
മസ്ഹര്‍ എഴുതുന്നു
![]() |
|
മറിയം അലക്‌സാണ്ടര്‍ ബേബി എന്ന എം.എ ബേബി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി വരുന്നത് ഇന്ത്യയില്‍ സംഘപരിവാരം ഉറഞ്ഞു തുള്ളുന്ന കെട്ട കാലത്താണ്. ക്ലാസിക്കല്‍ ഫാഷിസമാണോ നവ ഫാഷിസമാണോ ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസം എന്നും അത് വന്നോ വന്നില്ലേ എവിടെ വരെ എത്തി എന്നുമൊക്കെ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികര്‍ ഉറപ്പു വരുത്തട്ടെ.
എന്നാല്‍ ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ് ലിംകള്‍ക്ക് അത് അനുഭവപ്പെട്ടുതുടങ്ങി. വ്യക്തികള്‍ എന്ന നിലയില്‍ എന്‍.ആര്‍ സിയും മുത്വലാഖ് ബില്ലും ഒരു സാമൂഹിക വിഭാഗം എന്ന നിലയില്‍ വഖഫ് ഭേദഗതി ബില്‍, കാശ്മീര്‍ 370 വകുപ്പ് എടുത്തു കളയലും സ്‌കോളര്‍ഷിപ്പ് നിഷേധവും അവരെ സംബന്ധിച്ച് മാത്രമുണ്ടാക്കിയവയാണെന്ന പൂര്‍ണ ബോധ്യമുണ്ട്. ഇനി അവര്‍ക്ക് ഫാഷിസത്തെ സൈദ്ധാന്തികവല്‍ക്കരിച്ച് നേര്‍പ്പിച്ചെടുക്കാനുള്ള നേരവുമില്ല. ലോകത്താകട്ടെ ഹിന്ദുത്വ ഫാഷിസത്തിന്റെ ഉറ്റ ചങ്ങാതിമാരായ അമേരിക്കന്‍ സാമ്രാജ്യത്വവും ഇസ്രയേലി സയണിസവും അവരുടെ ഡീപ്‌സ്റ്റേറ്റും ഇസ് ലാമോഫോബിക് ആഗോള അന്തരീക്ഷം സൃഷ്ടിച്ച് അവരെ ഡമനൈസ് ചെയ്തുകഴിഞ്ഞു. പലസ്തീനില്‍ സകല അന്താരാഷ്ട്ര യുദ്ധ നിയമങ്ങളും ലംഘിച്ച് ബോംബിട്ടു മനുഷ്യരെ കൊല്ലുകയാണ്. ലക്ഷണമൊത്ത വംശഹത്യ !
ഇന്ത്യയിലും ഹിന്ദുത്വ ഫാഷിസം വംശഹത്യക്കുള്ള സകല ചേരുവകളും ഉണ്ടാക്കി കഴിഞ്ഞുള്ള നില്‍പ്പാണ്. മുസ്ലിംകളെന്ന ഒന്നാം ആഭ്യന്തര ശത്രുവിനെ പ്രകോപിതരാക്കി തെരുവില്‍ എത്തിക്കുക / അവരെ ഒരു ഏറ്റുമുട്ടല്‍ തലത്തിലെത്തിക്കുക എന്നതാണ് സംഘപരിവാര പദ്ധതിയുടെ അടുത്ത അജണ്ട. അതില്‍ വീഴാതിരിക്കാന്‍ ഇന്ത്യന്‍ മുസ് ലിംകളെ ദൈവം രക്ഷിക്കട്ടെ!
ഈ പാശ്ചത്തലത്തില്‍ കഫിയ ധരിച്ച പാര്‍ട്ടി കോണ്‍ഗ്രസിലെ ഐക്യപ്പെടല്‍ വല്ലാത്ത ഊര്‍ജമാണ് ലോകത്തിലെ മര്‍ദ്ദിതര്‍ക്ക് ഇന്ത്യയില്‍ നിന്ന് ലഭിച്ചത്. ബേബി സഖാവ് മലയാളി ആണെങ്കിലും കേരളത്തിന്റെ കുടുസ്സായ ഇടതു പൊതുബോധത്തെ മറികടക്കുന്ന ഉത്തമനായ പാന്‍ ഇന്ത്യന്‍ സഖാവാണ്, ആഗോള കമ്യൂണിസ്റ്റുമാണ്. കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളുടെ തടവുകാരനല്ല എന്നതാണ് കേരളത്തിനപ്പുറം ബേബി സഖാവിനെ ഉന്നതനാക്കുന്നത്.
