞി

whatsapp ബ്രാഹ്മണ്യം കേരളത്തോട് ചെയ്തത്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിത്തുകളെ ചരിത്രത്തോട് കൂട്ടിക്കെട്ടാനുള്ള സംഘ്പരിവാറിൻ്റെ ശ്രമങ്ങൾക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. വൈദിക ബ്രാഹ്മണ്യം അവരുടെ ഇരിപ്പിടത്തിൻ്റെ അടിത്തറയുറപ്പിച്ചത് ഐതിഹ്യങ്ങളിൽ നിറംപിടിപ്പിച്ചു കൊണ്ടായിരുന്നു. കേരളത്തിലെ ആദിമ നിവാസികളെ ഈ മിത്തുകൾ ഉയർത്തിക്കാട്ടി പേടിപ്പിച്ചും പ്രീണിപ്പിച്ചുമാണ് അവർ അധീശത്ത്വം സ്ഥാപിച്ചെടുത്തതും ഇന്നുള്ള പ്രത്യയ ശാസ്ത്ര അടിത്തറ സജ്ജമാക്കിയതും.

മുസ് ലിംകളും മറ്റ് പിന്നാക്ക വിഭാഗങ്ങളും അപരവൽക്കരിക്കപ്പെടുന്ന ഈ ഫാഷിസ്റ്റ്കാലത്ത് ഇവിടത്തെ ആദിമ സംസ്കൃതികളെ വൈദിക ബ്രാഹ്മണ്യം എവ്വിധമാണ് അപരവൽക്കരിച്ചത് എന്ന ഒരു അന്വേഷണമാണിത്. സുമാർ ഒരു സഹസ്രാബ്ദം മുൻപ് നടന്ന അത്തരം ഒരു അപരവൽക്കരണം തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇന്ത്യയിൽ വൈദിക ബ്രാഹ്മണ്യം ലക്ഷ്യമിടുന്നത് എന്നതാണ് ഈ അന്വേഷണത്തിൻ്റെ പ്രസക്തി.

എഡി ആറാം നൂറ്റാണ്ട് മുതൽക്ക് തന്നെ നമ്പൂതിരിമാർ കേരളത്തിൽ വന്നു ചേരുന്നുണ്ട്. എങ്കിലും ഇവിടെ ശാഖോപശാഖകളായി പടർന്നു പന്തലിച്ച് നിന്നിരുന്ന ശക്തവും ബഹുസ്വരവുമായ വിവിധ ദ്രാവിഡ സംസ്‌കൃതികളുടെ സാന്നിധ്യത്തിൽ അവർക്ക് ഈ മണ്ണിൽ വേര് പിടിപ്പിക്കാനായില്ല. അതിന് കാരണം ശൈവ ബൗദ്ധ ജൈന വിഭാഗങ്ങളുടെ ഇവിടത്തെ ശക്തമായ സാന്നിധ്യമായിരുന്നു. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ മാത്രമല്ല, കാർഷിക മേഖലയിലും അവർക്ക് അപ്രമാദിത്വമുണ്ടായിരുന്നു. ഇതിനെ വെല്ലുവിളിക്കുക എളുപ്പമായിരുന്നില്ല. കാവുകളും പ്രതിഷ്ഠകളും അവരുടെ പ്രതിനിധാനങ്ങളെ പുഷ്കലമാക്കിയിരുന്നു.

പള്ളിയും പള്ളിക്കൂടങ്ങളും സ്ഥാപിച്ച് സാംസ്കാരിക ഔന്നത്യം പ്രാപിച്ചിരുന്നു മറ്റു ചിലർ. ഈ വിധം സാംസ്കാരികമായി ഔന്നത്യം പ്രാപിച്ച ജനസഞ്ജയങ്ങളായിരുന്നു ഇവിടെ നിലനിന്നിരുന്നവരെല്ലാം. അവരാണ് മലയോര പ്രദേശങ്ങളിൽ കാട് വെട്ടിത്തെളിച്ച് പുനംകൃഷിയും പാർപ്പിട പരിസരങ്ങൾ വളച്ചു കെട്ടി ചേരിക്കൽ കൃഷിയും ആദ്യമായി ആവിഷ്കരിച്ചത്.കൃഷിക്ക് അനുയോജ്യമായ കൈക്കോട്ട്, കലപ്പ തുടങ്ങിയ പണിയായുധങ്ങളും ഇദം പ്രഥമമായി നാട്ടിൽ പരീക്ഷിച്ചതും അവരായിരുന്നു. ഇമ്മട്ടിൽ സമൂഹത്തിൽ വേരാഴ്ത്തി നിന്ന ഈ സംസ്കൃതികളെ അത്ര എളുപ്പത്തിൽ തൂത്തെറിയുക പ്രയാസകരമായിരുന്നു.

എങ്കിൽ വൈദിക അപ്രമാദിത്വം എങ്ങിനെയാണ് അവരിവിടെ സ്ഥാപിച്ചെടുത്തത് എന്ന ചോദ്യം വരുന്നു. അതിൻ്റെ ഉത്തരത്തിനാകട്ടെ അന്ന് ഈ നാട്ടിൽ അജയ്യമായി നിലനിന്നിരുന്ന ശൈവ ബൗദ്ധ ജൈന സംസ്കൃതികളെ അവർ അപരവൽക്കരിച്ച ചരിത്രത്തിലൂടെ സഞ്ചരിക്കണം. ചരിത്രമെന്ന മട്ടിൽ ഇവിടെ അടിച്ചേൽപ്പിച്ച സവർണ മിത്തുകളും ഐതിഹ്യങ്ങളും പരിശോധിക്കണം. പരശുരാമൻ മഴുവെറിഞ്ഞു കേരളം സൃഷ്ടിച്ചു എന്ന ഐത്യഹ്യമുണ്ടല്ലോ. കേവലം ഐതിഹ്യം എന്നതിൽ കവിഞ്ഞ് സവർണ കുരുട്ടു തന്ത്രങ്ങളുടെ ആന്തരാർഥങ്ങൾ ഈ മിത്തുകൾ സൂഷ്മമായി ചികഞ്ഞാൽ തെളിഞ്ഞു വരും. അതിൽ ഒളിഞ്ഞിരിപ്പുള്ള ചതിയുടേയും വഞ്ചനയുടേയും യഥാ‍ഥമായ വസ്തുതകൾ വിവേചിച്ചറിയുക എന്നത് നമ്മുടെ കാലഘട്ടത്തിൽ പ്രസക്തിയുള്ള കാര്യമാണ്.

