21
Jul 2026
Tue
21 Jul 2026 Tue
kozhikkode palayam murder

കോഴിക്കോട്: പാളയത്ത് കിടപ്പുമുറിയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. നേരത്തേ ലഹരി മാഫിയയെ സംശയിച്ച കേസില്‍ ബന്ധുവായ യുവാവ് കസബ പോലീസിന്റെ കസ്റ്റഡിയില്‍. പുതിയകോവിലകംപറമ്പ് ബി. ബിജു (38)വിനെയാണ് ഞായറാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണ് പിടിയിലായത്. നേരത്തേ ഇയാളെ മാനസികാസ്വാസ്ഥ്യത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബിജുവും ബന്ധുക്കളും ചേര്‍ന്നാണ് ഇയാളെ ബലമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന്റെ വൈരാഗ്യത്താലാണ് കൊലപാതകമെന്നാണ് സൂചന.

കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടയില്‍ ഞായറാഴ്ച പുലര്‍ച്ചെ 2.45-ന് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് അച്ഛന്‍ രാജന്‍, ബിജുവിനെ ഫോണ്‍ ചെയ്തിരുന്നു. അപ്പോള്‍ ഫോണ്‍ റിങ് ചെയ്തെങ്കിലും എടുത്തിരുന്നില്ല. പിന്നീട് പുലര്‍ച്ചെ മൂന്നിന് അമ്മ ബേബി വാതില്‍തുറന്ന് നോക്കിയപ്പോഴാണ് കട്ടിലില്‍ കൊല്ലപ്പെട്ടുകിടക്കുന്ന മകനെ കണ്ടത്. ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കിടപ്പുമുറിയിലില്ലെന്ന് തെളിവെടുപ്പിനായി എത്തിയ പോലീസ് സംഘവും വീട്ടുകാരോട് പറഞ്ഞിരുന്നു.

കുരുക്കായത് കൈയിലെ പരിക്ക്

ബിജുവിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന യുവാവിന് കുരുക്കായത് കൈയിലെ പരിക്കും സി.സി.ടി.വി. ദൃശ്യങ്ങളും. ബിജുവിന്റെ ഫോണും സ്‌കൂട്ടറിന്റെ താക്കോലും മൃതദേഹംകിടന്ന മുറിയുടെ താക്കോലും ഇയാള്‍ കൊണ്ടുപോയിരുന്നു.

ALSO READ: കോഴിക്കോട്ടെ യുവാവിന്റെ മരണം കൊലപാതകം; ശരീരത്തില്‍ നിരവധി മുറിവുകള്‍; സംഭവം പുലര്‍ച്ചെ മൂന്നരയോടെ

മൃതദേഹം ഞായറാഴ്ച പാളയത്തെ തറവാട് വീട്ടില്‍ എത്തിച്ചപ്പോള്‍ അവിടെ 22കാരന്‍ വന്നിരുന്നു. കൈക്കും മറ്റും പരിക്കുണ്ടായിരുന്നു. ഇതാണ് സംശയമുയര്‍ത്തിയത്. സാഹചര്യത്തെളിവുകള്‍ വിലയിരുത്തിയ അന്വേഷണസംഘം തുടക്കത്തില്‍ തന്നെ വീടുംപരിസരവും സംബന്ധിച്ച് നല്ല അറിവുള്ള ആളായിരിക്കാം കൊലനടത്തിയതെന്ന പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. പ്രൊഫഷണല്‍ കില്ലറല്ല കൊലയ്ക്ക് പിന്നിലെന്നും മുറിവുകളുടെ സ്വഭാവം പരിശോധിച്ച അന്വേഷണസംഘം വിലയിരുത്തി. ലഹരിസംഘത്തെക്കുറിച്ച് പോലീസിന് വിവരം നല്‍കിയതിന്റെ പ്രതികാരമാണ് കൊലപാതകമെന്ന് വാര്‍ത്ത വന്നെങ്കിലും പോലീസ് ഇക്കാര്യം തള്ളി.

കൊലപാതകത്തിനുപിന്നില്‍ ലഹരിസംഘമല്ല -കമ്മിഷണര്‍

പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നില്‍ ലഹരിസംഘമല്ലെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എ.പി. ഷൗക്കത്തലി വ്യക്തമാക്കി. ലഹരിസംഘങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിന് നല്‍കിയതാണ് ബിജുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രചാരണം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ടയാള്‍ തുഫാനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന ഇന്‍ഫോര്‍മറല്ല. രഹസ്യമായും പരസ്യമായും വിവരങ്ങള്‍ തരുന്നവരുണ്ട്. അവര്‍ക്കാര്‍ക്കും ഇതുവരെ ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ആ സൂചനകള്‍ക്ക് ലഹരിസംഘങ്ങളുമായി ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എം. ബിജു, ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.വി. പ്രമോദന്‍, കസബ ഇന്‍സ്പെക്ടര്‍ പി.ജെ. ജിമ്മി, എസ്.ഐ. നിമിന്‍ കെ. ദിവാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.

Kozhikode Palayam murder twist, relative arrested