ആ അര്‍ഥത്തില്‍ സഖാവ് സൂര്‍ജിതും യെച്ചൂരിയും കാണിച്ച ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഒരു പൊതു സമീപന രീതിയുണ്ട്, പാര്‍ട്ടി മാര്‍ഗരേഖയുമുണ്ട്. കഫിയയ്ക്കും വഖഫ് പിന്തുണക്കുമപ്പുറം ഫാഷിസം തെരുവില്‍ തല്ലിച്ചതക്കുകയും ബുള്‍ഡോസു ചെയ്യുകയും ചെയ്യുന്ന ഇന്ത്യന്‍ മര്‍ദ്ദിതര്‍ക്കൊപ്പം പോരാടാന്‍ സഖാക്കള്‍ക്ക് കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ തടസ്സമാകില്ല എന്ന് ഉറപ്പ് വരുത്തുന്നതാവും ബേബി എന്ന പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ മൂന്നിലുള്ള പാന്‍ ഇന്ത്യന്‍ കാലിക ദൗത്യം.
വിചാരധാരയിലെ രണ്ടും മൂന്നും ആഭ്യന്തര ശത്രുക്കളായ സകല കമ്മ്യൂണിസ്റ്റുകളേയും ക്രിസ്തീയരേയും അണിനിരത്തി പ്രതിരോധ നിര സൃഷ്ടിക്കുക എന്ന ദൗത്യവും സഖാവിന് മുന്നിലുണ്ടാകും. അതോടൊപ്പം പാര്‍ലമെന്ററി ജനാധിപത്യത്തില്‍ യോജിക്കാവുന്ന മുഴുവന്‍ മതനിരപേക്ഷ ജനാധിപത്യ വാദികളുടെ മഴവില്‍ സഖ്യം എന്നതിന് കൂടുതല്‍ കരുത്തു പകരാനും ഓവര്‍ ടൈം ചെയ്യേണ്ടി വരും.
കേരളത്തിലെ ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയുടെ സമീകരണ സിദ്ധാന്തങ്ങള്‍ക്കപ്പുറത്താണ് ഇന്ത്യയില്‍ ഫാഷിസം ഉണ്ടാക്കിയ ഭീതിദാവസ്ഥ. അതിനെ നേരിടാന്‍ ന്യൂനപക്ഷങ്ങളോടുള്ള കലര്‍പ്പില്ലാത്ത അണ്‍ കണ്ടീഷണല്‍ ഐക്യപ്പെടല്‍ ഉണ്ടായെ മതിയാകൂ എന്ന് ചുരുക്കം. അധ്യാപകനായിരുന്ന കുന്നത്ത് പി.എം. അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളില്‍ ഇളയവനായി 1954 ഏപ്രില്‍ 5ന് ജനിച്ച എം എ ബേബി പ്രാക്കുളം എന്‍.എസ്.എസ്. ഹൈസ്‌കൂള്‍, കൊല്ലം എസ്.എന്‍.കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെ കേരള രാഷ്ട്രീയത്തില്‍ പ്രവേശിച്ച ബേബി എസ്.എഫ്.ഐ, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സി.പി.ഐ.(എം), എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചു. 32-ആം വയസ്സില്‍ രാജ്യസഭാംഗമായ ബേബി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഒരാളാണ്. സി.പി.എം കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും അംഗമായിരുന്നു. കുണ്ടറയില്‍ നിന്ന് 2006-ല്‍ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1986 ലും 1992 ലും രാജ്യസഭാംഗം. ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ സ്ഥാപക കണ്‍വീനറായിരുന്നു. ഡല്‍ഹി കേന്ദ്രമായി സ്വരലയ എന്ന കലാസാംസ്‌കാരിക സംഘടന രൂപവത്കരിക്കുന്നതില്‍ മുന്‍കയ്യെടുത്തു. ഇതുവരെ സിപിഐഎമ്മിന്റെ സാംസ്‌കാരിക – സൈദ്ധാന്തിക മുഖം, ഇന്നു മുതല്‍ എല്ലാമെല്ലാം.