പരശുരാമകഥ

വൈദിക ദർശനങ്ങളിലെ ആറാമത്തെ അവതാരമാണല്ലോ പരശുരാമൻ എന്ന ബ്രാഹ്മണ പരാക്രമി. പരമശിവൻ നൽകിയ മഴുവുമായാണ് അദ്ദേഹം കേരളത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. ആ മഴുവുമായി അയാൾ ആദ്യം ക്ഷത്രിയരെ കൂട്ടക്കുരുതി നടത്തി എന്നാണ് ഐതിഹ്യം. ഈ കെട്ടുകഥയ്ക്ക് പിറകിലുള്ള വിരോധാഭാസം ശ്രദ്ധിക്കണം. കാരണം ഇവിടെയുള്ളവരെ കൊന്നൊടുക്കിയെങ്കിൽ ആ ഇടം പരശുരാമൻ മഴു എറിഞ്ഞു കേരളം സൃഷ്ടിക്കുന്നതിന് മുമ്പേ ഇവിടെ നില നിന്നിരുന്നു എന്ന് അർഥമുണ്ടല്ലോ. മഴു എറിഞ്ഞതിനെ തുടർന്ന് രൂപം കൊണ്ടു വെന്ന കെട്ടുകഥയുടെ പരിഹാസ്യതയാണ് ഇത് വെളിവാക്കുന്നത്. ഏതായാലും ഈ നരമേധത്തിൽ അദ്ദേഹത്തിന് മനസ്ഥാപം വരികയും അങ്ങിനെ തൻ്റെ പാപത്തിന് പ്രതിക്രിയ ചെയ്യുകയും ചെയ്തു എന്നാണ് ഐതിഹ്യത്തിലുള്ളത്. അതിന് ശേഷം വടക്ക് നിന്ന് കൊണ്ടുവന്ന അറുപത്തിനാല് ബ്രാഹ്മണ കുടുംബങ്ങളെ ഇവിടെ കുടിയിരുത്തി എന്നും കേരളമാഹാത്മ്യം ഐതിഹ്യമാല തുടങ്ങിയ ആദിമ ചരിത്ര?കൃതികളിൽ വായിക്കാം. ഈ കുടിയിരുത്തലിന് പിന്നിൽ പക്ഷേ, യഥാർഥ്യത്തിൻ്റെ ചില അംശങ്ങളുണ്ട് എന്നത് ശരിയാണ്.

എന്നാൽ ഗോകർണത്ത് നിന്ന് കന്യാകുമാരിയിലേക്ക് പരശു ചുഴറ്റി എന്ന മിത്തിൻ്റെ പിറകിലുള്ള ചരിത്രം വിഡ്ഢിത്തമാണെങ്കിലും അത് വിശകലനം ചെയ്തു നോക്കുന്നത് രസാവഹമാണ്. പരശുരാമൻ നിഗ്രഹിച്ചത് ക്ഷത്രിയരെയായിരുന്നു എന്ന് വിശ്വസിക്കുന്നതിലും വലിയ വിരോധാഭാസമുണ്ട്. കാരണം മുൻപ് കാലത്തോ അക്കാലത്തോ ക്ഷത്രിയർ ഇവിടെ അധിവസിച്ചിരുന്നു എന്നതിന് ചരിത്രത്തിൽ ഒരു തെളിവും കാണുന്നില്ല. ശൂദ്ര വിഭാഗമായ നായർ സമൂഹത്തിനെ ക്ഷത്രിയ പദവിയിലേക്കുയർത്തി ബ്രാഹ്മണർ പിൽക്കാലത്ത് കൂടെ കൂട്ടുകയായിരുന്നു എന്നാണ് ഭൂരിഭാഗം ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നത്. വടക്ക് കിഴക്കൻ ഇന്ത്യയിൽ നിന്ന് ശ്രീലങ്ക വഴിയോ മറ്റോ കേരളത്തിലേക്ക് കുടിയേറിയ ഒരു വിഭാഗമായിരുന്നു നായ(നാഗ?)ന്മാർ എന്നത് ചരിത്രത്തിൽ ചിതറിക്കിടപ്പുള്ള വസ്തുതയാണ്. ബ്രാഹ്മണരുടെ വെട്ടിപ്പിടുത്തങ്ങൾക്ക് പിന്തുണ നൽകി നായന്മാർ അനുയായികളായി കൂടെ നിന്നപ്പോൾ അത് ഇരുകൂട്ടർക്കും (ബ്രാഹ്മണർക്കും നായന്മാർക്കും)ലാഭക്കച്ചവടമായി. അതെന്തായാലും പരശുരാമൻ കൊന്നൊടുക്കിയത് ക്ഷത്രിയരെയല്ല മറിച്ച്, ഇന്നാട്ടിലെ ബൗദ്ധരും ജൈനരും അടങ്ങുന്ന ആദിമനിവാസികളായ ദ്രാവിഢ വർ​ഗത്തെ തന്നെയായിരുന്നു എന്നർഥം.

