15
Jan 2025
Wed
15 Jan 2025 Wed
Hussam Abu Safiya
  • ജയരാജന്‍ സിഎന്‍ എഴുതുന്നു

ചിത്രത്തിൽ കാണുന്ന മനുഷ്യന്റെ ഫോട്ടോയ്ക്ക് മുന്നിൽ നാം നമസ്കരിക്കണം….

whatsapp 'ഈ മനുഷ്യന്റെ ഫോട്ടോയ്ക്ക് മുന്നില്‍ നാം നമസ്‌കരിക്കണം'
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇദ്ദേഹമാണ് ഹുസ്സാം അബു സഫിയ….  (Who is Dr. Hussam Abu Safiya)

ഗാസയിലെ കമല്‍ അഡ്വാന്‍ ആശുപത്രിയിലെ പീഡിയാട്രീഷ്യന്‍….ഇദ്ദേഹം തന്നെയാണ് ആ ആശുപത്രിയുടെ ഡയറക്ടറും…

2023 ഡിസംബറില്‍ ഈ ആശുപത്രിയ്ക്ക് മേല്‍ ഇസ്രായേല്‍ ബോംബിട്ടു… നല്ലൊരു ഭാഗം തകര്‍ത്തു…

ഈ കൊല്ലം ഒക്ടോബര്‍ 25ന് ആശുപത്രിയുടെ മൂന്നാം നിലയില്‍ ഇസ്രായേല്‍ ഷെല്‍ ആക്രമണം നടത്തി. ഓകസിജന്‍ നല്‍കുന്ന ജനറേറ്റര്‍ അവര്‍ ഓഫ് ചെയ്തു…ഐസിയുവില്‍ കിടക്കുന്ന രണ്ടു കുഞ്ഞുങ്ങളുടെ ജീവനെടു്ത്തു.

ഇതെല്ലാം കഴിഞ്ഞ് എ്ല്ലാ രോഗികളെയും ആശുപത്രിയുടെ ഒരു ഭാഗത്തേക്ക് കൊണ്ടു വരാന്‍ സൈനികര്‍ ആവശ്യപ്പെട്ടു…

സകല ആശുപത്രി ജീവനക്കാരെയും അറസ്റ്റ് ചെയ്തു.

അന്ന് സഫിയ ഇസ്രായേല്‍ പട്ടാളക്കാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറായിരുന്നില്ല. അതിന് അദ്ദേഹത്തെ പിടിച്ചു കൊണ്ടു പോയെങ്കിലും പിന്നീട് തിരിച്ചു വിട്ടു…

ആശുപത്രിയില്‍ സഫിയ അടക്കം ഒന്നു രണ്ടു ഡോക്ടര്‍മാര്‍ ഒഴികെ സകലരെയും ഇസ്രായേലി പട്ടാളം പിടിച്ചു കൊണ്ടു പോയി…

പക്ഷേ, താമസിയാതെ ആശുപത്രിക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തി….

അതില്‍ സഫിയയുടെ 15 വയസ്സുള്ള മകന്‍ കൊല്ലപ്പെട്ടു….

അടുത്ത ദിവസം സഫിയയും കൂടെയുള്ള ഒരു ഡോക്ടറും ചേര്‍ന്ന് മകന്റെ അന്ത്യോപചാരം ആശുപത്രി വളപ്പില്‍ തന്നെ നടത്തി…..

സഫിയ പതിവു പോലെ ആശുപത്രിയില്‍ തന്റെ സേവനങ്ങളുമായി മുഴുകി….

നവംബര്‍ 23ന് ഇസ്രായേല്‍ വീണ്ടും ആശുപത്രി ആക്രമിച്ചു….

അതൊരു ഡ്രോണ്‍ ആക്രമണമായിരുന്നു…

അത് സഫിയയുടെ ഓഫീസിന്റെ നേര്‍ക്കായിരുന്നു, അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു..

ആശുപത്രിക്കിടക്കയില്‍ കിടക്കും നേരം സഫിയ വാട്‌സാപ്പില്‍ ഇപ്രകാരം സന്ദേശം കുറിച്ചു:

Hussam Abu Safiya Kamal Adwan Hospital

‘ഇതൊന്നും ഞങ്ങളെ തടഞ്ഞു നിര്‍ത്താന്‍ പോകുന്നില്ല. എന്റെ ജോലിസ്ഥലത്തു നിന്നാണ് എനിയ്ക്ക് പരിക്ക് പറ്റിയിരിക്കുന്നത്. ഇത് ഞാന്‍ ബഹുമതിയായി കാണുന്നു…എന്റെ ചോരയ്ക്ക് എന്റെ സഹപ്രവര്‍ത്തകരുടെയോ ഞങ്ങള്‍ ചികിത്സിക്കുന്ന ആളുകളുടെയോ ചോരയേക്കാള്‍ യാതൊരു മേന്മയും ഇല്ല…ഞാന്‍ സുഖം പ്രാപിച്ചാല്‍ ഉടനേ തന്നെ ഞാന്‍ എന്റെ രോഗികളുടെ അടുത്തെത്തും…’

