
മസ്ഹർ എഴുതുന്നു
![]() |
|
ഗൗതം അദാനിയുടെ കൽപ്പിത ഓഹരി സാമ്രാജ്യത്തിൻ്റെ ആണിക്കല്ല് ഇളകിയാടുമ്പോൾ അദാനി കുറുക്കുവഴിയിലുടെ സ്വന്തമാക്കിയ എൻഡിടിവിയിൽ നിന്ന് ഗോഡി മീഡിയക്ക് അപ്രിയനായ ശ്രീനിവാസൻ ജയിൻ പടിയിടങ്ങുന്നതു ഒരു കാവ്യനീതിയാകുകയാണ്. എന്നാൽ ഹിൻഡൻബർഗ് റിസർച്ചിൻ്റെ വെളിപ്പെടുത്തലുകളെ ദേശസ്നേഹത്തിന്റെ പുകമറ സൃഷ്ടിച്ചു കൊണ്ട് മറികടക്കാനാവുന്നതല്ല, ഷോർട്ടികളായ ഈ അമേരിക്കൻ കമ്പനിക്ക് സ്വാർത്ഥമായ ലാഭക്കൊതി ഉണ്ടെങ്കിൽ കൂടി. ഓഹരി കമ്പോളത്തിന്റെ നൈതികത അന്വേഷിക്കുന്നവരെ നല്ല പത്തലു വെട്ടി തല്ലുകയാണ് വേണ്ടത്.
അങ്ങനെ വരുമ്പോൾ നട്ടെല്ലള്ള മാധ്യമ പ്രവർത്തനത്തോട് നേരും നെറിയും പുലർത്തുന്ന ഇന്ത്യയിൽ അന്യം നടന്നുപോകുന്ന ജനുസ്സില്‍പ്പെട്ട ഒരു ജേണലിസ്റ്റിന് ഗോഡി മീഡിയയുടെ ഭാഗമായി മാറിയ എൻഡിടിവിയിൽ തുടരാനാവില്ല, അത്തരമൊരാളെ വെച്ചുപൊറുപ്പിക്കാൻ അദാനി തയാറാവുകയുമില്ല എന്നത് ഒരു വസ്തുതയാണ്. പ്രണയ്റോയിയും ഭാര്യയും ഗത്യന്തരമില്ലതെ ഓഹരികൾ കൈമാറി പിൻവലിഞ്ഞപ്പോൾ തന്നെ ജയിനടക്കക്കള്ള എൻഡിടിവി പ്രൊഡക്ടുകൾ അധികകാലം അവിടെ വാഴില്ല എന്ന് മാധ്യമ ലോകം തീർച്ചപ്പെടുത്തിയതാണ്. അന്നു തന്നെ രവീഷ്കുമാറെന്ന ഇന്ത്യയുടെ ജോണലിസ്റ്റ് ഐക്കൺ എൻഡിടിവിയിൽ നിന്ന് രാജിവച്ചിരുന്നു. റൂബിയ ലിയാഖത്ത് / അർണബ് ഗോസാമി നാവിക കുമാർ ടൈപ്പ് സംഘ് പരിവാർ മൗത്ത് പീസുകളുടെ വരവറിയിച്ചാണ് എൻഡിടിവി കൈമാറ്റം നടന്നതു തന്നെ.
എൻഡിടിവിയെ ജനകീയമാക്കുന്നതിൽ ബർക ദത്ത് , സർദീപ്ദേശായി അടക്കമുള്ള മുൻകാലരോടൊപ്പം സ്റ്റുഡിയോയിലും ഗ്രൗണ്ടിലും നേരിനു വേണ്ടി മൈക്ക് പിടിച്ച് നട്ടെല്ല് പണയം വെക്കാതെ നടന്ന മാധ്യമ പ്രവർത്തകനായിരുന്നു ജയിൻ. തൻ്റെ സ്വതസിദ്ധമായ, അമിതാവേശമില്ലാത്ത, പക്ഷം ചേരാത്ത റിപ്പോർട്ടുകൾ ഹൈപ്പർ ജേണലിസം വിനിമയം ചെയ്യപ്പെടുന്ന മോഡിയനന്തര ഇന്ത്യയിൽ അപൂർവമായിട്ടുണ്ട്.
ഇശ്രത്ത് ജഹാനെയും കൂട്ടാളികളേയും ഗുജറാത്ത് പൊലിസ്, അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയും അദ്വാനിയേയും വധിക്കാൻ ലക്ഷ്യമിട്ട് വന്ന ചാവേറുകളെന്ന് മുദ്രകുത്തി വ്യാജ ഏറ്റുമുട്ടലിൽ കൊന്നപ്പോൾ സി ബി ഐ സോഴ്സുകളെ ഉദ്ധരിച്ച് അതിന്റെ ആധികാരികതയെ ചോദ്യം ചെയ്തതിന് മുന്നിൽ ജയിനുമുണ്ടായിരുന്നു .അന്നുതൽ സംഘ് പരിവാറിൻ്റെ കണ്ണിലെ കരടാണ് ശ്രീനിവാസൻ ജയിൻ.
ഫാക്ട് ചെക്കിംഗ് മാധ്യമ സ്ഥാപനമായആൾട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ വ്യാജ കേസിൽ കുടുക്കി ബിജെപി സർക്കാർ ജയിലിലടച്ചപ്പോൾ ജാമ്യത്തുകയായി 50,000 രൂപ കൊടുത്തതോടെ ജയിൻ സംഘ് പരിവാറിന്റേയും അവരുടെ ചങ്ങാത്ത മുതലാളിയായ ഗൗതം അദാനിയുടേയും ഫയറിംഗ് ലിസ്റ്റിൽ വന്നില്ലെങ്കിലേ അൽഭുതമുള്ളൂ.
ഏതു കുറ്റവാളിക്കും ഇന്ത്യൻ നീതിന്യായസ്യവസ്ഥ നൽകുന്ന മനുഷ്യാവകാശം വകവെച്ചുകൊടുക്കണമെന്ന പക്ഷക്കാരനാണ് ജയിൻ. ഭരണകൂടങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തിക്കുക എന്നതാണ് നാലാം തൂണിന്റെ പ്രാഥമിക കടമയെന്നും ഭരിക്കുന്നവരുടെ ഏറാൻ മുളികളാവലല്ല മാധ്യമ ധർമമെന്നും ഉറച്ചു വിശ്വസിക്കുന്നതിനാൽ ജയിനിന് എൻഡിടിവിയിൽ തുടരാനാവില്ല എന്ന് നൂറുശതമാനം ഉറപ്പായിരുന്നു.
മുപ്പതു വർഷത്തെ ആത്മബന്ധം അഴിച്ചുവച്ച് അനിവാര്യമായ ഒരു പടിയിറക്കമാണ് അദ്ദേഹം ഇപ്പോൾ നടത്തിയിരിക്കുന്നത്. ബദൽ മാധ്യമ പ്രവർത്തനത്തിൻ്റെ അതീവ ചാലഞ്ചിംഗ് സ്പേസിൽ ശ്രീനിവാസൻ ജയിൻ തുടരുമെന്നാണ് പ്രതീക്ഷ.