കടന്നുവന്ന ബ്രാഹ്മണർ ഈ നായന്മാരുടെ പിൻബലത്തോടെ ഇവിടത്തെ സ്വത്തിൽ ആധിപത്യം സ്ഥാപിക്കുകയാണ് ആദ്യം ചെയ്തത്. നായർ വിഭാഗങ്ങൾ അതിനെ പിന്തുണച്ച് ഏറാൻമൂളികളായി കൂടെ നിന്നത് കൊണ്ട്‌ അവർക്കും കാര്യമുണ്ടായി. നായന്മാർ ബ്രാഹ്മണരുടെ ആജ്ഞകൾ നടപ്പിലാക്കുന്ന ചട്ടുകങ്ങളായാണ് പ്രവർത്തിച്ചത്. വൈദികമായ യാഗങ്ങളും യജ്ഞങ്ങളും നടത്തി അവർ സവർണ ദൈവങ്ങളെ കുടിയിരുത്തി. ദൈവത്തിൻ്റെ പ്രാതിനിധ്യം സ്വയം ഏറ്റെടുത്ത് നാട്ടുവാസികളെ പേടിപ്പിച്ചും പലപ്പോഴും പീഡിപ്പിച്ചും വരുതിയിലേക്ക് കൊണ്ടുവന്നു. സവർണ്ണ വിശ്വാസങ്ങളും ആചാര അനുഷ്ഠാനങ്ങളും ഇവിടത്തെ ജനങ്ങളിൽ അടിച്ചേൽപ്പിച്ചു. അങ്ങിനെയാണ് വൈദിക ആചാരാനുഷ്ഠാനങ്ങൾ ഈ മിത്തുകളുടെ ബലത്തിൽ
കാലാന്തരങ്ങളിലൂടെ പൊതുസമ്മതിയുള്ള വിശ്വാസത്തിൻ്റെ ഭാഗമായത്. വർണാശ്രമധർമങ്ങൾ ഉപയോഗപ്പെടുത്തി മനുഷ്യനെ കള്ളിതിരിക്കുന്ന പ്രവണതയും അന്ന് മുതലാവണം കേരളത്തിൽ വേരോടിയത്. ഇതിനെ തുടർന്ന് ദ്രാവിഡരുടെ ആരാധനാലയങ്ങൾ കൈയേറി അവരുടെ കാവുകളിലും തറകളിലും സവർണ പ്രതിഷ്ഠകളും ഈ ബ്രാഹ്മണ മേധാവികൾ മാറ്റി സ്ഥാപിച്ചിരിക്കാം. ഇന്ന് കേരളത്തിൽ കാണുന്ന പല ക്ഷേത്രങ്ങളും ഇവർ ഇമ്മട്ടിൽ പിടിച്ചെടുത്തതാണ്. ഇരിഞ്ഞാലക്കുട കൂടൽ മാണിക്യക്ഷേത്രം ശബരിമല അയ്യപ്പക്ഷേത്രം തൃശൂർ വടക്കുന്നാഥ ക്ഷേത്രം തുടങ്ങിയവ ഇതിൽ ചിലത് മാത്രം.

ശബരിമലയ്ക്ക് പിന്നിൽ

ശൈവ വിഭാഗങ്ങളെ വൈദിക ബ്രാഹ്മണ്യത്തോട് കണ്ണി ചേർക്കാനും ശബരിമലയുടെ യഥാർഥ ചരിത്രം തമസ്ക്കരിക്കാനും ഇവർ പുതിയ കഥകൾ മെനഞ്ഞുണ്ടാക്കിയത് മിത്തുകളിൽ ഒളിപ്പിച്ചുവച്ച ഇത്തരം ചരിത്രങ്ങൾ ചികഞ്ഞ് വേറെയും നമുക്ക് ഉരുത്തിരിച്ചെടുക്കാനാവും. അവയിലൊന്നാണ് പാകമാകാത്ത കുപ്പായം പോലെ ശബരിമല അയ്യപ്പ പ്രതിഷ്ഠയുടെ പിന്നിൽ തുന്നിച്ചേർത്ത ഐതിഹ്യം. ദക്ഷിണേന്ത്യയിലെ ശൈവ വിഭാഗങ്ങളെ അത്ര എളുപ്പം മെരുക്കിയെടുക്കാനാവില്ല എന്ന് മനസിലാക്കിയാവണം ഒരു വിധത്തിലും കണ്ണി ചേരാത്ത ശിവനേയും മഹാവിഷ്ണുവിനേയും കൂട്ടിക്കെട്ടി പുതിയ ഐതിഹ്യം അവർ മെനഞ്ഞുണ്ടാക്കിയത്.ഇവിടെ സൗഹൃദപൂർവം വസിക്കുന്ന ശൈവ ബൗദ്ധ ജൈന വിഭാഗങ്ങളെ നേരിട്ടെതിർക്കാൻ ബ്രാഹ്മണർക്ക് സാധിക്കുമായിരുന്നില്ല. അപ്പോൾ പിന്നെ ഇവരിൽ ഒരു കൂട്ടരെ കൂടെ കൂട്ടി മറ്റുള്ളവരെ എതിർക്കുക എന്ന പുതിയ തന്ത്രം അവർ ആവിഷ്കരിച്ചതാവാം.

ഏതായാലും ഈ മിത്തിൻ്റെ ബലത്തിൽ നൂറ്റാണ്ടുകളായി പോരടിച്ച ശൈവവിഭാഗത്തെ വൈദികശ്രേണിയിലേക്ക് മാർഗം കൂട്ടുന്നതിൽ അവർ വിജയിച്ചു എന്നതിന് നിദർശനമാണ് ശബരിമലയെ ചുറ്റിപ്പറ്റി ഇവർ ഉയർത്തിക്കൊണ്ടു വന്ന ഐതിഹ്യം. ഒരിക്കൽ ഒരസുരൻ പരമശിവനെ പ്രസാദിപ്പിക്കാൻ തപസ്സ് ചെയ്തു. കാലങ്ങൾ നീണ്ട തപസിനൊടുവിൽ ശിവൻ പ്രത്യക്ഷപ്പെട്ട് എന്ത് വരമാണ് വേണ്ടത് എന്ന് അസുരനോട് ചോദിച്ചു. ഞാൻ ആരുടെ നേരെ വിരൽ ചൂണ്ടുന്നുവോ ആ ആൾ ഭസ്മമാകണം എന്നതായിരുന്നു അസുരൻ ആവശ്യപ്പെട്ട വരം. വിചിത്രമായിരുന്നു വരമെങ്കിലും തന്നെ തപസ്സ് ചെയ്ത അസുരന്ന് വരം കൊടുക്കുകയല്ലാതെ ശിവന് നിർവാഹമില്ലായിരുന്നു. എന്നാൽ ശിവൻ കൊടുത്ത വരം പരീക്ഷിക്കാൻ അസുരൻ ശിവനെ തന്നെ തിരഞ്ഞെടുക്കുകയാണുണ്ടായത്. ഗത്യന്തരമില്ലാതെ ശിവൻ പിന്തിരിഞ്ഞോടി. ശിവൻ്റെ ഈ നിസ്സഹയാവസ്ഥ കണ്ട് മഹാവിഷ്ണുവിന് മനസലിഞ്ഞു.

