
മസ്ഹർ എഴുതുന്നു
![]() |
|
പോപുലർ ഫ്രണ്ട് ഒരു നിരോധിത സംഘടനയായതിനാൽ അവരുടെ നെഞ്ചത്തേക്ക് എന്തുമാവാം എന്നും ആരും ഒന്നും പറയില്ല എന്നതും സ്റ്റേറ്റ് ഉണ്ടാക്കിയെടുക്കുന്ന ഒരു ഇരുമ്പ് മറയാണ്. നിരോധനത്തിനെതിരെ ആ സംഘടന ട്രിബ്യൂണലിലും കോടതിയിലും നിയമപോരാട്ടം നടത്തുന്നുണ്ടാകാം. നിരോധനത്തിന് ഉപോത്ബലകമായ തെളിവുകളും നടപടികളും ഏജൻസികളും ഭരണസംവിധാനവും ശക്തമാക്കുകയും ചെയ്യുന്നുമുണ്ട്. രണ്ടും അതിന്റെ വഴിക്ക് നടക്കട്ടെ.
എന്നാൽ ഇതിൻ്റെ മറവിൽ മുസ്ലിം സ്വത്വത്തെ മുഴുവൻ പിശാചുവത്കരിച്ച് നിശ്ശബ്ദമാക്കാം എന്ന ഫാസിസ്റ്റ് സംഘ് പരിവാർ നിർമിത ബുദ്ധി പൊതുമണ്ഡലം മൊത്തം സ്വീകരിക്കുന്നത് ഫാസിസത്തോട് സമരസപ്പെടലാണ്. അതിന് ഇടതു സർക്കാർ കൂട്ടുനിൽക്കുന്നത് സംഘ്പരിവാറൊരുക്കുന്ന ചതിക്കുഴിയിൽ വീഴുന്നതിന് തുല്യവുമാണ്. ഏതൊരു പൗരനും ഭരണഘടന നൽകുന്ന മിനിമം മനുഷ്യാവകാശം ഏതു ഘട്ടത്തിലും അനുവദിച്ചു കൊടുക്കപ്പെടേണ്ടത് ആധുനിക ജനാധിപത്യത്തിന്റ അടിസ്ഥാന ശീലമാണ്. നിരോധിത സംഘടനക്കും വ്യക്തികൾക്കും മനുഷ്യാവകാശം ബാധകമല്ല എന്നത് ഫാസിസ്റ്റ് ചമത്കാരവും സർവാധിപത്യ ഭരണകൂട മുൻവിധിയുമാണ്.
കേരളത്തിൽ പോപുലർ ഫ്രണ്ട് നിരോധനത്തിന് രണ്ട് ദിവസം മുമ്പ് നടത്തിയ ഹർത്താൽ ആദ്യത്തേതല്ല, പൊതുമുതൽ നശിപ്പിക്കപ്പെടുന്നതും ആദ്യമായിട്ടല്ല. ഹർത്താലുകൾ/ ബന്ദുകൾ പലതും നടന്നിട്ടുണ്ട് ഇതിലേറെയും പൊതുമുതലകൾ നശിപ്പിക്കപ്പെട്ടിട്ടുമുണ്ട്. ജുഡീഷ്യൽ ആക്ടിവിസം ബാബരി മസ്ജിദ് വിധിപോലെ ഒരു പ്രത്യേക വിഭാഗത്തിന് നേരെ മാത്രമായി തുടരുന്നത് നീതിന്യായ വ്യവസ്ഥയെ തന്നെ സംശയത്തിൻ്റെ നിഴലിലാക്കും.
