നാഗ്പൂര്‍/അമരാവതി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്രയിലെ അമരാവതിയില്‍ 19-കാരന്‍ അറസ്റ്റിലായി. അമരാവതി സ്വദേശിയായ അയാന്‍ അഹമ്മദ് തന്‍വീര്‍ അഹമ്മദ് എന്ന യുവാവാണ് പിടിയിലായത്. ഇയാളെ ഏപ്രില്‍ 21 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
|
അമരാവതിയിലെ പരത്വാഡ, അചല്‍പൂര്‍ മേഖലകളില്‍ നിന്നുള്ള നൂറോളം അശ്ലീല വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് പ്രണയക്കുരുക്കിലാക്കിയ ശേഷം പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു ഇയാളുടെ രീതി. ഈ വീഡിയോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഇയാള്‍ പീഡനം തുടര്‍ന്നു.
കൂട്ടുപ്രതികള്‍ക്കായി തിരച്ചില്‍
ചില വീഡിയോകളില്‍ പ്രതിയെ വ്യക്തമായി കാണാമെന്ന് പോലീസ് അറിയിച്ചു. പീഡന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മറ്റാരെങ്കിലും ഇയാളെ സഹായിച്ചിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയുടെ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിശദമായി പരിശോധിച്ചുവരികയാണ്. നിലവില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു.
ബിജെപി സംസ്ഥാന വക്താവ് ശിവ്‌റായ് കുല്‍ക്കര്‍ണി, രാജ്യസഭാ എംപി ഡോ. അനില്‍ ബോണ്ടെ എന്നിവര്‍ അമരാവതി റൂറല്‍ എസ്പി വിശാല്‍ ആനന്ദിന് പരാതി നല്‍കിയതോടെയാണ് വിഷയം ഗൗരവമായത്. പ്രതിക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
പരാതി നല്‍കാന്‍ മടിച്ച് കുടുംബങ്ങള്‍
സാമൂഹികമായ ഒറ്റപ്പെടല്‍ ഭയന്ന് ഇരകളായ പെണ്‍കുട്ടികളോ അവരുടെ കുടുംബാംഗങ്ങളോ ഇതുവരെ ഔദ്യോഗികമായി പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍, ഇരകളുടെ കുടുംബങ്ങള്‍ ഭയപ്പെടാതെ മുന്നോട്ട് വരണമെന്നും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് ഉറപ്പുനല്‍കി. നിയമസഹായവും കൗണ്‍സിലിംഗും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും എസ്പി വിശാല്‍ ആനന്ദ് അറിയിച്ചു. വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് വീണ്ടും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് അമരാവതിയുടെ ചുമതലയുള്ള മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു. ഡിജിപിയുമായി സംസാരിച്ചതായും സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