എങ്ങിനെയെങ്കിലും ശിവനെ ഈ ആപൽസന്ധിയിൽ നിന്ന് രക്ഷിക്കണമെന്നുറച്ച് വിഷ്ണു മോഹിനിയുടെ രൂപം പ്രാപിച്ച് ഭസ്മാസുരന് വഴിയിൽ തടസ്സം സൃഷ്ടിച്ചു. മോഹിനിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ ഭസ്മാസുരൻ അവളിൽ അനുരക്തയായി വിവാഹാഭ്യർഥന നടത്തി. എന്നാൽ മോഹിനി ഒരു ഉപാദി വച്ചു. എനിക്ക്താങ്കളുടെ ഭാര്യാ പദവി അലങ്കരിക്കുന്നതിൽ എതിരഭിപ്രായമൊന്നുമില്ല. പക്ഷെ എന്നേക്കാൾ സൗന്ദര്യമുള്ള ഒരു സ്ത്രീയെ കണ്ടെത്തിയാൽ താങ്കൾ എന്നെ ഉപേക്ഷിക്കില്ല എന്ന് എനിക്ക് ഉറപ്പ് കിട്ടണം. അതിനാൽ സ്വന്തം നെഞ്ചത്ത് വിരൽചൂണ്ടി മറ്റൊരുത്തിയെ വരിക്കില്ല എന്ന് അങ്ങ് സത്യം ചെയ്യണം. ഇതായിരുന്നു ആ ഉപാദി. മോഹിനിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച ഭസ്മാസുരൻ തൻ്റെ വിരലിലിരിക്കുന്ന അപകടകരമായ വരത്തിൻ്റെ ശക്തി മറന്ന് സ്വന്തം നെഞ്ചിലേക്ക് വിരൽ ചൂണ്ടി. അങ്ങനെ അസുരൻ താൻ നേടിയ തപശക്തി കൊണ്ടു തന്നെ ഭസ്മമായി.

ശിവൻ, താൻ എങ്ങിനെയാണ് ഭസ്മാ സുരനിൽ നിന്ന് രക്ഷപ്പെട്ടത് എന്നറിയാനുള്ള ആകാംക്ഷയിൽ വിഷ്ണുവിനെ സമീപിച്ചു. താൻ ദേവന്മാരെ നിലയ്ക്ക് നിർത്താൻ ഉപയോഗിച്ച മോഹിനിയുടെ രൂപം പൂണ്ട് ഭസ്മാസുരൻ്റെ ശ്രദ്ധ തിരിക്കുകയായിരുന്നു എന്ന് വിഷ്ണു മറുപടി കൊടുത്തു. എങ്കിൽ പിന്നെ ആ മോഹിനിയുടെ രൂപം തനിക്കും ഒന്ന് കാണണമെന്നായി ശിവൻ. വിഷ്ണു മോഹിനിയുടെ രൂപം പൂണ്ട് പരമശിവൻ്റ മുന്നിൽ
പ്രത്യക്ഷപ്പെട്ടതോടെ ശിവൻ അവളിൽ അനുരക്തയായി. ആ ബന്ധത്തിൽ പിറന്ന കുഞ്ഞിനെയാണ് അയ്യപ്പനായി ശബരിമലയിൽ കുടിയിരുത്തിയത് എന്നാണ് അവർ മെനെഞ്ഞെടുത്ത കഥ. ഈ ഒരു മിത്തിലൂടെയാണ് വൈദിക ബ്രാഹ്മണ്യം ശൈവരുമായി കൈകോർത്തത്.

ഈ ഐതിഹ്യത്തെ ഇന്നത്തെ പല ചരിത്രകാരന്മാരും കെട്ടുകഥയായി മാത്രമാണ് കാണുന്നത്. യഥാർഥ ശബരിമല ചരിത്രം തേടിപ്പോയാൽ
അവിടെ ശ്രീബുദ്ധൻ്റെ പ്രതിഷ്ഠയാണ് കാണുക. ഈ വസ്തുത ഇതു സംബന്ധമായി പഠനം നടത്തിയ ചരിത്രകാരന്മാർ അംഗീകരിച്ചതാണ്. ശബരിമലയിലെ ശരണ മന്ത്രങ്ങൾ പോലും ബൗദ്ധമാണ് എന്നവർ പറയുന്നു. (ബുദ്ധം ശരണംഗച്ഛാമി / സ്വാമീ ശരണം). വൈദിക ദർശങ്ങളിൽ എവിടേയും ഇത്തരം ഒരു ശരണംവിളി കടന്നു വരുന്നില്ല എന്നതും കാണണം.

പതിനെട്ടാം പടി എന്ന സങ്കൽപ്പം പോലും ബുദ്ധൻ്റെ നാലുവിശുദ്ധസത്യങ്ങളും എട്ട് ഗുണങ്ങളും മറ്റും അന്തർലീനമായ അതിൻ്റെ അടിസ്ഥാന പ്രമാണങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.അയ്യപ്പൻ എന്നതിലെ അയ്യൻ തമിഴിൽ ബുദ്ധനെ സൂചിപ്പിക്കുന്നു. സംഘ സാഹിത്യങ്ങളിലെ സൂചനകളെല്ലാം ഇത് വ്യക്തമാക്കുന്നു. സംഘ കാലഘട്ടം തന്നെ ബൗദ്ധകാലഘട്ടമായിരുന്നു. ചേരമാൻ പെരുമാൾ പോലും ബുദ്ധമതത്തിൽ നിന്നാണ് ഇസ് ലാമിലേക്ക് വരുന്നത്.
അതു കൊണ്ടു തന്നേയാണ് മുസ് ലിംകളെ ബൗദ്ധർ എന്ന് ചിലർ വിശേഷിപ്പിക്കുന്നത്. ഇതിനൊക്കെ പുറമെ ശബരിമലയിൽ കുടിയിരുത്തിയിരിക്കുന്ന അയ്യപ്പ വിഗ്രഹം ശ്രദ്ധിക്കുക. അത് ബുദ്ധനോട് എത്രമാത്രം സാമ്യപ്പെട്ടിരിക്കുന്നു എന്ന് നോക്കുക. പമ്പയുടെ തീരത്ത് അനാഥനായി കിടന്ന മണികണ്ഠൻ എന്ന അയ്യപ്പനെ മക്കളില്ലാത്ത പന്തളം രാജാവ് എടുത്തു വളർത്തി ശബരിഗിരിയിൽ കുടിയിരുത്തി എന്നാണ് പറയപ്പെടുന്നത്. എത്ര കൂട്ടിക്കിഴിച്ചാലും പന്തളം രാജ വംശത്തിന് പത്ത് നൂറ്റാണ്ടിൻ്റെ ചരിത്രമില്ല എന്നത് തന്നെ ഇക്കഥ സവർണ ബ്രാഹ്മണ്യം പിന്നീട് തുന്നിച്ചേർത്തതാണ് എന്നതിന് ഏറ്റവും വലിയ തെളിവാണ്.ശൈവ വിഭാഗങ്ങളെ കൂടെ കൂട്ടുക എന്നതിനുപരി ബൗദ്ധമായ ശബരിമല പോലുള്ള ആരാധനാലയങ്ങൾ പിടിച്ചെടുക്കാനുള്ള കുടില തന്ത്രത്തിൻ്റെ ഭാഗമായിരുന്നു മുൻപറഞ്ഞ ശിവനും മോഹിനി യും ഉൾപെട്ട ഐതിഹ്യം കെട്ടിച്ചമച്ചതിന് പിന്നിൽ എന്നും പറയാം.

