25
Mar 2023
Thu
25 Mar 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വേങ്ങര: ക്ഷേത്രത്തിന്റെ പുന:പ്രതിഷ്ഠ ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വീണ്ടും അതേ ക്ഷേത്ര മുറ്റത്ത് ഉത്സവത്തിൽ പങ്കെടുക്കാനെത്തി. വേങ്ങര കിളിനക്കോട് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാനാണ് സാദിഖലി തങ്ങൾ എത്തിയത്. തങ്ങളെ ആദരവോടെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു. മലപ്പുറത്തിന്റെ സംസ്‌കാരമാണ് സാദിഖലി തങ്ങളുടെ ക്ഷേത്രം സന്ദർശനത്തിലെ സന്ദേശമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്ന ഘട്ടത്തിൽ മനുഷ്യർ തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാക്കണമെന്ന് സാദിഖലി തങ്ങളും പറഞ്ഞു.

വർഷങ്ങൾ പഴക്കമുള്ള കിളിനക്കോട് ദേവീ ക്ഷേത്രത്തിൽ പത്ത് മാസം മുൻപാണ് പുനഃപ്രതിഷ്ഠ ചടങ്ങ് നടത്തിയത്. അന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നത് സാദിഖലി തങ്ങളായിരുന്നു. പുനഃപ്രതിഷ്ഠക്ക് ശേഷമുള്ള ആദ്യ ക്ഷേത്രോത്സവത്തിന് വീണ്ടും എത്തണമെന്ന ക്ഷേത്രം ഭാരവാഹികളുടെ ആഗ്രഹം സാദിഖലി തങ്ങൾ സഫലമാക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ക്ഷേത്രത്തിലെത്തിയ അദ്ദേഹം ഉത്സവത്തിനെത്തിയ നാട്ടുകാരുമായി സ്നേഹം പങ്കിട്ട ശേഷമാണ് മടങ്ങിയത്. നാല് ദിവസങ്ങളിലായാണ് ക്ഷേത്രത്തിൽ വിപുലമായ ഉത്സവം സംഘടിപ്പിക്കുന്നത്.

രണ്ടാം ദിനമായ ഇന്നലെ ഉച്ചക്ക് ശേഷം ക്ഷേത്രത്തിലെത്തിയ സാദിഖലി തങ്ങൾ നാട്ടുകാരുമായി സ്നേഹം പങ്കിട്ടു. മുമ്പ് തങ്ങൾ ക്ഷേത്രത്തിൽ എത്തിയപ്പോൾ അന്നദാനത്തിൽ കൂടി പങ്കെടുത്താണ് മടങ്ങിയത്. ഇത്തവണ സന്ദർശനം ഉച്ചക്ക് ശേഷമായതിനാൽ പായസം കുടിച്ചാണ് തങ്ങൾ മടങ്ങിയത്.