18
Jan 2025
Sun
18 Jan 2025 Sun
israel-hamas ceasefire

ജറൂസലം: വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഭീഷണി സ്വരവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. (Palestinians in Gaza count down hours to the Israel-Hamas ceasefire) ഹമാസുമായുള്ള വെടിനിര്‍ത്തല്‍ താല്‍കാലികം മാത്രമാണെന്നും കരാര്‍ നിബന്ധനകള്‍ പ്രതീക്ഷിച്ചതു പോലെ നടപ്പാവുന്നില്ലെങ്കില്‍ യുഎസിന്റെ സഹായത്തോടെ യുദ്ധം തുടരാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബന്ദികളാക്കപ്പെട്ടവരുടെ പട്ടിക ഇസ്രായേലിന് കൈമാറിയിട്ടില്ലെന്നും ഇത് കരാര്‍ ലംഘനമാണെന്നും അതൊരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും നെതന്യാഹു എക്‌സില്‍ കുറിച്ചിരുന്നു.

ലബനാനിലും സിറിയയിലും ഇസ്രായേല്‍ നേടിയ സൈനിക വിജയമാണ് ഹമാസിനെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചത്. പശ്ചിമേഷ്യയുടെ മുഖഛായ തന്നെ ഗസ യുദ്ധം മാറ്റിയെന്നും ഏറ്റവും നല്ല വെടിനിര്‍ത്തല്‍ കരാറാണ് നടപ്പാക്കാന്‍ കഴിഞ്ഞതെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കാന്‍ ഇസ്രായേല്‍ പ്രതിജ്ഞാബദ്ധമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ടെലിവിഷന്‍ അഭിസംബോധനയില്‍ നെതന്യാഹു വ്യക്തമാക്കി. ”ഈ വെടിനിര്‍ത്തല്‍ താല്‍കാലികം മാത്രമാണ്. വേണമെങ്കില്‍ അമേരിക്കന്‍ പിന്തുണയോടെ ഗസ്സയില്‍ യുദ്ധം പുനരാരംഭിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. ഞങ്ങളുടെ എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുമെന്ന് ഞാന്‍ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു. ഈ വെടിനിര്‍ത്തല്‍ കരാറിലൂടെ 33 ബന്ദികളെയും തിരികെ കൊണ്ടുവരും. അവരെല്ലാം ജീവനോടെ തന്നെയുണ്ട്. ഞങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നിറവേറ്റപ്പെടും. യുദ്ധം പുനരാരംഭിക്കന്‍ നിര്‍ബന്ധിതരായാല്‍ പൂര്‍വാധികം ശക്തിയോടെ അത് നടപ്പാക്കുകയും ചെയ്യും.”-നെതന്യാഹു പറഞ്ഞു.

ഇസ്രായേല്‍ സമയം ഞായറാഴ്ച രാവിലെ 8.30നാണ് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30) ബന്ദികൈമാറ്റം നടക്കുക. ആദ്യഘട്ടത്തില്‍ മൂന്നുപേരെ വിട്ടയക്കുമെന്നാണ് ഹമാസ് അറിയിച്ചിട്ടുള്ളത്. ആദ്യ ദിനത്തില്‍ 95 ഫലസ്തീന്‍കാരും മോചിതരാവും. ബന്ദികളെ സ്വീകരിക്കുന്നതിന് ഇസ്രായേല്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.

ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന 737 പലസ്തീന്‍ തടവുകാരുടെ വിശദാംശങ്ങള്‍ ഇസ്രയേല്‍ നീതിന്യായവകുപ്പ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഹമാസ് വിട്ടയക്കുന്നവരുടെ പട്ടിക തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ആരോപിക്കുന്നുണ്ട്.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍
ഇസ്രായേല്‍ അധിനിവേശത്തില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ട ഫലസ്തീനികള്‍ ജനിച്ച മണ്ണിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ബാക്കിയായ വസ്ത്രങ്ങളും മറ്റു വസ്തു വകകളുമൊക്കെ പാക്ക് ചെയ്യുന്ന തിരക്കിലാണവര്‍. തങ്ങളുടെ വീടുകളുടെ സ്ഥാനത്ത് ഇപ്പോള്‍ വെറും കല്‍ക്കൂമ്പാരങ്ങള്‍ മാത്രമേയുള്ളു. ചുറ്റുവട്ടത്ത് ആരൊക്കെ ജീവനോടെ ബാക്കിയുണ്ട് എന്നറിയില്ല. എങ്കിലും വരും നാളുകള്‍ സമാധാനത്തിന്റേതാവും എന്ന പ്രതീക്ഷിയാലണവര്‍.