മഹാബലി എന്ന മിത്ത്

ഇതു പോലെ സവർണ്ണ ബ്രാഹ്മണ്യം ബോധപൂർവ്വം മെനഞ്ഞെടുത്ത മറ്റൊരു കഥയാണ്, കേരളീയർ ദേശീയ ഉൽസവം എന്ന പേരിൽ ആഘോഷിക്കുന്ന ഓണത്തിന് പിറകിലുള്ളത്. ചരിത്രത്തിൽ തുല്യതയില്ലാത്ത ഒരു കടുത്ത വഞ്ചനയുടെ ചരിത്രമാണത്. വൈദിക ബ്രാഹ്മണ്യത്തിൻ്റെ മനുഷ്യത്വ വിരുദ്ധ വാഴ്ചയുടെ കാലത്ത്, സമത്വത്തിലും നീതിയിലും അധിഷ്ഠിതമായി നില നിന്ന ഒരു മാതൃകാ ഭരണാധി കാരിയെ അവർക്ക് പൊറുപ്പിക്കാൻ ആകുമായിരുന്നില്ല. അതു കൊണ്ടു തന്നെ എവ്വിധമാണ് ആ സൽഭരണം തൂത്തെറിഞ്ഞത് എന്ന് ഇക്കഥയിൽ അനാവരണം ചെയ്യപ്പെടുന്നു. കള്ളവും ചതിവുമില്ലാതെ നീതി നിഷ്ഠമായ ഒരു ഭരണത്തെയാണ് ബ്രാഹ്മണ്യം പാതാളത്തിലേക്ക് ചവിട്ടി ത്താഴ്ത്തിയത്.മഹാബലി ഒരു അസുര (ദ്രാവിഡ)ചക്രവർത്തിയായിപ്പോയി എന്നതായിരുന്നു അയാളുടെ തെറ്റ്.

വൈദികമായ ഒരു ഗ്രന്ഥങ്ങളിലും മറ്റൊരു പോരായ്മ മഹാബലിയിൽ ഉള്ളതായി ആരോപിക്കുന്നില്ല എന്നതും കാണണം. പ്രഹ്ലാദ പൗത്രനായ മഹാബലി അഹംഭാവി ആയിരുന്നു എന്നതായിരുന്നു പ്രശ്നം. വൈദിക വാറോലകൾ പരിശോധിച്ചാൽ അഹംഭാവത്തിൻ്റെ മൂർത്തീഭാവമായിരു ന്നു അവരുടെ ഓരോ ഭരണാധികാരികളും. ദേവേന്ദ്രൻ മുതൽക്കുള്ള ആര്യദൈവങ്ങളുടേയെല്ലാം അടിസ്ഥാന ഭാവം അഹന്തയായിരുന്നു. കുരുക്ഷേത്ര യുദ്ധത്തിൻ്റയും രാവണ നിഗ്രഹത്തിൻ്റേയും അടിസ്ഥാന കാരണം ഇവരിൽ അന്തർലീനമായ അഹന്തയും ആഢ്യമനസ്ഥിതിയും ആയിരുന്നു എന്ന് ആർക്കും നിഷേധിക്കാനാവില്ല.

ആ ഭരണം ദേവന്മാർക്ക് ഇഷ്ടപ്പെട്ടില്ല എന്നത് മാത്രമായിരുന്നു മഹാവിഷ്ണു വാമനൻ്റെ വേഷത്തിൽ ബലി സമക്ഷം ഭിക്ഷ തേടാൻ കാരണം. ദേവന്മാരേക്കാൾ നീതി നിഷ്ഠമായി ഒരു ഭരണം നടത്താൻ ഒരു അസുരന് അവകാശമില്ല എന്നത് അഹന്തയല്ലെങ്കിൽ മറ്റെന്താണ്?ചുരുക്കി പറഞ്ഞാൽ ദേവന്മാരേക്കാൾ നന്നായി ഒരു ക്ഷേമരാഷ്ട്രം സൃഷ്ടിക്കാനും സമഭാവനയോടെയും പ്രജാക്ഷേമതൽപ്പരതയോടെ ഭരിക്കാനും ഒരു അസുര ചക്രവർത്തിക്ക് അവകാശമില്ല എന്ന് തന്നേയാണ് ഇവിടെ അർഥം വരുന്നത്. മൂന്നാം അടി അളന്നെടുക്കാൻ വാമനന് മുന്നിൽ അന്ന് തല കുനിച്ച മഹാബലി സത്യത്തിൽ വൈദിക ബ്രാഹ്മണ്യത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഈ വഞ്ചന മഹാബലി മുൻകൂട്ടിഅറിയുന്നുണ്ട്. എങ്കിലും തൻ്റെ സത്യസന്ധതയും നീതി ബോധവും ദൈവഭക്തിയും വാക്ക് മാറുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കുന്നു.

ഏതായാലും ബലിയുടെ കീഴടക്കം. ആര്യ മേൽക്കോയ്മക്ക് മുന്നിൽ പഞ്ചപുച്ചമടക്കിയ ദ്രാവിഡൻ്റെ നെഞ്ചത്തടിച്ച അവ സാന ആണിയായിരുന്നു എന്നതിൽ തർക്കമില്ല. ചരിത്രത്തിൽ തുല്യതയില്ലാത്ത ഈ നീതി നിഷേധത്തിൻ്റെ നേർസാക്ഷ്യമായ ഈ മിത്ത് ഇനിയും മാറ്റിയെഴുതാനാണ് സവർണ്ണ അധികാരി വർഗ്ഗം ഇന്ന് ശ്രമിക്കുന്നത്. അതിൻ്റെ ഉദാഹരണമാണ് ഓണം വാമന ജയന്തിയായി ആഘോഷിക്കണം എന്ന സംഘ്‌പരിവാർ മുറവിളി.