ഹർത്താലിൻ്റെ/ സമരത്തിൻ്റെ മറവിൽ ആര്/ ഏത് സംഘടന പൊതുമുതൽ നശിപ്പിച്ചാലും അതിൻ്റെ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് തിരിച്ചുപിടിക്കുക തന്നെ വേണം. നിസ്തർക്കമായ പൊതുവികാരമാണത്. ഇനിമുതൽ ബഹുമാനപ്പെട്ട കോടതി അതൊരു കീഴ് വഴക്കമായി സ്വമേധയാ ഇടപെടുമെന്നും അതാത് കാലഘട്ടത്തിലെ സർക്കാറുകൾ അത് ശുഷ്കാന്തിയോടെ നടപ്പാക്കുമെന്നും കരുതുവാനാണ് പൊതുജനത്തിനിഷ്ടം. എന്തെങ്കിലും പഴുതുണ്ടെങ്കിൽ ഇപ്പോഴത്തെ നടപടി കേരളപ്പിറവി മുതൽ പൂർവകാല പ്രാബല്യത്തോടെ നടപ്പാക്കാൻ ബഹുമാനപ്പെട്ട കോടതി നിയമമാക്കണം എന്ന ഒരു പോതുതാൽപര്യ വ്യവഹാരം കൂടി മുന്നോട്ട് വെക്കുകയാണ്.
ഇനിയും കേരളത്തിൽ ഹർത്താൽ വരും, വർഗീയ/രാഷ്ട്രീയ ക്രിമിനലുകൾ അഴിഞ്ഞാടുമെന്നും മൂന്നുതരം ഉറപ്പ്. അപ്പോഴും ഈ ജുഡീഷ്യൽ ഔത്സുക്യവും പോലിസ് കാര്യക്ഷമതയും കാണിക്കണമെന്ന ഒരു ഉറപ്പാണ് ജുഡീഷ്യറിയും എക്സിക്യൂട്ടീവും പൊതുജനങ്ങൾക്ക് നൽകേണ്ടത്. അല്ലാതെ ‘ഇഷ്ടമില്ലത്ത അച്ചി തൊട്ടതെല്ലാം കുറ്റം’ എന്ന ചൊല്ലു പോലെ ഇരട്ടത്താപ്പ് കാണിക്കരുത് എന്നു മാത്രം. എന്നാൽ അങ്ങനെ നിയമവും കണ്ടു കെട്ടലും നടപ്പാക്കുമ്പോൾ നല്ല കൃത്യതയും ജാഗ്രതയും വേണം. ഇപ്പോൾ തന്നെ ഹർത്താലിൽ നേരിട്ട് പങ്കെടുത്തോ പ്രേരണയാലോ പൊതുമുതൽ നശിപ്പിച്ച പോപ്പുലർ ഫ്രണ്ടുകാരൻ്റെതു മാത്രമായിരിക്കണം കണ്ടു കെട്ടുന്ന സ്വത്തുവഹകൾ. ഏതെങ്കിലും തരത്തിൽ നിരോധിക്കപ്പെടുന്നതിന് മുമ്പ് ആ സംഘടനയിൽ പ്രവർത്തിച്ചു എന്നത് മാത്രമാകരുത് ഇത്തരം നടപടികൾക്ക് വിധേയമാക്കുന്നതിൻ്റെ അളവുകോൽ.
അതിനപ്പുറം കടന്ന് മുസ്ലിം ന്യൂനപക്ഷത്തിൽ പെട്ടുപോയി എന്ന ഒറ്റ കാരണത്താൽ മുസ്ലിം ലീഗുകാരൻേറയോ എസ് എസ് എഫ് കാരൻ്റെയോ മറ്റേതെങ്കിലും സംഘടനയിൽ പെട്ടവരുടേതോ ആകുമ്പോൾ കണ്ടുകെട്ടൽ നടപടി സംശയത്തിൻ്റെ നിഴലിലാകുക സ്വാഭാവികം. അങ്ങനെ വരുമ്പോൾ അത് നൽകുന്ന സന്ദേശമാകട്ടെ കടുത്ത വർഗീയതയും പക്ഷപാതിത്വവും സംഘ് പരിവാർ അജണ്ട നടപ്പിലാക്കുന്ന വേട്ടയുമായി മാറുക തന്നെ ചെയ്യും.