25
Sep 2025
Thu
25 Sep 2025 Thu
Palakkad school blast: explosives found in RSS man's house during raid

പാലക്കാട്: സ്‌കൂള്‍ പരിസരത്ത് സ്‌ഫോടനം നടന്ന സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് നടത്തിയ പരിശോധനയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. കല്ലേക്കാട് സ്വദേശിയായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകന്‍ സുരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 24 ഇലക്ട്രിക് ഡിറ്റനേറ്റര്‍, അനധികൃതമായി നിര്‍മിച്ച 12 സ്‌ഫോടക വസ്തുക്കള്‍ എന്നിവയാണ് പിടികൂടിയത്. വീട്ടുടമസ്ഥന്‍ സുരേഷിനെ കൂടാതെ മറ്റു രണ്ടു പേരും പൊലിസ് കസ്റ്റഡിയിലുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മൂന്ന് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഓഗസ്റ്റ് 20നു സ്‌കൂളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പത്ത് വയസുകാരന് പരുക്കേറ്റിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള മൂത്താന്‍തറ ദേവി വിദ്യാനികേതന്‍ സ്‌കൂളിന് സമീപത്തായിരുന്നു സംഭവം. സ്‌കൂള്‍ പരിസരത്ത് കളിക്കാനെത്തിയ കുട്ടിക്കായിരുന്നു സ്‌ഫോടകവസ്തു ലഭിച്ചത്. ഇത് എറിഞ്ഞുകളയുന്നതിനിടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌കൂളിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കല്ലേക്കാടിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പന്നിപ്പടക്കവും കണ്ടെത്തിയിരുന്നു.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചതെന്ന് അന്നുതന്നെ ഡിവൈഎഫ്‌ഐ ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ക്ക് ബി.ജെ.പി, ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന് സി.പി.എമ്മും കോണ്‍ഗ്രസും ആരോപിച്ചു. സ്‌ഫോടക വസ്തു സ്‌കൂള്‍ കോമ്പൗണ്ടില്‍ എത്തിയത് എങ്ങനെയാണെന്ന് വിശദമായ അന്വേഷണം വേണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗണേശ മഹോത്സവത്തോടനുബന്ധിച്ച് ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം നടന്നുവെന്നായിരുന്നു ബിജെപി വാദം.

Palakkad school blast: explosives found in RSS man’s house during raid