പറയിപെറ്റ പന്തിരുകുലം

അതുപോലെ വൈദിക ബ്രാഹ്മണ്യം പടച്ചുവിട്ട മറ്റൊരു മിത്തായിരുന്നു പറയിപെറ്റ പന്തിരുകുലം. വിക്രമാധിത്യ സദസ്സിലെ നവരത്നങ്ങളിൽ ഏറ്റവും പ്രാമാണികനായിരുന്നു വരരുചി എന്ന ബ്രാഹ്മണൻ. രാജകൊട്ടാരത്തിലെ പണ്ഡിതസദസ്സിൽ വെച്ച് രാമായണത്തിലെ ഏറ്റവും പ്രമാദമായ ശ്ലോകം ഏത് എന്ന ചോദ്യം വിക്രമാദിത്യൻ സദസിന് മുന്നിൽ വെക്കുന്നു. ഉത്തരം പറയാനാവാതെ പണ്ഡിത ശ്രേഷ്ഠൻമാർ തല കുനിച്ചപ്പോൾ ആ ദൗത്യം വരരുചിയെ രാജാവ് എൽപ്പിക്കുന്നു.വരരുചി ഉത്തരം തേടി അലഞ്ഞ് തളർന്ന് ഒരു വട വൃക്ഷച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു.

ഈ സമയം മരക്കൊമ്പിലിരുന്ന രണ്ട് പക്ഷികൾ പരസ്പരം സംസാരിക്കുന്നത് പക്ഷികളുടെ ഭാഷ വശമായിരുന്ന വരരുചി ശ്രദ്ധിക്കുന്നു.”വിദ്ധി, മാം വിദ്ധി ജനകാത്മജാം” എന്ന രാമായണത്തിലെ ശ്രേഷ്ഠ ശ്ലോകം പോലും അറിയാത്ത ഒരു വിഡ്ഢിയായ ബ്രാഹ്മണനെ കണ്ടില്ലേ, ആ പാവം എത്ര ജാതി ശ്രേഷ്ഠനായിരുന്നിട്ടെന്ത് ഫലം. അയാൾ ഒരു ശൂദ്ര സത്രീയുടെ ഭർത്താവാകാൻ വിധിക്കപ്പെട്ടവനാണ്. ” പക്ഷികളുടെ ഈ സല്ലാപം കേട്ട് വരരുചിയെ സന്തോഷവും സന്താപവും ഒരു പോലെ അലട്ടി. താൻ തേടി നടന്ന ശ്ലോകം കണ്ടെത്തിയതിൽ ആഹ്ലാദം തോന്നിയപ്പോഴും തനിക്കൊരു ശൂദ്ര സ്ത്രീയെ പരിണയം ചെയ്യേണ്ടി വരുമെന്ന് ഓർത്തപ്പോൾ അയാൾ വല്ലാതെ അസ്വസ്ഥനായി.ഇതിനെ മറികടക്കുക എന്നത് മാത്രമായി പിന്നീട് വരരുചിയുടെ ലക്ഷ്യം.

വിക്രമാദിത്യ സദസിൽ താൻ കണ്ടെത്തിയ രാമായണത്തിലെ ശ്രേഷ്ഠ ശ്ലോകം അവതരിപ്പിച്ചപ്പോൾ സദസ് അദ്ദേഹത്തി ൻ്റെ അറിവിനെ പ്രശംസിച്ചെങ്കിലും വരരുചിയുടെ മനസ് ചകിതമായിരുന്നു. തൻ്റെ വൈവാഹിക ജീവിതത്തെക്കുറിച്ച അസ്വസ്ഥത വരരുചിയുടെ ഉറക്കം നഷ്ടപ്പെടുത്തി. ഒടുവിൽ താൻ ഒരു തീർത്ഥയാത്ര പുറപ്പെടുകയാണ് എന്ന് രാജാവിനെ അയാൾ അറിയിച്ചു. ഗത്യന്തരമില്ലാതെ രാജാവ് വരരുചിയുടെ ആഗ്രഹം അംഗീകരിച്ചു.

വരരുചി തൻ്റെ പ്രയാണം ആരംഭിച്ചു. ആ യാത്രയിൽ കറങ്ങിത്തിരിഞ്ഞ് ഒരു ദിവസം അദ്ദേഹം കാട്ടിൽ ഒരു ബ്രാഹ്മണൻ്റെ പർണശാലയ്ക്കടുത്തെത്തി. താൻ വരരുചിയാണെന്നും ഒരു സുദീഘമായ യാത്രക്കിറങ്ങിയതാണെന്നും തനിക്കിവിടെ രണ്ടു ദിവസം താമസിക്കാൻ സൗകര്യം തരണമെന്നും ബ്രാഹ്മണനോട് അയാൾ പറഞ്ഞു.

അങ്ങിനെയാവാം എന്ന് ബ്രാഹ്മണൻ അംഗീകരിച്ചപ്പോൾ വരരുചി നാലു ഉപാദികൾ കൂടി മുന്നോട്ടു വച്ചു. താൻ ഭക്ഷണം കഴിക്കുന്നതിന് മുൻപ് നൂറു പേർക്ക് ഭക്ഷണം വിളമ്പണമെന്നും ഊണിന് നൂറു കൂട്ടം കറികൾ വേണമെന്നും ഭക്ഷണശേഷം മൂന്ന്പേരെ തിന്നണമെന്നും ഒടുവിൽ താൻ ഉറങ്ങുമ്പോൾ നാല് പേർ തന്നെ ചുമക്കണമെന്നുമായിരുന്നു വ്യവസ്ഥ. ഈ ഉപാദി കേട്ട് ബ്രാഹ്മണൻ വിഷണ്ണനായി. ഇത് മനസിലാക്കി പർണശാലക്കകത്ത് നിന്ന് അയാളുടെ സുന്ദരിയായ പുത്രി പഞ്ചമി പുറത്തിറങ്ങി വന്നു. ഈ വ്യവസ്ഥകളെല്ലാം അംഗീകരിക്കാമെന്ന് അവൾ വരരുചിയോട് പറഞ്ഞു. അടുത്തുള്ള അരുവിയിൽ നിന്ന് കുളിച്ചു വരാൻ അവൾ വരരുചിയോട് പറഞ്ഞു.

വരരുചി കുളിച്ചു വന്നപ്പോഴേക്കും പഞ്ചമി നൂറു പേർക്ക് ആഹാരം കൊടുക്കുന്നതിന് തുല്യമായ ഒരു പൂജയ്ക്ക് വേണ്ട സൗകര്യങ്ങൾ ആശ്രമ മുറ്റത്ത് ഒക്കിയിരുന്നു. വരരുചി പൂജ കഴിഞ്ഞ് ഭക്ഷണത്തിനിരുന്നു. ഒരു കറി മാത്രമായിരുന്നു ഊണിലേക്കുണ്ടായിരുന്നത്. അത് ഇഞ്ചിക്കറിയായിരുന്നു. ഇഞ്ചിക്കറി നൂറ് കറികൾക്ക് തുല്യം എന്നായിരുന്നു തത്വം. ഭക്ഷണശേഷം അച്ഛനോട് വരരുചിക്ക് മുറുക്കാൻ വച്ചു കൊടുക്കാൻ പഞ്ചമി അച്ഛനോട് പറഞ്ഞു.മൂന്ന് പേരെതിന്നണം എന്ന് പറഞ്ഞത് വെത്തിലയും അടക്കയും പുകയിലയും കൂട്ടിമുറുക്കണമെന്നാണ് വരരുചി ഉദ്ദേശിച്ചത് എന്ന് പഞ്ചമി തിരിച്ചറിഞ്ഞിരുന്നു. ശേഷം വരരുചിക്ക് വേണ്ടി തയ്യാറാക്കിയ മുറിയിലെ നാലുകാലുള്ള കട്ടിലിൽ വന്ന് കിടക്കാൻ പഞ്ചമി അയാളെ ക്ഷണിച്ചു. പഞ്ചമിയുടെ ബുദ്ധിശക്തിയിലും സൗന്ദര്യത്തിലും ഭ്രമിച്ചു പോയ വരരുചി ബ്രാഹ്മണനോട് മകളെ തനിക്ക് വിവാഹം ചെയ്തു തരണമെന്ന് അപേക്ഷിച്ചു. ബ്രാഹ്മണന് സന്തോഷമേ ഉണ്ടായിരുന്നുള്ളു.

പഞ്ചമിയെ വിവാഹം ചെയ്ത് അയാൾ അവിടെ നിന്ന് അവളേയും കൂട്ടി തൻ്റെ ദേശാടനം തുടർന്നു. യാത്രയിൽ ഒരു മരച്ചുവട്ടിൽ വരരുചിയുടെ മടിയിൽ തല വെച്ച് വിശ്രമിക്കെയാണ് വരരുചി പഞ്ചമിയുടെ നെറ്റിയിലുള്ള മുറിവിൻ്റെ പാട് ശ്രദ്ധിക്കുന്നത്. തൻ്റെ ചെറുപ്പകാലത്ത് നടന്ന ഒരു തീ പൊള്ളലിൽ സംഭവിച്ചതാണ് ഈ മുറിവ് എന്നവൾ ഭർത്താവിനോട് പറയുന്നു. സ്വന്തം മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് അനാഥയായി മാറിയതും ഒടുവിൽ ബ്രാഹ്മണൻ്റെ വളർത്തു പുത്രിയായി മാറിയതിനെക്കുറിച്ചുമൊക്കെ അവൾ വിസ്തരിച്ചു വരരുചിയെ അറിയിച്ചു.

ഈ വിവരം വരരുചിയെ ഞെട്ടിച്ചു. എങ്കി ലും വിധി തീരുമാനിച്ചത് മനുഷ്യനാൽ വേർപെടുത്താനാവില്ല എന്നോർത്ത് ശിഷ്ടകാലം ആരും തിരിച്ചറിയാത്ത ഒരു നാട്ടിൽ പോയി ജീവിക്കാം എന്ന് കരുതി അയാൾ പഞ്ചമിയോടൊത്ത് കാടും മലകളും താണ്ഡി കേരളത്തിൽ വരുന്നു. ഇവിടെ പഞ്ചമി പന്ത്രണ്ട് സ്ഥലത്തായി പന്ത്രണ്ട് മക്കൾക്ക് ജന്മം നൽകുന്നു. മേ ഴത്തൂർ അഗ്നിഹോത്രി മുതൽ കാരക്കലമ്മ വരേയുള്ള ഈ പന്ത്രണ്ട് പ്രസവങ്ങൾക്കും പക്ഷെ ഒരു പ്രത്യേകതയുണ്ട്.

പ്രസവ സമയമടുക്കുമ്പോൾ ഏതെങ്കിലും കാട്ടു പൊന്തകൾക്ക് മറവിലോ മലയടിവാരത്തോ പോയി പ്രസവിച്ചു വരാൻ വരരുചി എന്ന ആഢ്യബ്രാഹ്മണനായ ഭർത്താവ് പഞ്ചമിയോട് പറയും.ഓരോ പ്രസവം കഴിയുമ്പോഴും ഒരു ചോദ്യമുണ്ട്. “കുഞ്ഞിന് വായ കീറിയിട്ടുണ്ടോ?” “ഉണ്ട്” എന്ന് പഞ്ചമി മറുപടി പറയുമ്പോൾ വരരുചി ” വായ നൽകിയ ദൈവം അവന് ഭക്ഷണവും നൽകും. താൻ വാ” എന്നാണ് പറയുക. ഇത് കേട്ട് പ്രതികരിക്കാവാതെ നെഞ്ച് തകർന്ന് പഞ്ചമിയെന്ന മാതാവ് തിരിച്ചു പോരും.പന്ത്രണ്ടാമത്തെ കുഞ്ഞ് ജനി ക്കുമ്പോൾ ആവർത്തിക്കുന്ന ഈ ചോദ്യ ത്തിന് പുത്രശോകത്താൽ വീർപ്പുമുട്ടുന്ന പഞ്ചമി വായില്ല എന്ന് കളവ് പറയുന്നു. വിശ്വസിക്കാനാവാതെ വരരുചി നോക്കുമ്പോൾ അത് സത്യമാണ്.

