തൃശ്ശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതി പ്രേംകുമാര്‍ മരിച്ച നിലയില്‍. (Padiyur double murder case accused found dead; body found in Kedarnath) ഉത്തരാണ്ഡിലെ കേദര്‍നാഥിലലുള്ള വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം.
|
പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് മണിയെയും രേഖയെയും മരിച്ച നിലയില്‍ കാണ്ടെത്തുന്നത്.
അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനുശേഷം രേഖയുടെ ഭര്‍ത്താവ് പ്രേംകുമാറിനെ പോലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല.
ALSO READ: മൂകാംബിക ദേവിക്ക് ഒന്നേകാല്‍ കോടിയുടെ സ്വര്‍ണമുഖം; ആരാണീ കാണിക്ക സമര്‍പ്പിച്ച ഡോക്ടര്‍
ബുധനാഴ്ച രാത്രി ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ പ്രേംകുമാര്‍ എഴുതിയ ഭീഷണിക്കത്തും കുറേ ചിത്രങ്ങളും കണ്ടെത്തിയിരുന്നു. ഇവള്‍ മരിക്കേണ്ടവള്‍ എന്നെഴുതിയ കുറിപ്പും കണ്ടെത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവരെയും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചിരുന്നു. കൊലപാതകമാണെന്ന നിരീക്ഷണത്തിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
ഇയാള്‍ 2019-ല്‍ ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസില്‍ 90 ദിവസത്തിനുള്ളില്‍ പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രേം കുമാര്‍ ജാമ്യത്തിലിറങ്ങി.
അഞ്ചുമാസംമുന്‍പാണ് രേഖയെ വിവാഹം കഴിച്ചത്. തന്റെ ആദ്യഭാര്യ അപകടത്തില്‍ മരിച്ച് പോയതാണെന്ന് ഇയാള്‍ രേഖയോട് പറഞ്ഞത്. മാത്രവുമല്ല ഇയാള്‍ സ്വന്തം കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.
2019-ലാണ് പ്രേംകുമാര്‍ കാമുകിയ്‌ക്കൊപ്പം ചേര്‍ന്ന് ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രേംകുമാറിനെയും കാമുകിയായ തിരുവനന്തപുരം വെള്ളറട സ്വദേശി സുനിത ബേബി(39)യെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകിയ്‌ക്കൊപ്പം ജീവിക്കാനായാണ് തിരുവനന്തപുരത്തെ വില്ലയില്‍വെച്ച് പ്രതികള്‍ വിദ്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
ആദ്യവിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷമായിരുന്നു ചേര്‍ത്തല സ്വദേശിനിയായ വിദ്യ കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ വിവാഹംകഴിച്ചത്. ഇതോടെ ചേര്‍ത്തലയിലെ കുടുംബത്തില്‍നിന്നും അകന്നു. തുടര്‍ന്ന് പ്രേംകുമാറിനൊപ്പം എറണാകുളം ഉദയംപേരൂരില്‍ താമസിച്ചുവരികയായിരുന്നു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.
വിദ്യയ്‌ക്കൊപ്പം താമസിച്ചുവരുന്നതിനിടെയാണ് കോളേജിലെ സഹപാഠികളായിരുന്ന പ്രേംകുമാറും സുനിത ബേബിയും വീണ്ടും കണ്ടുമുട്ടിയത്. കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തിലായിരുന്നു ഇവരുടെ സൗഹൃദം വീണ്ടും മൊട്ടിട്ടത്. തുടര്‍ന്ന് ’96’ സിനിമയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രണ്ടുപേരും പ്രണയത്തിലായി. പ്രണയം ശക്തമായതോടെ ഒരുമിച്ചുജീവിക്കാനും അതിനായി വിദ്യയെ എങ്ങനെയെങ്കിലും ജീവിതത്തില്‍നിന്ന് ഒഴിവാക്കാനും ഇരുവരും തീരുമാനിക്കുകയായിരുന്നു.


