10
Apr 2023
Wed
10 Apr 2023 Wed

കൊച്ചി: ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ഭീതി സൃഷ്ടിക്കുന്ന അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടിയശേഷം പറമ്പിക്കുളം വനമേഖലയിലേക്കു വിടാൻ ഹൈക്കോടതി നിർദേശം. ഹൈക്കോടതി രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ അഭിപ്രായം അംഗീകരിച്ചാണിത്. മദപ്പാടിലായ അരിക്കൊമ്പനെ വനമേഖലയിലേക്ക് കൊണ്ടുപോകുമ്പോൾ വേണ്ട എല്ലാ സുരക്ഷാ മുൻകരുതലും സർക്കാർ സ്വീകരിക്കണം. ആനയെ പിടികൂടിയതിനുശേഷമുള്ള ആഘോഷം കോടതി നിരോധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആനയെ മാറ്റുന്ന സമയം ചീഫ് വെറ്റിനറി ഓഫീസറായ അരുൺ സക്കറിയയ്ക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അരിക്കൊമ്പനെ പിടികൂടുമ്പോൾ പടക്കം പൊട്ടിച്ചും സെൽഫിയെടുത്തും ആഘോഷിക്കുന്നതും ഹൈക്കോടതി വിലക്കി. ഇതിന് പുറമേ കാട്ടാനയുടെ പ്രശ്നം നേരിടുന്ന ജനവാസമേഖലകളിൽ ദൗത്യ സംഘത്തെ നിയോഗിക്കാനും ഹൈക്കോടതി നിർദേശിച്ചു.

അരിക്കൊമ്പൻ പ്രശ്നം പരിഹരിക്കുന്നതിന് നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി റിപ്പോർട്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയാണുള്ളതെന്നും വെള്ളവും ഭക്ഷണവും പറമ്പിക്കുളത്ത് സുലഭമാണെന്നും അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. സമിതി പ്രദേശത്ത് നേരിട്ട് പോയി പഠിച്ചതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാൻ ശുപാർശ ചെയ്തത്. പറമ്പിക്കുളം മുതുവരച്ചാൽ ഒരു കൊമ്പൻ എന്ന സ്ഥലത്തേയ്ക്ക് അരിക്കൊമ്പനെ മാറ്റുന്നതാണ് ഉചിതമെന്ന വിദഗ്ധ സമിതി റിപ്പോർട്ടാണ് ഹൈക്കോടതി അംഗീകരിച്ചത്. ഇതിന് പുറമേ അരിക്കൊമ്പനെ പിടികൂടുമ്പോൾ പടക്കം പൊട്ടിച്ചും സെൽഫിയെടുത്തും ആഘോഷിക്കുന്നതും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ആന ഇതിനോടകം തന്നെ പ്രയാസത്തിലാണെന്ന് നിരീക്ഷിച്ച് കൊണ്ടാണ് കോടതി ഉത്തരവ്.

റിപ്പോർട്ട് പരിഗണിക്കുന്നതിനിടെ, ഹൈക്കോടതി നിരവധി ചോദ്യങ്ങളാണ് ഉന്നയിച്ചത്. മദപ്പാടുള്ള ആനയെ പറമ്പിക്കുളം വരെ എങ്ങനെ എത്തിക്കുമെന്ന ചോദ്യമാണ് മുഖ്യമായി കോടതി ഉന്നയിച്ചത്. അരിക്കൊമ്പനെ മാറ്റുന്നതിന് ഇത് തടസ്സമല്ലെന്നും ജാഗ്രതയോടെയുള്ള നടപടികൾ സ്വീകരിച്ചാൽ മതിയെന്നും കോടതിയിൽ നേരിട്ട് ഹാജരായ അരുൺ സക്കറിയ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനയെ മാറ്റുന്ന സമയം ചീഫ് വെറ്റിനറി ഓഫീസറായ അരുൺ സക്കറിയയ്ക്ക് തീരുമാനിക്കാമെന്ന് കോടതി നിർദേശിച്ചത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക