25
Oct 2024
Wed
25 Oct 2024 Wed
Palakkad accident: Car was over speeding; Liquor bottles were recovered from the car

പാലക്കാട്: പാലക്കാട്ടെ കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തില്‍പ്പെട്ട കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും അന്വേഷണം തുടങ്ങിയതായും കല്ലടിക്കോട് സിഐ എം. ഷഹീര്‍ പ്രതികരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാര്‍ യാത്രക്കാര്‍ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും. കാറില്‍ നിന്ന് മദ്യമുള്ള കുപ്പികളും ഒഴിഞ്ഞ കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലിസ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. ഇതിന് ശേഷം മാത്രമെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച് വരികയാണ്. അപകടത്തില്‍പ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഏറെ ശ്രമകരമായാണ് കാര്‍ വലിച്ച് പുറത്തെടുത്തത്.

കല്ലടിക്കോട് മേഖലയിലെ ഏറ്റവും തിരക്കേറിയ അയ്യപ്പന്‍കാവ് ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് അപകടം നടന്നത്. പാലക്കാട് നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കോങ്ങാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മാരുതി സിഫ്റ്റ് കാര്‍ എതിരെ വരികയായിരുന്ന ലോറിയിലിടിച്ചാണ് അപകടം. നാലുപേര്‍ അപകടസ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയും മരിച്ചു.

കോങ്ങാട് മണ്ണാന്തറ കീഴ്മുറി വീട്ടില്‍ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തില്‍ വീട്ടില്‍ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ് (31), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പില്‍ മുഹമ്മദ് അഫ്‌സല്‍ (17) എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ച അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ വെട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാര്‍ അമിതവേഗത്തിലായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവസമയത്ത് ചെറിയ മഴയുമുണ്ടായിരുന്നു. കാറിന്റെ പകുതിയോളം ലോറിയുടെ ഉള്ളിലേക്ക് ഇടിച്ചുകയറി. കരിമ്പുഴ സ്വദേശിയുടെ കാര്‍ വാടകയ്‌ക്കെടുത്ത് ഓടിക്കുകയായിരുന്നു യുവാക്കള്‍.

മണ്ണാന്തറ വെളയാന്‍തോട് വിജയകുമാറിന്റെയും ജാനകിയുടെയും മകനാണ് വിഷ്ണു. കീഴ്മുറി വീട്ടില്‍ കൃഷ്ണന്റെയും ഓമനയുടെയും മകനാണ് വിജേഷ്. വീണ്ടപ്പാറ വീണ്ടക്കുന്ന് ചിദംബരന്റെ മകനാണ് രമേഷ്. മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പില്‍ മഹമൂദിന്റെ മകനാണ് അഫ്‌സല്‍. വിജേഷും വിഷ്ണുവും കോങ്ങാട് ടൗണിലെ ഓട്ടോഡ്രൈവര്‍മാരാണ്. ലോറിഡ്രൈവറായ തമിഴ്‌നാട് സ്വദേശിക്കും പരിക്കുണ്ട്.

Palakkad accident: Car was over speeding; Liquor bottles were recovered from the car