കണ്ണൂര്‍: പാനൂര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകാന്‍ ശ്രമിക്കുന്നതിനിടെ സിപിഎമ്മിനെ വെട്ടിലാക്കി പോലീസിന്റെ വെളിപ്പെടുത്തല്‍. സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡിവൈഎഫ്‌ഐ കുന്നത്തുപറമ്പില്‍ യൂണിറ്റ് സെക്രട്ടറി ഷിജാല്‍ ആണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. നേരത്തെ അറസ്റ്റിലായ അമല്‍ ബാബുവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. ( panoor-bomb-blast-case-dyfi-leader-arrested )
|
പാനൂര്‍ സ്‌ഫോടനത്തില്‍ ഡി.വൈ.എഫ്.ഐക്ക് പങ്കില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞിരുന്നു. നിലവില്‍ പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായിട്ടുള്ളത്. ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹികപ്രവര്‍ത്തകനെന്ന് എം വി ഗോവിന്ദന്‍
അതേസമയം പിടിയിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സാമൂഹ്യപ്രവര്‍ത്തകനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ന്യായീകരിച്ചു. അപകടസ്ഥലത്ത് പരിക്കേറ്റവരെ സഹായിക്കാന്‍ എത്തിയതാണ് അമല്‍ ബാബുവെന്നാണ് എം വി ഗോവിന്ദന്റെ ന്യായീകരണം.
സിപിഎമ്മിന് പങ്കില്ലെന്ന് പിതാവ്
ബോംബ് നിര്‍മാണത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് സ്‌ഫോടനത്തില്‍ ഗുരുതമായി പരുക്കേറ്റ വിനീഷിന്റെ പിതാവ് പറഞ്ഞു. എന്നാല്‍, എന്തിനാണ് ബോംബ് നിര്‍മിച്ചതെന്ന് വിനീഷിനും സുഹൃത്തുകള്‍ക്കും മാത്രമേ അറിയാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്ദര്‍ശനം മനുഷ്യത്വപരമെന്ന് മുഖ്യമന്ത്രി
ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഷെറിന്റെ സംസ്‌കാരച്ചടങ്ങില്‍ സിപിഎം പ്രാദേശിക നേതാക്കളും കെ.പി.മോഹനന്‍ എംഎല്‍എയും പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്ദര്‍ശനം മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് അടൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.





