ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കസ്റ്റഡിയില്‍. ദ്വാരപാലക പാളികള്‍ കൊണ്ടുപോയ കേസിലാണ് നടപടി. വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി.
|
മൂന്നംഗസംഘമാണ് പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. രാവിലെ വീട്ടിലെത്തിയ സംഘം പ്രശാന്തിനോട് അന്വേഷണത്തോട് സഹകരിക്കണമെന്നും കൂടെവരണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം കഴിച്ചിട്ട് വന്നാല്‍ മതിയെന്ന് പറഞ്ഞെങ്കിലും വേണ്ടെന്നായിരുന്നു പ്രശാന്തിന്റെ മറുപടി.
എസ്ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പി എസ് പ്രശാന്ത് ഉള്‍പ്പെടെ ഏഴ് പേരുടെ പങ്ക് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചതായി എസ്ഐടി അറിയിച്ചിരുന്നു.
ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ 2025 ല്‍ ചട്ടം ലംഘിച്ച് ചെന്നൈയിലേക്കു കൊണ്ടുപോയതില്‍ പി.എസ്.പ്രശാന്ത് അടക്കം 7 പേര്‍ക്കു പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞമാസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2019 ലെ സ്വര്‍ണക്കവര്‍ച്ചയും ക്രമക്കേടും മറയ്ക്കാനാണ് 2025 ല്‍ പാളികള്‍ ചെന്നൈയിലെത്തിച്ചു സ്വര്‍ണം പൂശിയതെന്നാണു കണ്ടെത്തല്‍.
ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന എ.അജികുമാര്‍, സ്പോണ്സര് ഉണ്ണിക്കൃഷ്ണന് പോറ്റി, തന്ത്രി കണ്ഠര് രാജീവര്, ശബരിമല എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന മുരാരി ബാബു, തിരുവാഭരണം കമ്മിഷണറായിരുന്ന രജിലാല്‍, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവരാണു കേസില്‍ പങ്കുള്ള മറ്റുള്ളവര്‍. ബോര്‍ഡ് അംഗമായിരുന്ന സുന്ദരേശന്, ബോര്‍ഡ് സെക്രട്ടറി ബിന്ദു, തന്ത്രി മഹേഷ് മോഹനര്, തിരുവാഭരണം കമ്മിഷണര്‍ സുനില, എക്സിക്യൂട്ടീവ് ഓഫിസര്‍ ഒ.ജി.ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ശ്രീനിവാസ്, അസി.എക്സിക്യൂട്ടീവ് ഓഫിസര്‍ ഹേമന്ത്, കര്‍ണാടക ബെള്ളാരിയിലെ ജ്വല്ലറിയുടമ ഗോവര്ധന്, 2020 ല്‍ എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന വി.എസ്.രാജേന്ദ്ര പ്രസാദ് എന്നിവരുടെ പങ്കും വിശദമായി അന്വേഷിക്കുന്നുണ്ട്.
പ്രശാന്ത് അടക്കമുള്ളവരുടെ പങ്ക് സ്ഥാപിക്കുന്ന ശക്തമായ തെളിവുകള്‍ കണ്ടെത്തിയെന്നാണ് എസ്ഐടി കോടതിയില്‍ സമര്‍പിച്ച റിപ്പോര്‍ട്ടിലുള്ളത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ വെളിപ്പെടുന്നതെന്ന് എസ്ഐടി പറയുന്നു.
അറസ്റ്റിന് മുമ്പ് ഫേസ്ബുക്ക് പോസ്റ്റ്
അതേസമയം താന്‍ യാതൊരു ഗൂഢാലോചനയിലും പങ്കെടുത്തിട്ടില്ലെന്നാണ് പി എസ് പ്രശാന്തിന്റെ വാദം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ വളരെ കുറച്ച് തവണ മാത്രമാണ് കണ്ടതും ഫോണില്‍ സംസാരിച്ചതും. താന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് കേസ് മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടില്ല. നിയമപരമായി കേസ് നേരിടുമെന്നും പി എസ് പ്രശാന്ത് പറഞ്ഞിരുന്നു.
ഏത് നിമിഷവും തന്റെ അറസ്റ്റ് ഉണ്ടാകുമെന്നും പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്നുമാണ് പി എസ് പ്രശാന്ത് അറസ്റ്റിന് തൊട്ടുമുമ്പ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. 2025ല്‍ തങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്നും 2019ലെ ശബരിമല സ്വര്‍ണക്കൊള്ള കേസ് പുറത്തുവരാന്‍ നിമിത്തമായ ബോര്‍ഡിനെ പ്രതിപട്ടികയില്‍ നിര്‍ത്തുകയാണെന്നും പി എസ് പ്രശാന്ത് ആരോപിച്ചു. 2025ല്‍ ദ്വാരപാലക ശില്പ്പങ്ങള് കൊണ്ട് പോയതില്‍ എന്തെങ്കിലും നഷ്ടമോ കുറവോ, നടപടി ക്രമങ്ങളില്‍ വീഴ്ച്ചയോ ഉണ്ടായിട്ടില്ല. കേസില്‍ പ്രതിയാക്കണമെന്ന വാശിയോടെ കാര്യങ്ങള്‍ വളച്ചൊടിക്കുന്നവര്‍ക്ക് തങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം മനസ്സിലാകണമെങ്കില്‍ അത് സ്വന്തം ജീവിതത്തില്‍ വന്നുചേരണമെന്നും അത്തരമൊരു സ്ഥിതി ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെയെന്നും പ്രശാന്ത് വൈകാരികമായി പ്രതികരിച്ചു.
P S Prashanth has been taken into custody in connection with the Sabarimala gold theft case.