കുഞ്ഞിന് വായ ഉണ്ടായിരുന്നില്ല. ഈ വായില്ലാ കുന്നിലപ്പൻ്റെ ചരിത്രത്തിലൂടെ സവർണൻ എത്ര നീചനായിരുന്നാലും അവന് ദൈവികമായ ഒരു ശക്തിയുണ്ട് എന്ന് സമർഥിക്കുകയാണ് ഈ മിത്ത്. എന്നാൽ ഈ കഥയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു സത്യം ഒളിഞ്ഞിരിപ്പുണ്ട്. ജാതി ബോധം ത്യജിച്ച ഈ പന്ത്രണ്ട് മക്കളേയും കയ്യേറ്റുവാങ്ങുന്നത് ബഹുസ്വരമായ ഈ നാട്ടിൻ്റെ ദ്രാവിഡ സംസ്കാരമാണ്. അങ്ങിനെയാണവർ ചാത്തനും പാണനും പാക്കനാരുമൊക്കെയായി ഇവിടെ വളരുന്നത്. സവർണ മേലായ്മ വലിച്ചെറിഞ്ഞ ഈ മക്കൾ ഈ മണ്ണിൻ്റെ പ്രതിനിധാനമായാണ് ചരിത്രത്തിൽ ഇടം പിടിച്ചത്. ഒരു പക്ഷെ കീഴാള വിഭാഗങ്ങളോട് രാജിയാവാനുള്ള ഒരു തന്ത്രമായി തന്നെ ഈ ഐതിഹ്യത്തെ വായിക്കണം. കീഴാളരുടെ വിപ്ലവ ബോധവും ചെറുത്തു നിൽപ്പും സവർണ വൈദികതയുടെ നിലനിൽപ്പിന് ഭീഷണി ഉയർത്തിയ ഒരു സമയത്തായിരിക്കാം ഇത്തരം ഒരു മിത്ത് പടച്ചുണ്ടാക്കിയത്. അത്തരം ഒരവസ്ഥയിൽ ഒരു ഒത്തുതീർപ്പെന്ന നിലക്ക് പ്രചരിപ്പിച്ചതാവാം ഈ ഐതിഹ്യം. എന്നാൽ ഇതിൽ പോലും അവരുടെ മേൽക്കോയ്മാ നിലപാട് കാണാം. മൂത്ത പുത്രൻ മേഴത്തൂർ അഗ്നിഹോത്രി ഒരു സവർണ ഇല്ലത്തിലാണ് ചെന്ന് ചേരുന്നത്. സവർണനായി തന്നേയാണ് അഗ്നിഹോത്രി വളരുന്നത്.
തങ്ങൾ സഹോദരങ്ങളാണ് എന്ന് തിരിച്ചറിയുന്ന നിമിഷം പന്തിരു കുലത്തിൻ്റെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്നതും തീരുമാനങ്ങൾ കൈക്കൊള്ളുന്നതും ഒത്തുതീർപ്പുകൾ ഉരുത്തിരിയുന്നതും അഗ്നിഹോത്രിയിലൂടെയാണ്.മേഴത്തൂർ മന ഈ പന്ത്രണ്ട് സഹോദരന്മാരുടേയും അവസാന അഭയമായി മാറുന്നതാണ് ഈ ഐതിഹ്യം അനാവരണം ചെയ്യുന്നത്.

ഇത്തരം ഐതിഹ്യങ്ങൾ നിന്ന് ഉരുവം കൊണ്ടത് നൂറ്റാണ്ടുകൾക്ക് മുൻപായിരുന്നുവെങ്കിലും അതിൻ്റെ ശ്രേഷ്ഠതയും മേന്മയും ഇന്നും സംഘ് പരിവാർ മറ്റൊരു വിധത്തിൽ പാടി നടക്കുന്നുണ്ട്. പതിനെട്ട് പത്തൊൻപത് നൂറ്റാണ്ടുകളിൽ ഇത്തരം കെട്ടുകഥകൾ കൂട്ടിക്കെട്ടിയാണ് സവർണ മേൽക്കോയ്മ അതിൻ്റെ മൂർത്ത രൗദ്രതയിൽ ഇവിടെ തിടം വച്ചത്. അതിൽ നിന്ന് ഉരുവം കൊണ്ട ചില ആചാരങ്ങളെങ്കിലും ഇന്നും ഇവിടെ പുലർന്നുവരുന്നു. മുലക്കരവും തൊഴിൽക്കരവും മീശക്കരവും ഏണിക്കരവും നാടുനീങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടില്ല. കീഴാളൻ്റെ കാതിൽ ഈയം ഉരുക്കി ഒഴിക്കലും അവനിൽ കുറ്റം ചാർത്തി വിഷം കുടിപ്പിക്കലും പാമ്പിനെ കൊണ്ട് കൊത്തിക്കലും നാടുനീങ്ങിയിട്ട് അധികം കാലമൊന്നും ആയിട്ടില്ല. ഇത്തരം ആചാരങ്ങൾ തിരിച്ചു കൊണ്ടു വരാനും അവക്ക് ശാസ്ത്രീയമായ സാധുത കണ്ടെത്താനും ഇന്നും വൈദിക ബ്രാഹ്മണ്യം ശ്രമിച്ചു കൊണ്ടേയിരി ക്കുന്നു. എങ്കിലും സമൂഹത്തിൽ ചിലരെങ്കിലും ഇത് തിരിച്ചറിയുന്നു എന്നതാണ് പ്രതീക്ഷക്ക് വകനൽകുന്നത്. എങ്കിലും വൈദിക താൽപ്പര്യം സം രക്ഷിക്കാനും കീഴാള ജനങ്ങളെ സ്വന്തം വരുതിയിൽ പിടിച്ചു നിർത്താനും സവർ ണ്ണ ബ്രാഹ്മണ്യം ഇന്നും പുതിയ വ്യാഖ്യാനങ്ങൾ ചമക്കുന്നു. അതിന് അനുസൃതമായി അവർ ചരിത്രത്തിൽ പുതിയ കഥകൾ സൃഷ്ടിക്കുന്നു.ഈ കഥകൾ വരും തലമുറ ചരിത്രമായി വായിക്കുന്നു.

അവലംബം:

ഐതിഹ്യമാല: കൊട്ടാരത്തിൽ ശങ്കുണ്ണി
കേരളോൽപ്പത്തി: ഹെർമൻ ഗുണ്ടർട്ട
നായർ ചരിത്ര ദൃഷ്ടിയിലൂടെ:
കെ ശിവശങ്കരൻ നായർ
ബൗദ്ധ സ്വാധീനം കേരളത്തിൽ:
എം ആർ രാഘവവാര്യർ
ജൈനമതം കേരളത്തിൽ

\