ഗാസയിലെ ആശുപത്രികള്‍ ഇസ്രായേല്‍ ആക്രമണങ്ങളാല്‍ പാടെ തകര്‍ന്നിരിക്കുന്നുവെന്നും അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ മൌനം ഭഞ്ജിക്കണം എന്നും ആഹ്വാനം ചെയ്തു കൊണ്ടുള്ള സഫിയയുടെ കുറിപ്പ് ലോകത്തെമ്പാടുമുള്ള സംഘടനകള്‍ വിതരണം ചെയ്തു….

ഗാസയിലെ ആരോഗ്യരംഗം ആസൂത്രിതമായി തകര്‍ക്കുകയാണ് എന്ന് സഫിയ അതില്‍ ചൂണ്ടിക്കാണിച്ചിരുന്നു…

ഡിസബര്‍ 23ന് സഫിയയുടെ ആശുപത്രി വീണ്ടും ആക്രമിക്കപ്പെട്ടു. ഐസിയുവിലേക്ക് വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു കയറി…പ്രസവ വാര്‍ഡും ഓപ്പറേഷന്‍ വാര്‍ഡുകളും ഒക്കെ തകര്‍ക്കപ്പെട്ടു. ആശുപത്രിയുടെ നഴ്‌സറി, പ്രസവ വാര്‍ഡ് എന്നിവയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം…

എന്നിട്ടും റോയീട്ടര്‍ മാദ്ധ്യമത്തിന് നല്‍കിയ സന്ദേശത്തില്‍ ആശുപത്രി അടയ്ക്കില്ല എന്ന് സഫിയ പ്രഖ്യാപിച്ചു…

കഴിഞ്ഞ വെള്ളിയാഴ്ച്ച, അതായത് ഡിസംബര്‍ 27ന് ഇസ്രായേല്‍ പട്ടാളം വീണ്ടും ആശുപത്രിയില്‍ എത്തി…. കമല്‍ അഡ്വാന്‍ ആശുപത്രിയില്‍ നിന്ന് എത്രയും വേഗം രോഗികളെ മുഴുവനും പുറത്താക്കണം എന്നാവശ്യപ്പെട്ടു…

സഫിയയും അവിടെ അവശേഷിച്ച ജീവനക്കാരും അതിന് സമ്മതിച്ചില്ല….

പട്ടാളം ഓക്‌സിജന്‍ സപ്ലൈ ഓഫ് ചെയ്തു… ഐസിയുവില്‍ കിടന്നിരുന്ന രോഗികള്‍ ശ്വാസം കിട്ടാതെ അപ്പോള്‍ തന്നെ മരിച്ചു…

ഡിസംബര്‍ 29ന്, ഞായറാഴ്ച, പട്ടാളം വീണ്ടും ആശുപത്രിയില്‍ എത്തി റെയ്ഡ് നടത്തി…. സഫിയയെ പിടിച്ചു കൊണ്ടു പോയി….

എവിടെ എന്നറിയില്ല എന്ന വാര്‍ത്തയാണ് ഇപ്പോഴുള്ളത്….

സ്വന്തം മകന്‍ കണ്‍മുന്നില്‍ കൊല്ലപ്പെട്ടു കിടക്കുന്നതു കണ്ടിട്ടും, തനിക്ക് ഗുരുതരമായ മുറിവുകള്‍ സംഭവിച്ചിട്ടും, കൂടെ ഉണ്ടായിരുന്ന ഡോക്ടര്‍മാരെ പട്ടാളം പിടിച്ചു കൊണ്ടു പോയിട്ടും, അര ഡസനോളം തവണ പട്ടാളം ആശുപത്രി ആക്രമിച്ചിട്ടും രോഗികളെ ചികിത്സിക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഈ മഹാനെയാണ് ഇപ്പോള്‍ ഇസ്രായേല്‍ പട്ടാളം ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോയിരിക്കുന്നത്…

അദ്ദേഹത്തിന്റെ ജിവന് വേണ്ടി നമുക്ക് പ്രത്യാശിക്കാം… ആ മഹദ് വ്യക്തിത്വത്തിന് മുന്നില്‍ ആദരവ് പ്രകടിപ്പിക്കാം….

-JayarajanCN

 

\