25
Nov 2024
Mon
25 Nov 2024 Mon
Palakkad BJP chairperson

പാലക്കാട്: പാലക്കാട്ടെ കനത്ത തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ തമ്മിലടി പരസ്യമാവുന്നു. (Palakkad BJP election defeat: Chairperson criticise BJP leadership) ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയാണ് പരാജയത്തിന് കാരണമെന്ന് പ്രമീള വിശദീകരിച്ചു. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ മാറ്റിയാല്‍ നന്നാകുമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ സി. കൃഷ്ണകുമാറിനെ മാറ്റാറായില്ലേ എന്ന് പൊതുജനം ചോദിച്ച സാഹചര്യത്തിലാണ് സ്ഥാനാര്‍ഥി മാറ്റം ആവശ്യപ്പെട്ടതെന്നും പ്രമീള വ്യക്തമാക്കി.

അതേസമയം, ബി.ജെ.പി ശക്തികേന്ദ്രങ്ങളില്‍ വോട്ട് മറിച്ചെന്ന ആരോപണം പ്രമീള ശശിധരന്‍ തള്ളി. ആര്‍.എസ്.എസിലൂടെ പ്രവര്‍ത്തിച്ചുവന്ന ഒരാള്‍ക്കും വോട്ട് മറിക്കാന്‍ സാധിക്കില്ല. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ജനമാണ് തീരുമാനിക്കുന്നത്. അതാണ് തെരഞ്ഞെടുപ്പില്‍ വ്യക്തമായത്. തന്റെ വാര്‍ഡില്‍ വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും പ്രമീള വ്യക്തമാക്കി.

പൊതുജനങ്ങളുടെ അഭിപ്രായം മാനിക്കേണ്ടത് ആവശ്യമാണ്. സ്ഥാനാര്‍ഥിയാക്കണമെന്ന് ഒരാള്‍ പറഞ്ഞാല്‍ സംസ്ഥന, കേന്ദ്ര നേതൃത്വം അംഗീകരിക്കുന്നത് ശരിയല്ല. സംസ്ഥാനത്തോ ജില്ലയിലോ ഒരു വിഷയമുണ്ടെങ്കില്‍ കേന്ദ്ര നേതൃത്വം പരിശോധിക്കേണ്ടതാണ്. അത് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും സ്ഥാനാര്‍ഥിയെ കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അതിനെ മറികടന്നുള്ള പ്രചാരണമാണ് നടത്തിയതെങ്കിലും ജനവിധി എതിരായെന്ന് പ്രമീള ചൂണ്ടിക്കാട്ടി.

ഒരേ ആള്‍ തന്നെ ആവര്‍ത്തിച്ച് സ്ഥാനാര്‍ഥിയായത് പ്രതിസന്ധിയായി. സി. കൃഷ്ണകുമാറിന് സാമ്പത്തിക താല്‍പര്യങ്ങള്‍ ഉണ്ടെന്ന ആരോപണത്തെ കുറിച്ചറിയില്ല. സി. കൃഷ്ണകുമാര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി രാജിവെക്കുമോ എന്നത് കേന്ദ്ര, സംസ്ഥാന തലത്തില്‍ തീരുമാനമെടുക്കേണ്ട കാര്യമാണെന്നും അവര്‍ വിശദീകരിച്ചു.

ജില്ലാ നേതൃത്വത്തോട് ആലോചിച്ചാണ് നഗരസഭയുടെ ഭരണം മുന്നോട്ടു പോകുന്നത്. തോല്‍വിയുടെ കാരണം നഗരസഭയുടെ മേല്‍ കെട്ടിവെക്കുകയാണ്. ജില്ല നേതൃത്വത്തിന്റെ കീഴിലുള്ള നഗരസഭാ പോരായ്മയുണ്ടെങ്കില്‍ അതിന് ജില്ലാ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്നും പ്രമീള വിശദീകരിച്ചു.