തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് (kerala plus one admission 2025) എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന് പകരം മറ്റ് രേഖകള്‍ പരിഗണിക്കുമെന്നും വിദ്യാര്ഥികളുചെ ജാതി തെളിയിക്കാന്‍ ടിസി മതിയെന്നും സര്‍ക്കാര്‍ അറിയിച്ചു. സ്ഥിര താമസരേഖയായി റേഷന്‍ കാര്‍ഡ് പരിഗണിക്കും. ഡിജി ലോക്കറില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകാത്തത് പ്ലസ് വണ്‍ പ്രവേശനത്തെ ബാധിക്കാതിരിക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നിര്‍ദേശമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
ഇത്തവണ ഡിജിലോക്കറില്‍ മാര്‍ക്ക് വിവരങ്ങള്‍ മാത്രമാണ് ലഭ്യമാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥിയുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ ഡിജിറ്റല്‍ കോപ്പി ലഭ്യമാക്കിയിരുന്നു.
|
ജാതി, താമസസ്ഥലം എന്നിവ തെളിയിക്കാന്‍ മറ്റു രേഖകളും പരിഗണിക്കുന്നതാണ്. പ്ലസ് വണ്ണിന് സംവരണ സീറ്റില്‍ പ്രവേശനം കിട്ടിയവര്‍ ജാതി തെളിയിക്കാന്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കും. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്ത സാഹചര്യം പരിഗണിച്ചാണ് മന്ത്രിയുടെ നിര്‍ദേശം.
അതേസമയം, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ് സി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നു കൂടി സ്കൂളുകളില്‍ പ്രവേശനം നേടാം. ഇന്ന് വൈകീട്ട് അഞ്ചുമണി വരെയാണ് സ്കൂളില്‍ ചേരാന്‍ സമയമുള്ളത്. ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്ട്മെന്റ് ലഭിച്ചവര്‍ ഫീസും ബന്ധപ്പെട്ട രേഖകളും ഹാജരാക്കി സ്ഥിരം പ്രവേശനം നേടണം. അല്ലാത്തവര്‍ക്ക് ഫീസ് അടയ്ക്കാതെ താല്‍ക്കാലിക പ്രവേശനം നേടാം. സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാകുന്നതാണ്. തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ അവരെ പരിഗണിക്കുകയും ചെയ്യില്ല.
സേ പരീക്ഷക്കുശേഷം ഡിജിലോക്കറില്‍ മതിയായ രേഖകള്‍ അപ്ലോഡ് ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാനത്ത് എവിടെയും നിലവില്‍ സീറ്റ് ക്ഷാമമില്ല. നിലവില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അധികമാണ്. മലപ്പുറത്ത് കഴിഞ്ഞ വര്‍ഷവും സീറ്റ് അധികമായിരുന്നു. കുറ്റമറ്റ രീതിയില്‍ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
other documents will be considered instead of SSLC certificate for For Plus One admission


